ADVERTISEMENT

എന്റെ തീവണ്ടി യാത്രകളിൽ സംഭവിക്കാറുള്ള രസകരമായ ചില തമാശകളെക്കുറിച്ച് മുൻപ് ഞാൻ എഴുതിയിട്ടുണ്ട് . തീവണ്ടിയും ഞാനുമായി എന്തോ മുജ്ജന്മ ബന്ധമുണ്ടെന്നാണ്  എനിക്കിപ്പോൾ തോന്നുന്നത്. എന്ന് തീവണ്ടിയിൽ കയറിയാലും രസകരമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പ്. പഴയ തീവണ്ടികഥകൾ ഒക്കെ അവിടെ നിൽക്കട്ടെ. ഇതാ ഒരു പുതിയ കഥ.

ഒഴിവു ദിനങ്ങൾ വരുമ്പോൾ കുടുംബ സമേതം ഒരു യാത്ര പോവുക എന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ്. പണ്ടൊന്നും ഇത് അത്ര സാധാരണമായിരുന്നില്ല. അതിനു പലപല കാരണങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം. പിന്നെ പോയാൽ തന്നെ അമ്മവീട്ടിലേയ്‌ക്കോ അച്ഛന്റെ വീട്ടിലേയ്‌ക്കോ പോകും .അവധിക്കാലം അടിച്ചു പൊളിക്കും.അത്ര തന്നെ.

ഈ കഴിഞ്ഞ പൂജ അവധിക്കു മകളും കുടുംബവും ഒരു യാത്ര പോകുന്നു എന്നു  പറഞ്ഞു. അവരുടെ യാത്രകളിൽ അവർ എന്നെ കൂട്ടാറില്ല. ഫാമിലി മാത്രം മതി. മറ്റാരും വേണ്ട എന്നൊരു താത്പര്യം പുതിയ തലമുറയ്ക്കുണ്ട്. അതിൽ അവരെ കുറ്റം പറയാനില്ല. അവർക്കു മാത്രമായി അല്പം 'സ്പേസ് ' ആഗ്രഹിക്കാത്തതാരാണ്. മാത്രമല്ല എനിക്ക് വലിയ യാത്രച്ചൊരുക്കുണ്ട്. കാറിലാണ് യാത്രയെങ്കിൽ വഴിനീളെ ഛർദ്ദിക്കും. അവർ ഉല്ലസിക്കുന്നതിനിടയിൽ ഒരു ശല്യമാവരുത് എന്ന് കരുതി ഞാൻ തന്നെ സ്വയം പിന്മാറുകയാണ് പതിവ്. അത്യാവശ്യങ്ങൾക്ക് പോകാറുമുണ്ട്. മൂന്നോ നാലോ ദിവസം ഫ്ലാറ്റിൽ ഒറ്റയ്ക്കാവുന്നതിൽ എനിക്ക് പ്രയാസമൊന്നുമില്ല. മാത്രമല്ല ഒറ്റപ്പെടൽ എത്രയോ വർഷങ്ങൾക്കു മുന്നേ എനിക്ക് ശീലമാണ്. ഏകാന്തത കുറച്ചൊക്കെ ആസ്വദിക്കുന്ന ആളുമാണ് ഞാൻ!

സലോമി എന്ന കൂട്ടുകാരിയെ സുഹൃത്തെന്നല്ല എൻ്റെ അനുജത്തി എന്നാണ് ഞാൻ പറയാറുള്ളത്. പത്തു പതിനഞ്ചു കൊല്ലത്തെ  സുദൃഢമായ ഒരു ബന്ധം.. വെറുതെ സലോമിയെക്കുറിച്ച് ആലോചിച്ചിരിക്കെ എന്റെ അതിശയ സീമകളെ കടത്തി വെട്ടിച്ചു കൊണ്ട് എന്റെ മൊബൈലിൽ ഒരു വിളിവന്നു. സലോമി എന്ന പേര് തെളിഞ്ഞു. മനസ്സിന് അത്ഭുത ശക്തികളുണ്ടെന്ന് പറയുന്നത് എത്ര ശരി.

"ഞാൻ സലോമിയെ ഓർത്തതേയുള്ളു." ഞാൻ അതിശയം മറച്ചു വച്ചില്ല.

"എന്തു  വിശേഷം ദേവിയേച്ചി ?" എന്ന ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു.

"പൂജ അവധിക്ക് ഞാനിവിടെ തനിച്ചാണ്."

ഒട്ടും വൈകാതെ സലോമി ചോദിച്ചു.   

"ഇങ്ങോട്ടു വരുന്നോ?"

ഒട്ടും മടിക്കാതെ ഞാൻ സമ്മതിച്ചു. മകളോട് പറഞ്ഞപ്പോൾ അവൾക്കു വലിയ സന്തോഷമായി. അവൾ തന്നെ കാൻ- ആലപ്പി ട്രെയിനിൽ എനിക്ക് ഏ.സി ചെയർ കാറിൽ ടിക്കറ്റ് ബുക്ക് ചെയ്തു തന്നു. ജോലിയിൽ നിന്ന് വിരമിച്ചു സലോമിയും റോയിയും നാട്ടിൽ വന്നു താമസമാക്കിയിട്ട് രണ്ടു വർഷം  ആകാൻ പോകുന്നു. പലതവണ വിചാരിച്ചിട്ടും ഒന്ന് പോകാൻ എനിക്കായില്ല. ഞാൻ താമസിക്കുന്ന എറണാകുളത്തു നിന്നും അവർ താമസിക്കുന്ന ചേർത്തലയിലേയ്ക്ക് അരമണിക്കൂറിന്റെ ട്രെയിൻ യാത്രയുടെ  ദൂരമേയുള്ളൂ. എന്നിട്ടും പരസ്പരം കാണാൻ സാധിച്ചില്ല. അവർ അഹമ്മദാബാദിൽ താമസിക്കുന്ന കാലത്ത്  ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ പലതവണ എന്നെ സന്ദർശിച്ചിട്ടുണ്ട്. യാത്രകൾ പതിവില്ലാത്ത ഞാൻ അഹമ്മദാബാദിലേയ്ക്ക് കൊച്ചു മക്കളായ രാമുവിനെയും മിലിയെയും കൂടെക്കൂട്ടി ഒരു തവണ പോവുകയും ചെയ്തു. അടുത്തെത്തിയിട്ട് കാണാൻ പറ്റാത്തതെന്തേ?   എന്തിനും ഏതിനും ഒരു സമയമുണ്ടല്ലോ. 

എന്റെ മക്കൾ പോയി കഴിഞ്ഞിരുന്നതുകൊണ്ട്  ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച എന്നെ ട്രെയിനിൽ കയറ്റി വിടുന്ന കാര്യം എന്നെ സ്ഥിരമായി സ്വന്തം ഓട്ടോയിൽ എല്ലായിടത്തും കൊണ്ടുപോകുന്ന രാജേഷ് ഏറ്റു. പതിനൊന്ന് ഇരുപതിന്റെ  വണ്ടി പിടിക്കാനായി ഞങ്ങൾ പതിനൊന്നിന് പത്തു മിനിട്ടു മുന്നേ സ്റ്റേഷനിൽ എത്തി. ഒരു ജൂട്ട് ബാഗുമാത്രമേ എനിക്ക് ലഗേജായി ഉള്ളൂ. നാലഞ്ചു ജോഡി  ഡ്രസ്സ് അതിനുള്ളിൽ ഉള്ളതു  കൊണ്ട് അതിനു ലേശം ഭാരമുണ്ട് . രാജേഷ് പ്ലാറ്റ്ഫോം ടിക്കറ്റൊക്കെ എടുത്ത്, എന്റെ ബാഗും പിടിച്ച്, എന്നോടൊപ്പം നിന്നു. അപ്പോൾ ഒരു അനൗൺസ്മെൻറ്റ്. എന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ  വരുന്ന  ഈ വണ്ടി അന്ന് നാലാമത്തേതിൽ വരുമത്രെ. എസ്കലേറ്ററിൽ കയറാൻ എനിക്ക് പേടിയായതു കൊണ്ട് പടികൾ കയറിയിറങ്ങി ഞങ്ങൾ നാലിലെത്തി. അഞ്ചു മിനിറ്റിൽ ട്രെയിൻ വന്നു. ഞങ്ങൾ കണ്ണെടുക്കാതെ നോക്കി നിൽപ്പാണ്. C1 ആണ് എനിക്ക് കയറേണ്ട ബോഗി. D1, D2  ഒക്കെ കടന്നു പോയി. C1 കണ്ടില്ല. ഞങ്ങൾ പിന്നിലേയ്ക്ക് നടന്നു. ഒരു പത്തു ബോഗി പിന്നിട്ടിട്ടുണ്ടാവും. അപ്പോൾ മണി പതിനൊന്ന് ഇരുപത്തേഴ്. ട്രെയിൻ വിടുന്നത് പതിനൊന്ന് ഇരുപത്തിഅഞ്ചിനാണ്‌. ഞാൻ പരിഭ്രമിച്ച് അടുത്ത ബോഗിയിൽ പിടിച്ചു കയറി. അകത്ത് കൂടി നടക്കാം എന്ന് കരുതി. നോക്കുമ്പോൾ ഈ ട്രെയിനിൽ അത് പറ്റുകയില്ല. ഓരോ ബോഗിയും വെവ്വേറെയാണ്. ബാഗ് തന്ന്  രാജേഷ് യാത്രപറഞ്ഞു പോയി. ഈ ബോഗി ഒരു 3 ടയർ സ്ലീപ്പറാണ്. എനിക്കതിൽ ഇരിക്കാമോ എന്ന് സംശയമായി. അവിടെ നിന്ന ഒരു പയ്യനോട് ചോദിച്ചു. ഇരിക്കാം പക്ഷേ  എനിക്ക് ഏസി ചെയർ  കാറിലാണ് ടിക്കറ്റെന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു. 

''ഇറങ്ങി കയറാം. അത്രയും പൈസ കൊടുത്തിട്ട് ഇതിൽ ഇരിക്കുന്നതെന്തിന് ?''

''അയ്യോ വണ്ടി വിട്ടു പോയാലോ?'' ഞാൻ പരിഭ്രമിച്ചു.

''സിഗ്നൽ ആയിട്ടില്ല. അങ്ങു മുൻപിൽ എഞ്ചിന്റെ  അടുത്ത ബോഗിയിൽ ലഗേജുകൾ  കയറ്റി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വണ്ടി വിടില്ല. അമ്മ ഇറങ്ങൂ. ഞാൻ കൂടെ വരാം. അഥവാ സിഗ്നൽ ആയാൽ ഏതെങ്കിലും ബോഗിയിൽ കയറാം."

സാഹസങ്ങൾ എന്റെ  കൂടെപ്പിറപ്പാണ്. സഞ്ചി ആ പയ്യന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ വലിഞ്ഞു തൂങ്ങി ഇറങ്ങി. പിന്നെ അവൻ മുന്നിലും ഞാൻ പിന്നിലുമായി ഒരു മാരത്തോൺ. നടക്കാൻ തന്നെ വയ്യാത്ത ഞാൻ ഓടുന്നതെങ്ങിനെ? എന്നാലും കഴിയുന്നത്ര വേഗത്തിൽ നടന്നു. ടെൻഷൻ കൊണ്ട് എന്റെ വായോക്കെ ഉണങ്ങി. ശരീരം തളർന്നു. അങ്ങകലെ ചുവന്ന സിഗ്നൽ നോക്കിയാണ് നടപ്പ്. ഒരു പത്തു ബോഗി പിന്നിട്ടപ്പോൾ D1, D2 ഒക്കെ കണ്ടു. അതിൽ കയറാം എന്ന് ഞാൻ പറഞ്ഞു ".വേണ്ടമ്മേ തൊട്ടു മുന്നിൽ  അതാ C1." ആ പയ്യൻ പറഞ്ഞു.

ഞാൻ തൂങ്ങി വലിഞ്ഞ്  അതിൽ കയറിക്കൂടി. ആ പയ്യൻ ബാഗുമായി കൂടെക്കയറി. സീറ്റ് കണ്ടു പിടിച്ചു ഞാൻ ഇരുന്നു. സഞ്ചി തന്നിട്ട് അവൻ യാത്ര പറഞ്ഞു. താങ്ക്യൂ താങ്ക്യൂ എന്ന് ഞാൻ ഉരുവിട്ടു.അവൻ ഇറങ്ങിയോടി. അവന്  അവന്റെ ബോഗിയിൽ എത്തണമല്ലോ. വണ്ടി വിടരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.  തീവണ്ടി അതു  കേട്ടു  എന്നു  തോന്നുന്നു. പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞിട്ടാണ് വണ്ടി  വിട്ടത് .

എന്റെ പരിഭ്രമവും സമയം കഴിഞ്ഞുള്ള ഓടിപ്പെടച്ചുള്ള വരവും ഒക്കെ കണ്ട്  കമ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഒരു ഫാമിലി ഹൃദ്യമായി ചിരിച്ചു. പരിചയപ്പെട്ടു അവരും ചേർത്തലയിലാണ് ഇറങ്ങുന്നതെന്നും ഇറങ്ങാൻ സഹായിക്കാമെന്നും പറഞ്ഞു. എന്നാൽ ചേർത്തലയിൽ എത്തുമ്പോൾ എനിക്കിറങ്ങേണ്ട വാതിൽക്കൽ തന്നെ സലോമിയും റോയിയും കാത്ത് നിൽപ്പുണ്ടായിരുന്നു .

മൂന്നു ദിവസത്തെ സുഖതാമസത്തെപ്പറ്റി ഒന്നും പറയാനില്ല. തിങ്കളാഴ്ച  മടങ്ങാനായി നേരത്തെ റോയി എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. തമാശ നോക്കണേ അതേ  ട്രെയിൻ തന്നെ. കാൻ -ആലപ്പി. നാലു പതിനൊന്നിനാണ്  ആലപ്പുഴ നിന്ന്   ചേർത്തല വരുന്നത്. അഞ്ചാകുമ്പോൾ എറണാകുളം എത്താം. അപ്പോഴതാ വരുന്നു ഒരു മെസ്സേജ്. ദേവിയുടെ സീറ്റ് നമ്പർ 65 മാറ്റി 54 ആക്കിയിരിക്കുന്നു. ഓ തുടങ്ങി ഓരോ പ്രശ്നങ്ങൾ എന്ന് ഞാൻ പിറുപിറുത്തു.

പതിവുപോലെ നേരത്തെ തന്നെ സ്റ്റേഷനിൽ എത്തി കാത്തിരിപ്പായി. പ്ലാറ്റഫോം നമ്പർ 2. ഭാഗ്യം പേടിക്കാൻ ഇവിടെ എസ്‌കലേറ്റർ ഒന്നുമില്ല. പടി കയറിയിറങ്ങി അപ്പുറത്തെത്തി. വണ്ടി വന്നു. ഇത്തവണ പിന്നിലാണ് C1. റോയിയും സലോമിയും ഉള്ളതു  കൊണ്ട് കൺഫ്യൂഷൻ ഒന്നുമുണ്ടായില്ല. ഞാൻ വണ്ടിയിൽ കയറി ഗ്ലാസ് ഡോർ തുറന്ന് കയറിയപ്പോൾ അത് ചെയർ കാറല്ല. അല്പം അമ്പരന്ന എന്നോട് ടി ടി ആർ പറഞ്ഞു കയറിക്കൊള്ളു. ഇത് തന്നെയാണ് കമ്പാർട്മെന്റ്. ഞാൻ അകത്തു കയറി. സീറ്റ് നമ്പർ 54 ൽ ഇരിപ്പായി. തൊട്ടടുത്ത് ഒരു ഫാമിലി.

"ഇങ്ങട്ടു വന്നപ്പോൾ നമ്മൾ ഒരേ കമ്പാർട്മെന്റിൽ ആയിരുന്നു ,ഓർക്കുന്നോ? " ആ യുവതി ചോദിച്ചു.  

ഞാൻ പിന്നെയും അമ്പരന്നു.എന്തെല്ലാം സർപ്രൈസുകളാണ് തീവണ്ടി എനിക്കു  വേണ്ടി കാത്തു  വച്ചിരിക്കുന്നത്!

"എവിടെയാണ് ഇറങ്ങുന്നത്?" ഞാൻ ചോദിച്ചു.

"ഞങ്ങൾ കോഴിക്കോടാണ് പോകുന്നത് "അയ്യോ അപ്പോൾ ഇറങ്ങുമ്പോൾ സഹായം  ചോദിക്കാനാവില്ല. ഇവിടെ പ്ലാറ്റഫോമിൽ കാത്തു നിൽക്കാനും ആരുമില്ല. എന്റെ മനോഗതം അറിഞ്ഞിട്ടെന്നോളം ട്രെയിൻ എറണാകുളത്തെത്തിയതും ആ യുവാവ് കൂടെയിറങ്ങി . ബാഗ് വാങ്ങി എന്നെ പിടിച്ചിറക്കി. ഈ ട്രെയിനുകൾക്കെന്തൊരു പൊക്കമാണ്.പിടിച്ചു കേറാനും ഇറങ്ങാനും എന്തൊരു പാടാണ്.' എന്റെ ആത്മഗതം. 

'എന്നാലെന്താ ട്രെയിൻ തന്നെ സഹായിക്കാൻ ആളുകളെ എത്തിച്ചു തരുന്നില്ലേ?' എന്ന് ചോദിച്ചതാരാണ്. എനിക്കറിയില്ല. ആ തീവണ്ടി തന്നെയാവണം.                 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com