തൂക്കുമരത്തിൽ അവസാനിച്ച വിവാദ ജീവിതം

HIGHLIGHTS
  • ഇരുപത്തൊൻപതാം വയസ്സിൽ മന്ത്രി
  • സിയാ മരിച്ചതും ഭീകരമായ വിധത്തിൽ
death-anniversary-of-former-pak-prime-minister-zulfiqar-ali-bhutto
(സീനിയറായ മറ്റു പലരുടെയും തലയ്ക്കു മുകളിലൂടെ ജനറൽ സിയായെ പട്ടാളത്തലവനാക്കിയത് ഭൂട്ടോയായിരുന്നു. ഭൂട്ടോയെ സിയാ അട്ടിമറിക്കുകയും കൊലക്കേസിൽ കുടുക്കുകയും ചെയ്തു)
SHARE

പാക്കിസ്ഥാനിൽ ഒരു മുൻപ്രധാനമന്ത്രിയെ സാധാരണ ക്രിമിനലിനെപ്പോലെ തൂക്കിക്കൊന്നതു 40 വർഷം മുൻപ് ഇൗയാഴ്ചയായിരുന്നു. 1979 ഏപ്രിൽ നാല് അങ്ങനെ പാക്ക് ചരിത്രത്തിലെ ഹിംസയും അട്ടിമറിയും പകപോക്കലും അടയാളപ്പെടുത്തുന്ന അനേകം തീയതികളിലൊന്നായി. 

ഒൻപതു വർഷം കേന്ദ്രമന്ത്രിയും, ഒന്നര വർഷം പ്രസിഡന്റും നാലു വർഷം പ്രധാനമന്ത്രിയുമായിരുന്ന സുൽഫിഖാർ അലി ഭൂട്ടോയ്ക്ക് മരിക്കുമ്പോൾ വയസ്സ് 51. കൊലമരത്തിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യമെന്നു ശത്രുക്കൾപോലും നിനച്ചിട്ടുണ്ടാവില്ല. രാഷ്ട്രീയത്തിൽ കാലെടുത്തുവച്ചതു മുതൽക്കുള്ള ഭൂട്ടോയുടെ ജൈത്രയാത്ര ആ വിധത്തിലുള്ളതായിരുന്നു. 

ആരാധാകരെ ഏറെ സമ്പാദിച്ച ഒരാളായിരുന്നു ഭൂട്ടോ. ഒട്ടേറെ ശത്രുക്കളെയും സമ്പാദിച്ചു. അതൊടുവിൽ അപകടകമായി. ജനറൽ സിയാ-ഉൽ-ഹഖിന്റെ നേതൃത്വത്തിൽ പട്ടാളം 1977ൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുകയും അധികാരം പിടിച്ചടക്കുകയും ചെയ്തു. ഭൂട്ടോയെ കൊലക്കേസിൽ കുടുക്കിയതും സിയാ തന്നെയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ മുംബൈയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സർ ഷാനവാസ് ഭൂട്ടോയുടെ മകനായിരുന്നു സുഹൃത്തുക്കൾ സുൽഫിയെന്നു വിളിച്ചിരുന്ന സുൽഫിഖാർ അലി ഭൂട്ടോ. ബ്രിട്ടനിലെയും അമേരിക്കയിലെയും  സർവകലാശാലകളിൽ പഠിച്ചു. കുറച്ചുകാലം അഭിഭാഷകനായി ജോലിചെയ്തു. 

ziaul-haq
ജനറൽ സിയാ-ഉൽ-ഹഖ്

ഇരുപത്തൊൻപതാം വയസ്സിൽ (1957ൽ) പ്രസിഡന്റ് ഇസ്ക്കന്ദർ മീർസയുടെ ക്യാബിനറ്റിൽ മന്ത്രിയായി. അതോടെയായിരുന്നു സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 

മീർസയെ പുറത്താക്കി 1958ൽ പട്ടാളത്തലവൻ ജനറൽ അയൂബ് ഖാൻ ഭരണം പിടിച്ചടക്കിയപ്പോൾ ഭൂട്ടോയും അയൂബിനോടൊപ്പം ചേർന്നു. പല വകുപ്പുകളിലും മന്ത്രിയായ ശേഷം മുപ്പത്തഞ്ചാം വയസ്സിൽ വിദേശമന്ത്രിയായി. അതോടെ രാജ്യാന്തരതലത്തിൽ, വിശേഷിച്ച്, ഇന്ത്യയിൽ  ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.

ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും ഭൂട്ടോയ്ക്കു സ്വന്തം നാട്ടിൽ ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇന്ത്യയ്ക്കെതിരെ ചൈനയുമായി  സഖ്യമുണ്ടാക്കുന്നതിലും ഭൂട്ടോ നിർണായക പങ്കുവഹിച്ചു. 

ഒടുവിൽ അയൂബുമായും  പിണങ്ങി. അതിനുള്ള കാരണവും ഇന്ത്യയോടുള്ള നിലപാടിലെ കാർക്കശ്യമായിരുന്നു. 1965ലെ ഇന്ത്യ-പാക്ക് യുദ്ധമായിരുന്നു അതിന്റെ പശ്ചാത്തലം. സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ താഷ്ക്കെന്റിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹാദുർ ശാസ്ത്രിയുമായി അയൂബ് ഒപ്പുവച്ച സമാധാന കരാർ ഭൂട്ടോയ്ക്ക് ഇഷ്ടമായില്ല. 

അയൂബിനെതിരെ ഭൂട്ടോ പ്രക്ഷോഭണം തുടങ്ങി. അതു മൂർഛിച്ചപ്പോൾ പട്ടാളത്തലവൻ ജനറൽ യഹ്യാഖാൻ ഇടപെടുകയും അതോടെ അയൂബിന്റെ ഭരണം അവസാനിക്കുകയും ചെയ്തു. റോട്ടി, കപഡ, മകാൻ (ഭക്ഷണം, വസ്ത്രം, പാർപ്പിടം) എന്ന മുദ്രാവാക്യവുമായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്ന പുതിയ കക്ഷിക്കു പാർട്ടിക്ക് രൂപം നൽകിയത് അതിനുശേഷമായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് അതു പാക്ക് രാഷ്ട്രീയത്തിൽ മുൻനിരയിൽ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. 

എന്നാൽ, പാക്കിസ്ഥാനിലെ ജനാധിപത്യരീതിയിലുള്ള ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് 1970ൽ നടന്നപ്പോൾ ഏറ്റവും മുന്നിലെത്തിയത് പിപിപിയല്ല, കിഴക്കൻ പാക്കിസ്ഥാനിലെ അവാമിലീഗായിരുന്നു. ഭൂട്ടോയും തിരഞ്ഞെടുപ്പ് നടത്തിയ പട്ടാള ഭരണാധിപനായ യഹ്യായും ഒരുപോലെ ഞെട്ടി. 

അവാമിലീഗ് നേതാവ് ഷെയ്ക്ക് മുജീബുർ റഹ്മാൻ (ഇപ്പോഴത്തെ ബംഗ്‌ളദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ പിതാവ്) പാക്ക് പ്രധാനമന്ത്രിയാവുന്നത് ഇരുവർക്കും സങ്കൽപ്പിക്കാൻ പോലുമായില്ല. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഭൂരിപക്ഷം നേടിയ പിപിപിയുടെ നേതാവെന്ന നിലയിൽ താൻ  പ്രധാനമന്ത്രിയാകുന്നത് സ്വപ്നം കാണുകയായിരുന്നു ഭൂട്ടോ.   

തുടർന്നുണ്ടായ ഘോര സംഭവങ്ങളാണ് കിഴക്കൻ പാക്കിസ്ഥാന്റെ വിമോചന സമരത്തിലേക്കും 1971ൽ ബംഗ്ളദേശ് എന്ന പേരിൽ അതൊരു സ്വതന്ത്ര

രാഷ്ട്രമാകുന്നതിലേക്കും നയിച്ചത്. കിഴക്കൻ പാക്കിസ്ഥാനിൽ പാക്ക് പട്ടാളം നടത്തിയ നരനായാട്ടിനെ ഭൂട്ടോയും അനുകൂലിച്ചു. രാജിവയ്ക്കാൻ നിർബന്ധിതനായ ജനറൽ യഹ്യാഖാനിൽ നിന്നു രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഭൂട്ടോ ഏറ്റെടുക്കുകയും ചെയതു.  

ബംഗ്ളദേശ് വിമോചന സമരകാലത്ത് ഇന്ത്യയെ ആക്രമിച്ച പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണേറ്റത്. അവരുടെ 8000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യയുടെ അധീനത്തിലാവുകുയും 93000 പാക്ക് ഭടന്മാർ തടവിലാവുകയും ചെയ്തു.

അവരെ മോചിപ്പിക്കുകയും സ്ഥലം വീണ്ടെടുക്കുകയും ചെയ്യുന്നതു പ്രസിഡന്റ് എന്ന നിലയിലുള്ള ഭൂട്ടോയുടെ പ്രഥമ ചുമതലയായി. അതിനുവേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കാണാൻ മകൾ ബേനസീറിനോടൊപ്പം 1972 ജൂലൈയിൽ അദ്ദേഹം ഷിംലയിലെത്തിയത് ഇന്ത്യ-പാക്ക് ബന്ധത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാവുകയും ചെയ്തു. പത്തൊൻപതാംവയസ്സിൽ ബേനസീർ ലോകശ്രദ്ധയാകർഷിക്കാൻ  തുടങ്ങിയതും അതോടെയായിരുന്നു.

Indira-bhutto
ഇന്ദിര ഗാന്ധിയെ കാണാൻ മകൾ ബേനസീറിനോടൊപ്പം ഷിംലയിലെത്തിയ സുൽഫിഖാർ അലി ഭൂട്ടോ

പാക്ക് പ്രദേശം ഇന്ത്യ വിട്ടുകൊടുക്കുകയും പാക്ക് ഭടന്മാരെ വിട്ടയയ്ക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷീയ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ വ്യവസ്ഥചെയ്യുന്ന ചരിത്രപ്രധാനമായ ഷിംല കരാറിൽ ഇരുനേതാക്കളുംഒപ്പുവച്ചു. ആ വ്യവസ്ഥ പാക്കിസ്ഥാൻ പിന്നീടു പല തവണ ലംഘിച്ചുവെങ്കിലും ഇന്ത്യ ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നു. 

പുതിയ ഭരണഘടന 1973ൽ നിലവിൽ വന്നതോടെയാണ് ഭൂട്ടോ പ്രധാനമന്ത്രിയായത്. പക്ഷേ, പിപിപിയുടെ സോഷ്യലിസ്റ്റ് നയപരിപാടികൾ അദ്ദേഹം നടപ്പാക്കാൻ തുടങ്ങിയതോടെ എതിർപ്പുകൾ പൊട്ടിപ്പുറപ്പെട്ടു എതിർക്കുന്നവരെ അദ്ദേഹം അടിച്ചമർത്തുകയാണെന്ന ആരോപണവുമുണ്ടായി. 

ആ പശ്ചാത്തലത്തിൽ ഒൻപതു പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേർന്നാണ് 1977 മാർച്ചിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിപിപിയെ നേരിട്ടത്. പിപിപി വൻവിജയം നേടിയപ്പോൾ വ്യാപകമായ കൃത്രിമം നടന്നതായി ആരോപിച്ച് അവർ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. 

രണ്ടു മാസം നീണ്ടുനിന്ന പ്രക്ഷോഭത്തിനെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ ഭൂട്ടോ നടത്തിയ ശ്രമം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ഒട്ടേറെ പേർമരിച്ചു. ഒടുവിൽ, ജനറൽ സിയാ-ഉൽ-ഹഖിന്റെ നേതൃത്വത്തിൽ പട്ടാളം ഇടപെടുകയും ഭൂട്ടോയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. 

സീനിയറായ മറ്റു പലരുടെയും തലയ്ക്കു മുകളിലൂടെ ജനറൽ സിയായെ പട്ടാളത്തലവനാക്കിയത് ഭൂട്ടോയായിരുന്നു. ആവശ്യം വരുമ്പോൾ സിയാ തന്നോടു കൂറുകാണിക്കുമെന്നു സ്വാഭാവികമായും അദ്ദേഹം കരുതിയിട്ടുണ്ടാവാം. 

അതേസമയം, സിയയെ "മങ്കി'യെന്നും മറ്റും വിളിച്ച് പരസ്യമായി അപമാനിക്കുന്നതിൽ ഭൂട്ടോ ആനന്ദം കണ്ടിരുന്നതായും പറയപ്പെടുന്നു. 

സ്ഥാനഭ്രഷനാക്കപ്പെട്ട ശേഷം തന്നെ കാണാനെത്തിയ സിയയെ ഭൂട്ടോ ഭീഷണിപ്പെടുത്തിയതായും അഭ്യൂഹം പ്രചരിച്ചു. താമസംവിനാ താൻ അധികാരത്തിൽ തിരിച്ചെത്തുമെന്നും അപ്പോൾ കാണിച്ചുതരാമെന്നും പറഞ്ഞുവത്രേ. 

ഭൂട്ടോ ഒരിക്കലും തിരിച്ചുവരാതിരിക്കുകയെന്നത് ഇതോടെ സിയായുടെ ജീവിതവ്രതമായിത്തീർന്നിരിക്കാം. പഴയ ഒരു കൊലക്കേസിൽ ഭൂട്ടോ പ്രതിയായത് അതിന്റെ ഫലമായിട്ടാണെന്നും പറയപ്പെടുന്നു. 

പിപിപിയിൽനിന്നു തെറ്റിപ്പിരിയുകയും ഭൂട്ടോയുടെ കടുത്ത വിമർശകനാവുകയുംചെയ്ത അഹമദ് റസ കസൂരിയുടെ പിതാവ് നവാബ് മുഹമ്മദ് അഹമദ് ഖാൻ കസൂരിയാണ് 1974ൽ കൊല്ലപ്പെട്ടത്. ഭൂട്ടോയുടെ കൽപ്പനപ്രകാരം അദ്ദേഹത്തിന്റെ കിങ്കരന്മാർ മകൻ കസൂരിക്കെതിരെ നടത്തിയ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടുവെന്നായിരുന്നു കേസ്. 

കീഴ്ക്കോടതിയിൽ വിചാരണ ചെയ്യാതെ കേസ് നേരെ ലഹോർ ഹൈക്കോടതിയിലാണെത്തിയത്. ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. നീതി നിർവഹിക്കുന്നതിനേക്കാളേറെ സിയായെ പ്രീണിപ്പിക്കുന്നതിൽ ജഡ്ജിമാർ വ്യഗ്രത കാട്ടിയെന്നായിരുന്നു റിപ്പോർട്ടുകൾ. 

ദയാഹർജികളും തള്ളപ്പെട്ടു. 1979 ഏപ്രിൽ നാലിനു പുലർച്ച രണ്ടു മണിക്കു റാവൽപിണ്ടി ജയിലിൽവച്ച് ഭൂട്ടോയെ തൂക്കിക്കൊന്നു.

ഭൂട്ടോയുടെ സന്താനങ്ങളെയും ദുരന്തം വേട്ടയാടാതിരുന്നില്ല. മകൾ ബേനസീർ രണ്ടു തവണ പ്രധാനമന്ത്രിയായെങ്കിലും രണ്ടു തവണയും പിരിച്ചുവിടപ്പെട്ടു. മൂന്നാം തവണയും ആ പദവി നേടിയെടുക്കാനുള്ള  ശ്രമത്തിനിടയിൽ 2007 ഡിസംബറിൽ അൻപത്തിനാലാം വയസ്സിൽ റാവൽപിണ്ടിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.  

benazir
ബേനസീർ ഭൂട്ടോ

ഭൂട്ടോയുടെ പുത്രന്മാരായ മുർത്തസയും ഷാനവാസും മരിച്ചതും അസാധാരണ സാഹചര്യത്തിലായിരുന്നു. ഇരുപത്തിയാറുകാരനായിരുന്ന ഷാനവാസ് 1983 ജൂലൈയിൽ ഫ്രാൻസിലെ നീസിൽ വിഷം ഉള്ളിൽചെന്നു മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആ സംഭവത്തിലും സിയായ്ക്കു പങ്കുണ്ടെന്നായിരുന്നു ആരോപണം.

മുർത്തസ (42) ബേനസീറുമായും ഭർത്താവ് ആസിഫ് അലി സർദാരിയുമായും രാഷ്ട്രീയ കാരണങ്ങളാൽ പിണങ്ങി. ബേനസീർപ്രധാനമന്ത്രിയായിരിക്കേ 1996 സെപ്റ്റംബറിൽ കറാച്ചിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇൗ സംഭവങ്ങളും പാക്കിസ്ഥാനിലെ അക്രമ രാഷ്ട്രീയത്തിന്റെ ഉളളറകളിലേക്കു വിരൽ ചൂണ്ടുന്നു.  

മറ്റൊരു വിധത്തിലായിരുന്നുവെങ്കിലും ഭീകരമായിരുന്നു അറുപത്തിനാലാം വയസ്സിൽ ജനറൽ സിയായുടെയും അന്ത്യം. 1988 ഒാഗസ്റ്റ് 17ന് അദ്ദേഹം കയറിയിരുന്ന വ്യോമസേനാ വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.  

ഭവൽപൂരിൽ നിന്ന് ഇസ്ലാമാബാദിലേക്കു മടങ്ങുകയായിരുന്ന അദ്ദേഹത്തോടൊപ്പം പാക്ക് പട്ടാളത്തിലെ ഏറ്റവും ഉന്നതരായ ചില ഉദ്യോഗസ്ഥരും യുഎസ് അംബാസ്സഡർ ആർണോൾഡ് റാഫേലും ഉൾപ്പെടെ മറ്റു 30 പേരുമുണ്ടായിരുന്നു. എല്ലാവരും മരിച്ചു. സിയായുടെ ഛിന്നഭിന്നമായ ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയാൻ പോലും പ്രയാസം നേരിട്ടു. 

അപകടത്തിനു കാരണമെന്ത് ? അട്ടിമറിയാണോ ?എങ്കിൽ ആരാണുത്തരവാദി ? ആർക്കുമറിയില്ല. സംഭവത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടന്നുവെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക്ക് ചരിത്രം വിചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ