ADVERTISEMENT

ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ ഒരു ‘വീക്നെസ്സാണ്’ ബോളി എന്ന മഞ്ഞ മധുരപലഹാരം. ലഡ്ഡു, ജിലേബി എന്നിവയുടെ കൂട്ടത്തിൽ പെടുത്താമെങ്കിലും ബോളി വളരെ വ്യത്യസ്തമാണ്. ചെറിയൊരു ദോശ പോലെ നേർത്ത് പരന്ന്, പതിന്നാലാം രാവിലെ അമ്പിളിയെപ്പോലെ വട്ടത്തിൽ, പട്ടുപോലെ മൃദുവായ, വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ മധുരം ഞങ്ങൾക്ക് പ്രിയമെന്നല്ല പ്രിയങ്കരം എന്നു തന്നെ പറയണം.

പണ്ട് കേരളത്തിൽ എന്റെ നാട്ടിൽ മാത്രമേ ബോളി ഉണ്ടായിരുന്നുള്ളു എന്ന് കേട്ടിട്ടുണ്ട്. അതൊരു തമിഴ് പലഹാരമാവാം. അതിർത്തി കടന്നു വന്നതായിരിക്കാം. പിന്നെ ഞങ്ങൾ ഒരു പാതി തമിഴരാണല്ലോ. (ഒറിജിനൽ തിരുവനന്തപുരംകാരെ കുറിച്ചാണ് പറയുന്നത്. മറ്റു പ്രദേശത്തുനിന്നു വന്ന് ഇവിടെ താമസമാക്കിയവരെക്കുറിച്ചല്ല). വർഷങ്ങൾക്കു മുൻപ് പാലക്കാട്ടുനിന്ന് എന്നെ സന്ദർശിച്ച കൂട്ടുകാരി മീരയെ സത്ക്കരിക്കാനായി എന്റെ അമ്മ പലതും മേശമേൽ നിരത്തിയ കൂട്ടത്തിൽ ബോളിയുമുണ്ടായിരുന്നു. ‘ഇതെന്താണ്....’ എന്ന് അവരുടെ പ്രത്യേക ശൈലിയിൽ മീര ചോദിച്ചു. അമ്മ ബോളിയെപ്പറ്റി ഒരു ചെറു വിവരണം തന്നെ നൽകി. അവരുടെ നാട്ടിൽ അന്ന് ബോളി ഇല്ലത്രേ. മീര ബോളി കാണുന്നതും കഴിക്കുന്നതും ആദ്യമായാണ്. ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും ബോളി പ്രചാരത്തിലുണ്ടെന്നു തോന്നുന്നു. 

തിരുവനന്തപുരത്തെ വിവാഹസദ്യകളിൽ മൂന്നാമത്തെ (ചിലപ്പോൾ നാലാമത്തെ) പാൽപായസം വിളമ്പുമ്പോൾ ഈ ‘മഞ്ഞവട്ടം’ കൂടി തരും. പാൽപായസം – അത് പാലടയാവട്ടെ, സേമിയയാവട്ടെ, ഉണക്കലരിപ്പായസമാവട്ടെ - ബോളി അനിവാര്യമായ ഒരു കോംബിനേഷനാണ്.

ഭക്ഷണക്കാര്യത്തിൽ യാതൊരു 'കോംപ്രമൈസ്' നും തയാറില്ലാത്ത ഞങ്ങളുടെ വീട്ടിലാകട്ടെ എന്ന് പാൽപായസമുണ്ടോ - ഒരു പിറന്നാളിനോ ഓണത്തിനോ വിഷുവിനോ വെറുതെ ഒരു രസത്തിനോ വച്ചതാവാം - കൂടെ ബോളിയും ഉണ്ടാവും. ഏയ്, വീട്ടിൽ ഉണ്ടാക്കുകയില്ല. അതത്ര എളുപ്പമല്ല. വാങ്ങാൻ ഇഷ്ടം പോലെ കിട്ടുമ്പോൾ പിന്നെ കഷ്ടപ്പെടേണ്ടതില്ലല്ലോ. 

ഇന്നും ഞാനാ പതിവ് തുടരുന്നു. പാരമ്പര്യമായിത്തന്നെ എന്റെ വീട്ടിൽ എല്ലാവർക്കും ബോളിയോട് ഇഷ്ടമാണ്.

എന്റെ ബാല്യകൗമാര കാലങ്ങളിൽ എന്നും വൈകുന്നേരം അഞ്ച് - അഞ്ചര മണിയാകുമ്പോൾ ഞങ്ങളുടെ ചെറിയ മുടുക്കിൽ (തെരുവ്) സൈക്കിളിൽ ഒരു വിളി വരാറുണ്ടായിരുന്നു . 

‘ബോളി, ബോണ്ട, ഉഴുന്നുവട, ബജീ.....’ കണ്ടാൽ നല്ല വൃത്തിയും ഐശ്വര്യവുമുള്ള ഒരാളാണ് ആ പലഹാരക്കച്ചവടക്കാരൻ. 

കുട്ടികൾ കൊതിയോടെ കാത്തിരിക്കുന്ന ഒരാൾ. ഏതാണ്ട് എല്ലാ വീടുകളിലെയും കുട്ടികൾക്കു വേണ്ടി എന്തെങ്കിലും വാങ്ങും. 

ജോലിക്കു പോകുന്ന അമ്മമാർക്ക് വൈകുന്നേരം കുട്ടികൾക്ക് ചെറുപലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാനൊന്നും ആവില്ലല്ലോ. 

ഞങ്ങൾ ബോളി മാത്രമേ വാങ്ങാറുള്ളൂ. ‘ബോളിക്കാരൻ’ എന്ന് അയാൾക്ക്‌ ഞങ്ങൾ പേരിടുകയും ചെയ്തു. അന്ന് ഒരു ബോളിക്ക് നാൽപതോ അമ്പതോ പൈസയേ വിലയുള്ളൂ. ഇന്ന് പത്തോ പതിനഞ്ചോ രൂപയുണ്ട്.

എത്രയോ വർഷങ്ങൾ ആ ബോളിക്കാരൻ അങ്ങനെ വന്നിരുന്നു. പിന്നെപ്പിന്നെ ബോളി മാത്രമായി കച്ചവടം. മറ്റുള്ളവ നിർത്തി. 

അതുകൊണ്ട് കനം കുറഞ്ഞ വെള്ള വെണ്ണക്കടലാസ്സിൽ ഓരോ ബോളിയും പൊതിഞ്ഞ് സൈക്കിളിന്റെ കാരിയറിൽ വച്ച വലിയ പെട്ടിയിൽ അടുക്കി വച്ചാണ് കൊണ്ടുവരുന്നത്. പൊടിയരുതല്ലോ.

തമിഴർ ഒരുപാടുള്ള ആ മുടുക്കിൽ മിക്കവീടുകളിലും മിക്ക ദിവസങ്ങളിലും - എന്നുമല്ലെങ്കിലും - ബോളി വാങ്ങിയിരുന്നു. അങ്ങനെ എത്രയോ കാലം!

നാടും നഗരവും വിട്ട് അകലെപ്പോയിട്ടും അവധിക്കാലങ്ങളിൽ വീട്ടിലെത്തുമ്പോൾ മക്കളും ഞാനും ബോളിക്കാരന്റെ വിളിക്കും ആ സൈക്കിളിന്റെ മണിയടിക്കും കാതോർത്തിരിക്കും. അപ്പോഴേയ്ക്കും മിക്ക ബേക്കറികളിലും പലഹാരക്കടകളിലും ബോളി കിട്ടിത്തുടങ്ങിയിരുന്നു .എങ്കിലും അവയൊന്നും ഞങ്ങളുടെ ബോളിക്കാരന്റെ ബോളിയോളം വന്നില്ല. പൊട്ടിപ്പൊളിയാത്ത കൃത്യമായ വട്ടം, അകത്തെ മധുരം ഒരേനിരപ്പിൽ എല്ലായിടത്തും പരന്ന്, പിന്നെ രുചിഗ്രന്ഥികളെ വെല്ലു വിളിക്കുന്ന സ്വാദ് !

കുട്ടികളായിരിക്കുമ്പോൾ എന്റെ മകളും അനിയത്തിയുടെ മകനും ബോളിക്കൊതിയരായിരുന്നു. ദിവസവും വാങ്ങിക്കൊടുക്കും. എന്നാലും ബോളി പങ്കിടുമ്പോൾ രണ്ടാളും വഴക്കിടും. വലിയ അടികൂടലൊന്നുമില്ല. നല്ല കൂട്ടാണവർ. എന്നാലും ‘എനിക്ക് രണ്ടേയുള്ളൂ നിനക്ക് മൂന്നില്ലേ...’ എന്നൊക്കെ തർക്കമാവും.

ഒരു ദിവസം എന്റെ അമ്മ കുറേയധികം ബോളി വാങ്ങി. അവരുടെ മുന്നിൽ വച്ചു. പറഞ്ഞു ‘ഇതാ ഇഷ്ടം പോലെ തിന്നോളൂ. ഇനി കൊതി പറയരുത്...’

ആ സംഭവം അവർ നാൽപതു കഴിഞ്ഞവരായിട്ടും ഇന്നും പറഞ്ഞു ചിരിക്കാറുണ്ട്. 

‘എന്നിട്ടു കൊതി തീർന്നോ?...’എന്നവരോട് ഇപ്പോൾ ചോദിച്ചാലും ‘എവിടെ? ഇന്നും ബോളി ഒരു കൊതി തന്നെ...’ എന്നാവും ഉത്തരം. 

കാലം കടന്നു പോയി. ബോളിക്കാരൻ വരാതായി. വയസ്സായില്ലേ? ആളുണ്ടോന്നു തന്നെ അറിയില്ല. എല്ലാവരും അയാളെ മറന്നു .  

എന്റെ മകളുടെ വിവാഹമായി. എല്ലാം ഒന്നാന്തരമാകണം എന്നെനിക്ക് വല്ലാത്ത നിർബന്ധമുണ്ടായിരുന്നു. തിരുവനന്തപുരത്തെ അന്നത്തെ ഏറ്റവും നല്ല ആഡിറ്റോറിയം (ശ്രീ വൈകുണ്ഠം) തന്നെ ബുക്ക് ചെയ്തു. സദ്യയ്ക്ക് കോട്ടയത്തുനിന്ന് മനമേൽ തിരുമേനിയെത്തന്നെ ഏർപ്പാടാക്കി. 

‘നിങ്ങൾ തിരുവനന്തപുരംകാർക്ക് മൂന്നു പായസം വേണമല്ലോ. പിന്നെ ബോളിയും. ബോളി നിങ്ങൾ തന്നെ സംഘടിപ്പിക്കണം...’ തിരുമേനി പറഞ്ഞു. 

തിരുവനന്തപുരത്ത് അന്ന് എല്ലായിടത്തും ബോളി കിട്ടും. എവിടെനിന്നു വേണമെങ്കിലും, നേരത്തേ ഓർഡർ ചെയ്താൽ എത്രയെണ്ണം വേണമെങ്കിലും വാങ്ങാവുന്നതേയുള്ളൂ. 

അപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു മോഹമുണ്ടായി. 

‘നമ്മുടെ ബോളിക്കാരൻ ഇപ്പോഴുമുണ്ടോ ?...’ എന്റെ ചോദ്യം കേട്ട് വീട്ടിലുള്ളവർ അമ്പരന്നു .

‘അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെ അറിയില്ല.. ണ്ടെങ്കിൽത്തന്നെ ബോളി ഇപ്പോഴും ഉണ്ടാക്കുന്നുണ്ടോ എന്നുമറിയില്ല...’ അമ്മ പറഞ്ഞു .

പക്ഷേ പിടിവാശിക്ക് നിശ്ചയദാർഢ്യം എന്നു കൂടി അർഥമുണ്ട്. അതുണ്ടെങ്കിൽ എന്തും നടത്തിയെടുക്കാം.

എന്തിനേറെ, അയാളുടെ പഴയ ഒരു ലാൻഡ് ലൈൻ നമ്പർ ഉണ്ടായിരുന്നു. തപ്പിയെടുത്ത് വിളിച്ചപ്പോൾ വീട് അതുതന്നെ. ബോളിക്കാരൻ ഉണ്ട്. പക്ഷേ വയസ്സായി. മക്കളാണ് ഇപ്പോൾ ബോളിയുണ്ടാക്കുന്നത്. ‘പഴയ ബോളി തന്നെ. ഗുണനിലവാരം ഒട്ടും കുറച്ചിട്ടില്ല..’ എന്ന് അവർ പറഞ്ഞു. 

എന്റെ ആഗ്രഹം സാധിച്ചു തരാനായി എന്റെ അനുജനും എന്റെ മകനും കൂടി പോയി കിഴക്കേക്കോട്ടയ്ക്കടുത്തുള്ള ഏതോ അഗ്രഹാരത്തിലെ ആ വീട് കണ്ടുപിടിച്ചു.

ഇപ്പോഴും അവിടെത്തന്നെയാണ് അവർ ബോളി ഉണ്ടാക്കുന്നത്. എന്തൊരു വൃത്തിയും വെടിപ്പും. അനുജനും മകനും തൃപ്തരായി.

വിവാഹത്തലേന്ന് ആയിരത്തി ഒരുനൂറ്‌ ബോളി എത്തിക്കാൻ ഓർഡറും അഡ്വാൻസും നൽകി. അവർ സന്തോഷത്തോടെ മടങ്ങി. 

പറഞ്ഞിരുന്ന ദിവസം വൈകുന്നേരം നാലു മണിക്കു തന്നെ കാർട്ടണുകളിൽ പായ്ക്കു ചെയ്ത ബോളിയെത്തി. 

നൂറെണ്ണത്തിന്റെ ചെറിയ പാക്കറ്റ് തുറന്ന് ഞാൻ ഒരെണ്ണം എടുത്തു കഴിച്ചു.

കുട്ടിക്കാലം മുതൽ കഴിച്ചിരുന്നതാണെങ്കിലും ആ ബോളിക്ക് അന്ന് അതിലേറെ രുചിയുണ്ടെന്നു തോന്നി.

ഇത്തവണ തിരുവോണത്തിന് മിലി പറഞ്ഞു – ‘അമ്മൂമ്മേ മുപ്പത്തിയേഴ് ബോളി വാങ്ങിയിട്ടുണ്ട്...’

‘മുപ്പത്തിയേഴോ? അതെന്തു കണക്ക്. ഒന്നുകിൽ മുപ്പത്തിയഞ്ച് അല്ലെങ്കിൽ നാൽപത്...’ ഞാൻ അതിശയിച്ചു.

‘അതൊരു കഥയാണ്. നമ്മൾ എപ്പോഴും വാങ്ങുന്ന അന്നപൂർണയിൽ ഇന്നലെത്തന്നെ 25 ബോളി ഓർഡർ ചെയ്തു. അയാൾ വിളിക്കാം എന്ന് പറഞ്ഞു. വിളിച്ചില്ല. ഇനി കിട്ടിയില്ലെങ്കിലോ എന്നു കരുതി ഞങ്ങൾ സുപ്രീമിൽനിന്ന് നാലു ബോളിയുടെ മൂന്നു പാക്കറ്റ് വാങ്ങി. 12 എണ്ണം. അപ്പോഴതാ അന്നപൂർണ വിളിച്ചു. ഓർഡർ ചെയ്തതല്ലേ, വാങ്ങാതെ പറ്റുമോ? വാങ്ങി. 25 +12 =37. കണക്കു ശരിയല്ലേ... അമ്മൂമ്മ ടീച്ചറേ’ അവൾ ചിരിച്ചു .

അപ്പോൾ എന്റെ മുന്നിൽ പത്തുപന്ത്രണ്ടു വയസ്സുള്ള ആ പഴയ ദേവി വന്നു നിന്നു.

‘ബോളി ...ബോളി ...ബോളീ....’ എന്ന വിളി കേൾക്കുമ്പോൾ ഗേറ്റിലേക്കോടുന്ന ആ കുട്ടി. അവൾ മിലിയോട് പറഞ്ഞു.

‘നമുക്കൊരു ബോളി തീറ്റ മത്സരമാവാം എന്താ ?...’

ബോളിക്കഥകൾ ഇനിയുമുണ്ട്. പിന്നീടൊരിക്കലാകട്ടെ...

Content Summary : Boli is an indispensable part of the sadya for people in Thiruvananthapuram

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com