വംശീയതയുടെ ട്രംപാരവം

HIGHLIGHTS
  • പ്രസിഡന്‍റിനു സഭയുടെ കുറ്റപ്പെടുത്തല്‍
  • ഇംപീച്മെന്‍റിനും ശ്രമം
donald-trump-attacks-democratic-congress-women
ട്രംപിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കു പാത്രമായ നാലു പ്രതിനിധി സഭാംഗങ്ങളും (വനിതകള്‍)വെള്ളക്കാരല്ലാത്തവരാണ്. അതിനാല്‍ അവര്‍ അമേരിക്കക്കാരല്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.
SHARE

‘വൈറ്റ്ഹൗസില്‍ ഒരു വംശീയവാദി’ എന്നാണ് അമേരിക്കയിലെ ‘ദ് ന്യൂയോര്‍ക്കര്‍’ മാസികയുടെ പുതിയ ലക്കത്തിലെ ഒരു ലേഖനത്തിന്‍റെ തലക്കെട്ട്. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വംശീയവാദിയാണെന്നോ ?

അല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവൃത്തികളിലും പലപ്പോഴും കടുത്ത വര്‍ഗീയത മുഴച്ചുനില്‍ക്കുന്നുവെന്ന ആരോപണം നേരത്തെതന്നെയുണ്ട്. ഈയിടെ അതു വീണ്ടും സജീവ ചര്‍ച്ചാവിഷയമായി. വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ ട്രംപിനെ ശാസിക്കുന്ന ഒരു പ്രമേയം ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 16) യുഎസ് പ്രതിനിധി സഭ   

പാസ്സാക്കുകയും ചെയ്തു. നൂറിലേറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുന്നത് ഇതാദ്യമാണത്രേ.  യുഎസ് പാര്‍ലമെന്‍റിന്‍റെ (കോണ്‍ഗ്രസ്) രണ്ടു സഭകളില്‍ ഒന്നാണ് 435 അംഗ പ്രതിനിധി സഭ. ഇത്തവണ ട്രംപിന്‍റെ വിവാദ 

പരാമര്‍ശങ്ങള്‍ക്കിരയായത് ആ സഭയിലെ നാലു വനിതാ അംഗങ്ങളാണ്-പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരായ പുതുമുഖങ്ങള്‍. 

ട്രംപിന്‍റെ പരാമര്‍ശങ്ങളില്‍ വംശീയത ആരോപിക്കുകയും കഠിനമായി അപലപിക്കുകയും ചെയ്യുന്ന പ്രമേയം 187ന് എതിരെ 240 വോട്ടുകളോടെയാണ് സഭ പാസ്സാക്കിയത്. അതായത് സഭയിലെ മുഴുവന്‍ (235) ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ക്കു പുറമെ ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ നാലു പേരും ഒരു സ്വതന്ത്രനും പ്രമേയത്തെ അനുകൂലിച്ചു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്നു അടുത്ത കാലത്തു രാജിവച്ചയാളാണ് സ്വതന്ത്രന്‍. 

ട്രംപിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കു പാത്രമായ നാലുവനിതകളും വെള്ളക്കാരല്ലാത്തവരാണ്. അതിനാല്‍ അവര്‍ അമേരിക്കക്കാരല്ലെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. അവര്‍ എവിടെ നിന്നാണ് വന്നത് അവിടേക്കു തന്നെ തിരിച്ചുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അതാണ് വംശീയതയായി ആരോപിക്കപ്പെടുന്നത്. ട്രംപിന്‍റെ നയപരിപാടികളെ, വിശേഷിച്ച് കുടിയേറ്റക്കാരുടെ നേരെയുള്ള അദ്ദേഹത്തിന്‍റെ കര്‍ക്കശ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുവരികയായിരുന്നു നാലുപേരും.  

പോര്‍ട്ടോറിക്കോയില്‍ കുടുംബ വേരുകളുള്ള അലക്സാന്‍ഡ്രിയ ഒക്കേസിയോ കോര്‍ട്ടെസ് (29), ആഫ്രിക്കന്‍ അമേരിക്കക്കാരിയായ അയന്ന പ്രെസ്ലി (45), പലസ്തീന്‍ വംശജയായ റഷീദ ത്ലൈബ് (42) സൊമാലിയയില്‍ ജനിച്ച ഇല്‍ഹാന്‍ ഒമര്‍ (37) എന്നിവരാണിവര്‍. യഥാക്രമം ന്യൂയോര്‍ക്ക്, മാസച്യുസെറ്റ്സ്, മിഷിഗന്‍, മിന്നസോട്ട എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവര്‍ കഴിഞ്ഞ നവംബറിലെ ഇടക്കാല  തിരഞ്ഞെടുപ്പില്‍ ജയിച്ചത്.    

Trump

റഷീദ ത്ലൈബ്, ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ക്കു യുഎസ് കോണ്‍ഗ്രസില്‍ അംഗത്വം ലഭിക്കുന്ന ആദ്യത്തെ മുസ്‌ലിം വനിതകളെന്ന സവിശേഷതയുമുണ്ട്. ഇല്‍ഹാന്‍ ഒമര്‍ ശിരോവസ്ത്രം ധരിക്കുകയുംചെയ്യുന്നു. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗമാണ് അലക്സാന്‍ഡ്രിയ ഒക്കേസിയോ കോര്‍ട്ടെസ്.

മെക്സിക്കോ അതിര്‍ത്തിയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പിടികൂടി പാര്‍പ്പിച്ചിട്ടുള്ള ഒരു ക്യാമ്പ് സന്ദര്‍ശിച്ച അലക്സാന്‍ഡ്രിയ ഒക്കേസിയോ കോര്‍ട്ടെസും അയന്ന പ്രെസ്ലിയും അതു സംബന്ധിച്ച് പ്രതിനിധ സഭയുടെ ഒരു സമിതി മുന്‍പാകെ നല്‍കിയ മൊഴിയാണത്രേ ട്രംപിനെ പ്രകോപിപ്പിച്ചത്. ക്യാമ്പിലെ സ്ഥിതി അപലപനീയമാണെന്നായിരുന്നു അവരുടെ മൊഴി. 

ഞായറാഴ്ച ട്വിറ്ററിലൂടെയുള്ള ട്രംപിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘ലോകത്തില്‍ വച്ചേറ്റവും അഴിമതി നിറഞ്ഞതും പിടിപ്പുകെട്ടതും തീര്‍ത്തും താറുമാറായതുമായ ഗവണ്‍മെന്‍റുകളുള്ള രാജ്യങ്ങളില്‍നിന്നു വന്ന പുരോഗനമനവാദികളായ ഡമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ ഈ ഭൂമിയിലെ ഏറ്റവും മഹത്തരവും ഏറ്റവും ശക്തവുമായ അമേരിക്കയിലെ ജനങ്ങളോട് എങ്ങനെ നാടു ഭരിക്കണമെന്ന് ഉച്ചത്തിലും പകയോടെയും പറയുന്നതു കാണാന്‍ കൗതുകമുണ്ട്."  

"തീര്‍ത്തും തകര്‍ന്നതും കുറ്റകൃത്യങ്ങള്‍ നിറഞ്ഞതുമായ സ്ഥലങ്ങളില്‍നിന്നു വന്ന അവര്‍ അവിടങ്ങളിലെ കാര്യങ്ങള്‍ നേരെയാക്കാനായി എന്തുകൊണ്ടാണ് അങ്ങോട്ടേക്കു തന്നെ തിരിച്ചു പോകാത്തത്?" ട്രംപിന്‍റെ ചോദ്യം. 

തിങ്കളാഴ്ച വൈറ്റ് ഹൗസ് പരിസരത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇതു പല തവണ ആവര്‍ത്തിക്കുകയുംചെയ്തു. "നിങ്ങള്‍ ഈ രാജ്യത്തു സന്തുഷ്ടരല്ലെങ്കില്‍, സദാ പരാതി പറയാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ക്കു രാജ്യം വിട്ടുപോകാം....നിങ്ങള്‍ എവിടെ നിന്നാണോ വന്നത് അവിടേക്കു പോകൂ....നിങ്ങള്‍ക്ക് ഇവിടെ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ പോയ്ക്കോ.....ഇപ്പോള്‍തന്നെ പോയ്ക്കൊളൂ." 

ഈ പരാമര്‍ശങ്ങളുടെ അടിസ്ഥാനം തെറ്റായ അറിവോ വിവരമോ ധാരണയോ ആണെന്നതാണ് പലരെയും അല്‍ഭുതപ്പെടുത്തുന്നത്. ട്രംപിന്‍റെ കോപത്തിന് ഇരയായ നാലില്‍ മൂന്നു പേരും അദ്ദേഹം പറയുന്നതു പോലെ ഏതെങ്കിലും അന്യരാജ്യത്തുനിന്നു വന്നവരല്ല, അമേരിക്കയില്‍തന്നെ ജനിച്ചുവളര്‍ന്നവരാണ്. അവര്‍ക്കു ജന്മനാ യുഎസ് പൗരത്വമുണ്ട്. ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ കുടുംബ സമേതം ആഫ്രിക്കയിലെ സൊമാലിയയില്‍നിന്ന് അഭയാര്‍ഥിയായി എത്തിയതാണെങ്കിലും 2000 മുതല്‍ അവര്‍ക്കും യുഎസ് പൗരത്വമുണ്ട്. 

പക്ഷേ, ഇവരൊന്നും വെള്ളക്കാരല്ല. അതാണ് അവര്‍ അമേരിക്കക്കാരല്ലെന്ന മട്ടില്‍ ട്രംപ് സംസാരിക്കാനുള്ള കാരണവും. അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ വംശീയമാണെന്ന ആരോപിക്കപ്പെടുന്നതും ഇതുകൊണ്ടാണ്. 

MIDEAST-IRAN-USA
FILE PHOTO: U.S. President Donald Trump gives a thumbs-up to Canada's Prime Minister Justin Trudeau, as he leaves after a meeting at the Oval Office of the White House in Washington, U.S., June 20, 2019. REUTERS/Carlos Barria/File Photo

ആരും ഇതില്‍ അല്‍ഭുതപ്പെടുന്നില്ല. കാരണം, വെള്ളക്കാരനല്ലാത്ത ആദ്യത്തെ യുഎസ് പ്രസിഡന്‍റായ ബറാക് ഒബാമപോലും അന്യ നാട്ടുകാരനാണെന്നു സ്ഥാപിക്കാന്‍ നിരന്തരമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്ന ആളാണ് ട്രംപ്. ഒബാമ മുസ്‌ലിമാണെന്നു പറഞ്ഞ ട്രംപ് അദ്ദേഹം ജനിച്ചതു ആഫ്രിക്കയിലെ കെന്യയിലാണെന്നും അതിനാല്‍ അമേരിക്കയുടെ പ്രസിഡന്‍റാകാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം കളവു പറയുകയാണെന്നും വാദിക്കുകയായിരുന്നു. 

ഒബാമ ജനിച്ചത് അമേരിക്കയിലെ ഹവായിലാണെന്നു തെളിയിക്കപ്പെട്ടിട്ടും ട്രംപ് തന്‍റെ ദുഷ്പ്രചാരണം നിര്‍ത്തിയില്ല. ഉന്നത പദവിയിലിരുന്ന് ഇങ്ങനെ സംസാരിക്കാനും പെരുമാറാനും അദ്ദേഹത്തിനു ജാള്യതയുമില്ല. 

വെള്ളക്കാരുടെ മേധാവിത്തത്തെ കുറിച്ചുള്ള അഹംഭാവവും ന്യൂനപക്ഷങ്ങളോടുള്ള  അവജ്ഞയും ട്രംപ് പച്ചയായി പ്രകടിപ്പിച്ച വേറെയും സന്ദര്‍ഭങ്ങള്‍ സമീപകാല ചരിത്രത്തിലുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം ഒന്നര നൂറ്റാണ്ടു മുന്‍പത്തെ യുഎസ് പ്രസിഡന്‍റ് ആന്‍ഡ്രൂ ജോണ്‍സനെ ഓര്‍മിപ്പിക്കുന്നു. 

ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ജോണ്‍സന്‍ പ്രസിഡന്‍റ് ഏബ്രഹാം ലിങ്കന്‍റെ കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്നു. ലിങ്കന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നു 1865ല്‍ പ്രസിഡന്‍റായി. പക്ഷേ, ലിങ്കന്‍റേതില്‍ വ്യത്യസ്തമായ മാര്‍ഗത്തിലാണ് ജോണ്‍സന്‍ ചരിച്ചത്. കറുത്ത വര്‍ഗക്കാര്‍ക്കു പൗരാവകാശം നല്‍കുന്നതിനെ അദ്ദേഹം എതിര്‍ത്തു. പക്ഷേ, കോണ്‍ഗ്രസ് അതിനെ മറികടക്കുകയും നിയമം പാസ്സാക്കുകയും ചെയ്തു.

പ്രതിനിധിസഭ ജോണ്‍സനെ ഇംപീച്ച് ചെയ്യുകയുണ്ടായി. പക്ഷേ, അദ്ദേഹത്തെ നീക്കംചെയ്യാനുള്ള പ്രമേയത്തിനു സെനറ്റില്‍ മൂന്നില്‍ രണ്ടിന്‍റെ ഭൂരിപക്ഷം കിട്ടിയില്ല. അങ്ങനെ രക്ഷപ്പെടുകയായിരുന്നു. 

ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ട്രംപിനെതിരെയും ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍തന്നെയുളള അഭിപ്രായ വ്യത്യാസം കാരണം ശ്രമം എവിടെയും എത്തുന്നില്ല. 

പ്രതിനിധി സഭയിലെ നാല് വനിതാ അംഗങ്ങള്‍ക്ക് എതിരായ ട്രംപിന്‍റെ വംശീയ പരാമര്‍ശങ്ങളെ അപലപിക്കുന്ന പ്രമേയം പാസ്സായതിനുപിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ഒരു പ്രമേയവും പ്രതിനിധി സഭയില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍, ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭ 95നെതിരെ 332 വോട്ടുകളോടെ അതു മാറ്റിവച്ചു. 

ആരെന്തു പറഞ്ഞാലും അപലപിക്കപ്പെട്ടതുപോലുള്ള  പരാമര്‍ശങ്ങള്‍ ട്രംപ് നിര്‍ത്താന്‍ പോകുന്നില്ലെന്നതാണ് ഇതിന്‍റെയെല്ലാം മറ്റൊരു വശം. വെള്ളക്കാരുടെ മേധാവിത്തത്തില്‍ വിശ്വസിക്കുന്നവരെ ഹരംപിടിപ്പിക്കാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ഉപകരിക്കുമെന്ന് അദ്ദേഹം കരുതുകയാണത്രേ. അവരെ ആവേശം കൊളളിക്കേണ്ടത് അദ്ദേഹത്തിന്‍റെ ആവശ്യമാണ്.  

a66i3461_20190211101115232.jpg

അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നന്നായി ആലോചിച്ചുതന്നെയാണ് ട്രംപ് ഇത്തരം കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു വ്യാഖ്യാനിക്കപ്പെടുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ എതിരാളിയായ ഹിലരി ക്ളിന്‍റനു ജനകീയ വോട്ടുകളില്‍ 48 ശതമാനം കിട്ടിയപ്പോള്‍ ട്രംപിനു കിട്ടിയത് 46 ശതമാനമായിരുന്നു. ഏതാണ്ട് 30 ലക്ഷം വോട്ടിന്‍റെ വ്യത്യാസം. എന്നിട്ടും ട്രംപ് ജയിച്ചു.

അതു സാധ്യമാക്കിയത് ഇലക്ട്രറല്‍ കോളജില്‍ അദ്ദേഹത്തിനു ലഭിച്ച ഭൂരിപക്ഷമായിരുന്നു. നിര്‍ണായക സംസ്ഥാനങ്ങളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുണ്ടായ വിജയമായിരുന്നു അതിനു കാരണം. വെള്ളക്കാരുടെ മേധാവിത്തത്തില്‍ വിശ്വസിക്കുന്നവരുടെ കോട്ടകളാണ് ഈ സംസ്ഥാനങ്ങള്‍. അതിനാല്‍ അവരെ ഹരംപിടിപ്പിക്കുന്ന വാക്കുകള്‍ ഇനിയും ട്രംപിന്‍റെ നാവില്‍നിന്നു വന്നുകൊണ്ടേയിരിക്കാനാണ് സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ