കൂട്ടിലടയാതിരിക്കട്ടെ കുട്ടിക്കാലം

school-going-student
SHARE

പള്ളിക്കൂടം തുറന്നല്ലോ !

ഒന്നര വർഷത്തിലേറെയായി അടച്ചിട്ടിരുന്ന സ്കൂളുകൾ തുറക്കുന്നു. പോകുകയോ പോകാതിരിക്കുകയോ ചെയ്യാം. പോകണോ അതോ വേണ്ടേ ? എന്റെ കൊച്ചു കൂട്ടുകാരെ കുഴപ്പിക്കുന്ന ചോദ്യമാണത്. അതെ, ദേവിയമ്മേ എന്നും ദേവിയമ്മൂമ്മേ എന്നും വിളിക്കുന്ന കൗമാരക്കാരായ ഒരുപാടു കൂട്ടുകാർ എനിക്കുണ്ട്. അതിന്റെ കൂടെ ദേവിച്ചേച്ചി എന്നും ദേവി മാം എന്നും ദേവിയാന്റി എന്നുമൊക്കെ വിളിക്കുന്ന അവരുടെ അമ്മമാരും എന്റെ സുഹൃത്തുക്കളാണ്. തീർന്നില്ല, സ്നേഹിതരായ അധ്യാപകരുമുണ്ട്. ‘സ്‌കൂൾ തുറക്കുമ്പോൾ’ എന്ന വിഷയം ഇവരിൽ പലരും എന്നോടും പലരുമായി ഞാനും ചർച്ച ചെയ്തു. മറ്റൊന്നും കൊണ്ടല്ല, അമ്മയും അമ്മൂമ്മയും മാത്രമല്ല, ഒരു അധ്യാപികമനസ്സു കൂടി എനിക്കുണ്ടല്ലോ.

കൊച്ചു കുട്ടികൾക്ക് വാക്‌സീൻ ആയിട്ടില്ലല്ലോ. അപ്പോൾ അവരെ സ്കൂളിൽ വിടാമോ? മാതാപിതാക്കളുടെ ഒരു ഉത്കണ്ഠ അതാണ്. കോവിഡ് പിൻവാങ്ങിയിട്ടില്ല. കഠിനമായും മൃദുവായും ഇപ്പോഴും അത് ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്നു. ചിലർ മരിക്കുന്നുമുണ്ട്. എന്തു ധൈര്യത്തിലാണ് കുട്ടികളെ നമ്മൾ സ്കൂളിലേക്കു വിടുക? അവർക്ക് കൊറോണ ബാധിക്കാം. അല്ലെങ്കിൽ അവർ വാഹകരായി രോഗം കൊണ്ടു വന്നു മുതിർന്നവർക്ക് കൊടുക്കാം. മിക്ക വീടുകളിലും വൃദ്ധരും രോഗികളുമുണ്ട്. ഈ സംശയങ്ങളും ഭയവും ടെൻഷനും ഒക്കെ ന്യായം തന്നെയാണ്. സോപ്പുപതയിൽ ഇല്ലാതാകാൻ മാത്രം ശക്തിയുള്ള ഈ ചെറിയ അണുക്കൾ മരണകാരണമാകുന്നത് ഭയാനകം തന്നെയാണ്. 

പക്ഷേ എത്രകാലം നമ്മൾ ഇങ്ങനെ കഴിയും? കുട്ടികളെ എത്രനാളിങ്ങനെ അടച്ചിടാൻ പറ്റും? അവരുടെ ഭാവി എന്താകും? ഉന്നത വിദ്യാഭ്യാസത്തിന് ഈ ഓൺലൈൻ ക്ലാസ് മതിയാവില്ലല്ലോ. ഇതാണ് മറ്റു ചിലരുടെ ചിന്തകൾ.

‘ഇല്ല, എന്തായാലും വിടുന്നില്ല. ഓഫ് ലൈനിന്റെ കൂടെ ഓൺലൈൻ കൂടെ ഉണ്ടല്ലോ’ എന്നുറപ്പിച്ചിരിക്കുകയാണ് ചില അമ്മമാർ. അവരോടെല്ലാം ഞാൻ ചോദിച്ചു: ‘എത്രനാൾ? എന്നു വരെ ?’

ഭയവും ഉത്കണ്ഠയും സംഘർഷവും അമ്മമനസ്സുകളെ കീഴടക്കിക്കൊണ്ടിരിക്കുകയാണിപ്പോഴും. മൂന്നു കുട്ടികളുള്ള ഒരമ്മ തത്ക്കാലം മക്കളെ സ്കൂളിലേക്കയക്കുന്നില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. ‘എന്നേക്കാൾ വിഷമം അവരുടെ അച്ഛനാണ്. മൂത്തയാൾ വലിയ ക്ലാസ്സിലായി. അവളെ വിടാമെന്നു വച്ചാൽ താഴെ രണ്ടു ചെറിയ കുട്ടികളില്ലേ ? അവരെ എന്തായാലും വിടാൻ പറ്റില്ല. പക്ഷേ മൂത്ത കുട്ടി സ്കൂളിൽനിന്ന് രോഗം പകർത്തിക്കൊണ്ടു വരില്ല എന്നുറപ്പില്ല. അപ്പോൾ പിന്നെ മൂന്നാളും വീട്ടിലിരുന്ന് ഓൺലൈനിൽ പഠിത്തം തുടരട്ടെ എന്ന് അദ്ദേഹം പറയുന്നു.’

‘എത്രയോ പനികളുടെ കൂടെയാണ് നമ്മൾ ജീവിച്ചു പോരുന്നത്. ഡെങ്കി, നിപ്പ, പന്നിപ്പനി, തക്കാളിപ്പനി, വൈറൽ ഫീവർ, പക്ഷിപ്പനി, ചിക്കന്‍ ഗുനിയ, പിന്നെയും എത്രയോ പനികൾ. അവയുടെ കൂടെ ഒന്നു കൂടി, കോവിഡ്! ഇനി ഇതിന്റെ കൂടെ ജീവിച്ചേ പറ്റൂ’ എല്ലാ ചിന്തകൾക്കുമപ്പുറം ഒരമ്മ പ്രായോഗികമായി പറഞ്ഞു.

ഏതായലും എന്റെ വീട്ടിലെ രണ്ടു കുട്ടികളും ഓഫ്‌ലൈൻ എടുക്കാൻ തന്നെ തീരുമാനിച്ചു. അവരുടെ അച്ഛനമ്മമാരും അതിനോട് യോജിക്കുന്നു. പുണെയിലെ സിംബയോസിസിൽ ബിഎ പഠിക്കുന്ന രാമു അങ്ങോട്ടു പോയിക്കഴിഞ്ഞു. വാക്‌സിനേഷൻ രണ്ടു ഡോസും എടുത്തിട്ടുണ്ട്. പിന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക. ഇതാണ് അവന്റെയും കൂട്ടുകാരുടെയും നിശ്ചയം. മിക്കവാറും എല്ലാവരും തന്നെ കോളജിൽ എത്തിയിട്ടുണ്ട്.

ചെറിയ കുട്ടി മിലി സ്കൂൾ തുറക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു. അവളുടെ ക്ലാസ്സിയിലെ ഒന്നോ രണ്ടോ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും തന്നെ സ്കൂളിലേക്കു പോകാനുള്ള അത്യുത്സാഹത്തിലാണ്.

സ്കൂളുകളാണെങ്കില്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നീണ്ട ക്ലാസുകള്‍തന്നെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഓണ്‍ ലൈനായി കൊടുക്കുന്നുണ്ട്. 

‘എന്തെല്ലാം നിയന്ത്രണങ്ങളും നിബന്ധനകളുമാണ്. പള്ളിക്കൂടത്തില്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുന്നു. അടുത്തിരിക്കാന്‍ പാടില്ല, തൊടാന്‍ പാടില്ല, ഒന്നും ഷെയര്‍ ചെയ്യാന്‍ പാടില്ല. ഇതെന്താ ജയിലോ ? ഒന്നു നേരേ ശ്വാസം വിടാന്‍ പോലും അനുവാദമില്ല’ കുട്ടികളില്‍ ചിലര്‍ എന്നോടു പറഞ്ഞു. 

‘അത്യന്തം ഭീകരമായ ഒരവസ്ഥയില്‍നിന്ന് നമ്മള്‍ പൂര്‍ണമായും കരകയറിയിട്ടില്ല. സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഇനിയും സമയമെടുക്കും അതു വരെ നമ്മള്‍ സൂക്ഷിച്ചേ പറ്റൂ.’ ഞാനവരെ സമാധാനിപ്പിച്ചു.

‘അമേരിക്കയിലെപ്പോലെ ഇവിടെയും പന്ത്രണ്ടു വയസ്സിനു മേലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ എടുത്താലെന്താ? മറ്റു രാജ്യങ്ങളിലൊക്കെ ബൂസ്റ്റര്‍ ഡോസും കൊടുക്കുന്നുണ്ട്’ മറ്റു ചിലരുടെ പ്രതിഷേധം.

‘അതൊക്കെ നമുക്കും കിട്ടും. കാത്തിരിക്കുകയല്ലാതെ എന്താ വഴി ?’ ഞാനും പറഞ്ഞു.

‘സ്കൂള്‍ ബസില്‍ പോകുന്നതും ഉച്ചയ്ക്ക് ഒരുമിച്ചിരുന്നു ലഞ്ച് കഴിക്കുന്നതും ചിക്കനും ചെമ്മീനുമൊക്കെ ഷെയര്‍ ചെയ്യുന്നതുമൊക്കെ സ്കൂള്‍ ജീവിതത്തിലെ രസങ്ങളായിരുന്നു. ഇനി അതൊക്കെ ഓര്‍മകളില്‍ മാത്രം.’ എന്റെ കൊച്ചു കൂട്ടുകാര്‍ സങ്കടപ്പെടുന്നു. എന്നാലും അവരെല്ലാം തന്നെ സ്കൂളിലേക്കു പോകാനുള്ള തയാറെടുപ്പിലാണ്. ‘വരുന്നത് വരുന്നിടത്തു വച്ചു കാണാം’ അവരുടെ അമ്മമാരും ധൈര്യപ്പെടുന്നു. 

‘സ്കൂള്‍ തുറക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ സ്പോര്‍ട്സും ഗെയിംസുമില്ല. കൂട്ടുകാരുമായി കളിക്കാനും കെട്ടിമറിയാനും തല്ലു കൂടാനും പറ്റുകയില്ലല്ലോ. അതില്‍ നിരാശയുണ്ട്.‘ ഒരു കൊച്ചു കൂ ട്ടുകാരന്‍ പറയുന്നു. 

‘സ്കൂള്‍ തുറക്കുക തന്നെ വേണം. പഴയ ജീവിതത്തിന്‍റെ ഒരു ഭാഗം തിരിച്ചു കിട്ടുകയല്ലേ ? ക്ലാസ്സ്‌ റൂം, ടീച്ചേഴ്സ്, കൂട്ടുകാര്‍. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അത് ആഹ്ളാദം തന്നെയാണ്’ പെണ്‍കുട്ടികള്‍ പറയുന്നു. 

‘സ്കൂള്‍ തുറക്കുന്നതില്‍ ത്രില്ലുണ്ട് എങ്കിലും കൊറോണ ഭയം വിട്ടു മാറുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടി വാക്സീന്‍ തന്നിട്ട് അടുത്ത വര്‍ഷം സ്കൂള്‍ തുറന്നാല്‍ പോരായിരുന്നോ.’ എന്ന് ഉത്കണ്ഠപ്പെടുന്നവരുമുണ്ട്. എന്നാലും പൊതുവേ പറഞ്ഞാല്‍ പള്ളിക്കൂടം തുറക്കുന്നതില്‍ കുട്ടികള്‍ സന്തുഷ്ടരാണ്. അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘പൊളിയാണ്’.

ഇനി അവരുടെ അദ്ധ്യാപകരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കണ്ടേ ?

‘കുട്ടികളോടൊപ്പം സന്തോഷിക്കുന്നു. എന്നാല്‍ മനസ്സില്‍ ഒരു ആശങ്ക ഉണ്ടായിരുന്നു. കുട്ടികള്‍ പ്രോട്ടോക്കോള്‍ പാലിക്കുമ ? എല്ലാം മറന്ന് അവര്‍ കൂട്ടം കൂടുകയില്ലേ ? അവരെ നിയന്ത്രിക്കാനാവുമോ ? എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ പക്വതയോടെയാണ് സ്കൂളിലെത്തിയ കുട്ടികള്‍ പെരുമാറിയത്. മുഴുവന്‍ കുട്ടികളും സ്കൂളില്‍ എത്തിയാലും ഒരു വിഷമവും ഉണ്ടാവുകയില്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്.’ പക്വമതിയായ ഒരു അധ്യാപികയുടെ വാക്കുകള്‍ !

‘സ്കൂള്‍ തുറന്നത് തന്നെയാണ് നല്ലത്. കുട്ടികള്‍ ക്ലാസ്സില്‍ വന്നിരുന്ന് അധ്യാപകര്‍ അവരുടെ മുന്നില്‍നിന്ന് പഠിപ്പിക്കുന്നതും ഓണ്‍ലൈന്‍ ക്ലാസ്സിലെ പഠനവുമായി ഒരു താരതമ്യവുമില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സ്കൂളില്‍ വരേണ്ടത് അത്യാവശ്യമാണ്. കൊറോണ എന്ന മഹാമാരിയോടൊപ്പം ജീവിക്കാനുള്ള ഒരു ട്രെയിനിങ് ആണ് ഞങ്ങള്‍ അധ്യാപകര്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നത്. രോഗം വരാതെ സൂക്ഷിക്കുന്നതെങ്ങനെ, വന്നാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം ശ്രദ്ധിക്കുക ഇവയുടെയൊക്കെ ആവശ്യകത, ഇവയെല്ലാം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.’ ഇത് പറഞ്ഞ അധ്യാപിക സ്വന്തം കുട്ടിയെ സ്കൂള്‍ തുറന്നപ്പോള്‍ മടിക്കാതെ അയച്ച ഒരു അമ്മ കൂടിയാണ്. സ്കൂള്‍ തുറന്നതിന്റെ, കൂട്ടുകാരെ കണ്ടതിന്റെ, ടീച്ചേഴ്സുമായി ഇന്ററാക്ട് ചെയ്യുന്നതിന്റെ ഒക്കെ അതിരറ്റ സന്തോഷത്തിലാണ് അവരുടെ കുട്ടിയും അവര്‍ പഠിപ്പിക്കുന്ന മറ്റു കുട്ടികളും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്തൊന്‍പതു മാസമാണ് കുട്ടികള്‍ക്ക് നഷ്ടമായത്. അതിനി തിരിച്ചു കിട്ടുകയില്ല. എങ്കിലും ദൈനംദിന ജീവിതത്തിലേക്ക് അവരെ തിരിച്ചു കൊണ്ടുവരണ്ടേ? പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ അടച്ചിരുന്നു ടെക്നോളജിയിലൂടെ ഉള്ള പഠനം അവരെ മാനസികമായും ശാരീരികമായും ബാധിച്ചിട്ടുണ്ട്. പല കുട്ടികളും കണ്ണട വയ്ക്കേ ണ്ടി വന്നത് മണിക്കൂറുകള്‍ സ്ക്രീനില്‍ നോക്കി ഇരിക്കുന്നതു കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. ഓട്ടമോ ചാട്ടമോ കളികളോ ഇല്ലാത്തത് അവരുടെ ആരോഗ്യത്തിനും ഹാനികരമായിട്ടുണ്ട്. എത്രയും വേഗം ക്രമാനുസരണമായ ജീവിതരീതിയിലേക്ക് അവരെ കൊണ്ടുവരണമെങ്കില്‍ സ്കൂള്‍ തുറക്കുക തന്നെ വേണം. 

സ്കൂള്‍ അടച്ചിട്ടിരുന്ന കാലത്ത് വിദ്യാര്‍ഥികള്‍ പഠനേതര വിഷയങ്ങളായ നൃത്തം, സംഗീതം, ചിത്രരചന, യോഗ തുടങ്ങിയവ അഭ്യസിക്കുകയും ചില ആഘോഷങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ്. സ്കൂള്‍ തുറന്ന ശേഷം പണ്ടത്തെപ്പോലെ വളരെയധികം പ്രേക്ഷകരെത്തി ആഘോഷങ്ങള്‍ നടത്താന്‍ സാധിക്കില്ലെങ്കിലും, പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കും എന്നാശിക്കുന്നു. എന്ന് ഈ വിഷയങ്ങളുടെ അധ്യാപിക പറയുന്നു. 

ഇതെല്ലം വളരെ പ്രോത്സാഹന ജനകങ്ങളായ അഭിപ്രായങ്ങളാണ്. അതേസമയം ഈ സമയത്ത് സ്കൂള്‍ തുറക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല എന്ന് ചില അധ്യാപകരും രക്ഷകര്‍ത്താക്കളും പറയുകയുണ്ടായി. അവരെ കുറ്റം പറയാനാവില്ല. രണ്ടു മൂന്നു മാസം കഴിഞ്ഞാല്‍ ഈ അധ്യയന വര്‍ഷം അവസാനിക്കും. അത് കഴിഞ്ഞിട്ട് അടുത്ത വര്‍ഷം സ്കൂള്‍ തുറന്നാല്‍ മതിയായിരുന്നു. കൊറോണ ബാധിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടില്ലാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി നിയന്ത്രണത്തില്‍ ആയിട്ട് ശരിയായ നിരീക്ഷണത്തിനു ശേഷം മതിയായിരുന്നു ഈ പരീക്ഷണം എന്നാണ് ഇവരുടെ പക്ഷം. 

യൂണിഫോം ധരിച്ച് സ്കൂള്‍ ബാഗും കുടയുമായി ഇതുവഴി സ്കൂളിലേക്കുപോകുന്ന കുട്ടികളെയും ഞാന്‍ കണ്ടു. പ്രസന്നത തുളുമ്പുന്ന മുഖങ്ങളും ഉല്ലാസഭരിതമായ ചലനങ്ങളും. അവര്‍ സന്തുഷ്ടരാണ്. ഇനിയും അവരെ കൂട്ടിലടയ്ക്കാന്‍ ഇടയാവരുതേ എന്ന് ഞാന്‍ ആശിക്കുന്നു. ചാറ്റല്‍ മഴകൂടി വന്നപ്പോള്‍, 

‘പള്ളിക്കൂടം തുറന്നല്ലോ, മഴത്തുള്ളികളും തുള്ളി വന്നല്ലോ’ എന്ന് ഒഎന്‍വിയുടെ വരികള്‍ ഓര്‍ക്കാതിരിക്കാന്‍ എനിക്കായില്ല.

Content Summary : Kadhayillaimakal - Devi JS, Schools reopen after being shut due to pandemic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS