പുതിയ മിസൈല്‍ മല്‍സരത്തിനു തുടക്കം

HIGHLIGHTS
  • ഉത്തരവാദി റഷ്യയെന്നു യുഎസ്
  • ശീതയുദ്ധത്തിന്‍റെ പുതിയ ഘട്ടം
america-russia-missile-treaty-pull-out
മധ്യദൂര ആണവ മിസൈല്‍ നിര്‍മാര്‍ജന ഉടമ്പടി ഇല്ലാതായതോടെ അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ ആയുധ മല്‍സരത്തിനു കളമൊരുങ്ങുന്നു
SHARE

യൂറോപ്പിലെ ജനങ്ങള്‍ക്കു മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു സമീപകാല ചരിത്രത്തില്‍. 32 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ആ നാളുകള്‍ മടങ്ങിയെത്താനുള്ള സാധ്യത ഇപ്പോള്‍ അവരെ വീണ്ടും അസ്വസ്ഥരാക്കുന്നു. 

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ 1987ല്‍ ഉണ്ടായ മധ്യദൂര ആണവ മിസൈല്‍ നിര്‍മാര്‍ജന ഉടമ്പടി ഓഗസ്റ്റ് രണ്ടാം തീയതിയോടെ ഇല്ലാതായതാണ് ഇതിനു കാരണം. അമേരിക്കയും സോവിയറ്റ് യൂണിയന്‍റെ പിന്‍ഗാമിയായ റഷ്യയും ഏകപക്ഷീയമായി അതില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തികള്‍ തമ്മിലുള്ള പുതിയ ആയുധമല്‍സരത്തിന് ഇതോടെ കളമൊരുങ്ങുന്നു.   

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിലെ ഏറ്റവും സംഘര്‍ഷംമുറ്റിനിന്ന ഒരു ഘട്ടമായിരുന്നു 1980കള്‍. ഇരു രാജ്യങ്ങളും യൂറോപ്പില്‍ ആണവ മിസൈലുകള്‍ പരസ്പരം നേര്‍ക്കുനേരെ നിര്‍ത്തിയിരിക്കുകയായിരുന്നു. അവ ഏതു നിമിഷവും പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള പരിഭ്രാന്തിയിലായിരുന്നു യൂറോപ്പിലെ ജനങ്ങള്‍.  

trump-putin

അമേരിക്കയുടെയും സോവിയറ്റ് യൂണിയന്‍റെയും പ്രസിഡന്‍റുമാര്‍-റോണള്‍ഡ് റെയ്ഗനും മിഖെയില്‍ ഗോര്‍ബച്ചോവും-1987 ഡിസംബറില്‍ വാഷിങ്ടണില്‍ ഒപ്പുവച്ച ഉടമ്പടിയെ തുടര്‍ന്നാണ് സ്ഥിതി മാറിയത്. വര്‍ഷങ്ങളിലെ ചര്‍ച്ചകള്‍ വേണ്ടിവന്നു  ആ ഉടമ്പടി രൂപംകൊള്ളാന്‍. 

അഞ്ഞൂറു മുതല്‍ 5,500 വരെ കിലോമീറ്റര്‍ സഞ്ചരിക്കുന്നതും ഭൂതലത്തില്‍നിന്നു വിക്ഷേപിക്കാവുന്നതുമായ ആണവ മിസൈലുകള്‍ അതനുസരിച്ച് നിരോധിക്കപ്പെട്ടു. മിനിറ്റുകള്‍ക്കകം 

ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിവുള്ളതായിരുന്നു ഈ മിസൈലുകള്‍. പ്രതിരോധ നടപടികള്‍ക്കു സമയം ലഭിക്കുമായിരുന്നില്ല. മുഖ്യമായും അതാണ് യൂറോപ്പിലെ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നതും. 

പശ്ചിമ യൂറോപ്പിനെ ലക്ഷ്യമാക്കി സോവിയറ്റ് യൂണിയനില്‍ ഒരുക്കിനിര്‍ത്തിയിരുന്ന 'എസ്എസ്20' മിസൈലുകളും സോവിയറ്റ് യൂണിയനെ ലക്ഷ്യമാക്കി ബ്രിട്ടനിലും ജര്‍മനിയിലും ഒരുക്കിനിര്‍ത്തിയിരുന്ന യുഎസ് ക്രൂസ്, പെര്‍ഷിങ് മിസൈലുകളും (മൊത്തം 2692) നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. 

അത്തരം മിസൈലുകള്‍ ഇനി ഉണ്ടാക്കില്ലെന്നും പരീക്ഷിക്കില്ലെന്നും വിന്യസിക്കില്ലെന്നും ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പുനല്‍കുകയുമുണ്ടായി. ഉടമ്പടി പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ക്കും സമ്മതിച്ചു. 

APEC-SUMMIT

എന്നാല്‍, അത്തരം മിസൈലുകള്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നതുറഷ്യ തുടരുന്നുവെന്നാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയുടെ ആരോപണം. ആറുമാസത്തിനകം ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ഇല്ലെങ്കില്‍ ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറുമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്ത്യശാസനം നല്‍കി.  

എങ്കില്‍, തങ്ങളും പിന്മാറുകയാണെന്നായിരുന്നു റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍റെ പ്രതികരണം. ട്രംപിന്‍റെ ആരോപണം അദ്ദേഹം നിഷേധിക്കുകയും അമേരിക്കയാണ് ഉടമ്പടി ലംഘിക്കുന്നതെന്നു കുറ്റപ്പെടുത്തുകയുംചെയ്തു. 

ആറു മാസക്കാലാവധി അവസാനിച്ചതോടെയാണ് ഓഗസ്റ്റ് രണ്ടിന് ഉടമ്പടിയില്‍നിന്നുളള അമേരിക്കയുടെ പിന്മാറ്റ പ്രഖ്യാപനമുണ്ടായത്. ഇതിന് ഉത്തരവാദി റഷ്യയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തുകയുംചെയ്തു. 

നോവട്ടോര്‍ എം729 എന്നു പേരുള്ള പുതിയ തരം മിസൈലുകള്‍ റഷ്യ നിര്‍മിക്കുകയും വിന്യസിക്കുകയും ചെയ്തതാണ് ഉടമ്പടിയുടെ ലംഘനമായി അമേരിക്ക 

russia-pulls-out-of-cold-war-era-missile-treaty

മുഖ്യമായി എടുത്തുകാട്ടുന്നത്. അമേരിക്കക്കാര്‍ എസ്എസ്സി8 എന്നു വിളിക്കുന്ന ഈ മിസൈലുകള്‍ അവരുടെ അഭിപ്രായത്തില്‍ ഉടമ്പടിപ്രകാരം നിരോധിക്കപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.  

ഇവയുടെ കാര്യം ആദ്യം നിഷേധിക്കുകയായിരുന്നു റഷ്യ. പിന്നീടു സമ്മതിച്ചുവെങ്കിലും അവയുടെ സഞ്ചാര ശേഷി പരമാവധി 480 കിലോമീറ്റര്‍ മാത്രമാണെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. നിരോധിക്കപ്പെട്ടതു 500 മുതല്‍ 5,500 വരെ കിലോമീറ്റര്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ മാത്രമായതിനാല്‍ ഉടമ്പടി ലംഘിച്ചിട്ടില്ലെന്നാണ് വാദം. അമേരിക്ക ആവശ്യപ്പെടുന്നതു പോലെ അവ ഉപേക്ഷിക്കാന്‍ റഷ്യ തയാറില്ല. 

എങ്കിലും, ഈ മിസൈലുകള്‍ റഷ്യയുടെ യൂറോപ്യന്‍ മേഖലയിലോ മറ്റെവിടെയെങ്കിലുമോ വിന്യസിപ്പിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും റഷ്യ അറിയിക്കുകയുണ്ടായി. അതേസമയം, അമേരിക്ക സ്വന്തം മിസൈലുകള്‍ മുന്‍പത്തെപ്പോലെ പശ്ചിമ യൂറോപ്പില്‍ വിന്യസിപ്പിക്കുകയാണെങ്കില്‍ സമാനമായ നടപടികള്‍ തങ്ങളും കൈക്കൊളളുമെന്നു 

റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മധ്യദൂര ക്രൂസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഉപകരിക്കുന്ന ലോഞ്ചറുകള്‍ യൂറോപ്പില്‍ വിന്യസിപ്പിച്ചുകൊണ്ട് അമേരിക്കയാണ് ഉടമ്പടി ലംഘിച്ചതെന്നു റഷ്യ കുറ്റപ്പെടുത്തുകയുംചെയ്തു.  

ഉടമ്പടിയില്‍നിന്നു പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനത്തിനു മറ്റൊരു കാരണംകൂടിയുണ്ട്. തന്ത്രപരമായ ആയുധങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ചൈന അതില്‍ പങ്കാളിയല്ലെന്നതാണത്. പുതിയൊരു ഉടമ്പടി ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ ചൈനയും ചേരണമെന്നു ട്രംപ്‌ ആവശ്യപ്പെടുന്നു.

അമേരിക്കയും റഷ്യയും തമ്മിലുണ്ടായ മറ്റൊരു സുപ്രധാന ഉടമ്പടികൂടി അപകടത്തിലാവാന്‍ പോവുകയാണെന്നും സൂചനകളുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും അവയില്‍ ഘടിപ്പിക്കാവുന്ന ആണവബോംബുകളുടെയും എണ്ണം പരിമിതപ്പെടുത്തുന്നതിനു വേണ്ടി 2010ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വദേവും ഒപ്പുവച്ചതാണ് ഈ  ഉടമ്പടി. നീണ്ട പേരുള്ള ഇതിനെ ചുരുക്കത്തില്‍ പുതിയ സ്റ്റാര്‍ട്ട് അഥവാ സ്റ്റാര്‍ട്ട് 2 എന്നുവിളിക്കുന്നു. 

FINLAND-US-RUSSIA-POLITICS-DIPLOMACY-SUMMIT

നേരത്തെ 1991ല്‍ സ്റ്റാര്‍ട്ട് എന്ന ഒരു ഉടമ്പടിയില്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ബുഷ് സീനിയറും സോവിയറ്റ് പ്രസിഡന്‍റ് ഗോര്‍ബച്ചോവും ഒപ്പിട്ടിരുന്നു. അതു 2009ല്‍ കാലഹരണപ്പെട്ടതിനാലാണ് പുതിയ സ്റ്റാര്‍ട്ട് ഉടമ്പടി ആവശ്യമായി വന്നത്.  

അതിന്‍റെ കാലാവധി 2021ല്‍ അവസാനിക്കുകയാണ്. അതായത് ഇനി ബാക്കിയുളളത് 18 മാസം. ഇരുപക്ഷത്തിനും സമ്മതമാണെങ്കില്‍ അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടാം. പക്ഷേ, അതിനു സാധ്യതയില്ലെന്നു ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞുകഴിഞ്ഞു. മധ്യ ദൂര മിസൈല്‍ നിര്‍മാര്‍ജന ഉടമ്പടിയില്‍ നിന്നുളള യുഎസ് തീരുമാനത്തിനു പിന്നിലും ബോള്‍ട്ടന്‍റെ സാന്നിധ്യം പലരും കാണുന്നു. 

റഷ്യയും പാശ്ചാത്യലോകവും തമ്മിലുള്ള ശീതയുദ്ധം അടിക്കടി മൂര്‍ഛിച്ചുകൊണ്ടിരിക്കേയാണ് അവര്‍ തമ്മിലുള്ള ഒരു സുപ്രധാന ഉടമ്പടി ചരമഗതി പ്രാപിക്കുകയും മറ്റൊന്നിന്‍റെ ഭാവി അപകടത്തിലാവുകയും ചെയ്തിരിക്കുന്നത്.  2014ല്‍ റഷ്യ അയല്‍രാജ്യമായ യുക്രെയിനില്‍ ഇടപെടുകയും അതിന്‍റെ ഭാഗമായ ക്രൈമിയ സ്വന്തമാക്കുകയും ചെയ്തതിനെ തുടര്‍ന്നു റഷ്യക്കു നേരെ പാശ്ചാത്യ ലോകത്തുണ്ടായ രോഷവും ഇതിന്‍റെ പശ്ചാത്തലത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA