കുർദുകൾ, അവരുടെ യുദ്ധങ്ങൾ

HIGHLIGHTS
  • മുഖ്യമായി അഞ്ചു രാജ്യങ്ങളിൽ
  • ഇറാഖിൽ സ്വയംഭരണം
turkey-start-attack-on-kurds
SHARE

സ്വന്തമായ രാജ്യമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ വംശീയ ജനവിഭാഗമാണ് മധ്യപൂർവദേശത്തു പല രാജ്യങ്ങളിലുമായി ജീവിക്കുന്ന കുർദുകൾ. അവരുടെ സ്വപ്നങ്ങൾ, സ്വത്വം നിലനിർത്താനായി അവർ നടത്തുന്ന സമരങ്ങൾ, അതിനിടയിൽ അവർക്കു നേരിടുന്ന തിരിച്ചടികൾ-ഇതെല്ലാം ഇൗ മേഖലയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിന്റെ ഭാഗമാണ്. 

ഇപ്പോൾ പെട്ടെന്ന് അവരുടെ പ്രശ്നം ലോകത്തു വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുന്നു. സിറിയയിലെ കുർദുകളും തുർക്കി സൈന്യവും തമ്മിൽ ഒരാഴ്ചയിലേറെയായി നടന്നുവരുന്ന ഘോരയുദ്ധമാണ് ഇതിനു കാരണം.  

SYRIA-SECURITY-TURKEY-SHELLS
Smoke rises over the Syrian town of Tel Abyad, as seen from the Turkish border town of Akcakale in Sanliurfa province, Turkey, October 10, 2019. REUTERS/Murad Sezer

ഒരു വിവാദവും ഉയർന്നിട്ടുണ്ട്. സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (എെഎസ്) ഭീകരർക്കെതിരായ യുദ്ധത്തിൽ തങ്ങളുടെ കൂടെനിന്നു പോരാടിയ കുർദുകളെ ആക്രമിക്കാൻ അമേരിക്കതന്നെ തുർക്കിക്കു വഴിയൊരുക്കിക്കൊടുത്തുവെന്ന ആരോപണത്തിൽ നിന്നുണ്ടായതാണ് ഇൗ വിവാദം. അതിനെ പ്രതിരോധിക്കാൻ യുഎസ് ഭരണകൂടം പാടുപെടുന്നു. 

സിറിയയ്ക്കു പുറമെ, തുർക്കി, ഇറാഖ്, ഇറാൻ, അർമീനിയ എന്നീ രാജ്യങ്ങളിലുമാണ് കുർദുകൾ ഏറെയുളളത്. പരസ്പരം ചേർന്നു കിടക്കുന്ന ഇൗ പ്രദേശങ്ങളിലായി മൊത്തം ഏതാണ്ടു മൂന്നു കോടി ജനങ്ങൾ. അവർക്കു സ്വന്തം ഭാഷയും സംസ്ക്കാരവുമുണ്ട്. പല മതവിശ്വാസികളും ഉണ്ടെങ്കിലും ബഹുഭൂരിപക്ഷവും സുന്നി മുസ്ലിംകൾ. യൂറോപ്പിലും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ധാരാളം കുർദുകളുണ്ട്.

ഒരു നൂറ്റാണ്ടു മുൻപ്് ഒാട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു കുർദ് പ്രദേശങ്ങളിൽ മിക്കതും. ഒന്നാം ലോകമഹായുദ്ധത്തിൽ ഒാട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ അതിന്റെ ചാരത്തിൽനിന്നു തങ്ങളുടെ ഒരു രാഷ്ട്രം ഉയർന്നുവരുമെന്നു കുർദുകൾ പ്രതീക്ഷിച്ചു.  

Syrian Kurds
Syrian Kurds protest the Turkish offensive against Syria during a demonstration in front of the United Nation Headquarter in Erbil, Iraq October 10, 2019. REUTERS/Azad Lashkari

പക്ഷേ, യുദ്ധത്തിലെ ജേതാക്കളായ ബ്രിട്ടനും ഫ്രാൻസും ഒാട്ടോമൻ പ്രദേശങ്ങൾ വെട്ടിമുറിച്ച് ഇറാഖിനും സിറിയയ്ക്കും ജോർദാനും രൂപം നൽകിയപ്പോൾ കുർദുകൾ വിസ്മരിക്കപ്പെട്ടു. എങ്കിലും, സ്വന്തമൊരു ഗേഹം വേണമെന്ന ആഗ്രഹം കുർദുകളുടെ മനസ്സിൽനിന്നു വിട്ടുപോയില്ല. അങ്ങനെ തുടങ്ങിയതാണ് മധ്യപൂർവദേശത്തെ കുർദ് പ്രശ്നം. 

ഇറാഖിലെയും തുർക്കിയിലെയും കുർദുകളാണ് മുൻപ് വാർത്തകളിൽ സ്ഥലം പിടിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ചില വർഷങ്ങളായി ശ്രദ്ധിക്കപ്പെടുന്നതു സിറിയൻ കുർദുകളാണ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ അവരുടെ നേതൃത്വത്തിലുള്ള സൈന്യം ഐഎസ് ഭീകരർക്കെതിരെ നടത്തിയപോരാട്ടമാണ് അതിന്റെ പശ്ചാത്തലം. ഐഎസിനെ തുരത്താനായി തങ്ങൾക്കു സ്വന്തം പോരാളികളിൽ 11,000 പേരെ ബലികഴിക്കേണ്ടിവന്നതായി അവർ അവകാശപ്പെടുന്നു. 

ഐഎസിനെതിരെ കുർദുകളെ സഹായിച്ചുവന്ന അമേരിക്കയുടെ നയത്തിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് വീണ്ടും അവരിലേക്കു ലോകശ്രദ്ധ കേന്ദ്രീകരിക്കപ്പെടാൻ കാരണം. വടക്കു കിഴക്കൻ സിറിയയിൽനിന്നു യുഎസ് സൈന്യം പിൻവാങ്ങുകയും അവിടേക്കു കടന്നുവന്ന തുർക്കി സൈന്യം കുർദുകളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. 

ഇതേസമയം, താരതമ്യേന ശാന്തമായി ജീവിക്കുകയാണ് സിറിയയുമായി അതിർത്തി പങ്കിടുന്ന ഇറാഖിലെ കുർദുകൾ. സ്വന്തം രാജ്യമെന്ന സ്വപ്നം ഒരതിരുവരെ അവർ നേടിക്കഴിഞ്ഞു. അവർക്കു ബഹുഭൂരിപക്ഷമുള്ള വടക്കൻ ഇറാഖ് 14 വർഷമായി കുർദിസ്ഥാൻ എന്ന പേരിൽ ഒരു സ്വയം ഭരണപ്രദേശമാണ്.  

പക്ഷേ, സദ്ദാം ഹൂസൈന്റെ ഭരണകാലത്ത് അവരുടെ സ്ഥിതി ഇതായിരുന്നില്ല. കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. അവരുടെ  പ്രക്ഷോഭം അടിച്ചമർത്താൻ 1988ൽ ഹലാബ്ജയിൽ സദ്ദാം രാസായുധം പ്രയോഗിക്കുകപോലും ചെയ്തു. അയ്യായിരം പേർ മരിക്കുകയും നാലായിരം ഗ്രാമങ്ങൾ ചാമ്പലാവുകയും ചെയ്തു.    

യുഎസ് നേതൃത്വത്തിൽ സദ്ദാമിനെതിരെ നടന്ന രണ്ടു യുദ്ധങ്ങളിലും (1991, 2003) കുർദുകൾ സജീവമായി പങ്കെടുക്കുകയുണ്ടായി. 1991ൽ കുവൈത്തിൽനിന്നു തുരത്തപ്പെട്ട സദ്ദാമിനെതിരെ വിപ്ളവം നടത്താൻ ദക്ഷിണ ഇറാഖിലെ ഷിയാക്കളെയും കുർദുകളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, വേണ്ടതുപോലെ സഹായിച്ചില്ല. 

Syrian National Army
Members of Syrian National Army, known as Free Syrian Army, wave as they drive to cross into Syria near the Turkish border town of Ceylanpinar in Sanliurfa province, Turkey, October 10, 2019. REUTERS/Stringer

സദ്ദാമിന്റെ പതനത്തിനും മരണത്തിനും ഇടയാക്കിയ 2003ലെ യുദ്ധത്തെ തുടർന്നുണ്ടായ മാറ്റങ്ങളാണ് വടക്കൻ ഇറാഖിൽ കുർദുകളുടെ സ്ഥിതി മെച്ചപ്പെടാൻ വഴിയൊരുക്കിയത്. 2005ൽ പുതിയ ഭരണഘടന നിലവിൽ വന്നതോടെ വടക്കൻ മേഖലയിലെ മൂന്നു കുർദ് ഭൂരിപക്ഷ പ്രവിശ്യകൾ ചേർന്നു കുർദിസ്ഥാൻ രൂപംകൊണ്ടു. 

ബഗ്ദാദ് ആസ്ഥാനമായുള്ള ഇറാഖ് കേന്ദ്രഭരണകൂടത്തിന്റെ പരമാധികാരത്തിനു വിധേയമായിട്ടാണെങ്കിലും കുർദിസ്ഥാൻ ഏതാണ്ടൊരു സ്വതന്ത്ര രാജ്യമെന്ന പോലെ പ്രവർത്തിക്കുന്നു. പെഷ്മർഗ എന്ന പേരുള്ള സ്വന്തം സൈന്യവും അവർക്കുണ്ട്. 

കുർദിസ്ഥാനെ ഇറാഖിൽനിന്നു വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമവും നടക്കുകയുണ്ടായി. കേന്ദ്ര ഗവൺമെന്റെിന്റെ എതിർപ്പ് വകവയ്ക്കാതെ കഴിഞ്ഞ വർഷം അതു സംബന്ധിച്ച് ഹിതപരിശോധന നടന്നു. ജനങ്ങളിൽ 76 ശതമാനം പേർ പങ്കെടുക്കുകയും അവരിൽ 93 ശതമാനം സ്വാതന്ത്ര്യത്തിന് അനുകൂലമായി വിധിയെഴുതുകയും ചെയ്തു. 

പക്ഷേ, ഇറാഖ് മാത്രമല്ല, തുർക്കിയും ഇറാനും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പ്രമുഖ പാശ്ചാത്യ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അതിനെ എതിർത്തു. അതിനാൽ ഹിതപരിശോധനാഫലം നടപ്പാക്കാൻ കുർദ് നേതാക്കൾ ധൈര്യപ്പെട്ടില്ല. 

സ്വതന്ത്ര കുർദിസ്ഥാൻ സ്ഥാപിതമാകുന്നതോടെ ഇറാഖിന് അതിന്റെ എണ്ണസമ്പന്നമായ അഞ്ചിലൊരു ഭാഗം നഷ്ടപ്പെടുമായിരുന്നു. തുർക്കിയും ഇറാനും എതിർത്തതു മറ്റൊരു കാരണത്താലാണ്. വടക്കൻ ഇറാഖുമായി ചേർന്നുകിടക്കുന്ന ആ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലും കുർദുകളാണ് ഭൂരിപക്ഷം. വേറിട്ടുപോകാനും കുർദിസ്ഥാനോടൊപ്പം ചേർന്നു ഒരു വിശാല കുർദിസ്ഥാൻ രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ പങ്കാളികളാകാനും അവർ ശ്രമിക്കുമെന്നു തുർക്കിയും ഇറാനും ഭയപ്പെടുന്നു. 

വടക്കൻ ഇറാഖുമായി ചേർന്നു കിടക്കുന്ന തുർക്കിയുടെ തെക്കൻ മേഖലയിൽ നേരത്തെതന്നെ കുർദുകൾക്കിടയിൽ അസംതൃപ്തി പുകയുന്നുണ്ട്. തങ്ങൾ അവഗണിക്കപ്പെടുകയും വിവേചനത്തിന് ഇരയാവുകയും ചെയ്യുന്നുവെന്നാണ് അവരുടെ പരാതി.

ഇതു വിഘടനവാദത്തിനും കാരണമായി. അതിനു നേതൃത്വം നൽകുന്ന കുർദിഷ് വർക്കേഴ്സ് പാർട്ടിയും (പികെകെ) തുർക്കി ഗവൺമെന്റും തമ്മിലുള്ള യുദ്ധത്തിൽ 35 വർഷത്തിനിടയിൽ  40,000 പേർ മരിച്ചു.

SYRIA-CONFLICT-KURDS-SYRIA-ISIS
ഐഎസുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച കുർദിഷ് സേനയിലെ വനിതാവിഭാഗമായ വൈപിജെ പോരാളിയുടെ സംസ്കാരചടങ്ങിൽ നിന്ന്. ഐഎസ് അടിമകളാക്കിയ യസീദി വനിതകളെ തിരികെ കൊണ്ടുവരുമെന്നു പറഞ്ഞ് വൈപിജെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ തരംഗമാണ്.

നിരോധിക്കപ്പെട്ട ഇൗ സംഘടനയെയാണ് തുർക്കിയിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കും ഉത്തരവാദിയായി തുർക്കി ഗവൺമെന്റ് കുറ്റപ്പെടുത്തുന്നത്. തുർക്കിയോടൊപ്പം അമേരിക്കയും യൂറോപ്യൻ യൂണിയനും പികെകെയെ ഭീകര സംഘടനയായി മുദ്രകുത്തിയിട്ടുണ്ട്. അവരുടെ നേതാവ് അബ്ദുല്ല ഒജലാൻ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് 20 വർഷമായി ജയിലിൽ കഴിയുന്നു.  

പികെകെയോടുള്ള സമീപനത്തിലെ കാർക്കശ്യമാണ് സിറിയയിലെ കുർദുകളോടുള്ള തുർക്കിയുടെ നയത്തിലും പ്രതിഫലിക്കുന്നത്. സിറിയൻ കുർദ് സംഘടനയായ വൈപിജിയും അവർ നേതൃത്വം നൽകുന്ന സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസും പികെകെയുമായി സഖ്യത്തിലാണെന്നു തുർക്കി കുറ്റപ്പെടുത്തുന്നു. 

പക്ഷേ, അമേരിക്ക ഇതിനോടു യോജിക്കുന്നില്ല. അതുകൊണ്ടാണ് എെഎസുമായി യുദ്ധംചെയ്യാൻ അമേരിക്ക സിറിയൻ കുർദുകളെ സഹായിച്ചതും. 

തുർക്കിയുമായി ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സിറിയയിലെ വലിയൊരു ഭാഗം എസ്ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ഇതു സിറിയയുടെ ഏതാണ്ട് നാലിലൊന്നുവരും. ഇത്രയും വലിയൊരു പ്രദേശം സിറിയൻ കുർദുകളുടെ അധീനത്തിൽ തുടരുന്നതിൽ തുർക്കി അപകടം കാണുന്നു. 

തുർക്കിയിലെ കുർദുകൾ അവരിലേക്ക് ആകർഷിക്കപ്പെടുകയും അങ്ങനെ തെക്കൻ തുർക്കിയിലെ കുർദ് പ്രശ്നം കൂടുതൽ ഗുരുതരമാകാൻ അതു കാരണമായിത്തീരുകയും ചെയ്യുമെന്നു തുർക്കി ഭയപ്പെടുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിഎഫിനെതിരെ തുർക്കി സൈന്യം ആക്രമണം ആരംഭിച്ചത്.

എങ്കിലും, തുർക്കി പറയുന്ന കാരണം മറ്റൊന്നാണ്. തുർക്കിയിലുള്ള 36 ലക്ഷം സിറിയൻ അഭയാർഥികളിൽ 20 ലക്ഷം പേരെയെങ്കിലും താമസിപ്പിക്കാനായി വടക്കു കിഴക്കൻ സിറിയയിൽ  സുരക്ഷിത മേഖല ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നു തുർക്കി  അവകാശപ്പെടുന്നു. 

സത്യമെന്തായാലും, തുർക്കി സൈന്യവും കുർദുകളും തമ്മിലുള്ള ഘോരയുദ്ധത്തിനാണ് വടക്കു കിഴക്കൻ സിറിയ വേദിയായിരിക്കുന്നത്. കുർദുകളെ 

സംബന്ധിച്ചിടത്തോളം ചോരച്ചൊരിച്ചലിന്റെയും പിഴുതെറിയെപ്പെടലിന്റെയും പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കമാവുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ