‘കൂടു തുറന്നു വിട്ടപ്പോൾ’

group-cheerful-children-going-school
Representative Image. Photo Credit: Halfpoint / Shutter Stock
SHARE

കഴിഞ്ഞയാഴ്ചത്തെ ലേഖനത്തിന്റെ തുടർച്ചയാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനെക്കുറിച്ചുള്ള പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങൾ നിരത്തുകയായിരുന്നു, ‘കൂട്ടിലടയാതിരിക്കട്ടെ കുട്ടിക്കാലം’ എന്ന ആ ലേഖനം !

ഉത്ക്കണ്ഠയ്ക്കും ആകാംഷയ്ക്കും സംഘർഷത്തിനുമിടയ്ക്ക് സ്കൂൾ തുറന്നു. വളരെ സാധാരണമട്ടിൽ സ്കൂളിലേയ്ക്ക് പുറപ്പെട്ട കുട്ടികളുടെ മനസ്സിൽ പോലും നേരിയ ഭയം ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്. എന്താകും? എങ്ങനെയാകും? എന്നുവരെ? പലരും എന്നോടത് പറയുകയും ചെയ്തു. 

സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ എന്റെ കൂട്ടുകാരായ കൊച്ചു കുട്ടികളുടെ അനുഭവങ്ങളും അഭിപ്രയങ്ങളുമാണ് ഞാനിവിടെ പങ്കു വയ്ക്കുന്നത്., അവരുടെ വാക്കുകളിൽ തന്നെ.

സ്കൂളും അധ്യാപകരും പാഠ്യ വിഷയങ്ങളും പഴയത് തന്നെ. പക്ഷേ രീതികൾ ആകെ മാറിയിരുന്നു. കുട്ടികളെ സ്കൂളിലേയ്ക്ക് സ്വീകരിക്കാൻ എത്തിയത് അധ്യാപകരായിരുന്നു. കുട്ടികൾ കോവിഡ്  മാനദണ്ഡങ്ങൾ ശരിക്കും പാലിക്കുന്നുണ്ടോ  എന്ന് നിരീക്ഷിക്കാൻ, ഗേറ്റു കടന്നു അകത്തേയ്ക്കു വരുന്ന റോഡ് മുതൽ കോറിഡോറുകളിലും വരാന്തകളിലും വരെ അവർ കാത്തു നിന്നിരുന്നു. മാസ്ക് വച്ചിട്ടുണ്ടോ, ചേർന്ന് നടക്കുന്നുണ്ടോ, സംസാരിക്കുന്നുണ്ടോ? ഒരു അസ്വാതന്ത്ര്യം അനുഭവപ്പെടുക തന്നെ ചെയ്തു.

ക്ലാസിൽ പകുതിയോളം കുട്ടികളേ ഹാജരുണ്ടായിരുന്നുള്ളു. ഒരു ബഞ്ചിന്റെ രണ്ടറ്റത്തും ഓരോരുത്തർ ഇരുന്നു. അങ്ങനെ ഒരു ബഞ്ചിൽ രണ്ടുപേർ മാത്രം. ആദ്യ ദിവസം മുതലേ ഓരോ അധ്യാപകർ ക്ലാസ്സിൽ വന്നാലുടൻ  പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്‌ ഇടയ്ക്കിടെ ഓർമിപ്പിച്ചു. കാരണം ചെറുതായിട്ടെങ്കിലും അയവു വരുത്താൻ കുട്ടികൾ തുനിഞ്ഞിരുന്നു. മാസ്ക് പതുക്കെ താഴ്ത്തുക, ഒരു ടെക്സ്റ്റ്ബുക്ക് ഡെസ്കിന്റെ നടുവിൽ വച്ച് രണ്ടു പേരും അതിൽ നോക്കുക, രഹസ്യം പറയുക ! അപ്പോൾ തന്നെ അത് അധ്യാപകരുടെ ശ്രദ്ധയിൽ പെടുകയും അവർ ചെറുതായി ശാസിക്കുകയും ചെയ്തു. 

ക്ലാസുകൾ നടക്കുന്നതിനൊപ്പം ക്ലാസിൽ വരാത്ത കുട്ടികൾക്കായി ഓൺലൈൻ സംപ്രേക്ഷണം നടക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ അതിനായി ഒരു വലിയ വൈറ്റ് സ്ക്രീൻ ഘടിപ്പിച്ചിരുന്നു. അത് ഒരു ലാപ്ടോപ്പുമായി ബന്ധിപ്പിച്ചിരുന്നു . ടീച്ചർ പഠിപ്പിക്കുന്നതെല്ലാം ക്ലാസ്സിലിരിക്കുന്നവർ കാണുകയും കേൾക്കുകയും ചെയ്യുന്നത് പോലെതന്നെ വീട്ടിലിരിക്കുന്നവർക്കും സാധ്യമായി. ഇങ്ങനെയൊരു സംവിധാനം ആദ്യമായി കണ്ട കുട്ടികൾക്ക് വലിയ കൗതുകം തോന്നി.

(ശാസ്ത്രം എത്ര പുരോഗമിച്ചിരിക്കുന്നു. ഇതെല്ലാം നടപ്പിലാക്കാൻ സഹായിക്കുന്ന ടെക്നോളജിയെ അഭിനന്ദിക്കാതെ വയ്യ. പഴയ തലമുറയിലുള്ളവരുടെ സങ്കല്പങ്ങൾക്കുമപ്പുറത്താണ് ഇക്കാര്യങ്ങൾ! കുട്ടികൾ വീട്ടിൽ വന്നുസ്കൂൾ വിശേഷങ്ങൾ പങ്കിടുമ്പോൾ അദ്‌ഭുതപരതന്ത്രരാവുകയായിരുന്നു മുതിർന്നവർ !)

കൂട്ടം കൂടാനോ നിർത്താതെ സംസാരിക്കാനോ ബഹളം വയ്ക്കാനോ  കഴിഞ്ഞില്ല. ഒന്നര വർഷത്തെ വിശേഷങ്ങൾ പരസ്പരം പറയാനുള്ള ആവേശം അമർത്തി വയ്‌ക്കേണ്ടി വന്നു. ഇന്റർവെല്ലിനുപോലും അകലം പാലിക്കേണ്ടി വന്നു. ടീച്ചർമാരുടെ ശ്രദ്ധ എപ്പോഴുമുണ്ടായിരുന്നു.

ഭക്ഷണം കൊണ്ടുവരാൻ പാടില്ല എന്ന ആദ്യത്തെ നിർദ്ദേശത്തിന് ഇളവു വന്നു. രാവിലെ വന്ന് ഉച്ച വരെ ഇരിക്കേണ്ടതല്ലേ ? ഇടയിൽ വിശക്കും എന്നുള്ളവർക്ക് ലഘു ഭക്ഷണം കരുതാം. പക്ഷേ അത് അവനവന്റെ സീറ്റിൽ ഒതുങ്ങിയിരുന്ന് കഴിക്കണം. മറ്റൊരാൾക്ക് കൊടുക്കാനോ വാങ്ങാനോ പാടില്ല. അടിപിടി കൂടി, ഷെയർ ചെയ്യുന്നതിന്റെ രസം നഷ്ടപ്പെട്ടു. ഒരുമിച്ചിരുന്ന് ഒരു നോട്ടിൽ നിന്ന് പഠിക്കാം. ഒരു പെൻസിലോ പേനയോ അങ്ങോട്ടുമിങ്ങോട്ടും എടുക്കാം. അതൊന്നും ഇപ്പോൾ പാടില്ല.

‘ഷെയറിങ് ഈസ് കെയറിങ് ’ എന്നത് പഴയ ഒരോർമ്മയായി.

മാസ്ക് ഒരു സെക്കൻഡ് പോലും മാറ്റാനായില്ല. എന്നാലും അതിന്റെ ഉള്ളിലൂടെ അത്യാവശ്യം കമ്യൂണിക്കേറ്റ് ചെയ്തു. ടീച്ചറോട് സംശയങ്ങൾ ചോദിച്ചു. ടീച്ചറുടെ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു. എല്ലാം പരിധികൾക്കുള്ളിൽ നിന്ന് കൊണ്ടാണെങ്കിലും. കുറച്ചു കൂട്ടുകാർ വന്നിട്ടില്ല എന്നതിൽ വിഷമമുണ്ട്. എന്നാലും കുറേപ്പേർ വന്നല്ലോ. അതിൽ സന്തോഷമുണ്ട്. 

സ്കൂൾ വിട്ടു കഴിഞ്ഞും എല്ലാ നിയന്ത്രണങ്ങളിലും നിന്നു കൊണ്ടു തന്നെ പോകണം. അടുത്തുള്ളവർ വീട്ടിലേയ്ക്കു നടന്നു പോകുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്ക്. സ്കൂൾ ബസിൽ പോകുന്നവരോ, ഓരോ സീറ്റിൽ ഒന്നും രണ്ടും പേർ ദൂരെ ദൂരെയിരുന്ന് യാത്ര !

പല സ്‌കൂളുകളിലെയും രീതികളിൽ നേരിയ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും നിയന്ത്രണങ്ങൾ കർശനം  തന്നെ.

നേരിട്ട് ക്ലാസ്സിൽ വന്ന് അധ്യാപകരുടെ മുന്നിലിരുന്നു പഠിക്കുന്നതും ഓൺലൈൻ ക്ലാസ്സുമായി ഒരു താരതമ്യവുമില്ല. ഇതു തന്നെ നല്ലത് ! ഇത് തന്നെയാണ് നല്ലത് ! കുട്ടികൾക്കതിൽ സംശയമേയില്ല. യൂണിഫോം നിർബന്ധമല്ലാതിരുന്നിട്ടു   കൂടി  യൂണിഫോം ധരിച്ചാണ് മിക്കവരും സ്കൂളിലെത്തിയത്. യൂണിഫോമിടുന്നതിൽ പോലും ഒരു ത്രിൽ തോന്നുന്നു എന്നാണ് ചിലർ പറഞ്ഞത്.

ഓരോ ദിവസവും കഴിയുമ്പോൾ ക്ലാസ്സിൽ വരുന്നവരുടെ എണ്ണം കൂടുന്നത് അധ്യാപകരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്നു. വരാൻ കഴിയാത്ത ചിലർ പറഞ്ഞത് അവർക്കു വന്നവരോട് അസൂയ തോന്നി എന്നാണ് !

ആർക്കും അസുഖമൊന്നും ഉണ്ടാവരുതേ. ക്ലാസുകൾ ഇങ്ങനെ നടക്കട്ടെ. സ്കൂളുകൾ ഇനിയും പൂട്ടാൻ ഇടയാവരുതേ. ഇതാണ് കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും ആഗ്രഹവും പ്രാർഥനയും. നമുക്കും ഒപ്പം ചേരാം.     

Content Summary: Kadhayillaimakal Column, What the students say when schools reopen                      

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS