തിരിച്ചുവരുന്ന വ്യാപാരയുദ്ധം

HIGHLIGHTS
  • ചൈന ചതിക്കുന്നുവെന്നു ട്രംപ്്
  • ഒത്തുതീർപ്പ് ശ്രമം പരാജയം
us-china-trade-war4
ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു കൊണ്ടു തുല്യനിലയിൽ അമേരിക്കയുമായി ഏറ്റുമുട്ടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. എന്നാൽ, വ്യാപാര യുദ്ധം മറ്റു രംഗങ്ങളിലേക്കു കൂടി വ്യാപിപ്പിച്ച് പകരംവീട്ടാൻ ഒരുപക്ഷേ ചൈനയ്ക്കു കഴിഞ്ഞേക്കാം
SHARE

ചെറിയൊരു ഇടവേളയ്ക്കുശേഷം യുഎസ്-ചൈന വ്യാപാരയുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സാധാരണ യുദ്ധത്തിലുണ്ടാവുന്ന മാതിരി ആളപായമൊന്നും ഇൗ യുദ്ധത്തിലില്ല. എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുളള വടംവലി ആഗോള സാമ്പത്തിക സ്ഥിതിയിൽ ആഴത്തിലുള്ള പരുക്കേൽപ്പിക്കാൻ ഇടയാക്കുമെന്നു പലരും ഭയപ്പെടുന്നു. 

ഒരു വർഷം മുൻപായിരുന്നു യുദ്ധത്തിന്റെ തുടക്കം. മാസങ്ങളോളം അതു നീണ്ടുനിൽക്കുകയും അതിന്റെ പ്രത്യാഘാതങ്ങൾ ലോകമൊട്ടുക്കും അനുഭവപ്പെടുകയും ചെയ്തു. 

ഒടുവിൽ ഡിസംബർ ആദ്യത്തിൽ യു. എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിങ്പിങ്ങും അർജന്റീനയിലെ ബ്യൂനസ് എെറിസിൽ ജി-20 ഉച്ചകോടിക്കിടയിൽ തമ്മിൽ കണ്ടു. തുടർന്നു, വെടിനിർത്തലുണ്ടാവുകയും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടങ്ങുകയുംചെയ്തു. 

ഇൗയിടെ വാഷിങ്ടണിൽ യുഎസ് വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്ഹിസറും ചൈനീസ് ഉപപ്രധാനമന്ത്രി ലിവ് ഹേയും തമ്മിൽ നടന്ന ചർച്ച ഒത്തുതീർപ്പിന്റെ വക്കോളമെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ, ചർച്ച അലസിപ്പിരിഞ്ഞു. ചൈനയെയാണ് ട്രംപ് അതിനു കുറ്റപ്പെടുത്തിയത്. 

കൂടുതൽ കാത്തുനിൽക്കാതെ അദ്ദേഹം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 10) വ്യാപാരയുദ്ധം പുനരാരംഭിക്കുകയും ചെയ്തു. അമേരിക്കയിൽ എത്തുന്ന 200 ശതകോടി ഡോളർ വിലവരുന്ന ചൈനീസ് ചരക്കുകളുടെ മേലുള്ള ഇറക്കുമതിച്ചുങ്കം അദ്ദേഹം ഇരട്ടിയിലേറെ വർധിപ്പിച്ചു.  

us-china-trade-war2

പത്തു  ശതമാനമായിരുന്ന ചുങ്കം അങ്ങനെ ഒറ്റയടിക്ക് 25 ശതമാനമായി. ഹാൻഡ് ബാഗ് പോലുള്ള ഉപഭോക്തൃ സാധനങ്ങൾ മുതൽ റയിൽവെ ഉപകരണങ്ങൾ പോലുളള വ്യാവസായികോൽപ്പന്നങ്ങൾക്കുവരെ ഇൗ വർധന ബാധകമാകുന്നു. 

തിരിച്ചടിയുണ്ടാകുമെന്ന് അന്നുതന്നെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. നാലാം ദിവസം അവരതു നടപ്പാക്കുകയും ചെയ്തു. 

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 60 ശതകോടി ഡോളർ വിലയ്ക്കുളള ചരക്കുകളുടെ മേലുളള ചുങ്കം ജൂൺ ഒന്നുമുതൽ വർധിപ്പിക്കുമെന്നാണ് ചൈനയുടെ 

പ്രഖ്യാപനം. ആടുമാടുകളുടെയും പന്നിയുടെയും മാംസം, പച്ചക്കറി, പഴസ്സത്ത്്, തേയില, കാപ്പി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള 4000ൽപ്പരം യുഎസ് സാധനങ്ങളുടെ മേൽ അഞ്ചു ശതമാനം മുതൽ 25 ശതമാനംവരെ ചുങ്കം വർധിക്കും. 

ഇതിനുള്ള തിരിച്ചടിയെന്ന നിലയിൽ 325 ശതകോടി ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽകൂടി 25 ശതമാനം ചുങ്കം ചുമത്താൻ ട്രംപ് ആലോചിക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതോടെ ചൈനയിൽനിന്നുളള ചരക്കുകൾ ഏതാണ്ടു മുഴുവനും  കർശനമായ യുഎസ് ഇറക്കുമതിച്ചുങ്കത്തിന്റെ പരിധിയിലാകും.  

us-china-trade-war-1

അതിനെതിരെ തുല്യമായ തോതിൽ തിരിച്ചടിക്കാൻ ചൈനയ്ക്കാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, 110 ശതകോടി ഡോളറിന്റെ യുഎസ് ഇറക്കുമതിയുടെമേൽ ചൈന ഇതിനകംതന്നെ ചുങ്കം ചുമത്തിക്കഴിഞ്ഞു. 

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് അമേരിക്കയിൽനിന്നുള്ള ചൈനയുടെ ഇറക്കുമതിയുടെ മൊത്തംമൂല്യം 120.3 ശതകോടി ഡോളറാണ്. ഇനിയും ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ അധികമൊന്നും പഴതുകൾ ബാക്കിയില്ലെന്നർഥം. 

എങ്കിലും, അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സോയാബീൻ പോലുള്ള കാർഷികോൽപ്പന്നങ്ങളുടെ മേലുള്ള ചുങ്കം ചൈന ഇരട്ടിയാക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. യുഎസ് കാർഷികോൽപ്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈന. 

സോയാബീനു കഴിഞ്ഞ വർഷം 25 ശതമാനം ഇറക്കുമതിച്ചുങ്കം  ചുമത്തിയതോടെ തന്നെ ചൈനയിൽ അതിന്റെ വിലകൂടുകയും ഡിമാൻഡ് കുറയുകയും ചെയ്യുകയുണ്ടായി. ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിനിന്നുള്ളതും താരതമ്യേന കുറഞ്ഞ വിലക്കു കിട്ടുന്നതുമായ സോയാബീനിലേക്കു ചൈനക്കാർ തിരിഞ്ഞു. 

അതോടെ യുഎസ് സോയാബീൻ കയറ്റുമതി കുറയുകയും സോയാബീൻ കൃഷി-ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന മൂന്നു ലക്ഷം അമേരിക്കക്കാർ കഷ്ടത്തിലാവുകയും ചെയ്തു. സോയാബീൻ ഇറക്കുമതിച്ചുങ്കം ചൈന ഇനിയും വർധിപ്പിക്കുന്നത് സ്വാഭാവികമായും ഇവരെ അസ്വസ്ഥരാക്കും. ഇവർ പൊതുവിൽ രാഷ്ട്രീയമായി ട്രംപിനെ അനുകൂലിക്കുന്നവരുമാണ്. 

പല രാജ്യങ്ങളുമായും, വിശേഷിച്ച് ചൈനയുമായി, നടക്കുന്ന വ്യാപാരത്തിൽ ദീർഘകാലമായി അമേരിക്കയ്ക്കു വൻതോതിലുള്ള കമ്മി അനുഭവപ്പെടുകയാണെന്ന ട്രംപിന്റെ പരാതിയാണ് ഇൗ വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലം. ഉദാഹരണമായി കഴിഞ്ഞ വർഷം 539.5 ശതകോടി ഡോളർ വിലയ്ക്കുളള ചരക്കുകളാണ് അമേരിക്ക ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. 120.3 ശതകോടി ഡോളറിന്റെ സാധനങ്ങൾ ചൈനയിലേക്കു കയറ്റിയയ്ക്കുകയും ചെയ്തു. വ്യാപാരക്കമ്മി 419.2 ശതകോടി ഡോളർ. 

ഇതിനി അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ട്രംപ്. പ്രസിഡന്റാകുന്നതിനു മുൻപുതന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അമേരിക്കയെ ചൈന ചതിക്കുകയാണെന്ന ആരോപണവും അദ്ദേഹം  ഉന്നയിക്കുന്നുണ്ട്.  

ചൈനയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികളെ നിർബന്ധിച്ചും പ്രലോഭിപ്പിച്ചും അവരുടെ സാങ്കേതിക ജ്ഞാനം ചൈന തട്ടിയെടുക്കുകയാണെന്നും അങ്ങനെ പ്രതിവർഷം 

300 ശതകോടി ഡോളറിന്റെ ബൗദ്ധിക സ്വത്തു മോഷ്്ടിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. തന്റെ മുൻഗാമികളുടെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമെന്നു തുറന്നടിക്കാനും അദ്ദേഹം മടിക്കുന്നില്ല. 

ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 50 ശതകോടി ഡോളറിന്റെ 1300 ചൈനീസ് ഉൽപന്നങ്ങളുടെ മേൽ 25 ശതമാനം ചുങ്കം ചുമത്തുമെന്ന കഴിഞ്ഞ വർഷം ഏപ്രിലിലെ ട്രംപിന്റെ പ്രഖ്യാപനത്തോടെയായിരുന്നു വ്യാപാരയുദ്ധത്തിന്റെ തുടക്കം. പതിനൊന്നു മണിക്കൂറിനകം ചൈന തിരിച്ചടിക്കുകയും 50 ശതകോടി ഡോളറിന്റെ നൂറിൽപ്പരം യുഎസ് ഉൽപ്പന്നങ്ങളുടെ മേൽ 25 ഇറക്കുമതിച്ചുങ്കം ചൂമത്തുകയാണെന്നു പ്രഖ്യാപിക്കുകയുംചെയ്തു.  

ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമ്പോൾ അമേരിക്കയിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നു. അതുകാരണം അമേരിക്കക്കാർ അവ വാങ്ങുന്നതു നിർത്തുകയും താരതമ്യേന വിലകുറഞ്ഞ സമാനമായ യുഎസ് ഉൽപന്നങ്ങൾ വാങ്ങാൻ തയാറാവുകയും ചെയ്യും. അതോടെ അമേരിക്കയിൽ വ്യാവസായികരംഗം ശക്തിപ്പെടുകയും തൽഫലമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതാണ് ട്രംപിന്റെ വാദം. 

ഇതിനോടു പക്ഷേ, അമേരിക്കയിൽ തന്നെ പലരും യോജിക്കുന്നില്ല. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്്തുവരുന്നതുപോലുള്ള സാധനങ്ങളിൽ പലതും അമേരിക്കയിൽ നിർമിക്കുന്നില്ല. അവ നിർമിക്കാനുള്ള സംവിധാനങ്ങൾ പുതുതായി ഉണ്ടാക്കുന്നത് ഒട്ടും എളുപ്പവുമല്ല. 

trump-xi.jpg.image.784.410

ഇൗ സാഹചര്യത്തിൽ, ചൈനീസ് ഉൽപ്പന്നങ്ങൾ തന്നെ കൂടിയവിലയ്ക്കു വാങ്ങാൻ യുഎസ് ഉപഭോക്താക്കൾ നിർബന്ധിതരായിത്തീരും. നഷ്ടം സഹിക്കുന്നതു ചൈനയല്ല, ഇവരായിരിക്കുമെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. വ്യാപാരയുദ്ധം മൂലം അമേരിക്കയ്ക്കും ചൈനയ്ക്കും നഷ്ടം സംഭവിച്ചേക്കാമെന്നു ട്രംപിന്റെ വ്യാപാരകാര്യ ഉപദേഷ്ടാവ് ലാറി കുഡ്ലോവ് പറഞ്ഞതും അവർ ഉദ്ധരിക്കുന്നു. 

ഇറക്കുമതിച്ചുങ്കം അടിക്കടി വർധിപ്പിച്ചുകൊണ്ടു തുല്യനിലയിൽ അമേരിക്കയുമായി ഏറ്റുമുട്ടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. എന്നാൽ, വ്യാപാര യുദ്ധം മറ്റു രംഗങ്ങളിലേക്കു കൂടി 

വ്യാപിപ്പിച്ചുകൊണ്ടു പകരംവീട്ടാൻ ഒരുപക്ഷേ ചൈനയ്ക്കു കഴിഞ്ഞേക്കാം. ചൈനയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികളാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരിക. 

ഇനിയെന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജി-20 രാഷ്ട്രങ്ങളുടെ അടുത്ത ഉച്ചകോടി ജൂൺ അവസാനത്തിൽ ജപ്പാനിലെ ഒസാക്കയിൽ നടക്കുകയാണ്. അവിടെ അമേരിക്കയുടെയും ചൈനയുടെയും പ്രസിഡന്റുമാർ തമ്മിൽ കൂടിക്കാഴ്ച നടക്കാനും സാധ്യതയുണ്ട്. വ്യാപാരത്തർക്കം രമ്യമായി പരിഹരിക്കാൻ അവർക്കു ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കും ഒരുപക്ഷേ അത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ