കൈമുതൽ കരകവിഞ്ഞൊഴുകുന്ന സ്നേഹം

rescue-operations-during-disasters–thalakkuri-column
ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച മുണ്ടക്കയം പുത്തൻ ചന്തയിലെ യുവാക്കൾ
SHARE

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നേരിടാൻ സർക്കാരിന് ദുരന്തനിവാരണ വകുപ്പുണ്ട്. പരിശീലനം സിദ്ധിച്ച രക്ഷാപ്രവർത്തകർ ഉണ്ട്. അഗ്നിശമനസേനയുണ്ട്. സ്പീഡ് ബോട്ട് മുതൽ ഹെലികോപ്റ്റർ വരെയുള്ള ഹൈടെക് സംവിധാനങ്ങളുണ്ട്. പക്ഷേ പ്രകൃതിക്ഷോഭം ഉണ്ടായി ഒരു നാട് ഒറ്റപ്പെടുമ്പോൾ രക്ഷിക്കാൻ ആദ്യമെത്തുക നാട്ടിലെ സാധാരണക്കാരായ യുവാക്കൾ മാത്രം. അവരിൽ ചുമട്ടു തൊഴിലാളികൾ ഉണ്ടാവും, ഇറച്ചിവെട്ടുകാർ ഉണ്ടാവും, ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉണ്ടാവും. ആളുകളുടെ ജീവൻ അപകടത്തിൽ പെടുമ്പോൾ അവരൊക്കെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിക്കാൻ എത്തുന്നു. രക്ഷാപ്രവർത്തനത്തെ സംബന്ധിച്ച് അവർക്ക് ഒരു പരിശീലനവും ഇല്ല. ദുരന്തനിവാരണത്തെക്കുറിച്ച് ഒരു സർവകലാശാലയിൽനിന്നും അവർ ബിരുദം എടുത്തിട്ടില്ല. അവരുടെ ബുദ്ധിയിൽ അപ്പോൾ ഉദിക്കുന്ന പ്രായോഗിക ചിന്തയും ധീരതയും കൈമുതലാക്കി അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ജീവൻ രക്ഷിക്കുന്നു. മുണ്ടക്കയത്ത് പുത്തൻ ചന്തയിൽ നാമതു കണ്ടു. അവിടെ വെള്ളം പൊങ്ങിയത് വളരെ പെട്ടെന്നായിരുന്നു. മണിമലയാറും തോടും കരകവിഞ്ഞതുകൊണ്ട് അഗ്നിശമനസേനയ്ക്കോ പൊലീസിനോ ഒന്നും അങ്ങോട്ട് എത്താൻ കഴിഞ്ഞില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനം വീടിന്റെ ടെറസിൽ കയറിനിന്ന് നിലവിളിച്ചപ്പോൾ ഉയർന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെ മട്ടുപ്പാവിൽ പലർക്കും നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ സമയത്താണ് രണ്ടു ചെറുപ്പക്കാർ ലോറി ടയറിന്റെ ട്യൂബിൽ കാറ്റുനിറച്ച് അതുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആ സമയം അവരുടെ സ്വന്തം വീടിനുള്ളിൽ വെള്ളം ഇരച്ച് കയറുകയായിരുന്നു. അതുപോലും മറന്നു ജീവൻ രക്ഷിക്കാനായി അവർ നീന്തിയെത്തി. ആ ട്യൂബിൽ ഇരുത്തി തള്ളിയും വലിച്ചും ആണ് അവർ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടങ്ങൾ നിസ്സഹായരായി നിന്ന അവസരത്തിൽ ട്യൂബ് എടുക്കാൻ തോന്നിയ അവരുടെ എളിയ ബുദ്ധിക്ക് നന്ദി പറയാം. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിന് തങ്ങൾക്ക് പരസ്യം ഒന്നും വേണ്ട എന്ന് പറഞ്ഞ ആ വലിയ മനസ്സിന് നന്ദി പറയാം.

kerala-flood
മുണ്ടക്കയം വെള്ളത്തിൽ മുങ്ങിയപ്പോൾ

പക്ഷേ ഇങ്ങനെ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരെ കാലക്രമേണ എല്ലാവരും മറക്കും. ഒരു അംഗീകാരവും അവർക്കു ലഭിക്കില്ല. ഭരണകൂടങ്ങളും സാമൂഹികപ്രവർത്തകരും അവരെ മറക്കും. ദുരന്തത്തിന്റെ ഭീകരത കുറയുമ്പോൾ അവർ വിസ്മൃതിയിലാണ്ടു പോകും. അവർ അവരുടെ കൊച്ചുകൊച്ചു ജോലികളുമായി, പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോമാരായി, ജീവിത സന്ധാരണത്തിനുള്ള വഴിതേടും.

flood-thalakkuri-column
മുണ്ടക്കയം വെള്ളത്തിൽ മുങ്ങിയപ്പോൾ

പുത്തൻചന്തയിലെ സുഹൃദ് സംഘം പോലെ ഈരാറ്റുപേട്ടയിലും കൂട്ടിക്കലും എരുമേലിയിലും ഏന്തയാറ്റിലും സാഹസികരായ ചെറുപ്പക്കാരുടെ സുഹൃദ് സംഘങ്ങൾ ഉണ്ടാവാം. കേരളം മുഴുവൻ നാട്ടിൻപുറങ്ങളിൽ ഇത്തരം സുഹൃദ് സംഘങ്ങൾ ഉണ്ടാവാം. അവർക്ക് ജാതിയും മതവും ഇല്ല. വർഗീയതയും രാഷ്ട്രീയവും ഇല്ല. ഒരു അപകടം ഉണ്ടാകുമ്പോൾ ജാതിയും രാഷ്ട്രീയവും ചോദിക്കാതെ രക്ഷയ്ക്ക് എത്തും. നാളെയും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ, ദുരന്ത ഭൂമികൾ ഒറ്റപ്പെടുമ്പോൾ ഈ ചെറുപ്പക്കാർ തന്നെയാവും രക്ഷകർ. 

thalakkuri-column-flood
മുണ്ടക്കയം വെള്ളത്തിൽ മുങ്ങിയപ്പോൾ

കാലാവസ്ഥാ പഠന റിപ്പോർട്ട് അനുസരിച്ച് അടുത്ത രണ്ടു പതിറ്റാണ്ടിൽ കേരളത്തിൽ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനമാണ് ഉണ്ടാകാൻ പോകുന്നത്. ഇത് ഗുരുതരമായ പ്രകൃതിക്ഷോഭങ്ങൾക്കു കാരണമായേക്കാം. അറബിക്കടലിലെ വെള്ളത്തിന് ഊഷ്മാവ് ഉയരുന്നതു മൂലം ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റും മേഘ സ്ഫോടനങ്ങളും ഇനിയും ഉണ്ടാവാം. ഓരോ കാലവർഷവും തുലാവർഷവും മിന്നൽപ്രളയങ്ങൾക്കു വഴിയൊരുക്കിയേക്കാം. മലയോര മേഖല കൂടുതൽ ദുർബലമാകുന്നതോടെ ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ജനങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അവരുടെ വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോകും. ആ വെള്ളം ഒഴുകിയെത്തുമ്പോൾ തീരതീരദേശവും പ്രളയത്തിൽ മുങ്ങും. ഇനി തങ്ങളെ രക്ഷിക്കാനുള്ള മാർഗം ജനം സ്വയം കണ്ടെത്തേണ്ട അവസ്ഥ. ഇത്തരം ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഈ ചെറുപ്പക്കാരുടെ സുഹൃദ് സംഘങ്ങളേ കാണൂ. സർക്കാർ അവരെ തിരിച്ചറിയുകയും അംഗീകരിക്കുകയും അവരുടെ പരിശ്രമങ്ങൾക്ക് പിന്തുണ നൽകുകയും വേണം. കുറഞ്ഞത്, നാം അവരോട് നന്ദിയുള്ളവരെങ്കിലും ആയിരിക്കണം.

Content Summary: Thalakkuri column on people's participation in rescue operations during disasters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS