ബോറിസിന്റെ ബ്രെക്സിറ്റ് ചൂതാട്ടം

HIGHLIGHTS
  • വിവാദത്തിൽ രാജ്ഞിയും
  • അവിശ്വാസ പ്രമേയത്തിനും നീക്കം
boris-johnsons-move-for-brexit-leads-to-crisis
യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോകുന്ന തീയതി അടുത്തുകൊണ്ടിരിക്കേ പ്രധാനമന്ത്രി ബോറിസ് ജോൺസനും എതിരാളികളും വാശിയോടെ ഏറ്റുമുട്ടുന്നു
SHARE

‘‘ഒരതിരുവരെ എല്ലാ രാഷ്ട്രീയക്കാരും സംഭവങ്ങളുമായി ചൂതുകളിക്കുകയാണ്....ചരിത്രത്തിന്റെ നല്ല പക്ഷത്തു തങ്ങൾക്ക് ഇടം കിട്ടുന്നവിധത്തിൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നു മുൻകൂട്ടി കണ്ടെത്താൻ അവർ ശ്രമിക്കുന്നു’’.

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിലേതാണ് ഇൗ വരികൾ. പുസ്തകം എതെഴുതിയതു മറ്റാരുമല്ല, ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അദ്ദേഹവും ഏർപ്പെട്ടിരിക്കുന്നത് ഉദ്വേഗ ജനകമായ ഒരു ചൂതുകളിയിലാണെന്നു ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം) ആണിതിന്റെ പശ്ചാത്തലം. പലരുടെയും വീക്ഷണത്തിൽ ബ്രെക്സിറ്റ്തന്നെ ഒരു ചൂതാട്ടമാണ്. അതു സംബന്ധിച്ച വിവാദങ്ങളുടെ തരംഗത്തിലൂടെയാണ് ജോൺസൻ ഇക്കഴിഞ്ഞ ജൂലൈ 24നു പ്രധാനമന്ത്രിയായതും. അതിന്റെ തുടർച്ചയാണ് രാജ്യത്തെയാകെ ഇളക്കിമറിക്കുന്ന വിധത്തിലുള്ള പുതിയ സംഭവങ്ങൾ. 

boris-johnson

നിശ്ചിത തീയതിയായ ഒക്ടോബർ 31നുതന്നെ യൂറോപ്യൻ യൂണിയനിലെ (ഇയു) ബ്രിട്ടന്റെ അംഗത്വം അവസാനിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജോൺസൻ. അതിനുശേഷമുള്ള ബന്ധം സംബന്ധിച്ച് 

ഇയുമായി കരാർ ഉണ്ടാക്കും. അതു സാധ്യമായില്ലെങ്കിൽ കരാർ ഇല്ലാതെതന്നെ വിട്ടുപോകുമെന്നും പലതവണ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘‘ഒരു പക്ഷേയുമില്ല, എങ്കിലുമില്ല’’ എന്നായിരുന്നു പ്രധാനമന്ത്രി പദവി ഏറ്റെടുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പക്ഷേ, നാലരപ്പതിറ്റാണ്ടു കാലത്തെ ബന്ധം ഒരു കരാറും ഇല്ലാതെ അവസാനിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കുമെന്ന ആശങ്ക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ബ്രെക്സിറ്റ് വിരുദ്ധർ മാത്രമല്ല, ബ്രെക്സിറ്റ് അനുകൂലികളിൽ തന്നെയുളളവരും അസ്വസ്ഥരാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഒട്ടേറെ എംപിമാരും ഇക്കൂട്ടത്തിലുണ്ട്. 

അവരെല്ലാംകൂടി പാർലമെന്റിലൂടെ അതു തടയാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ജോൺസൻ അവരെ  കടത്തിവെട്ടുകയും പാർലമെന്റ്തന്നെ അഞ്ചാഴ്ചത്തേക്കു പ്രവർത്തന രഹിതമാക്കുകയുംചെയ്തു. രാജ്യത്തിന്റെ അധിപയായ എലിസബത്ത് രാജ്ഞിയെ ഇതിനുവേണ്ടി ഉപയോഗിക്കാനും അദ്ദേഹത്തിനു മടിയുണ്ടായില്ല.

രാജ്ഞിയുടെ പ്രസംഗത്തോടെയാണ് ഒാരോ വർഷവും പാർലമെന്റിന്റെ സമ്മേളനം തുടങ്ങുക. പ്രവർത്തനം പൂർത്തിയായാൽ രാജ്ഞിതന്നെ സമ്മേളനം അവസാനിപ്പിക്കും അഥവാ പ്രെറോഗ് ചെയ്യും. 

ഇപ്പോൾ നടന്നുവരുന്ന സമ്മേളനം സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 14വരെ ഏതാണ്ട് അഞ്ച് ആഴ്ചത്തേക്കു പ്രൊറോഗ് ചെയ്യാൻ പ്രധാനമന്ത്രിയെന്ന നിലയിൽ ജോൺസൻ രാജ്ഞിയോട് നിർദേശിക്കുകയായിരുന്നു. ഇത്രയും നീണ്ട കാലം സഭ നിർത്തിവച്ച സന്ദർഭം കഴിഞ്ഞ 40 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ലത്രേ. 

പുതിയ ഗവൺമെന്റിന്റെ നയപരിപാടികൾ വിവരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ പ്രസംഗത്തോടെ അടുത്ത സമ്മേളനം ഒക്ടോബർ 14നു തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ മുന്നോടിയായിട്ടാണ് ഇൗ സമ്മേളനം പ്രൊറോഗ് ചെയ്യുന്നതെന്നും ജോൺസൻ വിശദീകരിക്കുകയുണ്ടായി. ബ്രിട്ടന്റെ അലിഖിത ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയുടെ നിർദേശം അനുസരിക്കുകയല്ലാതെ രാജ്ഞിക്കു നിവൃത്തിയുണ്ടായിരുന്നില്ല. 

brexit-britain

ഒക്ടോബർ 14നു പാർലമെന്റ് സമ്മേളനം പുനരാരംഭിച്ചാൽ അതിനുശേഷം 31വരെയുള്ള ദിവസങ്ങളാണ് ബ്രെക്സിറ്റ് കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ അംഗങ്ങൾക്കു കിട്ടുക. ഇൗ മാസം പ്രൊറോഗ് ചെയ്യുന്നതിനു മുൻപുള്ള ഏതാനും ദിവസങ്ങൾ കൂട്ടുകയും ഒഴിവുദിനങ്ങൾ തട്ടിക്കിഴിക്കുകയും ചെയ്താൽ യഥാർത്ഥത്തിൽ കിട്ടുന്നതു കഷ്ടിച്ച് രണ്ടാഴ്ചയും ഏതാനും ദിവസങ്ങളും മാത്രം. എതിരാളികളെ നിഷ്ക്രിയരാക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്  ജോൺസൻ കരുക്കൾ  നീക്കിയെതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 

രാജ്ഞിയെ പിന്തിരിപ്പിക്കാൻ പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ഉൾപ്പെടെ പലരും ശ്രമിക്കുകയുണ്ടായി. പക്ഷേ, ഫലമുണ്ടായില്ല. ജോൺസന്റെ നടപടി ജനാധിപത്യ വിരുദ്ധം, അട്ടിമറി,ഭരണഘടനാപരമായ അതിക്രമം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. ജോൺസന്റെ  പാർട്ടിക്കാരൻ തന്നെയായ മുൻ പ്രധാനമന്ത്രി ജോൺ മേജറും രൂക്ഷമായ വിമർശനവുമായി മുന്നോട്ടുവന്നു. 

ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ച (ഒാഗസ്റ്റ് 31) ലണ്ടൻ, മാഞ്ചസ്റ്റർ, ബിർമിങ്ഹാം, ലീഡ്സ്, യോർക്ക്, ബെൽഫാസ്റ്റ്, എഡിൻബർഗ്, കേംബ്രിജ്, നോട്ടിങാം, ലിവർപൂൾ തുടങ്ങിയ മുപ്പതോളം നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയുമാണ്. ഇതു സംബന്ധിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതിയുടെ വിധി അറിയാൻ ജനങ്ങൾ കാത്തുനിൽക്കുന്നു. 

ഇതൊന്നും പക്ഷേ, ജോൺസനെ അസ്വസ്ഥനാക്കുന്നില്ല. ബ്രെക്സിറ്റിനു ശേഷമുള്ള ബന്ധം സംബന്ധിച്ച് ബ്രിട്ടന് അനുകൂലമായ കരാറിനു സമ്മതിക്കുന്നതിൽനിന്നു ഇയു നേതാക്കളെ പിന്തിരിപ്പിക്കാൻ മാത്രമേ ഈ കോലാഹലങ്ങൾ ഉപകരിക്കുകയുളളൂവെന്നു കുറ്റപ്പെടുത്തുകയാണ് അദ്ദേഹം. ഇക്കാരണത്താൽ കരാർ ഇല്ലാതെതന്നെ ബ്രിട്ടന് ഇയു വിടേണ്ടിവന്നാൽ അതിനുത്തരവാദി തന്റെ എതിരാളികളായിരിക്കുമെന്നും അദ്ദേഹം വാദിക്കുന്നു. 

ജോൺസനു മുൻപ് പ്രധാനമന്ത്രിയായിരുന്ന തെരേസ മേയ് രണ്ടു വർഷത്തിനിടയിൽ ഇയു നേതാക്കളുമായി പല തവണ ചർച്ചകൾ നടത്തുകയുണ്ടായി. അതിനുശേഷം അവർ തയാറാക്കിയ കരാർ പാർലമെന്റ് മൂന്നു തവണ തള്ളിക്കളയുകയായിരുന്നു. മനംനൊന്ത് അവർ രാജിവച്ച ഒഴിവിലാണ് ജോൺസൻ പ്രധാനമന്ത്രിയായത്.

മേയ് ഉണ്ടാക്കിയതിനേക്കാൾ മെച്ചപ്പെട്ട ഒരു കരാർ ഒക്ടോബർ 31നു മുൻപുള്ള കഷ്ടിച്ച് രണ്ടു മാസത്തിനകം തനിക്ക് ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ ജോൺസനില്ല. അതിന് അദ്ദേഹത്തിനു  താൽപര്യമില്ലെന്നും അദ്ദേഹം അതിനു ശ്രമിക്കുന്നില്ലെന്നും വിമർശനമുണ്ട്. അതുകൊണ്ടാണ് കരാർ ഇല്ലാതെതന്നെയുള്ള ബ്രെക്സിറ്റിന്റെ കാര്യം അദ്ദേഹം ആവർത്തിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

uk-theresa-may

ഇയുവിൽനിന്നു വിട്ടുപോകുന്നതോടെ ബ്രിട്ടൻ കുഴപ്പത്തിലാകുമെന്ന ഭീതിയൊന്നും ജോൺസനോ മറ്റു ബ്രെക്സിറ്റ് വാദികൾക്കോ ഇല്ല. നേരെ മറിച്ച്് ഇയു അംഗത്വം മൂലമുള്ള ബാധ്യതകളിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട് താനും. 

മാത്രമല്ല, ഇയുവിലെ മറ്റു 27 അംഗരാജ്യങ്ങളുമായി ബ്രിട്ടനു സ്വന്തം നിലയിൽതന്നെ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും അവർ വിശ്വസിക്കുന്നു. അതേ വിധത്തിൽ അമേരിക്കയുമായും ലാഭകരമായ വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന പ്രതീക്ഷ അവരെ  ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. 

അതിനവർക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രോൽസാഹനവുമുണ്ട്. ഇൗയിടെ ഫ്രാൻസിലെ ബിയാറിറ്റ്സിൽ ട്രംപ് നടത്തിയ പരാമർശങ്ങളും ആ വിധത്തിലായിരുന്നു. ലോകത്തിലെ ഏഴു മുൻനിര വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മായ ജി-ഏഴിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ  എത്തിയതായിരുന്നു അദ്ദേഹം. ജോൺസനുമായി ട്രംപ് നേരിൽ സംസാരിക്കുകയും ചെയ്തു. 

ബ്രിട്ടന്റെ കാലിൽ കെട്ടിയിട്ട പാറക്കല്ലാണ് ഇയുവിലെ അതിന്റെ അംഗത്വമെന്നു പരസ്യമായി വിമർശിക്കാനും ട്രംപ്് മടിക്കുകയുണ്ടായില്ല. ഇതേസമയം, യുഎസ് ബന്ധം സംബന്ധിച്ച് അമിത പ്രതീക്ഷകൾ പുലർത്തുന്നത് അപകടമായിരിക്കുമെന്നു പല നിരീക്ഷകരും ജോൺസനു മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.  

കരാർ ഇല്ലാതെയുള്ള ബ്രെക്സിറ്റുമായി ജോൺസൻ മുന്നോട്ടു പോകുന്നതു തടയാനുള്ള ശ്രമം തുടരാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെതന്നെ പലരും അവരെ പിന്തുണയ്ക്കാനിടയുണ്ട്.

boris-johnson-2

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയും ഉരുത്തിരിഞ്ഞുവരുന്നു. പാർലമെന്റ് പ്രൊറോഗ് ചെയ്യുന്നതിനു മുൻപു ലഭിക്കുന്ന ഏതാനും ദിവസങ്ങൾതന്നെ അതിനുവേണ്ടി ഉപയോഗിക്കാൻ അവർ ആലോചിക്കുകയാണത്രേ. 

അവിശ്വാസ പ്രമേയം പാസ്സാവുകയാണെങ്കിൽ ജോൺസൻ രാജിവയ്ക്കേണ്ടിവരും. പുതിയ തിരഞ്ഞെടുപ്പായിരിക്കും അതിന്റെ ഫലം. 

പക്ഷേ, തിരഞ്ഞെടുപ്പിനെ ജോൺസനു ഭയമില്ലത്രേ. അതിലൂടെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനും അങ്ങനെ ബ്രെക്സിറ്റ് കാര്യത്തിലുള്ള തന്റെ നിലപാടിനു ജനപിന്തുണയുണ്ടെന്നു തെളിയിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നാണ് സൂചനകൾ. ചുരുക്കത്തിൽ, അതുമൊരു ചൂതാട്ടം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ