ഞങ്ങളുടെ സ്വന്തം കൊച്ചി

kochi-metro-rail
SHARE

എല്ലാവർക്കും അവർ ജനിച്ചു വളർന്ന നാട് പ്രിയപ്പെട്ടതാണ്. ‘ജന്മനാട് ’ എന്നത് ഒരു അഭിമാനവും ലേശം അഹങ്കാരവുമാണ്. ‘എന്റെ നാട്ടുകാർ’, ‘ഞങ്ങൾ ഒരു നാട്ടുകാരാണ്’, ‘ഇത് ഞങ്ങളുടെ നാട്’, ‘ഞങ്ങളുടെ നാട്ടിൽ’ എന്നൊക്കെ പറയുന്നത് വലിയ കാര്യത്തിലാണ്. 

പക്ഷേ കൊച്ചിക്കാർക്ക് ഈ ‘നാട് സ്നേഹം’, അൽപ്പം കൂടുതലാണെന്നാണ് എന്റെ അനുഭവം. എന്തു പറയുമ്പോഴും ‘ഞങ്ങൾ കൊച്ചിക്കാർ’, എന്ന് എടുത്തു പറയും. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന ഈ കൊച്ചു കൊച്ചിയെപ്പറ്റി കവിതകളും പാട്ടുകളും കഥകളും, എന്തിന്,  സിനിമകൾ പോലും ഏറെയുണ്ട്, പണ്ടും ഇപ്പോഴും. ഈ നഗരത്തെക്കുറിച്ച് ഇവിടത്തുകാർ മാത്രമല്ല കൊച്ചി കാണാനെത്തുന്ന വിദേശ സഞ്ചാരികളും വാഴ്ത്താറുണ്ട്.

പക്ഷേ ഇപ്പോൾ കൊച്ചി പഴയ കൊച്ചിയല്ല. ഒരുപാട് മാറിപ്പോയിരിക്കുന്നു. പണ്ട് ചരിത്രമുറങ്ങുന്ന ഒരു നഗരം, അതായിരുന്നു കൊച്ചി. 1341 മുതൽ അതൊരു തുറമുഖമായിരുന്നു. അറബികളും ചൈനക്കാരും പിന്നെ യൂറോപ്പുകാരും വന്നിറങ്ങിയ തുറമുഖം. ആ ഓർമകളുടെ പ്രതിഫലനങ്ങൾ ഫോർട്കൊച്ചിയിൽ ഇപ്പോഴും ഉണ്ട്. ടൈലുകൾ പാകിയ നിരത്തുകൾ, കൊളോണിയൽകാലത്തെ ബംഗ്ലാവുകൾ, വ്യത്യസ്തമായ ആരാധനാലയങ്ങൾ. അതിൽ ജൂതന്മാരുടെ സിനഗോഗും അതി പുരാതന ദേവാലങ്ങളും ഉൾപ്പെടുന്നു. ഒരു മീൻ പിടുത്ത നഗരം എന്ന് കൊച്ചിയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ചീനവല മുതൽ മീൻപിടിക്കുന്ന തോണികളും ഫിഷിംഗ് ബോട്ടുകളും നിറയുന്ന ജലപ്പരപ്പുകൾ ഉള്ള തീരദേശം.

എറണാകുളം ജില്ലയിലാണ് കൊച്ചി. എറണാകുളം സിറ്റിയാണങ്കിലോ, സാർവലൗകീകമായ ഒരു നഗരം - ഒരുപക്ഷേ കേരളത്തിൽ ഒന്നാം സ്ഥാനത്തു  നിൽക്കുന്ന നഗരം. വിവിധതരം ജനങ്ങൾ ഉണ്ടിവിടെ. എല്ലാതരത്തിലും വളരെയധികം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തിരക്കേറിയ ഒരു ആഡംബരനഗരം. എന്നാൽ കൊച്ചിക്കാർക്ക് കൊച്ചിയോടു തോന്നുന്ന ആവേശം എറണാകുളത്തുള്ളവർക്കു ആ നഗരത്തോട് ഉണ്ടെന്നു തോന്നുന്നില്ല. അവിടത്തുകാരേക്കാൾ വന്നു ചേക്കേറിയവരാണല്ലോ അധികവും. അതാവാം കാരണം.

കൊച്ചി അങ്ങനെയല്ല. ഇന്നും തനിമ കാത്തു സൂക്ഷിക്കുന്ന ഒരു കൊച്ചു നഗരമാണത്. കൊച്ചിയും മാറിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിലും കൊച്ചിയുടെ സാംസ്കാരിക പാരമ്പര്യം ഒന്നു വേറെ തന്നെ.  കൊച്ചിയുടേത് മാത്രമായ വിസ്മയങ്ങൾ ഇന്നും കൊച്ചിയെ വ്യത്യസ്തമാക്കുന്നു. ഏറ്റവും പ്രാധാന്യമുള്ള ഒരു ടൂറിസ്റ്റു കേന്ദ്രമായി കൊച്ചിയെ ഉയർത്തിപ്പിടിക്കുന്നതും അതിന്റെ പുരാതന  സൗന്ദര്യം തന്നെയാണ്. പ്രകൃതി എത്ര കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഞങ്ങളുടെ ഈ കൊച്ചു നാടിനെ. കായലും കടലും തുരുത്തുകളും തിങ്ങി നിറയുന്ന ഹരിതാഭയും. ‘എന്റെ കൊച്ചി എത്ര സുന്ദരമാണ്’ എന്ന് കരുതാത്ത ഒരാളും ഇവിടെ ഉണ്ടാവില്ല എന്നെനിക്കു തോന്നാറുണ്ട്.

തീർന്നില്ല കൊച്ചിയുടെ മഹിമ. ഇന്ത്യൻ നേവിയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും തെക്കേ ഇന്ത്യയിലെ ആസ്ഥാനമാണ് കൊച്ചി എന്നതും അതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.  

കുറെ വർഷങ്ങളായി ഇവിടെ പാർക്കുന്നതു കൊണ്ട് ഞാനും ഒരു കൊച്ചിക്കാരിയായി മാറിയിരിക്കുന്നു. പക്ഷേ വളരെ വർഷങ്ങൾക്കു മുൻപ്- പത്തു നാല്പത്തഞ്ചു കൊല്ലം മുൻപ് - ആദ്യമായി കൊച്ചിയിലെത്തുമ്പോൾ ഒരു വൻനഗരമൊന്നുമല്ല ഞാൻ കണ്ടത്. ബോംബെയിലെ (അന്ന് മുംബൈ അല്ല) കുറച്ചു കാലത്തെ വാസത്തിനു ശേഷം കൊച്ചിയിൽ വന്നതായിരുന്നു ഞാൻ. ആ വൻ നഗരവുമായി താരതമ്യപ്പെടുത്തുമ്പോൾ വികസിച്ചു തുടങ്ങുന്ന - നാഗരികതയിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന - ഒരു പട്ടണം എന്നേ തോന്നിയുള്ളൂ. കൊച്ചിൻഷിപ്പ്യാർഡും, പോർട്ട് ട്രസ്റ്റും നേവൽ ബേസുമൊക്കെ അന്നേ ഉണ്ട്. എന്നാലും ഇന്നത്തെ കൊച്ചിയല്ല. ഫ്ളാറ്റുകളില്ലാത്ത നഗരം നമുക്കിന്നു സങ്കല്പിക്കാനാവില്ല. അന്ന് ഫ്ലാറ്റുകൾ വന്നു തുടങ്ങിയിട്ടില്ല. ആദ്യമാദ്യം നിർമ്മിതമായ ബഹുനില കെട്ടിടങ്ങൾ അദ്‌ഭുതക്കാഴ്ചകളായാണ് ജനം കണ്ടത്. കൊച്ചി നഗരം വിട്ടുപോയി വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തിയപ്പോൾ ഞാൻ അമ്പരന്നു. കൊച്ചി പഴയ കൊച്ചിയല്ല. എല്ലായിടത്തും വലിയ സിമന്റ് സ്ട്രക്ച്ചറുകൾ മാനം മുട്ടെ ഉയർന്നു നിൽക്കുന്നു. പഴയ ബോംബെയെക്കാൾ തിരക്ക് (ഇപ്പോൾ മുംബൈ എങ്ങനെ ഉണ്ടാവുമോ എന്തോ). വേഷങ്ങളിൽ പോലും മാറ്റം. ഇപ്പോൾ ചുരിദാർ കമ്മീസാണ് ഇവിടത്തെ കോമൺ ഡ്രസ്സ് (മുതിർന്ന പെണ്ണുങ്ങൾ പണ്ട് ചുരിദാർ ധരിക്കുമായിരുന്നില്ല. ഇപ്പോൾ വൃദ്ധകൾക്കു പോലും സൗകര്യപ്രദമായ വേഷം അതാണ്). ചെറുപ്പക്കാരുടെ കാര്യം പിന്നെ പറയാനുമില്ല.. ബോളീവുഡിനേയും ഹോളീവുഡിനെയും വെല്ലുന്ന ഫാഷൻ തരംഗങ്ങൾ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല തന്നെ. അതും മാറ്റങ്ങളുടെ ഭാഗം.! 

എന്താണിപ്പോൾ കൊച്ചിയെപ്പറ്റി പറയാൻ കാരണം എന്നല്ലേ? കൊച്ചിയുടെ സൗന്ദര്യം ചിത്രങ്ങളിൽ പകർത്തുന്ന ഒരു ചിത്രകാരന്റെ  മനോഹരമായ പെയിന്റിങ്ങുകൾ കാണാനിടയായി. അയാൾ അവയ്ക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ എന്നെ വല്ലാതെ ആകർഷിച്ചു. ‘Kochi is not a city, it is a feeling!’ (കൊച്ചി ഒരു നഗരമല്ല, അത് ഒരു വികാരമാണ്) മറ്റൊരു നഗരത്തിൽ നിന്നെത്തിയ കൂട്ടുകാരോട്  കൊച്ചിക്കാരിയായ ഒരു  പെൺകുട്ടി ചോദിക്കുന്നു.

നിങ്ങൾക്ക് വെല്ലിങ്ടൺ ഐലൻഡ് ഉണ്ടോ? ഓൾഡ് ഹാർബർ ബ്രിഡ്‌ജും വെണ്ടുരുത്തി പാലവുമുണ്ടോ? ഗോശ്രീ പാലമുണ്ടോ? ബോൾഗാട്ടിയും വൈപ്പിനുമുണ്ടോ? അതൊക്കെ പോകട്ടെ,. മെട്രോയുണ്ടോ ലുലു മാൾ ഉണ്ടോ? ബിനാലെ ഉണ്ടോ? ഞങ്ങൾ കൊച്ചിക്കാർക്ക് അതെല്ലാമുണ്ട്. അപ്പോൾ പിന്നെ കൊച്ചിയെക്കുറിച്ച്‌ ഏഴുതാതിരിക്കുന്നതെങ്ങിനെ?

Content Summary: Kadhayillaimakal column written by Devi JS on Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS