sections
MORE

ലഘു നിക്ഷേപം: കോട്ടകെട്ടാം ഉറുമ്പിനെപ്പോലെ

HIGHLIGHTS
  • ചെറു തുകകളിലൂടെ നിക്ഷേപം പടുത്തുയർത്താൻ കഴിയുന്ന ലഘു നിക്ഷേപ പദ്ധതികൾ ആകർഷകം
  • ലഘുസമ്പാദ്യ പദ്ധതികൾ സുരക്ഷിതത്വത്തിന്റെയും വളർച്ചയുടെയും ഉറച്ച കോട്ടയായി നിലനിൽക്കുന്നു
panathookkam-start-investing-with-small-amount
SHARE

അരിമണികൾ പെറുക്കിക്കൂട്ടി വലിയ ഭക്ഷണ ശേഖരവും മൺതരികൾ ചുമന്നുകൂട്ടി കോട്ടയുടെ ആകാര മികവോടെ വാസകേന്ദ്രവും പണിതുയർത്തുന്ന ഉറുമ്പിൻ കൂട്ടങ്ങളെ കണ്ടിട്ടില്ലേ. ഇതിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്നാൽ വലിയൊരു നിക്ഷേപ പാഠവും കഠിനാധ്വാനവും സംഘ ബലവുമെല്ലാം ഇതിലുണ്ട്.

ഉറുമ്പു നൽകുന്ന നിക്ഷേപ പാഠം ഈ കോവിഡ് കാലത്ത് എല്ലാവർക്കും പ്രത്യേകിച്ച് കുറച്ചുമാത്രം മിച്ചം പിടിക്കാനാകുന്ന സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും. ചെറിയ ചെറിയ അരിമണികളും പഞ്ചസാര തരികളും പെറുക്കിക്കൂട്ടിയാണ് ഉറുമ്പ് അതിന്റെ ഭക്ഷ്യ ശേഖരം സൃഷ്ടിക്കുന്നത്.

ജോലി നഷ്ടപ്പെട്ടും ശമ്പളത്തിലും ആനുകൂല്യങ്ങളിലും പിടിവീണും ഇപ്പോൾ മിക്കവർക്കും മിച്ചം പിടിക്കാനാകുന്നത് ഈ അരി മണിയോളം മാത്രമാണ്. അതിൽനിന്ന് എന്തു സമ്പാദ്യം! 

ലഘു നിക്ഷേപം

ഉറുമ്പിന്റെ തന്ത്രം നിക്ഷേപ മേഖലയിൽ പ്രാവർത്തികമാക്കുന്നവയാണ് ലഘു നിക്ഷേപങ്ങൾ. ചെറിയ തുകകൾ കൂട്ടിക്കൂട്ടി വച്ച് വലിയൊരു (അത്ര വലുതല്ലെങ്കിലും) നിക്ഷേപത്തിലേക്ക് ക്ഷമയോടെയുള്ള യാത്ര. സാധാരണക്കാർക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ഏറ്റവും ഉചിതമായ മാർഗവുമാണിത്.

പ്രത്യേക പരിഗണന

താഴ്ന വരുമാനക്കാരുടെ പദ്ധതി എന്ന നിലയിൽ എന്നും ലഘു സമ്പാദ്യ പദ്ധതികൾക്ക് പ്രത്യേക പരിഗണനയുണ്ട്. ഉയർന്ന പലിശനിരക്ക് ലഭിക്കും. പലിശ കുറയ്ക്കുന്ന ഘട്ടത്തിലും ഏറ്റവും ഒടുവിലാകും അതിൽ കൈവയ്കക്കുക. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു. എന്നാൽ ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റും പലിശ നിരക്ക് അതിലേറെ താഴ്ന്നതോടെ ഇപ്പോഴും ലഘു സമ്പാദ്യ പദ്ധതികൾ ആകർഷകമായി തുടരുന്നു.

വിശ്വാസ്യത

തകർച്ചകളുടെയും തട്ടിപ്പുകളുടെയും കാലത്ത് ബാങ്കുകളുടെ പോലും വിശ്വസ്യതയ്ക്ക് ഉലച്ചിൽ തട്ടിയപ്പോഴും ലഘുസമ്പാദ്യ പദ്ധതികൾ സുരക്ഷിതത്വത്തിന്റെയും വളർച്ചയുടെയും ഉറച്ച കോട്ടയായി നിലനിൽക്കുന്നു. സർക്കാർ പിൻബലമാണ് ഇതിനു മുഖ്യകാരണം.

പദ്ധതികൾ ഏതെല്ലാം

തപാൽ ഓഫിസുകൾ തന്നെ പ്രധാന ലഘു നിക്ഷേപ കേന്ദ്രം. ചെറിയ തുകകൊണ്ട് നിക്ഷേപം ആരംഭിക്കാനും അതു തുടരാനു സാധിക്കുന്ന നിക്ഷേപ പദ്ധതികൾ തപാൽ ഓഫിസുകൾ വഴി ലഭ്യമാണ്. 

റെക്കറിങ് ഡിപ്പോസിറ്റ്– ആർഡി (10 രൂപ മുതൽ നിക്ഷേപിക്കാം,  പലിശ നിരക്ക്  നിലവിൽ   5.8% ), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്– എൻ‌എസ്‌സി(നൂറിന്റെ ഗുണിതങ്ങളായി വാങ്ങാം, അഞ്ചു വർഷം കാലാവധി, പലിശ നിരക്ക് 6.8% ), കിസാൻ വികാസ് പത്ര– കെ‌വിപി(1000 രൂപയ്ക്കു മുകളിലേയ്ക്കു നിക്ഷേപിക്കാം,  പലിശ നിരക്ക് 6.9% ), സുകന്യ സമൃദ്ധി യോജന( പെൺകുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതി, ഒരു വർഷം കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണം, ഇത് ഒറ്റത്തവണയായോ  ഓരോ മാസവും നിശ്ചിത തുകയായോ അടയ്ക്കാം, പലിശ നിരക്ക് 7.6% )

വീട്ടിലെത്തും 

മഹിളാ പ്രധാൻ ഏജന്റുമാർ വീട്ടിലെത്തി നിക്ഷേപത്തുക വാങ്ങും. ഇത് ഗ്രാമീണരെയും സ്ത്രീകളെയും തൊഴിലാളികളെയും  സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്.  നിക്ഷേപകാര്യങ്ങൾക്കായി അവർക്ക് സമയവും പണവും പാഴാകുന്നില്ല. തപാൽ നിക്ഷേപങ്ങൾ മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇത് വലിയൊരു ഘടകവുമാകുന്നു. ഈ സേവനത്തിന് എന്തെങ്കിലും ഫീസ് ഈടാക്കുന്നുമില്ല.

ശിലമാക്കാം സമ്പാദ്യം

കുട്ടികളുടെ പേരിലും ലഘു സമ്പാദ്യ പദ്ധതികളിൽ ചേരാമെന്നതിനാൽ അവരിൽ സമ്പാദ്യശീലം വളർത്താൻ ഇവ ഉപാധിയാക്കാം. ഇന്നത്തെ കാലത്ത് പോക്കറ്റ് മണിയായി കിട്ടുന്ന പണംകൊണ്ടുതന്നെ ചെറിയ ലഘു സമ്പാദ്യ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകും.  സ്വന്തമായി സമ്പാദ്യം പടുത്തുയർത്തുകവഴി പണത്തിന്റെയും സമ്പാദ്യത്തിന്റെയും മൂല്യം ചെറുപ്പത്തിലേ അവർക്ക് പകർന്നുകിട്ടും.

English Summary : Web Column Panathookkam : Start investing with small amount

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA