ADVERTISEMENT

നമ്മളോട് താത്പര്യമില്ലാത്തവരോ, പിണക്കമോ, പരിഭവമോ, പകയോ ഉള്ളവരോ നമ്മളെ അവഗണിക്കുന്നത് സ്വാഭാവികം. അങ്ങനെയുള്ളവരുടെ മുന്നിൽ ചെന്നു പെട്ടാൽ നമ്മളും ഒരു പക്ഷേ ഒഴിഞ്ഞു മാറിപ്പോയേക്കും. പക്ഷേ  നമ്മളോട് സ്നേഹവും സൗഹൃദവും സഹവാസവും ഉള്ളവർ ഒരു പൊതു സ്ഥലത്ത്, മറ്റുള്ളവരുടെ മുന്നിൽ വച്ച് നമ്മളെ അവഗണിച്ചാലോ? നമ്മൾ വല്ലാതാകും. അവരുടേതായ എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാവാം ആ സമയത്ത് അങ്ങനെ പെരുമാറാൻ അവർ നിർബന്ധിതരാകുന്നത്. അത് മനസ്സിലായാൽ നമ്മളും അതനുസരിച്ചു പെരുമാറും. ഇത്തരം അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാവും.

ഇത്തരത്തിൽ വിചിത്രമായ ഒരനുഭവം ഉണ്ടായത് വളരെ രസകരമായാണ് ലക്ഷ്‌മി എന്നോട് വിവരിച്ചത്. ഒരു വലിയ പരിപാടിയിൽ പങ്കെടുക്കാൻ  മേലുദ്യോഗസ്ഥ വിജയശ്രീ മാഡത്തിനെ ലക്ഷ്മിക്ക് അനുഗമിക്കേണ്ടി വന്നു. ലേശം കുശുമ്പും കുന്നായ്മയും മുൻകോപവും സ്വാർത്ഥതയും ഒക്കെയുള്ള മാഡത്തിനോട് അല്പം സൂക്ഷിച്ചേ ലക്ഷ്മി ഇടപെടാറുള്ളു. എന്നാൽ മാഡത്തിന് കുറെയേറെ നല്ല ഗുണങ്ങൾ ഉണ്ടുതാനും. ഔദ്യോഗിക കാര്യങ്ങളിൽ സഹകരിക്കാതെ വയ്യല്ലോ. ആ വലിയ മീറ്റിങ്ങിൽ മറ്റൊരു സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഗോപീകൃഷ്ണനുണ്ടായിരുന്നു. ലക്ഷ്മിക്ക് അദ്ദേഹത്തെ  പരിചയമുണ്ട്. അദ്ദേഹം വളരെ സീനിയർ ആണെങ്കിലും ലക്ഷ്മിയോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. പക്ഷേ വിജയശ്രീയോടൊപ്പം കണ്ടപ്പോൾ അദ്ദേഹം  ആ ഭാവം പ്രകടിപ്പിച്ചില്ല. 'ഇത് ലക്ഷ്മി, എന്റെ കൂടെ വർക്ക് ചെയ്യുന്നു' എന്ന് മാഡം പരിചയപ്പെടുത്തിയപ്പോൾ തലയാട്ടി അത് അംഗീകരിച്ചതല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ആ അവഗണയിൽ അമ്പരന്നു എങ്കിലും ലക്ഷ്മിക്ക് ഉടനെ കാര്യകാരണങ്ങൾ പിടികിട്ടി.

ഒന്നാമത്തേത് ലക്ഷ്മിയുടെ മേലുദ്യോഗസ്ഥയ്ക്ക് അതിഷ്ടപ്പെടുകയില്ല. വിജയശ്രീയും ഗോപീകൃഷ്ണനും ഔദ്യോഗികമായി ഒരേ ലെവലിൽ ഉള്ളവരാണ്. ലക്ഷ്‌മി വളരെ ജൂനിയർ ആണ്. അങ്ങനെയുള്ളവരോടൊക്കെ ഇത്ര സൗഹൃദമോ എന്ന ചിന്ത അവരെ അസ്വസ്ഥയാക്കും. രണ്ടാമത് 'പണ്ടേ അറിയുന്ന എന്നോടുള്ളതിനേക്കാൾ അടുപ്പമോ അടുത്തകാലത്ത് കണ്ടുമുട്ടിയ ലക്ഷ്മിയോട്'  എന്ന കുശുമ്പ്. അതിലേറെ പ്രധാനകാര്യം വിജയശ്രീയും ഗോപീകൃഷ്ണൻ്റെ ഭാര്യ നന്ദിതയും ക്ലാസ്സ്‌മേറ്റ്സാണ്. 'ഗോപീകൃഷ്ണന് ലക്ഷ്മിയോടൊക്കെ എന്ത് അടുപ്പമാണെന്നോ' എന്ന് നന്ദിതയോടു പറഞ്ഞ് ഒരു പാരവയ്ക്കാൻ അവർ മടിക്കില്ല എന്ന പേടി ഗോപീകൃഷ്ണനുമുണ്ടാകും. കഥ മുഴുവനാക്കി ലക്ഷ്മി കുടുകുടെ ചിരിച്ചു. "എന്തെല്ലാം നോക്കണം ഒന്ന് ജീവിച്ചു പോകാൻ" എന്നു പറഞ്ഞ്  ഞാനും ചിരിച്ചു.

സാഹചര്യം വളരെ വ്യത്യസ്തമാണെങ്കിലും സമാനമായ ഒരനുഭവം ഒരിക്കൽ ഉണ്ടായത് ഞാനും ലക്ഷ്മിയോട് പറഞ്ഞു. രംഗം വിജയന്റെയും ആശയുടെയും വിവാഹമാണ്. ആ വിവാഹം ആലോചിച്ചതും വിജയൻറെ കൂടെ പെണ്ണ് കാണാൻ പോയതും ഒക്കെ ഞാനാണ്. ഇരു കുടുംബങ്ങളും എന്റെ പരിചയക്കാരാണ്. വിജയൻറെ വീട്ടുകാരോടാണെങ്കിൽ സ്വന്തം ആളുകളോടെന്നപോലെ എനിക്ക്  അടുപ്പമുണ്ട്. രണ്ടുവീട്ടുകാരോടും സംസാരിച്ചതും എല്ലാം പറഞ്ഞുറപ്പിച്ചതും ഞാൻ കൂടി ചേർന്നാണ്. അങ്ങനെ ഓൾ ഇൻ ഓൾ ആയി കല്യാണസ്ഥലത്ത് ഞാൻ തിളങ്ങി നിൽക്കെ ഒരു മാന്യ വനിത അവിടെ വന്നെത്തി. അവർ പ്രസിദ്ധയും പ്രഗൽഭയുമാണ്. വിജയന്റെ വീട്ടുകാരുമായി അവർക്കു വളരെ അടുപ്പമുണ്ട്. എനിക്കും അവരെ അടുത്തറിയാം. പെട്ടെന്ന് വിജയന്റെ അമ്മ എന്റെ അടുത്തു വന്ന്  എന്നോട് പറഞ്ഞു. "ദേവീ നമ്മൾ  തമ്മിൽ അറിയുമെന്നും ദേവിയാണ് ഈ വിവാഹാലോചന കൊണ്ട് വന്നതെന്നും അവർ അറിയേണ്ട."  ഞാൻ അമ്പരന്നു പോയി. സത്യത്തിൽ എനിക്ക് കാര്യം പിടികിട്ടിയില്ല. 

മാന്യവനിത എന്നെ കണ്ടതും "ങാ ദേവി ഇവിടെ എങ്ങനെ വന്നു" എന്ന് ചോദിച്ചു. "വധുവിന്റെ ആൾക്കാർ ക്ഷണിച്ചിട്ടു വന്നതാണ്." എന്ന് പറഞ്ഞു ഞാനൊഴിഞ്ഞു.വിജയൻറെ വീട്ടുകാർ പിന്നെ എന്നെ അറിയുന്നതായേ നടിച്ചില്ല. എനിക്ക് സങ്കടം തോന്നി. കാരണം ആ കുടുംബത്തിലെ ഒരംഗമായാണ് അന്നു  വരെ അവരെല്ലാം എന്നെ കരുതിയിരുന്നത്. ഒരു അന്യ സ്ത്രീയുടെ മുന്നിൽ  അവർ എന്നെയും ഞാൻ അവരെയും അവഗണിക്കുന്നതായി നടിക്കേണ്ടി വന്നു. ആ സ്ത്രീയെ അവർ ഇങ്ങനെ പേടിക്കുന്നതെന്തിന്? ഞാൻ അതിശയിച്ചു. എനിക്കവരെ പേടിയൊന്നുമില്ല. എന്നാലും വിജയൻറെ അമ്മ (അവർ എന്റെ സ്വന്തം ചേച്ചിയെപ്പോലെ ) പറഞ്ഞത് ഞാൻ അനുസരിച്ചു.

പിന്നീടാണ് കാര്യമറിഞ്ഞത്. വിജയന് അവർ ഒരു വിവാഹാലോചന കൊണ്ടുവന്നിരുന്നു. അവരുടെ ഒരാശ്രിതയെ വിജയൻറെ തലയിൽ കെട്ടിവയ്ക്കാൻ അവർ വളരെ ശ്രമിച്ചതാണ്. അത് നടക്കാതെ പോയതിൽ അവർക്കു ദേഷ്യമുണ്ടാകും. ഏതായാലും വിജയന് ഒരു നല്ല ബന്ധം കിട്ടിയതിൽ സന്തോഷിക്കാനുള്ള സന്മനസ്സൊന്നും അവർക്കുണ്ടാകില്ല. പിന്നെ ദേവിയാണ് ഇതിന്റെ പിന്നിലെന്നറിഞ്ഞാൽ അവർക്കൊട്ടും രസിക്കില്ല. എന്നെ അവർക്കത്ര പഥ്യമല്ല. കഥ തീർന്നപ്പോൾ എന്റെ വാക്കുകൾ തന്നെ ലക്ഷ്മി ആവർത്തിച്ചു. "എന്തെല്ലാം നോക്കണം ചേച്ചീ ഒന്ന് ജീവിച്ചു പോകാൻ."  ചിരിക്കാതെ മറ്റെന്താണ് ചെയ്യുക! പലതരം അവഗണനകൾ  പലപ്പോഴും ജീവിതത്തിൽ നമുക്ക്‌ നേരിടേണ്ടി വരും. അന്യ സ്ത്രീകളുടെ മുന്നിൽ വച്ച് സ്വന്തം ഭർത്താവ്  അവളെ അവഗണിച്ച്  അപമാനിക്കുന്നതിനെക്കുറിച്ച് നവനീത പലപ്പോഴും പറഞ്ഞിട്ടുണ്ട്.  അത് അയാളുടെ ഒരു തരം  കോംപ്ലക്സ് ആണെന്നും അവൾക്കറിയാമായിരുന്നു. ഇളയ കുട്ടിയുടെ വരവോടെ മൂത്തകുട്ടിയോട് മാതാപിതാക്കൾ അവഗണന കാട്ടാറുണ്ട് എന്ന് ഒരുപാടു  മൂത്തകുട്ടികൾ എന്നോട് പരാതി പറയാറുണ്ട്. മിടുക്കി ആയിരുന്നിട്ടും സ്കൂൾ കാലത്ത് അദ്ധ്യാപകരിൽ നിന്നും ഒരു പാട് അവഗണനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്ന് എന്റെ ഒരനുജത്തി വർഷമേറെ കഴിഞ്ഞിട്ടും ഓർത്തു പറയാറുണ്ട്.

ഇത്തരം പെരുമാറ്റങ്ങൾ അവഗണിക്കുക തന്നെയാണ് നമുക്കുള്ള ഒരേ ഒരു പോംവഴി.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com