ലേശം ജാഗ്രത !

giving-pocket-money
Representative Image. Photo Credit : LightField Studios / Shutterstock.com
SHARE

ഓസിനു കിട്ടിയാൽ ആസിഡും കുടിക്കും, ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പും തിന്നും.

നനഞ്ഞിടം തന്നെ പിന്നെയും കുഴിക്കുക. 

കൈ നനയാതെ മീൻ പിടിക്കുക 

എന്നൊക്കെ നമ്മൾ പറയുന്നത് പലതരം മുതലെടുപ്പുകളെപ്പറ്റിയാണ്. മുതലെടുപ്പിന് എത്രയോ രീതികൾ !

ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കാൻ ചെന്ന അപർണ എന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ കൗതുകത്തോടെയാണ് ഞാൻ വായിച്ചത്. (നോവൽ -കണ്ണീർപ്പൂവ്, കെ .കെ .സുധാകരൻ). പതിനായിരം രൂപയാണ് താമസത്തിനും ഭക്ഷണത്തിനുമായി വീട്ടുകാർ അവളോട് ആവശ്യപ്പെട്ടത്. പക്ഷേ അത്യാഗ്രഹികളും സംസ്കാരമില്ലാത്തവരുമായ അവർ മനപ്പൂർവം പ്ലാൻ ചെയ്ത് അവളിൽ നിന്ന്  കൂടുതൽ പണം വസൂലാക്കാൻ തുടങ്ങി. പാൽ, പച്ചക്കറികൾ, ബേക്കറി സാധനങ്ങൾ ഒക്കെ സൂത്രത്തിൽ അവളെക്കൊണ്ട് വാങ്ങിപ്പിക്കും.  പൈസ കൊടുക്കുകയുമില്ല. ചോദിക്കാൻ അവളും മടിച്ചു. ഒടുവിൽ അവർ മുതലെടുക്കുകയാണ് എന്നവൾക്കു മനസ്സിലായി. അവൾ അവിടെ നിന്ന് രക്ഷപ്പെട്ടു.

ഈ കഥ ആസ്വദിച്ചത് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുള്ളതു കൊണ്ടാണ്. മുതലെടുപ്പു തന്നെ. പക്ഷേ മറ്റൊരു രീതിയിൽ. വീട്ടിൽ നിന്നകലെ കുറച്ചു കാലം ഞാൻ ജോലി എടുത്തിരുന്നു. യാത്രയുടെ കഷ്ടപ്പാടുകൊണ്ട് ജോലി സ്ഥലത്തിനടുത്ത് ഒരു വീടിന്റെ മുകളിലത്തെ നിലയിൽ എനിക്ക് വാടകയ്ക്ക് താമസിക്കേണ്ടി വന്നു. രണ്ടാം നില മുഴുവനുമൊന്നുമില്ല. അറ്റാച്ച്ഡ് ബാത്ത് റൂമുള്ള ഒരു മുറി മാത്രം. ബാക്കിയുള്ള സ്ഥലം മുഴുവൻ വീട്ടുടമസ്ഥർ തന്നെ ഉപയോഗിച്ചിരുന്നു. ഒരു ഹാളും ഒരു ബെഡ്‌റൂമും ടെറസ്സിലേക്കുള്ള കോണിപ്പടിയും കൂടി അവിടെയുണ്ട്. അവർ അവിടെ പെരുമാറുന്നതു കൊണ്ട് തീരെ പ്രൈവസി ഉണ്ടായിരുന്നില്ല. പക്ഷേ നല്ലയാളുകൾ അച്ഛനും അമ്മയും രണ്ടു മക്കളുമുണ്ട്‌. എന്നേക്കാൾ വളരെ പ്രായം കുറഞ്ഞ ചെറുപ്പക്കാരാണ് ജോസും അന്നയും. തീരെ ചെറിയ കുട്ടികളും. പിന്നെ ഞാൻ പേയിങ്ങ് ഗസ്റ്റുമായിരുന്നില്ല. അവിടെ ഞാൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഒറ്റമുറിയായതു കൊണ്ട് തനിയെ പാചകം ചെയ്തിരുന്നുമില്ല. ഇൻഡക്ഷൻ കുക്കർ വച്ച് ഒരു ചായ മാത്രം ഉണ്ടാക്കും. 8 മണിക്ക് ഓഫീസിൽ എത്തണം .  ബ്രേക്ക് ഫാസ്റ്റ് അവിടെ കാന്റീനിൽ തന്നെ. ഉച്ചഭക്ഷണവും അവിടെയുണ്ട്. രാത്രിക്കുള്ള ദോശയോ ചപ്പാത്തിയോ അവിടെ നിന്ന് വാങ്ങി വരും.

കുറ്റം പറയാൻ വയ്യ. അറും പിശുക്കരും കൃത്യമായി കണക്കു കൂട്ടി ജീവിക്കുന്നവരുമായ അവർ വിശേഷവിധിയായി എന്തെങ്കിലും ഉണ്ടാക്കിയാൽ എനിക്കും തരും. പകരമായി വിശേഷ ദിവസങ്ങളിൽ ഞാൻ എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കും. ക്രമേണ ഞാൻ ആ വീട്ടിലെ ഒരംഗമായി. ആഴ്ചയിൽ രണ്ടു ദിവസമേ  ഞാൻ അവിടെ നിൽക്കൂ. ബാക്കി ദിവസങ്ങൾ ജോലികഴിഞ്ഞാൽ വീട്ടിൽ പോകും. അങ്ങനെ എട്ടോ പത്തോ ദിവസത്തെ വാസത്തിനാണ് ഒറ്റമുറിക്ക് 3000 രൂപ വാടക. എന്നാലും സുരക്ഷിതം. സൗകര്യപ്രദം. രണ്ടു ദിവസം നിന്നാലും ഞാൻ വാടക മുഴുവൻ കൊടുക്കും. സ്വന്തം വീടു പോലെ തോന്നുമ്പോൾ വരികയും പോവുകയും ചെയ്യാൻ ഇങ്ങനെ ഒരിടം കിട്ടുമോ? അങ്ങനെയിരിക്കെ എനിക്കൊരു പനി വന്നു. ഞാൻ ലീവിലായി. ആ  മാസം പിന്നെ അങ്ങോട്ട് പോയതേയില്ല. വാടക ഞാൻ കൊടുക്കാനൊരുങ്ങി എങ്കിലും അവർ വാങ്ങിയില്ല. പല പല അസൗകര്യങ്ങൾ കാരണം എന്റെ അവിടുത്തെ താമസം മുടങ്ങി. മാസത്തിൽ രണ്ടു ദിവസമൊക്കെയേ തങ്ങാറുള്ളു എന്നായി. ഇത് പല തവണയായപ്പോൾ ജോസ് പുതിയ അടവെടുത്തു. സ്വാതന്ത്ര്യത്തോടെ ഒരു ദിവസം ചോദിച്ചു. 

‘‘ചേച്ചി എന്താ ഈയിടെ ഞങ്ങൾക്കൊന്നും വാങ്ങി തരാത്തത് ? ഇന്നു വൈകിട്ട് വരുമ്പോൾ ബേക്കറിയിൽ നിന്നെന്തെങ്കിലും വാങ്ങി കൊണ്ടു വരണേ.’’ ഞാൻ അമ്പരന്നു എങ്കിലും വൈകിട്ട് ഒരു കേക്കും കുറച്ചു പഫ്‌സും ബിസ്കറ്റും ഒക്കെ വാങ്ങി കൊണ്ടു കൊടുത്തു. വാടക വാങ്ങാത്ത മാസങ്ങളിൽ ഇതൊരു പതിവായി. ജോസ് ഓരോന്നിങ്ങനെ ഓർഡർ ചെയ്യും. വളരെ അടുപ്പമായ എന്നോട് രണ്ടോ മൂന്നോ ദിവസം താമസിച്ചാൽ വാടക വാങ്ങാൻ പറ്റില്ല. വെറുതെ താമസിപ്പിക്കാനാവുമോ? അതാണ് ബിസിനസ് മൈൻഡഡ്‌ ആയ ജോസ് ഈ രീതി അവലംബിച്ചത്. ഒരു 300 -400 രൂപയ്ക്കു സാധനങ്ങൾ കിട്ടിയാൽ മുതലാകുമല്ലോ. അന്നയ്ക്ക്  പിന്നെ ഒന്നിലും അഭിപ്രായമില്ല. എനിക്ക് കാര്യം പിടി കിട്ടി എങ്കിലും മിണ്ടിയില്ല. സ്ഥലം മാറ്റമാകുന്നത് വരെ ക്ഷമിച്ചു.

എന്നെ പിന്നെ പറ്റിക്കാൻ എളുപ്പമാണ്. എന്റെ സ്നേഹവും വാത്സല്യവും സഹാനുഭൂതിയുമൊക്കെ അല്പം  കൂടുതലാണ്. അത് മുതലെടുത്ത് എത്ര പേരാണന്നോ പണം കടം വാങ്ങിയിട്ട് തരാതെ എന്നെ കളിപ്പിച്ചിട്ടുള്ളത്. എണ്ണിപ്പെറുക്കി കഷ്ടപ്പാടുകൾ പറയുമ്പോൾ എന്റെ മനസ്സലിയും. ലോൺ എടുത്താണെങ്കിലും സഹായിക്കും. 

പണ്ട് പണ്ട് ഒരു ഉദ്യോഗസ്ഥയായിരുന്നപ്പോൾ സഹപ്രവർകത്തകയായ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു . മുതലെടുപ്പിന്റെ  ആശാട്ടി. കാന്റീനിൽ പോയി ചായ കുടിച്ചാൽ ബില്ല് വരുമ്പോൾ അനീറ്റ അനങ്ങുകയില്ല .  സീനത്തോ ഞാനോ തന്നെ കൊടുക്കണം. ഒരുമിച്ചു എന്നും പോകുമ്പോൾ മൂന്നു പേരും മാറിമാറി കൊടുക്കണം.  അതല്ലേ മര്യാദ. ബസ്സിൽ കയറിയാലുമതേ. ഞങ്ങൾ കൂടെയുണ്ടെങ്കിൽ കണ്ടക്ടർ വരുമ്പോൾ അവൾ കാണാത്ത മട്ടിലിരിക്കും. വേണമെങ്കിൽ ഞങ്ങളെ ചൂണ്ടി കാണിച്ചു കൊടുക്കുകയും ചെയ്യും. സീനത്തും ഞാനും പരസ്പരം നോക്കിയിട്ട് ഒരാൾ ടിക്കറ്റെടുക്കും. ഞങ്ങൾ  മറ്റു സെക്ഷനുകളിലേയ്ക്ക് മാറി കൂട്ടു പിരിയുന്നതുവരെ ഇത് തുടർന്നു. പുതിയ ഇടത്തെ കൂട്ടുകാരികളുമായി അനീറ്റ പോകുന്നതു കാണുമ്പൊൾ സീനത്ത് എന്നെ നോക്കി അർഥവത്തായി പുഞ്ചിരിക്കും. അതായത് മുതലെടുപ്പിനും മാറ്റം കിട്ടി എന്നർഥം.   

ഓരോരോ കാരണം പറഞ്ഞു ഓരോന്ന് കടം വാങ്ങുക. പണം മുതൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വരെ ഇങ്ങനെ വാങ്ങും. പത്തോ ഇരുപതോ രൂപയോ ഒരു നാഴി അരിയോ ഒരു മുട്ടയോ തക്കാളിയോ ഒക്കെ അയൽക്കാരി ചോദിച്ചാൽ കൊടുക്കാതിരിക്കാനാവുമോ? ഈ ചെറിയ കടങ്ങൾ മടക്കി ചോദിക്കാനും വയ്യ.  അവർ സൗകര്യപൂർവം അതങ്ങു മറക്കും. ഈ മുതലെടുപ്പ് ഞാൻ കുറേനാൾ സഹിച്ചതാണ്. അവർ അയൽപക്കത്തു നിന്ന് മാറിപ്പോകും വരെ.

കഥ തീർന്നിട്ടില്ല. കുറച്ചു കാലം ഇവിടെ ഞാൻ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. തൊട്ടടുത്താണ് സ്കൂൾ. വൈകുന്നേരം സ്കൂൾ വിട്ടാൽ രണ്ടു മിനുട്ടു മതി എന്റെ വീട്ടിലെത്താൻ. റോഡ് ക്രോസ്സ് ചെയ്യുകയേ വേണ്ടൂ. മിലിയുടെ കൂട്ടുകാരും ക്ലാസ്​മേറ്റ്‌സുമാണ് മിക്കവരും. ഫീസ് അവർ തരുന്നത് വാങ്ങും. കുട്ടികൾക്ക് സ്നാക്​സ് ഒന്നും കയ്യിലില്ലെങ്കിൽ കൊടുക്കുകയും ചെയ്യും. 3.30 മുതൽ 5.30 വരെയാണ് ക്ലാസ്സ്. പക്ഷേ ചില പേരെന്റ്സ് 7 മണിയായാലും കുട്ടികളെ കൂട്ടാൻ വരില്ല. അങ്ങനെ ഒരു ഡേ കെയറായി മാറി എന്റെ വീട്. എന്തൊരു മുതലെടുപ്പ് !   ഒടുവിൽ ശല്യം സഹിക്കനാവാതെ ഞാൻ ട്യൂഷൻ നിറുത്തി .

         

‘‘നീ നിന്ന് കൊടുത്തിട്ടല്ലേ .. മറ്റുള്ളവർ നിന്നെയിങ്ങനെ മുതലെടുക്കുന്നത് ?’’ പലരും എന്നെ ശകാരിച്ചു. എന്ത് കാര്യം?  ഞാനിപ്പോഴും അങ്ങനെ തന്നെ. വീട്ടിലെ പരിചാരകർ തൊട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എന്നെ മുതലെടുക്കാനായി ഞാൻ നിന്നു കൊടുക്കുന്നു. അൽപ്പം ജാഗ്രത വേണം എന്ന് ഇടയ്ക്കു തീരുമാനിക്കും. പിന്നെയും ദേവി പഴയ ദേവി തന്നെ.

Content Summary: Exploiting others for money in small ways

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS