വിദ്വേഷത്തിന്റെ വിഷപ്പാമ്പുകൾ

HIGHLIGHTS
  • കൊലയാളിക്കു പ്രചോദനം ഡോണൾഡ് ട്രംപ്
  • ധീരനായികയായി വനിതാ പ്രധാനമന്ത്രി
changing-world-new-zealand-terror-attack
ദൈവത്തിന്റെ ഭവനങ്ങളായ ആരാധനാലയങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തുകളാണ്. അവിടെ ചോരപ്പുഴയൊഴുകുന്നതു വിശ്വാസികൾക്കു സങ്കൽപിക്കാൻ പോലും അസാധ്യം
SHARE

വിഷപ്പാമ്പുകൾ ഇല്ലെന്നതാണ് ന്യൂസീലൻഡിന്റെ ഒരു സവിശേഷത. കൊലപാതകങ്ങളും അപൂർവം. ഒാമനത്തം തുളുമ്പുന്ന കിവിപ്പക്ഷികളുടെ നാടായതിനാൽ നാട്ടുകാരെ കിവികൾ എന്നും വിളിക്കുന്നതു സാധാരണം. ക്രിക്കറ്റും റഗ്ബിയും പോലുള്ള കായിക വിനോദങ്ങൾക്ക് അപ്പുറത്ത് യുദ്ധങ്ങൾ, കലാപങ്ങൾ, അക്രമങ്ങൾ എന്നിവയുമായി ബന്ധമുള്ള വാർത്തകളിലൊന്നും ന്യൂസീലൻഡ് സ്ഥലം പിടിക്കാറുമില്ല. ദക്ഷിണ ശാന്തസമുദ്രത്തിലെ ശാന്തസുന്ദരമായ ദ്വീപ്‌രാജ്യം. 

അവിടെയാണ് ഒാസ്ട്രേലിയയിൽ നിന്നെത്തിയ ഒരു വിഷപ്പാമ്പ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 15) പത്തിവിടർത്തിയാടിയത്. വംശീയവെറിയും അന്യമത-സംസ്ക്കാര വിദ്വേഷവും ഉൗർജം നൽകിയ ആ നഗ്ന താണ്ഡവത്തിൽ കൊല്ലപ്പെട്ടതു ന്യൂസീലൻഡിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മസ്ജിദുകളിൽ ജുമുഅ നമസ്ക്കാരത്തിനെത്തിയവരിൽ അൻപതുപേർ. ഒട്ടേറെ പേർ ഗുരുതരമായി പരുക്കേറ്റ്  ആശുപത്രിയിലാവുകയും ചെയ്തു.  

NEWZEALAND-SHOOTOUT

രണ്ട് ആരാധനാലയങ്ങളിലും കൂട്ടക്കൊല നടത്തിയ ഒാസ്ട്രേലിയക്കാരൻ ബ്രന്റൻ ഹാരിസൻ ടറാന്റ് എന്ന ഇരുപത്തെട്ടുകാരൻ അതിന്റെ വിഡിയോ ദൃശ്യങ്ങൾ തൽസമയം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയുമുണ്ടായി. അതിനുവേണ്ടി തന്റെ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുകയായിരുന്നു. 

ആദ്യം നഗരപ്രാന്തത്തിലെ അൽനൂർ മസ്ജിദിൽ സെമി ഒാട്ടമാറ്റിക് തോക്കുകൊണ്ടു തുരുതുരാ വെടിവയ്പ് നടത്തിയശേഷം കാറിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള ലിൻഡൻ മസ്ജിദിലുമെത്തി വെടിവയ്പ് തുടർന്നു. അയാളുടെ മനസ്സിൽ കുടികെട്ടിയിരുന്ന അസഹിഷ്ണുതയുടെയും ക്രൂരതയുടെയും ആഴങ്ങളിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. 

സ്വാഭാവികമായും ലോകത്തെ മുഴുവൻ ഇൗ സംഭവം നടുക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തു. ദൈവത്തിന്റെ ഭവനങ്ങളായ ആരാധനാലയങ്ങൾ ശാന്ത്രിയുടെയും സമാധാനത്തിന്റെയും തുരുത്തുകളാണ്. അവിടെ ചോരപ്പുഴയൊഴുകുന്നതു വിശ്വാസികൾക്കു സങ്കൽപിക്കാൻ പോലും അസാധ്യം.  

മരിച്ചവരിലും പരുക്കേറ്റവരിലും പല രാജ്യക്കാരുമുണ്ട്.  ഒട്ടേറെ പേർ സ്വന്തം നാടുകളിലെ ദുരിതങ്ങളിൽനിന്നോടി കഷ്ടപ്പെട്ട് കരപിടിച്ച അഭയാർഥികൾ. ന്യൂസീലൻഡിന്റെ ദുഃഖവും വേദനയും ലോകത്തിന്റെതന്നെ ദുഃഖവും വേദനയുമായി. പരസ്പര വിരുദ്ധമായ രണ്ടു ചിത്രങ്ങളാണ് ഈ സംഭവത്തിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്നത്. 

NEWZEALAND-SHOOTOUT

ഒന്ന് : രാജ്യങ്ങളും സമൂഹങ്ങളും മറ്റുള്ളവരെ അവരുടെ മത-സംസ്ക്കാര പശ്ചാത്തലം നോക്കാതെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയുംചെയ്യുന്നു.  അങ്ങനെ വംശീയ സഹവർത്തിത്വവും കുടിയേറ്റസൗഹൃദവും മുഖമുദ്രയായിത്തീർന്ന രാജ്യങ്ങളിൽ ഒന്നാണ് ന്യൂസീലൻഡ്.

രണ്ട് : പല രാജ്യങ്ങളിലും വംശീയവെറിയന്മാർ ഇൗ നിലപാടിനെതിരെ രോഷംകൊള്ളുകയും അക്രമം അഴിച്ചുവിടുകയുംചെയ്യുന്നു. മുൻപ് രഹസ്യമായി ചെയ്തിരുന്നത് ഇപ്പോൾ പരസ്യമായിത്തന്നെ ചെയ്യുന്നുവെന്ന വ്യത്യാസം മാത്രം. 

തരിമ്പുപോലും സങ്കോചമില്ലാതെ അതിനെ ന്യായീകരിക്കാനും അവർക്കു മടിയില്ല. ക്രൈസ്റ്റ്ചർച്ചിലെ കൂട്ടക്കൊലകൾക്ക് ഏതാനും മിനിറ്റുകൾക്കുമുൻപ്  ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡേൻ ഉൾപ്പെടെ പലർക്കുമായി കൊലയാളി ഇമെയിൽചെയ്ത 87 പേജുള്ള മാനിഫെസ്റ്റോ ഇതിനുദാഹരണമാണ്. 

മുസ്‌ലിങ്ങളെക്കുറിച്ചുളള അകാരണമായ ഭീതിയും (ഇസ്ലാമോഫോബിയ) അതിൽനിന്നുടലെടുത്ത വിദ്വേഷവുമാണ് അതിലുടനീളം. ലോകമൊട്ടുക്കും വെള്ളക്കാരുടെ മേധാവിത്തം നിലനിർത്താനുള്ള തീവ്രമായ ആഗ്രവും അതിൽ മുഴങ്ങുന്നു.  

തന്നെ ഇക്കാര്യത്തിൽ സ്വാധീനിച്ചവരുടെ പേരും കൊലയാളി അതിൽ പറഞ്ഞിട്ടുണ്ട്. അവരിൽ ഒരാൾ 2011ൽ യൂറോപ്പിലെ നോർവേയിൽ ബോംബാക്രമണത്തിലൂടെയും നേരിട്ടു വെടിവയ്പ്നടത്തിയും 77 പേരെ കൊന്നൊടുക്കിയ ആൻഡേഴ്സ് ബ്രെയ്വിക് എന്ന തീവ്രവലതുപക്ഷ ഭീകരനാണ്. മറ്റൊരാൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

വെള്ളക്കാരുടെ മേധാവിത്ത ബോധം സൃഷ്ടിക്കുന്ന വംശീയവെറി അമേരിക്കയിൽ ഒരു പുതിയ കാര്യമല്ല. കറുത്തവർഗക്കാരെയും അവരെ സഹായിക്കുന്നവരെയും ഒതുക്കാൻ കു ക്ളക്സ് ക്ളാൻ (കെകെകെ) ഭീകരർ അഴിച്ചുവിട്ട അക്രമണങ്ങൾ യുഎസ് ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. 

അത്തരമൊരു ചരിത്രം യൂറോപ്പിനുമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടിയിലും അതിനുമുൻപുള്ള വർഷങ്ങളിലും അവിടെ ജൂതർക്ക് അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ വിവേചനവും പീഡനങ്ങളും അതിനുദാഹരണമായിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് അറുപതു ലക്ഷത്തോളം ജൂതരാണ് കൊല്ലപ്പെട്ടത്. 

ജൂതവിരുദ്ധത (ആന്റിസെമിറ്റിസം) പിന്നീട് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായെങ്കിലും രഹസ്യതലങ്ങളിൽ തീർത്തും ഇല്ലാതായില്ല. അടുത്ത കാലത്തായി വീണ്ടും പൊതുരംഗത്തേക്കു തലനീട്ടാൻ തുടങ്ങിയിരിക്കുകയാണ്. ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ ചില രാഷ്ട്രീയ കക്ഷികളുടെ നയപരിപാടികൾ അതിനു സഹായകമാവുന്നു. 

changing-world-new-zealand-terror-attack
ദൈവത്തിന്റെ ഭവനങ്ങളായ ആരാധനാലയങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തുകളാണ്. അവിടെ ചോരപ്പുഴയൊഴുകുന്നതുവിശ്വാസികൾക്കു സങ്കൽപിക്കാൻ പോലും അസാധ്യം

ആന്റിസെമിറ്റിസത്തിന്റെ പുതിയ വേലിയേറ്റത്തിൽനിന്ന്്  അമേരിക്കയും വിമുക്തമല്ലെന്നു വിളിച്ചുപറയുകയായിരുന്നു കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ ഒരു ജൂതദേവാലയത്തിലുണ്ടായ ബോംബാക്രമണം. പതിനൊന്നുപേർ കൊല്ലപ്പെട്ടു. 

ജൂതരുടെ നേരെ ഇത്രയും വലിയ ഒരാക്രമണം മുൻപൊരിക്കലും അമേരിക്കയിലുണ്ടായിട്ടില്ല. കഴിഞ്ഞ ചില വർഷങ്ങളിൽ മുസ്‌ലികൾക്കും ജൂതർക്കും എതിരെ വലുതും ചെറുതുമായ ഒട്ടേറെ ആക്രമണങ്ങൾ നടന്നു. ട്രംപിന്റെ പല തീരുമാനങ്ങളും മുസ്‌ലിം വിരുദ്ധമാണെന്നും വിമർശിക്കപ്പെടുകയുണ്ടായി.

ട്രംപ് പ്രസിഡന്റായ ശേഷം കറുത്ത വർഗക്കാരുടെ നേരെയുള്ള വംശീയാക്രമണങ്ങളും വർധിച്ചുവെന്നു കണക്കുകൾ പറയുന്നു. കുടിയേറ്റക്കാരും ഭീഷണിയിലായി. 

അമേരിക്ക അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദികൾ അനധികൃത കുടിയേറ്റക്കാരാണെന്ന മട്ടിലുള്ള ട്രംപിന്റെ പ്രസംഗങ്ങളും പ്രസ്താവനകളും അവർക്കിടയിൽ മുൻപൊരിക്കലും ഇല്ലാത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.  തീവ്രദേശീയതയുടെ വക്താക്കളും വെള്ളക്കാരുടെ മേധാവിത്തത്തിനുവേണ്ടി വാദിക്കുന്നവരും വൈറ്റ്ഹൗസിൽ ഒരു സുഹൃത്തിനെ കാണുന്നു. 

ട്രംപിന്റെ സമീപനം ന്യൂസീലൻഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയ്ക്ക് അകത്തും പുറത്തും ചൂടുപിടിച്ച ചർച്ചയ്ക്കു വിഷയമായിരിക്കുകയാണ്. അതേ പശ്ചാത്തലത്തിൽതന്നെ മാനവികതയുടെയും നേതൃവൈഭവത്തിന്റെയും സമചിത്തതയുടെയും ഒരു പുതിയ പ്രതീകവും ഉയർന്നുവന്നിട്ടുണ്ട്. 

ന്യൂസീലൻഡിലെ മുപ്പത്തെട്ടുകാരിയായ വനിതാ പ്രധാനമന്ത്രി ജസിന്ത ആർഡേനാണ് ഇൗ പ്രതീകം. ക്രൈസ്റ്റ്്ചർച്ച് കൂട്ടക്കുരുതിയോട്  അവർ പ്രതികരിച്ച പക്വതയാർന്ന രീതി ലോകത്തിന്റെ മുഴുവൻ ആദരവിനു പാത്രമായി. ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കൾക്ക് ആശ്വാസം പകരാൻ മുസ്‌ലിം സ്ത്രീകളെപ്പോലെ ശിരോവസ്ത്രമണിഞ്ഞാണ് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെയും നയിച്ച് അവർ എത്തിയത്.  

NEWZEALAND-SHOOTOUT

പുറത്തുനിന്നു വന്ന എല്ലാവരെയും സ്വന്തം ആളുകളായിട്ടാണ് ന്യൂസീലൻഡ് കാണുന്നതെന്നു പറഞ്ഞ അവർ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിക്കുകയും അതിനു പ്രേരകമായിത്തീർന്ന വംശീയവെറിയെയും അന്യസംസ്ക്കാര വിദ്വേഷത്തെയും തള്ളിപ്പറയുകയും ചെയ്തു. മസ്ജിദുകൾക്കു മുന്നിലും വഴിയോരങ്ങളിലും പൂക്കൾവച്ച് ന്യൂസീലൻഡ് ജനത പ്രകടിപ്പിച്ച വികാരവും  ഇതുതന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ