ആന്റണി രാജൂ... ഇത് കെഎസ്ആർടിസിയാണ്

HIGHLIGHTS
  • കെഎസ്ആർടിസിയിൽ ഒരു അട്ടിമറി നടത്താൻ ആന്റണി രാജുവിനാകുമോ?
  • എത്രയോ നല്ല ആശയങ്ങളുടെ ശവപ്പറമ്പാണ് ഈ കൊച്ചു കേരളം.
transport-minister-antony-raju-kerala-state
ആന്റണി രാജു
SHARE

ജനാധിപത്യ കേരളാ കോൺഗ്രസ് വലിയ പാർട്ടിയല്ല. അതിന്റെ തലപ്പത്തുള്ള ആന്റണി രാജു വലിയ നേതാവുമല്ല. തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് അട്ടിമറി വിജയത്തിലൂടെ മന്ത്രിസ്ഥാനത്ത് എത്തിയ ആൾ. ഭാവനാ സമ്പന്നനും ഉത്സാഹിയും ആണെങ്കിലും കെഎസ്ആർടിസിയിൽ ഒരു അട്ടിമറി നടത്താൻ അദ്ദേഹത്തിനാകുമോ? നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ ആന്റണി രാജുവല്ല അന്തോണീസ് പുണ്യാളച്ചൻ വിചാരിച്ചാലും ലാഭത്തിലാക്കാൻ പറ്റുമെന്ന് ആ സ്ഥാപനത്തെ അറിയുന്ന ആരും കരുതുന്നില്ല.

എന്നാൽ ഗതാഗത മന്ത്രി എന്ന നിലയിൽ ആന്റണി രാജു വേറിട്ടു ചിന്തിക്കുന്നു എന്നതിനു തെളിവാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ അദ്ദേഹം പ്രഖ്യാപിച്ച ഗ്രാമീണ ബസ് സർവീസ് പദ്ധതി. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒട്ടേറെ ടൂറിസ്റ്റ് ബസുകളും ടെമ്പോട്രാവലറുകളും റോഡരികിലും പറമ്പിലും കിടന്നു കാടു പിടിച്ചും തുരുമ്പെടുത്തും നശിക്കുന്നു. ജപ്തി ഭീഷണിയിൽ ഉടമകൾ ആത്മഹത്യയുടെ വക്കിലും. നാട്ടിൻപുറത്ത് ജനം യാത്രാമാർഗമില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം കണ്ട മന്ത്രിക്കൊരു ആശയം: ഇത്തരം സ്വകാര്യബസുകളും ടെമ്പോട്രാവലറും വാടകയ്ക്ക് എടുത്ത് ഗ്രാമങ്ങളിലൂടെ ഓടിക്കുക. ബസുടമകൾക്കൊരു ഉപകാരം. യാത്രക്കാർക്കൊരു ‘പലഹാരം’. ബസ് ഉടമയ്ക്ക് പ്രതിദിന വാടക നിശ്ചയിച്ചു നൽകും. അറ്റകുറ്റപ്പണി ഉടമ നടത്തണം. റോഡ് ടാക്സും ഇൻഷുറൻസ് തുകയും അവരടയ്ക്കണം. പഞ്ചായത്ത് സമിതി അതത് പഞ്ചായത്തിൽ ഓടുന്ന ബസുകൾക്ക് സൗജന്യമായി ഡീസൽ അടിക്കണം. കണ്ടക്ടറെയും ഡ്രൈവറെയും കെഎസ്ആർടിസി നൽകും .ദിവസം 3000 രൂപ കലക്‌ഷൻ കിട്ടിയാലും സംഗതി ലാഭം എന്ന് ആന്റണി രാജു.

ksrtc-rear-mirror-antony-raju

കോവിഡ് മൂലം കഷ്ടപ്പെടുന്ന നാട്ടുകാർക്കും ഹതഭാഗ്യരായ ബസ് ഉടമകൾക്കും കോവിഡ് തന്നെ ആശ്വാസം കൊണ്ടുവരുന്നു. മന്ത്രിക്ക് അഭിനന്ദന പ്രവാഹം. ആദ്യ ദിവസം തന്നെ ബസ് റൂട്ടുകൾക്ക് വൻ ഡിമാൻഡ്. എല്ലാം ശുഭം.

ഇനി ആറുമാസത്തിന് അപ്പുറം നിന്നുകൊണ്ട് ഈ നല്ല തീരുമാനത്തെ ഒരു ‘തിരനോട്ട’ത്തി (ഫ്ലാഷ് ഫോർവേഡ്) ലൂടെ കാണാൻ ശ്രമിക്കുകയാണ്; അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് . 

ഒരു മാധ്യമ വാർത്ത.

‘കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഗ്രാമീണ ബസ് പദ്ധതി കട്ടപ്പുറത്ത്. നഷ്ടമാണെന്നും വാടക കൂട്ടിത്തരാതെ തങ്ങൾ അറ്റകുറ്റപ്പണി നടത്തില്ലെന്നും ബസുടമകൾ. ഡീസലിനുള്ള തുക പ്രത്യേക ഗ്രാന്റായി സർക്കാർ നൽകിയില്ലെങ്കിൽ ഇനി ഡീസലടിക്കില്ലെന്നു പഞ്ചായത്തുകൾ. ഗ്രാമീണ ഓട്ടത്തിന് ഡ്യൂട്ടി സമയം കുറയ്ക്കണമെന്നും സ്പെഷൽ ബാറ്റ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ഗ്രാമീണ ബസ് പദ്ധതി കെഎസ്ആർടിസിയുടെ കടബാധ്യത വർധിപ്പിച്ചു എന്ന് യൂണിയൻ.

നല്ലൊരു ആശയമാണ്. പക്ഷേ ഇത് കെഎസ്ആർടിസിയാണ് എന്നു മറന്നു പോകരുത്. ഇത്തരം വരുംവരായ്കകൾ മുൻകൂട്ടി കണ്ടു വേണം തീരുമാനം നടപ്പാക്കാൻ എന്നു മന്ത്രി ആന്റണി രാജുവിനോട് അഭ്യർഥന. 

transport-minister-raju-antony-illustration

മത്സ്യത്തൊഴിലാളികൾക്കിടയിൽനിന്നു വന്ന മന്ത്രി മറ്റൊരാശയം കൂടി നടപ്പാക്കുന്നു. കടപ്പുറത്തുനിന്നു വെളുപ്പാൻ കാലത്തു നഗരത്തിൽ മത്സ്യം കൊണ്ടുവന്നു വിൽക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നം ഗതാഗതമാണ്. ആയിരം രൂപയുടെ മീൻ വിൽക്കാൻ ഓരോരുത്തരും ഓട്ടോക്കൂലിയായി നൽകേണ്ടത് 400 - 500 രൂപ. മീൻ വിറ്റാൽ കയ്യിൽ മിച്ചം കിട്ടുന്നത് 100 -200 രൂപ. ഇതിനു പുറമെ നഗരത്തിൽ കൊറോണ പരത്തുന്നതു മത്സ്യവിൽപനക്കാരികളാണെന്ന മട്ടിൽ അവർക്കു നേരേ പൊലീസിന്റെ മെക്കിട്ടു കയറ്റം. ഈ മീൻവിൽപനക്കാരികൾക്കു വേണ്ടി ഇതാ മന്ത്രി പുലർച്ചെ മുതൽ രാത്രി വരെ കെഎസ്ആർടിസിയുടെ സൗജന്യ സർക്കുലർ ബസ് സർവീസ് ഏർപ്പെടുത്തുന്നു. നീല ബസുകൾ അണിഞ്ഞൊരുങ്ങുന്നു. മത്സ്യവിൽപനക്കാരികളുടെ ദുരിതം അറിയുന്നതു കൊണ്ട് ഇതിന്റെ ‘ഫ്ളാഷ് ഫോർവേഡ്’ എഴുതുന്നില്ല.

ഇങ്ങനെ എത്രയോ നല്ല ആശയങ്ങളുടെ ശവപ്പറമ്പാണ് ഈ കൊച്ചു കേരളം.

Content Summary : Thalakuri Column - Will Minister Antony Raju be able to save debt ridden KSRTC?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS