ഒറ്റക്കുട്ടിയോ ?

sad-boy
Representative Image. Photo Credit : Africa Studio / Shutterstock.com
SHARE

ഒറ്റക്കുട്ടി സിൻഡ്രോം! അതെന്താണ്? നിങ്ങളൊരു ഒറ്റക്കുട്ടിയാണോ -അതായത് അച്ഛനുമമ്മയ്ക്കുമുള്ള ഒൺലി ചൈൽഡ്! ആണും പെണ്ണും വേറെയില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും ഈ സിൻഡ്രോം എന്താണെന്ന്. ഏയ് ഇതൊരു രോഗമൊന്നുമല്ല. കുറ്റമോ കുറവോ അല്ല. ഒറ്റയ്ക്കങ്ങനെ വീട്ടിലെ രാജാവായി-റാണിയായി വളരുന്നവരിൽ അവരോടൊപ്പം വളരുന്ന ചില സ്വഭാവ വിശേഷങ്ങൾ, അത്രേയുള്ളു. മറ്റുള്ളവരുമായി  പൊരുത്തപ്പെട്ടു പോകാനുള്ള (അഡ്ജസ്റ്റ്) കഴിവില്ലായ്മ, ഷെയർ ചെയ്യാനുള്ള പ്രയാസം, സ്വാർത്ഥത ,  ശാഠ്യങ്ങൾ. ഇതൊക്കെയാണ് ഒറ്റക്കുട്ടികളിൽ സാധാരണ കണ്ടുവരുന്ന സ്വഭാവ രീതികൾ. ഇതൊരു വൈകല്യം എന്ന് പറയാനാവില്ല. എന്നാലും ഒരു പ്രത്യേകത തന്നെയാണ്. എന്റെ പരിചയക്കാരായ ഒറ്റകുട്ടികളിൽ  ഇതൊക്കെ വളരെയധികം ഉള്ളവരും തീരെ ഇല്ലാത്തവരുമുണ്ട്.

ഈയിടെ ലിഫ്റ്റിൽ വച്ച് , ഈ ബിൽഡിംഗിൽ  തന്നെ താമസക്കാരനായ ഒരു ആൺകുട്ടിയെ കണ്ടു. 10 -12 വയസ്സുണ്ടാവും. ഞങ്ങൾ പതിവായി കാണുന്നവരും പരിചയക്കാരുമാണ്.. അവൻ പുറത്തു പോയിട്ട് വരികയാണ്. അവന്റെ കൈയിൽ സുതാര്യമായ ഒരു കവർ. അതിനുള്ളിൽ സ്വീറ്റ്‌സ്. എന്നെ കണ്ടതും അവൻ പതുക്കെ അത് മറയ്ക്കാൻ ശ്രമിച്ചു. എന്തിനാണ് അത് മറയ്ക്കുന്നത്? ഞാൻ  ചോദിക്കുമെന്ന് പേടിച്ചാണോ?

‘‘ഞാൻ ചോദിക്കില്ല. പക്ഷേ നീ ചോദിക്കണം. വേണോ എന്ന്. അതാണ് മര്യാദ. വേണ്ട എന്നേ ദേവിയമ്മ പറയൂ. പക്ഷേ നിന്നെപ്പോലെ ഒരു ചെറിയകുട്ടിയാണെങ്കിൽ, അതിനു വേണമെന്ന് തോന്നും. നീ മറച്ചു പിടിക്കുമ്പോൾ അതിന് വിഷമം തോന്നും. വേണോ എന്നു നീ ചോദിച്ചാൽ  വേണം എന്ന് പറയും. അപ്പോൾ നിനക്ക് വിഷമമാവും. കൊടുക്കണ്ടേ ?’’

അവൻ തലയാട്ടി.

‘‘അങ്ങനെ പാടില്ല മോനെ.’’ ഞാൻ പറഞ്ഞു. ‘‘കൊടുക്കണം. നീ ഒറ്റക്കുട്ടിയായതു കൊണ്ടാണ് കൊടുക്കാൻ നിനക്ക് മടി. അനിയനോ  അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ കൊടുക്കേണ്ടി വരില്ലേ? അത് പോലെ തന്നെയല്ലേ കൂട്ടുകാരും .?’’ 

എന്റെ പ്രസംഗം അവനു ബോർ അടിച്ചോ എന്തോ? എന്റെ ഉദ്ദേശം അവനു മനസ്സിലായോ ? അറിയില്ല. 

ഹോസ്റ്റലിൽ ആദ്യമായിപ്പോയ നീത പറഞ്ഞത് ഞാനോർത്തു. ഒറ്റയ്ക്ക് വളർന്നതിന്റെ ദോഷങ്ങൾ അവൾക്ക് ഏറെയുണ്ടായിരുന്നു. ആർക്കും ഒന്നും കൊടുക്കുകയില്ല. വീട്ടിൽ നിന്ന് കൊണ്ടു വരുന്നതെല്ലാം റൂം മേറ്റ്സ് പങ്കിട്ടു കഴിക്കുമ്പോൾ അവൾ അവരോടൊപ്പം കൂടുകയില്ല. അവൾ കൊണ്ടു വരുന്ന സാധനങ്ങൾ പൂട്ടി വയ്ക്കും. മറ്റുള്ളവരുടെ ഷെയറിങ്ങും കെയറിങ്ങും ക്രമേണ അവളെ ആകർഷിച്ചു. ഒടുവിൽ അവൾ അവരിൽ ഒരാളായി.

‘‘ഇപ്പോൾ ഓർക്കുമ്പോൾ ചമ്മലാണ് ദേവിയമ്മേ. എന്ത് മോശമായാണ് ഞാൻ അന്ന് പെരുമാറിയത്. വീട്ടിൽ എല്ലാം എന്റേത്, എനിക്ക് മാത്രം  എന്ന രീതി ആയിരുന്നില്ലേ?’’ ഈ കഥ പറയുമ്പോൾ അവൾ തന്നെ എന്നോട് പറഞ്ഞു.

ദേവികയുടെ പ്രശ്നം മറ്റൊന്നായിരുന്നു. എല്ലാത്തിനും അമ്മ വേണം. ഷോപ്പിംഗിനു പോകുമ്പോൾ അമ്മ ഉണ്ടെങ്കിലേ അവൾക്കു സെലക്ട് ചെയ്യാൻ പറ്റൂ. സിനിമയ്ക്ക് പോയാലും കല്യാണത്തിന് പോയാലും മരണവീട്ടിൽ പോയാലും അവൾക്ക് അമ്മയുടെ അടുത്തു തന്നെ ഇരിക്കണം. ആറ്റു നോറ്റുണ്ടായ ഒരേ ഒരു കുട്ടി. അമ്മ അവളെ ഒരു നിമിഷം പോലും അടുത്ത് നിന്നു മാറ്റാതെ വളർത്തി. ഇപ്പോൾ അവൾ വലിയ പെണ്ണായി പക്ഷേ കാര്യങ്ങൾ അങ്ങനെ തന്നെ. വിവാഹിതയായാൽ, ദൂരെ പോകേണ്ടി വന്നാൽ എന്ത് ചെയ്യും? ദേവികയ്ക്കും അമ്മയ്ക്കും മറുപടിയില്ല.

തമന്നയുടെ അവസ്ഥയും ഇതു തന്നെ ആയിരുന്നു. അച്ഛനും അമ്മയും സദാ നേരവും അവളുടെ ഇടതും വലതും. സ്കൂളിൽ, കോളജിൽ ഒക്കെ അച്ഛനാണ് കൊണ്ടു വിട്ടു കൊണ്ടിരുന്നത്. ഉദ്യോഗസ്ഥയായിട്ടും തലയിൽ എണ്ണ തേയ്ക്കുന്നതും മുടി പിന്നുന്നതും സാരിയും ബ്ലൗസുമൊക്കെ അലക്കി തേയ്ച്ചു കൊടുക്കുന്നതും അമ്മ തന്നെ. അമ്മ എടുത്തു വയ്ക്കുന്ന ഡ്രസ്സ് ആണ് അവൾ ധരിക്കാറ്. ഇവിടെ മകൾക്കല്ല അമ്മയ്ക്കാണ് ഒറ്റക്കുട്ടി ആയതിന്റെ കുഴപ്പങ്ങൾ. മറ്റുള്ളവരുമായി ഇടപഴകാനും ഒത്തുപോകാനും തമന്നയ്ക്ക് പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ അച്ഛനും അമ്മയും സമ്മതിച്ചിട്ടു വേണ്ടേ. അവളുടെ വിവാഹ ജീവിതത്തിലും അവർ ഇടപെട്ടു കുളമാക്കി ഒടുവിൽ അതു വിവാഹമോചനത്തിലെത്തി. അപ്പോൾ അവളുടെ അച്ഛനമ്മമാർ പറഞ്ഞതെന്താണെന്നോ? ഞങ്ങൾക്കു മകളെ തിരിച്ചു കിട്ടി. സമാധാനമായി. അവൾക്കൊരു കുട്ടിയെ കിട്ടി. അത് മതി. ആ കുട്ടിയേയും അവർ ഇത് പോലെ പോസ്സസ്സ് ചെയ്തു വളർത്തുന്നുണ്ടാവും.

ഒറ്റ മകനായതു കൊണ്ട്, പഠിക്കുകയില്ല, ഒന്നും പറഞ്ഞാൽ കേൾക്കില്ല, ഉഴപ്പി ഉഴപ്പി എങ്ങനെയോ പഠിത്തം കഴിഞ്ഞിട്ടും ജോലിക്കു പോകില്ല. ഇതൊക്കെയാണ് അജയൻ എന്ന ഒറ്റപ്പുത്രന്റെ ലീലാവിലാസങ്ങൾ. തിന്നും ഉറങ്ങിയും സുഖിച്ചു  കഴിയുന്നു. ഓർമ വച്ച നാൾ മുതലേ അവന്റെ എല്ലാ ഡിമാന്റ്സും അച്ഛനും അമ്മയും സാധിച്ചു കൊടുത്തു പോന്നു. ഇപ്പോഴും അങ്ങനെ തന്നെ. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഒരുപാട് ആർഭാടങ്ങൾ അനുവദിച്ചു കൊടുക്കുമ്പോൾ ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അജയന്റെ അമ്മ പറയും. ‘എനിക്കാകെ ഒരു മകനല്ലേയുള്ളൂ.’

ദേവി പറയുന്നത് കേട്ടാൽ തോന്നും ഒറ്റക്കുട്ടികൾ എല്ലാം വലിയ കുഴപ്പക്കാരാണെന്ന്, എന്നല്ലേ പറയാൻ പോകുന്നത്. അല്ലേ അല്ല. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി എന്നേയുള്ളൂ.

ഇനി ഇതിനു കടക വിരുദ്ധമായ ചിലരെ പരിചയപ്പെടുത്തട്ടെ

ഒന്ന് വിജയ. അന്നത്തെക്കാലത്തു ഒറ്റക്കുട്ടി എന്നത് ഒരു അപൂർവതയാണ്. എല്ലാവീട്ടിലും ഉണ്ടാവും നാലും അഞ്ചും അതിലേറെയും കുട്ടികൾ.  ഔദ്യോഗികമായി ഉയർന്ന പദവികൾ വഹിച്ചിരുന്ന അവളുടെ മാതാപിതാക്കൾ വളരെ ശ്രദ്ധിച്ചാണ് അവളെ വളർത്തിയത്. സ്കൂളിലും കോളജിലും ഒക്കെ അവൾ ഹോസ്റ്റലിൽ നിന്നിട്ടുണ്ട്. അത് കൊണ്ടാവാം ഒറ്റക്കുട്ടിയാണ് എന്നവൾ പറയുമ്പോൾ നമ്മൾ അതിശയിക്കും.

രണ്ട്. എന്റെ സഹപ്രവർത്തകയായിരുന്ന ലോലാമണി. കൂട്ടുകാരുമായും കൂടെ ജോലിചെയ്യുന്നവരുമായും ഇത്രയും നന്നായി അടുത്തിടപഴകി യോജിച്ചു പോകുന്നവരെ കാണാൻ പ്രയാസം. ലോലയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മ ഒരുപാടു കൊഞ്ചിക്കാനൊന്നും മിനക്കെട്ടില്ല. തറവാട്ടിൽ അമ്മാവന്മാരുടെ ഭരണമാണ്. ഒന്നിനും കുറവില്ല. ഒറ്റ അനന്തിരവൾ എന്ന സ്നേഹവും വാത്‌സല്യവും ഉണ്ടെങ്കിലും അവളെ നല്ലനിലയിലെത്തിക്കുന്നതിലാണ് അവരത് കാണിച്ചത് .

തറവാട്ടിലെ തന്നെ ഏക സന്തതിയാണ് എന്റെ സുഹൃത് വിനോദ്. മുത്തശ്ശിക്ക്‌ ഒറ്റമകൾ, അവന്റെ അമ്മുമ്മ. അമ്മുമ്മയ്ക്ക് ആകെയുള്ളത്  അവന്റെ അമ്മ. അമ്മയ്ക്ക് ഒരേ ഒരു കുട്ടി വിനോദ്. പക്ഷേ ബന്ധത്തിലുള്ളവരും അയല്പക്കത്തുള്ളവരുമായ കുട്ടികളുമൊത്ത് ആർത്തു കളിച്ചാണ് അവൻ വളർന്നത്. അവരെല്ലാം അവനു ചേട്ടന്മാരും ചേച്ചിമാരും അനിയന്മാരും അനിയത്തിമാരും ഒക്കെയായി. എഞ്ചിനീയറിങ് കോളജിൽ അവനുള്ളിടത്തോളം കൂട്ടുകാർ മറ്റാർക്കും ഉണ്ടായിരുന്നില്ല.

‘‘എന്റെ ദേവിചേച്ചീ ഞാൻ ഒറ്റയാണെന്ന തോന്നൽ ഒരിക്കലും എനിക്കുണ്ടായിട്ടില്ല.’’ അവൻ പറയുന്നു.     

ഇനി കൊച്ചു സായിരയെക്കൂടി പരിചയപ്പെടാം. ഒരു കുട്ടി മതി എന്ന തോന്നലാണ് എല്ലാവർക്കും അവൾ ഉണ്ടാക്കുക. സ്മാർട്ട് എന്നതിന്റെ പര്യായമാണവൾ. പത്തു വയസ്സ് മുതൽ സൈക്കിൾ ചവിട്ടിയാണ് അവൾ സ്കൂളിൽ വരുന്നത്. അതും തിരക്കേറിയ റോഡിലൂടെ. അവളുടെ അച്ഛനും അമ്മയ്ക്കും ഒരു ഉത്ക്കണ്ഠയുമില്ല. സ്കൂളിലെ പരിപാടികൾക്കും കൂട്ടുകാരുടെ വീടുകളിലെ വിശേഷങ്ങൾക്കും അവർ അവളെ വിടാറുണ്ട്. ഒറ്റകുട്ടിയായതു കൊണ്ട് കൂടുതൽ ബോൾഡ് ആവണം എന്നാണ് അവളുടെ രക്ഷകർത്താക്കൾ കരുതുന്നത്. അതേസമയം അവളുടെ കൂട്ടുകാരി മീര. ഹൈസ്കൂളിലെത്തിയിട്ടും അമ്മ ക്ലാസ്സിന്റെ വാതിൽ വരെ കൊണ്ടാക്കും. സ്കൂൾ വിടുമ്പോൾ തൊട്ടു മുന്നിലുണ്ടാവും. അതിനിടയിൽ മീര പറന്നു പോയാലോ. ഒരു പിക്‌നിക്കിനും ഇന്നോളം അവളെ വിട്ടിട്ടില്ല. ഇത് അവളുടെ കുഴപ്പമോ അമ്മയുടെ കുഴപ്പമോ ?  

ഒന്നിലേറെ കുട്ടികൾ ഉള്ളപ്പോഴും വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങൾ കുട്ടികൾ കാണിച്ചെന്നു വരും. വളർത്തു ദോഷം എന്ന പേരുദോഷം മാതാപിതാക്കൾക്ക് ഉണ്ടാകും. എന്നാലും ഒന്ന് വഴിതെറ്റിയാലും മറ്റുള്ളവർ നന്നായല്ലോ എന്നവർ ആശ്വസിക്കും. ആകെ ഒന്നുള്ളത് പിഴച്ചുപോയാലോ ? അതല്ലേ ഒന്നേയുള്ളൂവെങ്കിൽ ഒലക്കയ്ക്കു തല്ലി വളർത്തണം എന്ന് പണ്ടുള്ളവർ പറഞ്ഞുവച്ചത്.                     

Content Summary: Kadhayillaimakal column written by Devi JS on Only child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS