വെറുതെ വെറുതെ

wayanad-kalpetta-onam-celebrations-from-september-6-to-11
SHARE

പലപ്പോഴും പറയേണ്ടി വരുന്ന  വാക്കുകളാണിവ. ഓ വെറുതെ . വെറുതെ പറയുന്നതാണ്. വെറുതെ ഒരൊന്നു പറയുക എന്നത് ചിലരുടെ സ്വഭാവമാണ്. പിന്നീട് അല്ലെങ്കിൽ വേറെ ഒരു സന്ദർഭത്തിൽ, അവസരത്തിൽ മാറ്റി പറയും.  അതായത് വേണ്ടപ്പോൾ  വേണ്ടതു പോലെ മാറ്റി മറിക്കാവുന്ന അഭിപ്രായങ്ങൾ! വളച്ചൊടിക്കാവുന്ന ആദർശങ്ങൾ!

രജിത വിദ്യാസമ്പന്നയാണ്. എം എ യോ എം എസ് സി യോ മറ്റോ പാസ്സായിട്ടുണ്ട്. വിവാഹത്തിന് മുൻപ് ജോലി ചെയ്തിരുന്നു. പക്ഷേ വിവാഹശേഷം അവളുടെ വലിയ ശമ്പളമുള്ള ഭർത്താവ് രാജേഷിന് രജിത ജോലിക്കു പോകുന്നതിൽ താത്പര്യമില്ല. അവൾ ജോലി ഉപേക്ഷിച്ച് വീട്ടിലിരിപ്പായി. രണ്ടു കുട്ടികളുമായി. കുട്ടികളെ നന്നായി നോക്കി വളർത്താൻ അമ്മ വീട്ടിൽ ഉള്ളത് തന്നെയാണ് നല്ലതെന്ന് രജിതയ്ക്കും തോന്നി. പക്ഷേ   മക്കൾ വലുതായി അവർ സ്കൂളിലേയ്ക്കും രാജേഷ് ഓഫിസിലേയ്ക്കും പോയിക്കഴിഞ്ഞാൽ അവൾ പകൽ മുഴുവൻ വീട്ടിൽ തനിച്ചായി. രാജേഷ് ജോലിത്തിരക്കു കാരണം മിക്കവാറും ഓഫീസിൽ നിന്ന് വരാൻ വൈകും. കുട്ടികൾ പഠിപ്പിന്റെയും ഹോം വർക്കിന്റെയും ഫോണിന്റെയും ടി വി യുടെയും തിരക്കിലാവും. രജിതയ്ക്ക് ജീവിതം തന്നെ വിരസമായി. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും പോസ്റ്റ് ഗ്രാജ്വേഷന്റെ ആവശ്യമില്ലല്ലോ. മാത്രമല്ല എല്ലാജോലികൾക്കും യന്ത്രസഹായികൾ   ഉള്ള ഇക്കാലത്ത്  വീട്ടു കാര്യങ്ങൾക്ക് എത്ര കുറച്ചു സമയമേ വേണ്ടൂ. ബാക്കി സമയം വെറുതെ വേസ്റ്റ് ആവുന്നു എന്ന് രജിതയ്ക്ക് തോന്നിത്തുടങ്ങി. കുറച്ചു സമയം വായിക്കും. അവൾ വലിയ വായനക്കാരി അല്ല താനും. കുറെനേരം ഉറങ്ങും. അങ്ങനെ ഉറങ്ങിയുറങ്ങി രജിതയുടെ മുഖം വിളറി വീർത്തു. ഫ്ലാറ്റിന്റെ സിറ്റ്ഔട്ടിൽ ഗാർഡൻ ഉണ്ടാക്കി. ചെറിയ ആ  ഇടത്തിൽ എത്ര ചെടി വയ്ക്കാനാവും. പരിപാലിക്കാൻ അധികം സമയം   വേണ്ട. രാജേഷ് ഇതൊന്നും ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. രജിത  എന്നെ വിളിച്ചു ഇടയ്ക്കിടെ പരാതിപ്പെടും. ഞാൻ എന്തു  പറയാനാണ് !

ഒടുവിൽ "വീണ്ടും ജോലിക്കു പോകട്ടെ" എന്നൊരു അഭ്യർത്ഥന രജിത രാജേഷിന്റെ മുന്നിൽ വച്ചു. "എന്താ പണത്തിന് ആവശ്യമുണ്ടോ?" രാജേഷിന്റെ ചോദ്യം. ഇല്ല എന്ന് രജിത തലയാട്ടി. "എന്നാൽ പിന്നെ ജോലി എന്തിന് ? ഞാൻ ആവശ്യത്തിന് സമ്പാദിക്കുന്നില്ലേ? പെണ്ണുങ്ങൾ  കുടുംബകാര്യങ്ങൾ നോക്കി വീട്ടിലിരുന്നാൽ മതി എന്നാണ് എന്റെ അഭിപ്രായം ". ആ ചർച്ച അവിടെ തീർന്നു. രജിത പിന്നെയും മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും എണ്ണിക്കഴിക്കാൻ തുടങ്ങി. രജിതയുടെ മൂത്ത മകൾ പത്താം  ക്ലാസ്സിലെത്തിയതോടെ രാജേഷിന്റെ രീതികൾ മാറി. ഒഴിവു സമയം മുഴുവൻ -രാവിലെയും വൈകിട്ടും -മകളുടെ കൂടെയിരുന്ന് അവളുടെ പഠിത്തത്തിൽ ശ്രദ്ധിക്കും. മാത് സും സയൻസുമൊക്കെ പഠിപ്പിക്കും. രജിത അത്ഭുതപ്പെട്ടു. 

"മോളെ നന്നായി പഠിക്കണം. നല്ല മാർക്ക് വാങ്ങണം. നല്ല ജോലി നേടണം. സ്വന്തം കാലിൽ നിൽക്കണം" അച്ഛൻ മകളെ ഉപദേശത്തോടുപദേശം. രജിത കണ്ണു  മിഴിച്ചു. 

"ഇതൊന്നും ഭാര്യയ്ക്ക് ബാധകമല്ലേ?" ചോദിക്കാതിരിക്കാൻ രജിതയ്ക്കായില്ല. 

അവൾ എന്റെ മോളാണ്. എനിക്ക് അവളെക്കുറിച്ച്  വലിയ പ്രതീക്ഷകളുണ്ട്." രാജേഷ് പറഞ്ഞു.  

രജിത പിന്നെ ഒന്നും പറഞ്ഞില്ല. മകൾ നല്ല നിലയിലെത്തുന്നത് അമ്മയും ആഗ്രഹിക്കുന്നുണ്ട്. എന്നാലും ഭാര്യയുടെ കാര്യത്തിൽ പറഞ്ഞ  അഭിപ്രായങ്ങൾ മകളുടെ കാര്യം വന്നപ്പോൾ മാറി മറിഞ്ഞോ? രജിത പിറുപിറുത്തു. അതു  കേട്ട് രാജേഷ് പൊട്ടിത്തെറിച്ചു.

"എന്റെ മകൾ ആരുടേയും കാൽക്കീഴിൽ   കിടക്കുന്നത് എനിക്കിഷ്ടമല്ല. സ്വന്തമായി ജോലിയും വരുമാനവുമില്ലെങ്കിൽ അവൾ ഭർത്താവിന്റെ അടിമയാകും "

രജിതയുടെ നിയന്ത്രണം വിട്ടുപോയി.  "അപ്പോൾ ഞാൻ നിങ്ങളുടെ കാൽക്കീഴിലാണോ? അടിമയാണോ?"എന്നൊക്കെ ചോദിയ്ക്കാൻ തോന്നി.   പക്ഷേ മിണ്ടിയില്ല. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ലല്ലോ മാറാതിരിക്കാൻ എന്ന് സമാധാനിച്ചു. എന്നാലും അയാളുടെ ആ നിലപാട് അവളെ വല്ലാതെ നിരാശപ്പെടുത്തി.

ഇനി പറയേണ്ടത് എബിയുടെയും നിലീനയുടെയും കാര്യമാണ്. ഞങ്ങളുടെ കോളനിയിലെ റെസിഡന്റ്‌സ് അസോസിയേഷൻ വളരെ സജീവമാണ്. ഒരുപാട്  അംഗങ്ങൾ, പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ. വിവിധപരിപാടികൾ നടത്തുന്നതിൽ യാതൊരു ഉപേക്ഷയുമില്ല. എല്ലാവരും സഹകരിക്കും എന്നുള്ളതാണ് എടുത്തു പറയേണ്ട കാര്യം. അങ്ങനെയിരിക്കെ ഒരു ഓണം വന്നു. കുട്ടികളുടെ ഡാൻസും പാട്ടും, പ്രൊഫഷണൽ ഗാനമേള ഇതൊക്കെയാണ് സ്ഥിരം പരിപാടികൾ. ഇത്തവണ പതിവിനു വിപരീതമായി സ്ത്രീകളുടെ ഒരു തിരുവാതിരക്കളിയാകാം എന്ന് നിർദ്ദേശിച്ചത് സ്ത്രീകൾ തന്നെയായിരുന്നു. ഏതാനും യുവതികളും മുതിർന്ന സ്ത്രീകളും തയാറായി മുന്നോട്ടു വന്നു. അതിൽ നിലീനയും ചേർന്നു. പ്രാക്ടീസ് തുടങ്ങിയതും നിലീന പിന്മാറി. കാരണം പറഞ്ഞതാണ് വിചിത്രം. എബിക്ക് ഇഷ്ടമല്ല.

"അയ്യോ അതെന്താ ? "ആരോ ചോദിച്ചു.

നിലീന വിശദീകരിച്ചു. സ്റ്റേജിൽ കൂടുതൽ സമയവും പുറം തിരിഞ്ഞു നിന്നാണ് തിരുവാതിര കളിക്കുന്നത്. സ്ത്രീകളുടെ പിൻഭാഗമാണ് കാണികൾ കാണുന്നത്. വിളക്കിനു ചുറ്റും വട്ടത്തിൽ നിൽക്കുമ്പോൾ അങ്ങനെയല്ലേ പറ്റൂ. ഇടയ്ക്കൊന്നു തിരിഞ്ഞാലായി. എബിയുടെ ഭാര്യ അങ്ങനെ പുറത്തിരിഞ്ഞു നിൽക്കുന്നത് അയാൾക്കിഷ്ടമല്ലത്രെ. നിലീന പോയിക്കഴിഞ്ഞപ്പോൾ ബാക്കി പെണ്ണുങ്ങൾ ചർച്ച തുടങ്ങി.

'ഓ പിന്നെ അയാളുടെ ഭാര്യക്ക് മാത്രമേ ..."

"അപ്പൊ ഞങ്ങളെയൊന്നും ആരും നോക്കുകയില്ലേ"?

"ഞങ്ങൾക്കാർക്കും കെട്ടിയോന്മാരില്ലേ?"

"ഓ വിട് വിട്. കളിക്കുന്നവർ കളിക്കട്ടെ." മുതിർന്ന ആരോ വിലക്കി.

"തിരുവാതിരയുടെ മനോഹരമായ പാട്ടും താളമൊപ്പിച്ചുള്ള ചുവടുകളും കൈകൊട്ടിയുള്ള കുമ്മിയുമൊക്കെയാണ് കാണികൾ ആസ്വദിക്കുക. അല്ലാതെ പെണ്ണുങ്ങളുടെ പിന്നാമ്പുറമല്ല " 

കലയെപ്പറ്റി അവഗാഹമുള്ളവർ പറഞ്ഞത് കേട്ട് കളിക്കുന്നവർ കളിയ്ക്കാൻ തയാറായി. ആ ഓണത്തിന് തിരുവാതിര ഉണ്ടായി. അത് ഗംഭീരമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. അത് കണ്ടപ്പോൾ നിലീനയ്ക്ക് മനസ്താപമായി. മറ്റു പെണ്ണുങ്ങളുടെ ചലനങ്ങൾ എബിയുൾപ്പെടെയുള്ളവർ കണ്ടു രസിക്കുന്നത് നിലീന ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവരും തിരുവാതിരക്കാരെ അഭിനന്ദിക്കുകയുമുണ്ടായി

അതേ ആഘോഷത്തിൽ തന്നെ കുറെ കൗമാരക്കാരികൾ തീരെ ഇറക്കമില്ലാത്ത നിക്കറും ചെറിയ ടോപ്പും ഇട്ട്  ഐറ്റം ഡാൻസ് കളിച്ചു. സ്റ്റേജിൽ കിടന്നു തുള്ളിച്ചാടുമ്പോൾ ആ പെൺകുട്ടികളുടെ ഉടൽ മുഴുവൻ പ്രദർശിപ്പിക്കപ്പെട്ടു. സ്ത്രീകളിൽ മിക്കവരുടെയും മുഖം ഇരുണ്ടു. പക്ഷേ  പുരുഷന്മാർ, ചെറുപ്പക്കാർ മുതൽ വയസ്സന്മാർ വരെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കണ്ടു രസിച്ചു. അതിലേറെ രസകരം ആ മോഡേൺ നൃത്തത്തിൽ എബിയുടെ മകളും ഉണ്ടായിരുന്നു എന്നതാണ്.

"ഓണത്തിന് ഈ ഡാൻസോ ?" മിക്കവർക്കും ഇഷ്ടമായില്ല. 

"തിരുവാതിര കളിച്ചാലാ കുഴപ്പം. ഇത് കുഴപ്പമില്ല ." ആരോ പിറുപിറുത്തു.

"ഇതൊക്കെ വെറുതെ പറയുന്നതല്ലേ. ഭാര്യ അങ്ങനെ ഷൈൻ ചെയ്യുന്നത് മിക്ക ഭർത്താക്കന്മാർക്കും ഇഷ്ടമല്ല.ഈഗോ.സ്വാർത്ഥത." മറ്റൊരു കമന്റ്റ് .

"അപ്പോൾ മകൾ ഷൈൻ ചെയ്താൽ ..."

"ങാ  ഭാര്യയെ നിലയ്ക്ക് നിർത്താം. ഇപ്പോഴത്തെ പിള്ളേർ വകവയ്ക്കുമോ ?"

ഇങ്ങനെ നൂറു നൂറ് അഭിപ്രായങ്ങൾ.എന്ത് കാര്യം?

പിന്നെയും ഓണം വന്നു. തിരുവാതിര പ്രാക്റ്റീസ് തുടങ്ങിയതും   നിലീന എത്തി.

"ഇപ്പോൾ എബി സമ്മതിച്ചോ? പുറം തിരിഞ്ഞു തന്നെയാണ് ഇപ്പോഴും തിരുവാതിര കളിക്കുന്നത് ." ആരോ പരിഹസിച്ചു.

അപ്പോൾ നിലീന പറഞ്ഞു.

"ഞാൻ വഴക്കുണ്ടാക്കി. എന്റെ കാര്യത്തിലെ പ്രശ്‌നമുള്ളോ? മകൾ തുള്ളിക്കളിച്ചപ്പോൾ മിണ്ടാഞ്ഞതെന്തേ എന്ന് ചോദിച്ചപ്പോൾ എബിക്ക് ഉത്തരം മുട്ടി."

"അമ്മയ്ക്ക് കളിക്കണമെങ്കിൽ  കളിക്ക്. അച്ഛൻ പറയുന്നതൊന്നും മൈൻഡ് ചെയ്യണ്ടാ, എന്ന് മകളും പറഞ്ഞു " നിലീന തുടർന്നു.

ഇതിലൊക്കെ എന്താണിത്ര കാര്യം എന്ന്  ചിലർ ചിന്തിച്ചിരിക്കെ ആരോ തെല്ലുറക്കെ തന്നെ പറഞ്ഞു.

"ഈ ആണുങ്ങളുടെ മനഃ ശാസ്ത്രം അങ്ങോട്ടു മനസ്സിലാവുന്നില്ല."

Content highlights: kadhaillayimakal | column | devi js

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS