ഓണം വന്നേ .........യ് !

onam
ചിത്രം – മനോരമ
SHARE

ചിങ്ങം പിറന്നു.  ഓണം ഇടനാഴിയിൽ കാത്തു നിൽക്കുന്നു. അകത്തേയ്ക്കു കടന്നു വരാനായി. അകലെ നിന്നൊരു പൂവിളി കേൾക്കുന്നുണ്ടോ? ഏതു പ്രതിസന്ധിക്കിടയിലും ഇവിടത്തെ ജനങ്ങൾ അവരുടേതായ രീതിയിൽ ഓണം ആഘോഷിക്കും. അതാണ് മലയാളി !

ആഘോഷങ്ങൾ പണ്ടേ വേണ്ടന്നു വച്ചതാണു ഞാൻ. അതിനു പ്രത്യേകിച്ചൊരു കാരണമൊന്നുമില്ല.  ഉത്രാടത്തിനും തിരുവോണത്തിനും മറ്റു ദിവസങ്ങളുമായി എന്താണ് വ്യത്യാസം? കർക്കിടകം 32  നും ചിങ്ങം ഒന്നിനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ? ഡിസംബർ  31 ഉം ജനുവരി 1 ഉം ഒരുപോലെ തന്നെയല്ലേ ? ആഘോഷിക്കാൻ നമ്മൾ വെറുതെ കണ്ടെത്തുന്നതല്ലേ ഈ ദിവസങ്ങൾ ?  ഇങ്ങനെയെല്ലാമുള്ള ചിന്തകൾ മനസ്സിൽ കടന്നു കൂടി എന്നതും ഒരു കാര്യമാണ്. എങ്കിലും മക്കളും ഞാനും മാത്രമായി ഒരു ജീവിതം നയിക്കുമ്പോൾ അവർക്കുവേണ്ടി അവർക്കിഷ്ടമുള്ള രീതികളിൽ വിശേഷദിവസങ്ങളെല്ലാം തന്നെ ഞങ്ങൾ ആഘോഷമാക്കി. ഓണം ,വിഷു ,ദീപാവലി, കാർത്തിക ,എന്നിവ മാത്രമല്ല ഈസ്റ്ററും ക്രിസ്തുമസും ബക്രീദും റംസാനും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു .

ഓണം ഒരു മഹോത്സവമായി കൊണ്ടാടിയിരുന്ന ഒരു വലിയ തറവാട്ടിൽ  ജനിച്ചു വളർന്നതാണു ഞാൻ.  ഉത്രാടം മുതൽ ചതയം വരെ നാലു ദിവസം സദ്യ !  പലതരം പായസങ്ങൾ !  വീട്ടിൽ തന്നെയുണ്ട് ഒരു പടയ്ക്കുള്ള ആളുകൾ.  പോരാഞ്ഞിട്ട് സ്വന്തക്കാരും വിരുന്നുകാരും ! പക്ഷേ അന്നത്തെ ആ ഓർമകൾ ഒരു ഗൃഹാതുരത്വവും എന്നിൽ ഉണർത്തുന്നില്ല. ‘ഓ അന്നായിരുന്നു ഓണം’ എന്ന് ഞാൻ നെടുവീർപ്പിടാറില്ല.  ‘എല്ലാം പോയില്ലേ. ഇന്ന് എന്താണുള്ളത് ?’ എന്ന് നിരാശപ്പെടാറുമില്ല. അന്ന് ആഘോഷിച്ചു തിമർത്തു.  ആ കാലം കഴിഞ്ഞു.  ഇപ്പോൾ മറ്റൊരു കാലം.  മറ്റൊരു രീതി.  അത്രേയുള്ളു. 

‘‘അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ’’ എന്നല്ലേ ഹരിനാമകീർത്തനത്തിൽ ഉള്ളത് !  ഞാനും  അതു  പോലെ തന്നെ. അന്നന്നു കണ്ടതു പോലെ ജീവിക്കുക. ഇതു ഞാനെന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതാണ്. ഭൂതകാല ഓർമ്മകൾ എന്നെ കുളിരണിയിക്കാറില്ല എന്നല്ല. വല്ലപ്പോഴും ഓർത്തു രസിക്കാറുണ്ട്. അതിനപ്പുറം ഒന്നുമില്ല. അത് ഇങ്ങിനി വരാത്തവണ്ണം കഴിഞ്ഞു പോയ കാലമല്ലേ ?  ഭാവിയെപ്പറ്റി ഒന്നുമറിയില്ല, എങ്കിലും നമുക്ക് പ്രതീക്ഷയുണ്ട്. പക്ഷേ വർത്തമാനം അങ്ങനെയല്ല. നമ്മുടെ കയ്യിലുള്ള കാലമാണ്. അത് ജീവിക്കാനുള്ളതാണ്.         .   

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയതിനു ശേഷം അമ്മ ഓണം ആഘോഷിച്ചില്ല. മൂന്നു നാലു കൊല്ലം കൂടി അമ്മ ജീവിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കൂട്ടിന് ഒരു പരിചാരികയുണ്ട്. ഇടയ്ക്കു ഞാനും ചെന്നു നിൽക്കും അമ്മയ്ക്ക് കൂട്ടായി. 

‘മരിച്ചയാളെ ഓർത്തിട്ടല്ല. ഞാനൊരാൾക്കു വേണ്ടി എന്ത് ഓണമൊരുക്കാനാണ്.’ എന്ന് അമ്മ പറയാറുണ്ടായിരുന്നു.  മാത്രമല്ല ഡയബറ്റിക് ആയ അമ്മ പായസം കഴിക്കാറില്ല. വലിയ പ്രിയവുമില്ല.  പിന്നെ കുറെ കറികളോ? അതൊക്കെ എന്നും മാറിമാറി കഴിക്കുന്നതല്ലേ? എന്നാലും ആ സമയത്ത്  ബന്ധുക്കളും ചില സുഹൃത്തുക്കളും സ്നേഹപൂർവ്വം നിർബന്ധിച്ച് ഓണമുണ്ണാൻ ക്ഷണിച്ചപ്പോൾ അമ്മയും ഞാനും കൂടി പോയി അവരുടെ ഓണത്തിൽ പങ്കു ചേർന്ന .

എന്റെ മകൻ കിടപ്പിലായതിനു ശേഷം ഒരാഘോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പക്ഷേ മകൾ അവളുടെ കുടുംബത്തിനായി ഓണവും വിഷുവുമൊക്കെ ഒരുക്കുമ്പോൾ ഞാനതിൽ പൂർണമായും സഹകരിക്കാറുണ്ട്. ദുഃഖമോ വിഷമഭാവമോ ഉത്സാഹമില്ലായ്മയോ ഞാൻ കാണിക്കാറില്ല. എപ്പോഴും പ്രസന്നമായിരിക്കുക എന്നതാണ് എന്റെ രീതി. എന്നെ അടുത്തു പരിചയമുള്ളവർക്കെല്ലാം അതറിയാം .

വിദേശത്തുള്ള അടുപ്പമുള്ളവർ ഇവിടുത്തേക്കാൾ ഗംഭീരമായിത്തന്നെയാണ് അവിടെ ഓണം ആഘോഷിക്കാറുള്ളത് എന്ന് പറയാറുണ്ട്. അവിടെ മാവേലി എത്താറുണ്ടോ ? സ്വന്തം പ്രജകളെ സന്ദർശിക്കാനല്ലേ മഹാബലി ചക്രവർത്തി കേരളത്തിൽ വരുന്നത്? മറ്റു രാജ്യങ്ങളിലെ മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങൾ ടിവിയിലും സിനിമകളിലും വാർത്തകളിലുമൊക്കെ നമ്മൾ കാണാറില്ലെ? മലയാളി എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. അതായത് ഓണം ഇന്നൊരു ആചാരമല്ല, ആഘോഷമാണ് .

ഓണാഘോഷങ്ങളിൽ വേഷമിട്ടു വരുന്ന മാവേലിയെ കാണുമ്പോൾ ഞാൻ കുട്ടിക്കാലം മുതലേ ഓർക്കാറുണ്ട്. ഇങ്ങനെ തടിച്ച ശരീരവും വീർത്തമുഖവും കുടവയറുമുള്ള ഒരു കോമാളിയായിരുന്നോ മാവേലി? അസുരചക്രവർത്തിയായ അദ്ദേഹം ഒരു യുദ്ധവീരനായിരുന്നില്ല? തീർച്ചയായും ബലിഷ്ഠമായ ശരീരകാന്തിയുള്ള ഒരു സുന്ദരനായിരുന്നിരിക്കണം മഹാബലി. എന്നിട്ട് ഈ ഒരു രൂപത്തിൽ അദ്ദേഹത്തെ സങ്കൽപ്പിച്ചതാരാണ്? അതിന് ആരെങ്കിലും അദ്ദേഹത്തെ കണ്ടിട്ടുണ്ടോ ? തലമുറകളായി ഈ സങ്കൽപ്പം നിലനിൽക്കുന്നുമുണ്ട്. അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ടോ? വർഷങ്ങൾക്കു  മുൻപ് ഒരു ക്ലബ്ബിന്റെ ഓണാഘോഷപരിപാടിക്കിടയിൽ തടിയൻ കുടവയറൻ മാവേലിയായി ആരോ വിഡ്ഢി വേഷം കെട്ടിയെത്തിയപ്പോൾ പേടിച്ചുപോയ ഒരു കൊച്ചുകുട്ടി ‘‘ഈ മാവേലി വേണ്ടാ ഈ മാവേലി വേണ്ടാ’’ എന്നുച്ചത്തിൽ നിലവിളിച്ചതു ഞാൻ ഇന്നുമോർക്കുന്നു. അവളുടെ മനസ്സിൽ അവളുടെ അച്ഛനെപ്പോലൊരു സുന്ദരനായിരുന്നിരിക്കാം മാവേലി !

എങ്കിലും നമ്മുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി മഹാബലിയായി വന്നാൽ എങ്ങനെയിരിക്കും? അതിസുന്ദരമായ മാവേലി മന്നൻ! നീട്ടി വളർത്തിയ മുടിയും കവചകുണ്ഡലങ്ങളുമായി കിരീടവും (കിരീടം വേണ്ട. ഹെൽമെറ്റ്‌ പോലെ അത് തലയിൽ കേറ്റി വച്ചാൽ ഭംഗി പോകും) ചെങ്കോലുമില്ലാതെ, ആരോമൽ ചേകവരെപ്പോലെ , തച്ചോളി ഒതേനനെപ്പോലെ, അല്ലെങ്കിൽ ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിനെപ്പോലെ, ഒരു വീരാധി വീരൻ ! അതാണ് എന്റെ സ്വപ്നങ്ങളിലെ മഹാബലി !

രണ്ടു നാളായി ഒരു സഹോദരൻ (കസിൻ) വിളിച്ച് ഓണത്തിന് പഴയ നാടൻ പലഹാരങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞു. ആലങ്ങ, കവിടി, വെട്ടുകേക്ക്, അച്ചപ്പം, മുറുക്ക്‌ അങ്ങനെ പട്ടിക നീളുന്നു. അമ്മ വീട്ടിലെ പഴയ പലഹാരപ്പുര ഓർത്തുപോയി. പുതിയ മൺകലങ്ങളിൽ കട്ടിയുള്ള തുണികൊണ്ട് വാമൂടിക്കെട്ടി പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന അറപ്പുര. (അന്ന് ടിന്നുകളോ പ്ലാസ്റ്റിക് പാത്രങ്ങളോ ഇല്ല). ഒപ്പം ‘പലഹാരപ്പുര താക്കോൽ തന്നാൽ ആടുമേ പാടുമേ പൊന്നുണ്ണി, അമ്മതൻ പൊന്നുണ്ണി.’’ എന്ന പഴയ നാടക ഗാനവും മനസ്സിലേക്കോടിയെത്തി. ഏയ് എന്നിട്ടും കൊതി വന്നു  എന്നല്ലാതെ ഒരു  നൊസ്റ്റാൾജിയ തോന്നിയില്ല. കൊറിയറിൽ പലഹാരങ്ങൾ അയച്ചുതരാം എന്നാ സഹോദരൻ പറയുകയും ചെയ്തു .

എന്റെ എല്ലാ വായനക്കാകർക്കും സുന്ദര സുരഭിലമായ ഓണം ആശ്വസിക്കുന്നു. ദുരന്തങ്ങളിൽ നിന്ന് ഉയർത്തെഴുന്നേൽക്കൂ. എന്നിട്ട്  ആഘോഷിക്കൂ, ജാതിമത ഉച്ചനീചത്വ  ധനികദരിദ്ര ഭേദങ്ങളില്ലാതെ.  ഓണം നമ്മുടെ ദേശീയോത്സവമല്ലേ?

Content Summary: Web Column Kadhaillayimakal on Onam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS