sections
MORE

വീണ്ടും വരുന്നു, മിസൈൽ മൽസരം

HIGHLIGHTS
  • ഈ മിസൈലുകൾ നിർമിക്കുന്നതായി റഷ്യ ആദ്യം സമ്മതിച്ചിരുന്നില്ല
  • ലോകം പൊതുവിൽതന്നെ ആശങ്കയുടെ നിഴലിലായി
russia-pulls-out-of-cold-war-era-missile-treaty
അമേരിക്കയും സോവിയറ് യൂണിയനും 1987ൽ ഒപ്പ്‌വച്ച മധ്യദൂര ആണവ മിസൈൽ നിർമാർജന ഉടമ്പടി അപകടത്തിൽ. ആണവ യുദ്ധത്തിലേക്കു ലോകത്തെ തള്ളിനീക്കുന്ന പുതിയ റഷ്യ-യുഎസ് ആുധപ്പന്തയത്തിന് ഇതു തുടക്കമിടുകയാണോ ?)
SHARE

മൂന്നു പതിറ്റാണ്ടുകാലം യൂറോപ്പിലെ ജനങ്ങൾ മനസ്സമാധാനത്തോടെ കിടന്നുറങ്ങിയത് ഒരു മിസൈൽ നിർമാർജന ഉടമ്പടി നൽകിയ ഉറപ്പിന്മേലായിരുന്നു. ചരിത്രപ്രധാനമെന്നു പ്രകീർത്തിക്കപ്പെട്ട ആ ഉടമ്പടി പക്ഷേ ഇപ്പോൾ തകർച്ചയെ നേരിടുകയാണ്. ആണവയുദ്ധത്തിലേക്കു ലോകത്തെ തള്ളിനീക്കുന്ന ഒരു പുതിയ ആയുധപ്പന്തയത്തിന് ഇതോടെ തുടക്കം കുറിക്കപ്പെട്ടതായും പലരും ഭയപ്പെടുന്നു.

അമേരിക്കയുടെയും സോവിയറ് യൂണിയന്റെയും പ്രസിഡന്റുമാർ-റോണൾഡ് റെയ്ഗനും മിഖെയിൽ ഗോർബച്ചോവും-1987 ഡിസംബറിൽ വാഷിങ്ടണിൽ ഒപ്പിട്ടതാണ് മധ്യദൂര ആണവ മിസൈൽ നിർമാർജന ഉടമ്പടി. 500 മുതൽ 5,500 വരെ കിലോമീറ്റർ സഞ്ചരിക്കുന്നതും ഭൂതലത്തിൽനിന്നു വിക്ഷേപിക്കാവുന്നതുമായ ആണവ മിസൈലുകൾ അതനുസരിച്ച് നിരോധിക്കപ്പെട്ടു. 

പശ്ചിമ യൂറോപ്പിനെ ലക്ഷ്യമാക്കി സോവിയറ്റ് യൂണിയനിൽ ഒരുക്കിനിർത്തിയിരുന്ന "എസ്എസ്20' മിസൈലുകളും സോവിയറ്റ് യൂണിയനെ ലക്ഷ്യമാക്കി ബ്രിട്ടനിലും ജർമനിയിലും ഒരുക്കിനിർത്തിയിരുന്ന യുഎസ് ക്രൂസ്, പെർഷിങ് മിസൈലുകളും (മൊത്തം ഏതാണ്ട് മൂവായിരം) നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. താരതമ്യേന ചെറുതായതിനാൽ കൊണ്ടുപോകാനും വിന്യസിക്കാനും എളുപ്പമുള്ളതും ചുരുങ്ങിയതു പത്തു മിനിറ്റിനകം ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നതുമായിരുന്നു ഇൗ മിസൈലുകൾ.

Donald-Trump

മേലിൽ അത്തരം മിസൈലുകൾ ഉണ്ടാക്കില്ലെന്നും പരീക്ഷിക്കില്ലെന്നും വിന്യസിക്കില്ലെന്നും ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പുനൽകി. ഉടമ്പടിപാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്താനുള്ള പരിശോധനകൾക്കും അതിൽ വ്യവസ്ഥ ചെയ്തു.  

ലോകത്തിലെ ഏറ്റവും മുൻനിരയിലുള്ള രണ്ടു വൻസൈനിക ശക്തികൾ  ആണവ നിരായുധീകരണ കാര്യത്തിൽ  ഇത്രയും ദൂരവ്യാപകമായ ഒത്തുതീർപ്പിലെത്തുന്നത് അന്നാദ്യമായിരുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അതു വാഴ്ത്തപ്പെട്ടു. 

സോവിയറ്റ് യൂണിയൻ 1991ൽ തകർന്നപ്പോൾ അതിന്റെ സ്ഥാനം കിട്ടിയത് അതിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യക്കാണ്. സോവിയറ്റ് യൂണിയൻ ഒപ്പുവച്ച ഉടമ്പടികൾ പാലിക്കുന്നതു റഷ്യയുടെ ബാധ്യതയായിത്തീർന്നു. 

എന്നാൽ, മധ്യദൂര ആണവ മിസൈൽ നിർമാർജന ഉടമ്പടി റഷ്യ പാലിക്കുന്നില്ലെന്നും അത്തരം മിസൈലുകളുടെ നിർമാണം റഷ്യ രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്നുവെന്നുമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയുടെ പരാതി. ഇതു സംബന്ധിച്ച് 2014ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനു കത്തെഴുതുകയുമുണ്ടായി. 

APEC-SUMMIT

പക്ഷേ, അമേരിക്കയുടെ ആരോപണങ്ങൾ റഷ്യ ആവർത്തിച്ചു നിഷേധിക്കുന്നു. മാത്രമല്ല, ഉടമ്പടി ലംഘിക്കുന്ന വിധത്തിൽ പുതിയ മധ്യദൂര മിസൈലുകൾ നിർമിച്ചുവരുന്നത് അമേരിക്കയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

റഷ്യയെ ഒബാമ കർശനമായ വിധത്തിൽ താക്കീതു ചെയ്യേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെപിൻഗാമിയായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായം. പുതിയ മധ്യദൂര മിസൈലുകളുടെ നിർമാണം റഷ്യ അവസാനിപ്പിച്ചില്ലെങ്കിൽ ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രംപ് സൂചന നൽകുകയും ഡിസംബറിൽ അതാവർത്തിക്കുകയും ചെയ്തു.  

അതിന്റെ തുടർച്ചയായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച (്രെബഫുവരി ഒന്ന്) യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രസ്താവന. 

ഉടമ്പടിയിലെ പങ്കാളിത്തം അമേരിക്ക നിർത്തിവയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷവും ഉടമ്പടിയുടെ ലംഘനം റഷ്യ തുടർന്നാൽ ആറു മാസത്തിനകം അതിൽനിന്ന് അമേരിക്ക പിന്മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയുംചെയ്തു. 

പിറ്റേന്നുതന്നെയുണ്ടായി അതിനുളള റഷ്യയുടെ  പ്രതികരണം. ഉടമ്പടിയിലെ പങ്കാളിത്തംനിർത്തിവയക്കാൻ അമേരിക്ക തീരുമാനിച്ച സ്ഥിതിക്കു തങ്ങളും അങ്ങനെചെയ്യുകയാണെന്നാണ് പ്രസിഡന്റ് പുടിൻ അറിയിച്ചത്. 

putin

ഉടമ്പടിയനുസരിച്ച് നിരോധിക്കപ്പെട്ട തരത്തിലുള്ള മിസൈലുകൾ വീണ്ടും നിർമിക്കാൻ സൈന്യത്തിനു നിർദേശം നൽകിയതായി അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ശബ്ദത്തേക്കാൾ അഞ്ചു മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലുകളും പരിഗണനയിൽ ഉണ്ടത്രേ. 

എങ്കിലും, ഇൗ മിസൈലുകൾ റഷ്യയുടെ യൂറോപ്യൻ മേഖലയിലോ മറ്റെവിടെയെങ്കിലുമോ വിന്യസിപ്പിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക സ്വന്തം മിസൈലുകൾ മുൻപത്തെപ്പോലെ പശ്ചിമ യൂറോപ്പിൽ വിന്യസിപ്പിക്കുകയാണെങ്കിൽ സമാനമായ നടപടികൾ തങ്ങളും കൈക്കൊളളുമെന്നു പുടിൻ വ്യക്തമാക്കിയിട്ടുള്ളതും ശ്രദ്ധേയമാണ്. ആയുധപ്പന്തയം ഏതു നിമിഷവും തുടങ്ങിയേക്കാം എന്നർഥം. 

റഷ്യ നിർമിച്ചുവരുന്ന നോവട്ടോർ എം729 എന്നു പേരായ മിസൈലുകളാണ് തർക്കത്തിനു മുഖ്യകാരണം. അമേരിക്കക്കാർ എസ്എസ്സി8 എന്നു വിളിക്കുന്ന ഇവ 1987ലെ ഉടമ്പടിപ്രകാരം നിരോധിക്കപ്പെട്ട വിഭാഗത്തിൽ ഉൾപ്പെടുന്നവയാണെന്നും അതിനാൽ ഇവയുടെ നിർമാണം ഉടമ്പടിയുടെ  ലംഘനമാണെന്നുമാണ് യുഎസ് വാദം.

ഇൗ മിസൈലുകൾ നിർമിക്കുന്നതായി റഷ്യ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീടു സമ്മതിച്ചുവെങ്കിലുംഉടമ്പടി തങ്ങൾ ലംഘിക്കുന്നില്ലെന്ന നിലപാടിൽഇപ്പോഴും ഉറച്ചുനിൽക്കുന്നു. കാരണം, അവയ്ക്കു സഞ്ചരിക്കാൻ കഴിയുന്ന ദൂരം പരമാവധി 480 കിലോമീറ്റർ മാത്രമാണത്രേ. നിരോധിക്കപ്പെട്ടതു 500 മുതൽ 5,500 വരെ കിലോമീറ്റർ സഞ്ചരിക്കുന്ന മിസൈലുകളാണ്. പക്ഷ, റഷ്യയുടെ വാദം അമേരിക്ക തള്ളിക്കളയുന്നു. 

trump-putin-football

ഉടമ്പടിയിലെ പങ്കാളിത്തം തുടരുന്നതിൽ അർഥമില്ലെന്ന നിഗമനത്തിൽ എത്താൻ അമേരിക്കയ്ക്കു മറ്റൊരു കാരണംകൂടിയുണ്ട്. അമേരിക്കയുമായി സൗഹൃദത്തിലല്ലാത്ത ചൈനയുടെയും ഇറാന്റെയും സമാനമായ മിസൈലുകൾക്ക് ഉടമ്പടി  ബാധകമല്ലെന്നതാണത്. 

ചൈനയുടെ പക്കൽ രണ്ടായിരവും ഇറാന്റെ പക്കൽ ആയിരവും മധ്യദൂര മിസൈലുകളുണ്ടെന്നാണ്രേത യുഎസ് കണക്ക്. ചൈനീസ് മിസൈലുകൾ ഏഷ്യ-പസിഫിക് മേഖലയിലെയും ഇറാന്റെ മിസൈലുകൾ മധ്യപൂർവദേശത്തെയും യുഎസ് താൽപര്യങ്ങൾക്കു ഭീഷണിയാണെന്നും അമേരിക്ക കരുതുന്നു. 

യുഎസ് താൽപര്യങ്ങൾക്ക് അനുഗുണമല്ലെന്ന പേരിൽ പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനു വിധേയമാകുന്ന മൂന്നാമത്തെ സുപ്രധാന രാജ്യാന്തര ഉടമ്പടിയാണിത്. ഒബാമയുടെ ഭരണകാലത്തു 2015ൽ ഒപ്പുവച്ച കാലാവസ്ഥാ ഉടമ്പടിയെയും ഇറാനുമായുള്ള ആണവ ഉടമ്പടിയെയും അദ്ദേഹം നേരത്തെതന്നെ തള്ളിപ്പറയുകയുണ്ടായി. 

റഷ്യയും പാശ്ചാത്യലോകവും തമ്മിലുള്ള ശീതയുദ്ധം അടിക്കടി ശക്തിപ്പെട്ടുകൊണ്ടിരിക്കേയാണ് മിസൈൽ ഉടമ്പടി തകർച്ചയെ അഭിമുഖീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 2014ൽ റഷ്യ അയൽരാജ്യമായയുക്രെയിനിൽ ഇടപെടുകയും അതിന്റെ ഭാഗമായ കൈ്രമിയ സ്വന്തമാക്കുകയും ചെയ്തതിനെ തുടർന്നുണ്ടായതാണ് ഇൗ സ്ഥിതിവിശേഷം.

putin-trump

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും അവയിൽ ഘടിപ്പിക്കാവുന്ന ആണവബോംബുകളുടെയും എണ്ണം പരിമിതപ്പെടുത്തുന്നതിനു വേണ്ടി 2010ൽ അമേരിക്കയും റഷ്യയും ഒപ്പുവച്ച ഉടമ്പടിയെ ഇതു ബാധിക്കുമോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

സ്റ്റാർട്ട് എന്ന ചുരുക്കപ്പേരുള്ള ഇത്തരമൊരു ഉടമ്പടിയിൽ1991ൽ തന്നെ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറും സോവിയറ്റ് പ്രസിഡന്റ് ഗോർബച്ചോവും ഒപ്പിട്ടിരുന്നു. അതു 2009ൽ ‌‌കാലഹരണപ്പെട്ടതിനാൽ, 2010ൽ പ്രസിഡന്റ് ഒബാമയും അന്നത്തെ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവുംകൂടി സമാനമായ മറ്റൊരു ഉടമ്പടിക്കു (ന്യൂ സ്റ്റാർട്ട്) രൂപം നൽകി. 

അതിന്റെ കാലാവധി 2021ൽ അവസാനിക്കുകയാണ്്. ഇരുപക്ഷത്തിനും സമ്മതമാണെങ്കിൽ അഞ്ചു വർഷത്തേക്കുകൂടി നീട്ടാം. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ അതിന്റെ ഭാവിയും സംശയത്തിലാണെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പ് മാത്രമല്ല, ലോകം പൊതുവിൽതന്നെ ആശങ്കയുടെ നിഴലിലായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA