അന്ന് റഷ്യ, ഇന്ന് യുക്രെയിൻ

HIGHLIGHTS
  • വിവാദത്തിലേക്ക് ഒരു ഫോൺ വിളി
  • കുറ്റവിചാരണാ നീക്കം ശക്തം
trump-facing-impeachment-again
അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുതിയൊരു വിവാദത്തിൽ. അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയാകാൻ സാധ്യതയുളള ആളെ തേജോവധം ചെയ്യാൻ യുക്രെയിൻ പ്രസിഡന്റിന്റെ സഹായം തേടിയതായി ആരോപണം
SHARE

മൂന്നു വർഷംമുൻപ് അമേരിക്കയിൽ ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് പദത്തിൽ എത്തിച്ചതിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിരുന്നുവെന്ന ആരോപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം രണ്ടാം തവണയും പ്രസിഡന്റാകാൻ ശ്രമിക്കുമ്പോൾ സമാനമായ മറ്റൊരാരോപണം കൂടി ഉയർന്നിരിക്കുകയാണ്. ഇത്തവണ അദ്ദേഹം എതിരാളിയെ ക്ഷീണിപ്പിക്കാൻ യുക്രെയിന്റെ സഹായം തേടിയെന്നാണ് ആരോപണം. 

അതിന്റെ പേരിൽ ട്രംപിനെ ഇംപീച്ച് (കുറ്റവിചാരണ) ചെയ്ത് അധികാരത്തിൽനിന്നു നീക്കംചെയ്യാനുളള ശ്രമവും തുടങ്ങിക്കഴിഞ്ഞു. നേരത്തെ റഷ്യയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലും ഇത്തരം നീക്കങ്ങൾ നടന്നിരുന്നു. ഇത്തവണ അതു കുറേക്കൂടി ശക്തമാണ്.  

മുൻപ് റഷ്യയോടൊപ്പം സോവിയറ്റ് യൂണിയന്റെ ഘടകമായിരുന്നു കിഴക്കൻ യൂറോപ്പിലെ യുക്രെയിൻ. ഇപ്പോൾ റഷ്യയുമായി ശത്രുതയിൽ കഴിയുന്ന ആ രാജ്യത്തെ അമേരിക്ക സഹായിക്കുന്നു. അവിടത്തെ പ്രസിഡന്റ്  വ്ളോഡിമീർ സെലൻസ്കിയുമായി ഇക്കഴിഞ്ഞ ജൂലൈ 25നു ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നിന്നാണ് പുതിയ വിവാദത്തിന്റെ തുടക്കം. 

നാൽപ്പത്തൊന്നുകാരനായ സെലൻസ്കി യുക്രെയിൻ രാഷ്ട്രീയത്തിലെ ഒരു പുതുമുഖമാണ്. ടിവി പരമ്പരയിലെ ഹാസ്യനടനായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ട് വെറും നാലു മാസമായതേയുള്ളൂ. അതിനിടയിലാണ് ട്രംപുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചുഴിയിൽ അകപ്പെട്ടിരിക്കുന്നത്. 

അടുത്ത വർഷം നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയാകാൻ ഇടയുള്ള ഡമോക്രാറ്റിക് പാർട്ടിക്കാരൻ ജോ ബൈഡന്റെ വിജയസാധ്യതയ്ക്കു തുരങ്കം വയ്ക്കാനായി അദ്ദേഹത്തെ കരിതേച്ചുകാണിക്കാനായിരുന്നുവത്രെ ട്രംപിന്റെ ശ്രമം. അതിനുവേണ്ടി അദ്ദേഹം സെലൻസ്കിയുടെ സഹായം തേടിയെന്നാണ് ആരോപണം. ട്രംപ് കഠിനമായി വെറുക്കുന്ന ബറാക് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ.

obama-joe-biden

അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഹണ്ടർ യുക്രെയിനിലെ ബുരിസ്മ ഹോൾഡിങ് എന്ന വൻകിട ഗ്യാസ് കമ്പനിയുടെ ഡയരക്ടർമാരിൽ ഒരാളായിരുന്നു. ബുരിസ്മയുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കേ മകനെ രക്ഷിക്കാനായി ബൈഡൻ ഇടപെട്ടുവെന്ന ആരോപണമാണ് സംഭവത്തിന്റെ പശ്ചാത്തലം. 

ആരോപണം വാസ്തവമാണെങ്കിൽ അതു ഗുരുതരമായ ക്രമക്കേടിന് ഉദാഹരണമാണ്. പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ ബൈഡനെ അതു പ്രതിരോധത്തിലാക്കും.   

ഇതിനെക്കുറിച്ച് അന്വേഷിച്ച് വിവരം നൽകണമെന്നാണ് ജൂലൈ 25ലെ ഫോൺ സംഭാഷണത്തിൽ യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയോട് ട്രംപ് ആവശ്യപ്പെട്ടത്. തന്റെ സ്വകാര്യ അഭിഭാഷകനായ മുൻ ന്യൂയോർക്ക് മേയർ റൂഡി ഗ്വിലിയാനിയും അറ്റോർണി ജനറൽ വില്യം ബാറും യുക്രെയിനിൽ വരുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം അവരുമായി സംസാരിക്കാൻ സെലൻസ്കിയോടു നിർദേശിക്കുകയും ചെയ്തു.    

യുക്രെയിനു നൽകാൻ തീരുമാനിച്ചിരുന്ന 40 കോടി ഡോളറിന്റെ യുഎസ് സഹായം അതിനു മുൻപ് ട്രംപ് പിടിച്ചുവച്ചത് ഇതോടനുബന്ധിച്ച് നടന്ന മറ്റൊരു സംഭവമായിരുന്നു. സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിൽ അക്കാര്യം അദ്ദേഹം പരാമർശിക്കുകയും ചെയ്തു. സെലൻസ്കിയെ  സമ്മർദത്തിലാക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നു സംശയിക്കപ്പെടുന്നു. 

donald-trump

രഹസ്യമായ നടന്ന ഇൗ ഫോൺ സംഭാഷണത്തിന്റെ വിവരം പുറത്തുവിട്ടത് വൈറ്റ്ഹൗസിലെ തന്നെ ഒരുദ്യോഗസ്ഥനാണ്. ഒാഗസ്റ്റ് 12ന് ഒരു കത്തിലൂടെ അദ്ദേഹം പ്രതിനിധി സഭയിലെ ഇന്റലിജന്റ്സ് കമ്മിറ്റിയുടെ ചെയർമാനെ വിവരം അറിയിക്കുകയായിരുന്നു.

പ്രസിഡന്റിന്റെ ഫോൺ സംഭാഷണത്തിന്റെ രേഖകൾ കംപ്യൂട്ടറിൽ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാൽ, സെലൻസ്കിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖ സാധാരണ സിസ്റ്റത്തിൽ സൂക്ഷിക്കുന്നതിനുപകരം രാജ്യസുരക്ഷാപരമായ അതീവരഹസ്യ വിവരങ്ങൾ സൂക്ഷിക്കുന്ന സിസ്റ്റത്തിലാക്കുകയാണ് ചെയ്തത്. രഹസ്യം മറച്ചുപിടിക്കാനായിരുന്നു ഇതെന്നാണ് സംശയം. 

കത്തയച്ചത് ആരാണെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. വൈറ്റ്ഹൗസിലേക്കു നിയമിക്കപ്പെട്ട ഒരു സിഎെഎ ഉദ്യോഗസ്ഥനാണെന്നു പറയപ്പെടുന്നു. സ്വന്തം വ്യക്തിപരമായ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി പ്രസിഡന്റ് ഒരു വിദേശ രാഷ്ട്ര നേതാവിന്റെ സഹായം തേടുകയും അദ്ദേഹത്തിൽ സമ്മർദം ചെലുത്തുകയും ചെയ്തു, അതിനുവേണ്ടി ഒൗദ്യോഗിക മാർഗം ഉപയോഗിച്ചു, അങ്ങനെ അധികാരം ദുർവിനിയോഗം ചെയ്തു, സംഭവം മറച്ചുപിടിക്കാൻ ശ്രമിച്ചു-ഇതിലെല്ലാം വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കിടയിൽതന്നെയുള്ള ആശങ്ക താൻ പങ്കുവയ്ക്കുകയാണെന്നാണ് അദ്ദേഹം തന്റെ കത്തിൽ വ്യക്തമാക്കിയത്.  

സംഭവം പരസ്യമായതോടെ ഫോൺ സംഭാഷണത്തിന്റെ രേഖ ട്രംപ്തന്നെ പുറത്തുവിട്ടു. അജ്ഞാതന്റെ ആരോപണം അതു സ്ഥിരീകരിക്കുന്നു. അതേസമയം,താൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയും ചെയ്യുന്നു. 

ഇതിന്റെ പേരിൽ തന്നെ കുറ്റവിചാരണ ചെയ്യാൻ ശ്രമിക്കുന്ന ഡമോക്രാറ്റിക് പാർട്ടിക്കാരെ ട്രംപ് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച അജ്ഞാതനെ നേരിൽ കണ്ടു സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. തന്റെസാധാരണ ഗതിയിലുള്ള ഒരു ഫോൺ സംഭാഷണത്തെ അയാൾ വളച്ചൊടിച്ചു ദുരുപയോഗം ചെയ്തുവെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ അയാളുടെ ജീവൻ അപകടത്തിലാണെന്ന പരാതിയും ഉയർന്നു.

ഇതിനിടയിൽതന്നെ മറ്റൊരു കാര്യവും വെളിപ്പെട്ടു. ട്രംപ് കരുതിയതുപോലുള്ള ഒരു കേസ് യുക്രെയിനിൽ ബൈഡന്റെ മകന്റെ പേരിലുണ്ടായിരുന്നില്ല. അവിടത്തെ കമ്പനിയിൽ അദ്ദേഹം ചേർന്നത് 2014ലാണ്്.  അന്വേഷണം നടന്നത് ആ കമ്പനിയുമായി ബന്ധപ്പെട്ട് അതിനുമുൻപ് നടന്ന അഴിമതിയെക്കുറിച്ചായിരുന്നു. അതിനാൽ മകനെ രക്ഷിക്കാൻ ബൈഡൻ ഇടപെട്ടുവെന്ന ആരോപണത്തിൽ കഴമ്പുണ്ടായിരുന്നില്ല. 

us-president-donald-trump

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിനെ ജയിപ്പിക്കാനായി റഷ്യ ഇടപെട്ടുവെന്ന ആരോപണം ഇതോടെ വീണ്ടും ചർച്ചാവിഷയമാകുന്നു. അതിനെപ്പറ്റി അന്വേഷിക്കാൻ മുൻ കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) ഡയരക്ടർ റോബർട്ട്് മുള്ളറെ സ്പെഷ്യൽ കൗൺസലായി നിയമിക്കുകയുണ്ടായി. 22 മാസത്തെ അന്വേഷണത്തിനു ശേഷം ഇൗ വർഷം ഏപ്രിലിൽ നൽകിയ റിപ്പോർട്ടിൽ ആരോപണം അദ്ദേഹം സ്ഥിരീകരിക്കുകയാണ് ചെയ്തത്.  

എതിരാളിയായ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ളിന്റനെ എങ്ങനെയെങ്കിലും തോൽപ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു 2016ൽ ട്രംപ്. 

ഹിലരി പ്രസിഡന്റാകരുതെന്നായിരുന്നു റഷ്യയുടെയും ആഗ്രഹം. എന്നാൽ, അതിനുവേണ്ടി ട്രംപോ സഹായികളോ റഷ്യയുമായി കൂട്ടുകൂടുകയും ഗൂഡാലോചനയിൽ ഏർപ്പെടുകയും ചെയ്തുവെന്നതിനു തെളിവില്ലെന്നായിരുന്നു മുള്ളറുടെ നിഗമനം. 

റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്താനും അങ്ങനെ നീതിനിർവഹണത്തിൽ ഇടപെടാനും ട്രംപ് ശമിച്ചുവെന്ന ഗുരുതരമായ  മറ്റൊരാരോപണവും ഉന്നയിക്കപ്പെടുകയുണ്ടായി. പക്ഷേ, മുള്ളർ അതു സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. 

നീതിനിർവഹണത്തിൽ പ്രസിഡന്റ് ഇടപെട്ടുവെന്നാണ് ഇതിനർഥമെന്നായിരുന്നു ഡമോക്രാറ്റുകളിൽ ഒരു വിഭാഗത്തിന്റെ വാദം. അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഇംപീച്ച്മെന്റ് നീക്കങ്ങൾ തുടങ്ങിയതും. അതേസമയം, പാർട്ടിയിലെ മുൻനിരക്കാരിയായ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയെപ്പോലുള്ളവർ അതിൽ താൽപര്യക്കുറവ് കാണിക്കുകയായിരുന്നു. 

joe-biden-2

എന്നാൽ, ഇപ്പോൾ നടന്നുവരുന്ന നീക്കങ്ങളിൽ പെലോസിതന്നെയാണ് മുന്നിൽ. തിരഞ്ഞെടുപ്പിന് ഒരു വർഷംമാത്രം ബാക്കിയുളള സാഹചര്യത്തിൽ ഇത്തവണ നീക്കങ്ങൾ ഝടുതിയിൽ മുന്നോട്ടു പോകാനുള്ള സാധ്യതയുമുണ്ട്. 

പ്രതിനിധിസഭയിൽ ഡമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ കുറ്റവിചാരണയുടെ ആദ്യകടമ്പ കടക്കാൻ പ്രയാസമുണ്ടാവില്ല. പ്രമേയംപാസ്സാകാൻ അവിടെ കേവല ഭൂരിപക്ഷം മതി. എന്നാൽ, പ്രസിഡന്റിനെ നീക്കംചെയ്യണമോ എന്നു തീരുമാനിക്കേണ്ടതു സെനറ്റാണ്. മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷവും വേണം.  

സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ളിക്കൻ പാർട്ടിയുടെ കൈകളിലായതിനാൽ ഇന്നത്തെ നിലയിൽ ട്രംപിനെ നീക്കംചെയ്യുക അസാധ്യമാണ്. എങ്കിലും,പെലോസിയും മറ്റും ഇത്തവണ പിന്മാറുന്ന മട്ടില്ല. അടുത്തുവരുന്ന തിരഞ്ഞെടുപ്പ് അവർക്ക് അതിനു ബലമേകുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ