ബ്രെക്സിറ്റിനു പിന്നാലെ സ്കോട്‌ലൻഡ്

HIGHLIGHTS
  • ബ്രിട്ടനു നഷ്ടമാവുക മൂന്നിലൊരു ഭാഗം
  • ബ്രെക്സിറ്റിന്റെ അനന്തരഫലം
scotland-rise-voice-for-independence
SHARE

മൂന്നര വർഷം ബ്രിട്ടനെ മുൾമുനയിൽ നിർത്തിയ ബ്രെക്സിറ്റ് വിവാദം പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തു. അതോടൊപ്പം മറ്റൊരു വിവാദത്തിനു ചൂടുപിടിക്കാൻ തുടങ്ങുകയും ചെയ്തു. ബ്രിട്ടന്റെ ഭാഗമായ സ്കോട്‌ലൻഡിന്റെ കാര്യത്തിലാണ് വിവാദം. 

ബ്രെക്സിറ്റ് അഥവാ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തിനു വഴി തുറന്നതു 2016ൽ നടന്ന ഹിതപരിശോധനയായിരുന്നു. അതിനു രണ്ടു വർഷം മുൻപ്,  സ്കോട്‌ലൻഡ്  വേറിട്ടുപോയി സ്വതന്ത്ര രാജ്യമാകണമോ എന്നതു സംബന്ധിച്ചും ഹിതപരിശോധന നടക്കുകയുണ്ടായി. 

ബ്രിട്ടനിൽതന്നെ തുടർന്നാൽ മതിയെന്നായിരുന്നു സ്കോട്‌ലൻഡുകാരുടെ അന്നത്തെ തീരുമാനം. എന്നാൽ, ബ്രെക്സിറ്റിന്റെയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ  മാറി. അതിനാൽ രണ്ടാമതൊരു ഹിതപരിശോധന അനിവാര്യമാണെന്നു സ്കോട്‌ലൻഡിലെ ഏറ്റവും വലിയ കക്ഷിയായ സ്കോട്ടിഷ് നാഷനൽ പാർട്ടി വാദിക്കുന്നു. 

ഇൗ തിരഞ്ഞെടുപ്പിൽ സ്കോട്‌ലൻഡിലെ 59ൽ 48 സീറ്റുകളും നേടിയത് അവരാണ്. പ്രാദേശിക കക്ഷിയായിരുന്നിട്ടും ബ്രിട്ടീഷ് പാർലമെന്റിൽ മൂന്നാം സ്ഥാനവും അവർക്കുണ്ട്. ഇതിന്റെയും പിൻബലത്തോടെയാണ് അവർ പുതിയ ഹിതപരിശോധന ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അവർ നേരിട്ടതും ഇൗ ആവശ്യം മുൻനിർത്തിയായിരുന്നു. 

പ്രധാനമന്ത്രി ബോറിസ് ജോൺസനു സ്വാഭാവികമായും ഇതൊരു തലവേദനയക്ക് കാരണമാകുന്നു. എങ്കിലും,അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി നേടിയ തകർപ്പൻ വിജയത്തിന് ഇതു മങ്ങലേൽപ്പിക്കുന്നില്ല. 650 അംഗ പാർലമെന്റിൽ 365 സീറ്റുകൾ നേടിയ അവർ അങ്ങനെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നത്. ജനുവരി 31നകം ബ്രെക്സിറ്റ് യാഥാർഥ്യമാക്കൽ ഇതോടെ ജോൺസനു പ്രശ്നമല്ലാതായി. 

കൺസർവേറ്റീവ് പാർട്ടിയെപ്പോലെ പല തവണ ബ്രിട്ടൻ ഭരിച്ച ലേബർ പാർട്ടിക്ക്് ഇത്തവണ നേരിട്ടത് കനത്ത പരാജയമാണ്. നേരത്തെയുണ്ടായിരുന്ന 262 സീറ്റുകളുടെ സ്ഥാനത്ത് അവർക്കു കിട്ടിയത് 203 സീറ്റുകൾ. അവരുടെ നേതാവ് ജെറമി കോർബിൻ രാജിവയ്ക്കാൻ സന്നദ്ധനായി.  

brexit

മുൻപ് ബ്രിട്ടനിലെ മൂന്നാം കക്ഷിയായി അറിയപ്പെട്ടിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയിലെഎംപിമാരുടെ എണ്ണം ഇപ്പോൾ പതിനൊന്നായി ചുരുങ്ങി. അവരുടെ വനിതാ നേതാവ് ജോ സ്വിൻസനു സ്വന്തം സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. കോർബിനെപ്പോലെ അവരും രാജി പ്രഖ്യാപിച്ചു. 

മറ്റൊരു വനിതാ നേതാവാണ് ഇൗ തിരഞ്ഞെടുപ്പോടെബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ മുൻ നിരയിൽ സ്ഥാനമുറപ്പിച്ചുകൊണ്ടു തരംഗങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നത്. സ്കോട്ടിഷ് നാഷനൽ പാർട്ടിയെ (എസ്എൻപി) നയിക്കുന്ന ഇവർ (നിക്കോള സ്റ്റർജ്യൻ) സ്കോട്‌ലൻഡിലെ ഹിതപരിശോധനയുടെ പേരിൽ പ്രധാനമന്ത്രി ജോൺസനുമായി ഏറ്റുമുട്ടാൻ ഒരുങ്ങി നിൽക്കുന്നു. 

സ്കോട്‌ലൻഡ് പ്രാദേശിക പാർലമെന്റിലെ ഭരണകക്ഷിയുമാണ് എസ്എൻപി. നിക്കോള സ്റ്റർജ്യൻ അവിടത്തെ മുഖ്യമന്ത്രിയുമാണ്. അടുത്ത വർഷം തന്നെ പുതിയ ഹിതപരിശോധന നടത്തണമെന്നാണ് അവർ ജോൺസനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പക്ഷേ, ബ്രിട്ടനിലെ അധികമാർക്കും അതിനോടു യോജിപ്പില്ല. കാരണം, സ്കോട്‌ലൻഡ് വേറിട്ടുപോവുന്നതോടെ ബ്രിട്ടന് അതിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെടും. എഡിൻബറോ, ഗ്ളാസ്ഗോ തുടങ്ങിയ പ്രശസ്ത നഗരങ്ങളും സമീപത്തുള്ള കടലിലെ എണ്ണ നിക്ഷേപത്തിന്റെ വലിയൊരു ഭാഗവും ഇതിൽ ഉൾപ്പെടുന്നു.   

ഇംഗ്ളണ്ട്, സ്്കോട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ നാലു പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ബ്രിട്ടൻ. യുകെ അഥവാ യുനൈറ്റഡ് കിങ്ഡം എന്നും വിളിക്കപ്പെടുന്നു. മുഴുവൻ പേര് യുനൈറ്റഡ് കിങ്ഡം ഒാഫ് ഗ്രെയിറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്. 

ഇംഗ്ളണ്ടും സ്കോട്‌ലൻഡും വെവ്വേറെ രാജ്യങ്ങളായിരുന്ന കാലത്ത് അവർ തമ്മിലുണ്ടായിരുന്ന  ശത്രുത ബ്രെയ്വ്ഹാർട്ട് എന്ന 1995ലെ ഹോളിവുഡ് ചിത്രത്തിൽനിന്നു മനസ്സിലാക്കാം. പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ളണ്ടിലെ രാജാവിനെതിരെ സ്കോട്ടുകൾ നടത്തിയ യുദ്ധമാണ് അതിലെ ഇതിവൃത്തം.  

എങ്കിലും, 1707ൽ ഇരു രാജ്യങ്ങളും തമ്മിൽ ലയിക്കുകയും ഗ്രെയിറ്റ് ബ്രിട്ടൻ എന്ന ഒറ്റരാജ്യമാവുകയും ചെയ്തു. മൂന്നു നൂറ്റാണ്ടിലേറെ  പഴക്കമുള്ള ആ ലയനമാണ്  2014ൽ നടന്ന റഫറണ്ടത്തിലൂടെ ആദ്യമായി പുനഃപരിശോധനയക്കു വിധേയമായത്. 

സ്കോട്ടിഷ് നാഷനൽ പാർട്ടിതന്നെയായിരുന്നു സ്വാതന്ത്ര്യ നീക്കത്തിന്റെ മുന്നിൽ. അന്നു ലണ്ടനിൽ ഭരണത്തിലായിരുന്ന കൺസർവേറ്റീവ് പാർട്ടിയോടും ലിബറൽ ഡമോക്രാറ്റുകളോടുമൊപ്പം ലേബർ പാർട്ടിയും ചേർന്ന് അതിനെ എതിർത്തു. സ്വാതന്ത്ര്യത്തെ 45 ശതമാനം പേർ അനുകൂലിച്ചപ്പോൾ എതിർത്തതു 55 ശതമാനം.  

ആ പ്രശ്നം അതോടെ അവസാനിച്ചുവെന്നാണ് ബ്രിട്ടനിലെ മുഖ്യധാരാ കക്ഷികളുടെയെല്ലാം നിലപാട്. പ്രധാനമന്ത്രി ജോൺസനും ആവർത്തിക്കുന്നത് അതാണ്. എന്നാൽ, ആ ഹിതപരിശോധന നടന്നതു ബ്രെക്സിറ്റിനു മുൻപാണെന്നും ബ്രെക്സിറ്റോടെ സാഹചര്യം മാറിയെന്നും അതു കൊണ്ടാണ് പുതിയ ഹിതപരിശോധന ആവശ്യപ്പെടുന്നതെന്നും സ്കോട്ടിഷ് നാഷനൽ പാർട്ടി വാദിക്കുന്നു. 

മൂന്നര വർഷംമുൻപ് ബ്രെക്സിറ്റ് ഹിതപരിശോധന നടന്നപ്പോൾ, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു)വിട്ടുപോകുന്നതിന് അനുകൂലമായി വോട്ടു ചെയ്തതു 52 ശതമാനം പേരാണ്. ഇംഗ്ളണ്ടിലും വെയിൽസിലുമുള്ളവരായിരുന്നു അവരിൽ അധികപേരും. സ്കോട്‌ലൻഡുകാരും (സ്കോട്ടുകൾ) വടക്കൻ അയർലൻഡുകാരും പൊതുവിൽ എതിർത്തു. 

Boris-uk

സ്കോട്ടുകളുടെ ഇൗ നിലപാട് ബ്രെക്സിറ്റ് നടപ്പാകുമ്പോൾ  തീർത്തും അവഗണിക്കപ്പെടുന്നു. ഇയുവിൽ തുടരാൻ ആഗ്രഹിച്ച സ്കോട്ടുകൾ ഇയുവിൽ അംഗമല്ലാത്ത ബ്രിട്ടനിൽ തുടരേണ്ടിവരുന്നു.

ഇൗ സാഹചര്യത്തിൽ അവർക്കു തങ്ങളുടെ ഇംഗിതം വ്യക്തമാക്കാൻ ഒരവസരംകൂടി നൽകിയേ തീരൂവെന്നാണ് എസ്എൻപി ആവർത്തിക്കുന്നത്. ്ഇൗ നിലപാടിനെ സ്കോട്‌ലൻഡിലെ ജനങ്ങൾ പരക്കെ അംഗീകരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അവർ വാദിക്കുന്നു.                 

പ്രധാനമന്ത്രി ജോൺസൻ സമ്മതിക്കുന്നില്ലെങ്കിൽ ഏകപക്ഷീയമായി ഹിതപരിശോധന നടത്താൻ നിക്കോള സ്റ്റർജ്യൻ ധൈര്യപ്പെടുമോ ? യൂറോപ്പിൽതന്നെ സ്പെയിനിലെ കാറ്റലോണിയയിൽ രണ്ടു വർഷംമുൻപ് നടന്നത് അത്തരമൊരു ഹിതപരിശോധനയായിരുന്നു. 

സ്പെയിൻ വിട്ടുപോകാനുള്ള കാറ്റലോണിയന്മാരിൽ ഒരു വിഭാഗത്തിന്റെ ആഗ്രഹമായിരുന്നു അതിന്റെ പശ്ചാത്തലം. കേന്ദ്ര ഗവൺമെന്റ്ും ഭരണഘടനാ കോടതിയും വിലക്കിയിട്ടും കാറ്റലോണിയൻ പ്രാദേശിക ഗവൺമെന്റ് ഹിതപരിശോധന നടത്തി. തുടർന്നു പ്രാദേശിക പാർലമെന്റ് ഏകപക്ഷീയമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തു. പക്ഷേ, കാറ്റലോണിയ ഇപ്പോഴും സ്പെയിനിന്റെ ഭാഗമായി തുടരുന്നു.

പ്രാദേശിക ഗവൺമെന്റിനെ കേന്ദ്ര ഭരണകൂടം പുറത്താക്കി. അതിന്റെ നേതാക്കൾ അറസ്റ്റിലാവുകയും ഇൗ വർഷം ഒക്ടോബറിൽ സുപ്രീം കോടതി അവരിൽ ചിലരെ ഒൻപതു മുതൽ 13 വരെ വർഷത്തേക്കു ജയിലിൽ അടക്കുകയും ചെയ്തു. പ്രാദേശിക ഗവൺമെന്റിലെ മുൻ പ്രസിഡന്റും ചില മന്ത്രിമാരും രണ്ടു വർഷമായി ബെൽജിയത്തിൽ ബ്രസ്സൽസിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇത്തരമൊരു സ്ഥിതിയിൽ സ്കോട്‌ലൻഡ് എത്തിച്ചേരില്ലെന്നുപ്രതീക്ഷിക്കുകയാണ് ബന്ധപ്പെട്ട എല്ലാവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA