വിദ്വേഷത്തിന്റെ നീണ്ട നാൾവഴി

HIGHLIGHTS
  • പ്രശ്നത്തിന്റെ തുടക്കം 1953ലെ അട്ടിമറി
  • സാംസ്ക്കാരിക സ്മാരകങ്ങൾക്കും ഭീഷണി
history-of-iran-america-hatred
ഇറാനിൽ അലയടിക്കുന്ന യുഎസ് വിരുദ്ധ വികാരങ്ങളോടു ഏറെക്കുറെ കിടപിടിക്കുന്നതാണ് ട്രംപിനെപ്പോലുള്ള അമേരിക്കക്കാർക്കിടയിൽ ഇറാന്റെ നേരെ നിലനിൽക്കുന്ന വെറുപ്പും വിദ്വേഷവും
SHARE

ഇറാനിൽ അമേരിക്ക വെറുക്കപ്പെടുന്ന അത്രയും ആഴത്തിലും തീവ്രമായും വേറൊരു രാജ്യവും ഒരിടത്തും വെറുക്കപ്പെടുന്നില്ല. സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തെതുടർന്ന് ഇറാനിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന യുഎസ് വിരുദ്ധ വികാരം ഒരിക്കൽകൂടി ഒാർമപ്പെടുത്തുന്നത് ആ വസ്തുതയാണ്  

ഇറാനിലെ രണ്ടാമനെന്നു കരുതപ്പെട്ടിരുന്ന സുലൈമാനിയെ വധിച്ചതിന് അമേരിക്കയോടു പകരം വീട്ടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി. അതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താക്കീതും പുറത്തുവന്നു കഴിഞ്ഞു. വിദ്വേഷത്തിന്റെ എരിതീയിൽ അടിക്കടി എണ്ണ ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 

അമേരിക്കക്കാരുടെ ജീവനോ സ്വത്തിനോ അപകടം സംഭവിച്ചാൽ ഇറാനെ തകർക്കുമെന്നുഭീഷണിപ്പെടുത്തിയ ട്രംപ് അതിനുവേണ്ടി അവിടത്തെ 52 സ്ഥലങ്ങൾ കണ്ടുവച്ചിട്ടുണ്ടെന്നുകൂടി വെളിപ്പെടുത്തിയിട്ടുണ്ട്്. എന്തുകൊണ്ട് 52 എന്ന ചോദ്യം ഉയരുന്നതിനുമുൻപ്തന്നെ അദ്ദേഹം അതിനുള്ള മറുപടിയും നൽകി.  

qassem-protest

നാൽപ്പതു വർഷംമുൻപ് ഇറാനിലെ യുഎസ് എംബസ്സിയിൽ 444 ദിവസം ബന്ദികളാക്കപ്പെട്ടതു 52 അമേരിക്കക്കാരായിരുന്നു. രണ്ടര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിനിടയിൽ അമേരിക്കയ്ക്ക്് ഏറ്റവുമധികം നാണക്കേടുണ്ടാക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അത്. അതിനു പകരംവീട്ടാനുളള ദാഹം ട്രംപിനെപ്പോലുള്ളവരുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നു.  

അതദ്ദേഹം ഒാർമിച്ചതു സുലൈമാനിയെ വധിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിക്കാൻ കൂടിയാണ്. മറ്റൊരു കാര്യംകൂടി അദ്ദേഹം എടുത്തു പറയുകയും അതു ലോകത്തു പരക്കെ ഞെട്ടലുണ്ടാക്കുകയും ചെയ്തു. ആക്രമണത്തിനു കണ്ടുവച്ചിട്ടുള്ള സ്ഥലങ്ങളിൽ ഇറാനിലെ സാംസ്ക്കാരിക സ്മാരകങ്ങളും ഉൾപ്പെടുമത്രേ. ഇതൊരു നാക്കുപിഴയായിരുന്നില്ല. രണ്ടു ദിവസം തുടർച്ചയായി ഇതദ്ദേഹം ആവർത്തിച്ചു.

അമേരിക്കയെ അപേക്ഷിച്ച് ഒട്ടേറെ നൂറ്റാണ്ടുകളുടെപഴക്കമുളളതാണ് ഇറാന്റെ (പേർഷ്യൻ) സാംസ്ക്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രം. ടെഹ്റാനിലും ഷിറാസിലും ഇസ്ഫഹാനിലും മറ്റുമുള്ള അതിന്റെ സ്മാരകങ്ങൾ ലോകത്തിന്റെ പൊതുവിലുള്ള പൈതൃക സ്വത്തുക്കളായും എണ്ണപ്പെടുന്നു. അവയുടെ നശീകരണം നാഗരിക സമൂഹത്തിനു സങ്കൽപ്പിക്കാൻ പോലുമാവില്ല.  

IRAQ-SECURITY-KERMAN-MOURNERS
Women hold pictures of Iranian Major-General Qassem Soleimani, head of the elite Quds Force, who was killed in an air strike at Baghdad airport, during a funeral procession and burial at his hometown in Kerman, Iran January 7, 2020. Photo: Mehdi Bolourian/Fars News Agency/WANA (West Asia News Agency) via REUTERS

യുദ്ധങ്ങളിൽ സാധാരണ ആക്രമിക്കപ്പെടുക സൈനിക പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. അതിൽനിന്നുവ്യത്യസ്തമായി ഇറാനിലെ ചരിത്രസ്മാരകങ്ങളും തകർക്കുമെന്ന ട്രംപിന്റെ ഭീഷണി അമേരിക്കയിൽ തന്നെ രൂക്ഷമായി വിമർശിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാനും ഇറാഖിൽ ഇസ്ലാമിക സ്റ്റേറ്റ് ഭീകരരും അഴിച്ചുവിട്ടതുപോലുള്ള ഇത്തരം കുടിലതകൾ രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് യുദ്ധക്കുറ്റങ്ങളാണെന്നു പലരും അദ്ദേഹത്തിനു മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഇറാനിൽ അലയടിക്കുന്ന യുഎസ് വിരുദ്ധ വികാരങ്ങളോടു ഏറെക്കുറെ കിടപിടിക്കുന്നതാണ് ട്രംപിനെപ്പോലുള്ള അമേരിക്കക്കാർക്കിടയിൽ ഇറാന്റെനേരെ നിലനിൽക്കുന്ന വെറുപ്പും വിദ്വേഷവും. 40 വർഷത്തെ ചരിത്രമാണ് അതിനുള്ളത്. 

മധ്യപൂർവദേശത്ത് അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ചക്രവർത്തി, ഷാ മുഹമ്മദ് റിസ പഹ്ലവിയിൽനിന്നു 1979ൽ ഇസ്ലാമിക വിപ്്ളവകാരികൾ അധികാരം പിടിച്ചടക്കിയതോടെയായിരുന്നു അതിന്റെ തുടക്കം. തന്ത്രപ്രധാനമായ ആ മേഖലയിലെ യുഎസ് താൽപര്യങ്ങൾ അതോടെ കടുത്ത ഭീഷണിയിലായി. 

അതേ വർഷംതന്നെ, ഒരുകൂട്ടം കോളജ് വിദ്യാർഥികൾ ടെഹ്റാനിലെ യുഎസ് എംബസ്സി കൈയേറി. ഷായ്ക്ക്  അഭയം നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചും വിപ്ളവത്തെ അട്ടിമറിക്കാൻ എംബസ്സിയിൽ ശ്രമം നടക്കുന്നതായി ആരോപിച്ചുമായിരുന്നു ആ നടപടി. 

പലവിധത്തിലുമുളള സമ്മർദ്ദങ്ങൾ വിഫലമായപ്പോൾ ബന്ദികളെ മോചിപ്പിക്കാൻ അമേരിക്ക കമാൻഡോകളെ അയച്ചു. അതവസാനിച്ചതും നാണക്കേടിലായിരുന്നു. കമാൻഡോകളുടെ ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെടുകയും എട്ടുപർ മരിക്കുകയും ചെയ്തു.

ഒടുവിൽ, അൽജീരിയയുടെ മധ്യസ്ഥതയിൽ ഉണ്ടായ ഒത്തുതീർപ്പിനെ തുടർന്നാണ് 444ാം ദിവസം ബന്ദികൾ മോചിതരായത്. ഇറാനുമായുള്ള നയതന്ത്രബന്ധം അതിനിടയിൽ അമേരിക്ക വിഛേദിക്കുകയുംചെയ്തു.   

ഇതാണ് അമേരിക്കയിൽ ഇറാൻ വെറുക്കപ്പെടാൻ തുടങ്ങിയതിന്റെ ആദ്യഘട്ടം. ഇറാനിൽ അമേരിക്ക വെറുക്കപ്പെടാൻ തുടങ്ങിയത് അതിനും കാൽ നൂറ്റാണ്ടു മുൻപായിരുന്നു. ഷാ മുഹമ്മദ് റിസ പഹ്ലവിതന്നെയായിരുന്നു അന്നും സിംഹാസനത്തിൽ. 

35 killed in stampede at slain Iran general's funeral
Iranian people attend a funeral procession and burial for Iranian Major-General Qassem Soleimani, head of the elite Quds Force, who was killed in an air strike at Baghdad airport, at his hometown in Kerman, Iran, on Tuesday. Photo: Mehdi Bolourian/Fars News Agency/WANA via REUTERS

പക്ഷേ, ടെഹ്റാനിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്നത് അമേരിക്കയ്ക്കല്ല, ബ്രിട്ടനായിരുന്നു. എണ്ണ വ്യവസായ രംഗത്തു കുത്തകയുണ്ടായിരുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആംഗ്ളോ-ഇറാനിയൻ ഒായിൽ കമ്പനിയായിരുന്നു അതിന്റെ കേന്ദ്രബിന്ദു. 

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖ് 1953ൽ എണ്ണ വ്യവസായം ദേശസാൽക്കരിച്ചു. ബ്രിട്ടന് അതു സഹിക്കാനായില്ല. അമേരിക്കയുടെ സഹായത്തോടെ അവർ മുസ്സദ്ദിഖിനെ അട്ടിമറിച്ചു. ഷായെ കൂട്ടുപിടിച്ച് അവർ അദ്ദേഹത്തെ ജയിലിലാക്കി. പിന്നീടു വീട്ടുതടങ്ങലിൽ കഴിയുമ്പോഴായിരുന്നു 1967ൽ മുസ്സദ്ദിഖിന്റെ അന്ത്യം.  

അമേരിക്കയുടെ മുൻ പ്രസിഡന്റ് തിയോഡർ റൂസ്വെൽറ്റിന്റെ പൗത്രനും ടെഹറാനിലെ സിഎെഎ തലവനുമായിരുന്ന കെർമിറ്റ് റൂസ്വെൽറ്റായിരുന്നു അട്ടിമറിയുടെ സൂത്രധാരൻ. മധ്യപൂർവദേശത്തെ യുഎസ് ഇടപെടലിന്റെ ചരിത്രം തുടങ്ങുന്നതും അതോടെയാണ്.

അന്നുമുതൽ ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും ഇറാനിൽ അസ്തമിച്ചു. ഷായുടെ ഏകാധിപത്യം 1979വരെ തുടർന്നു. അതിനു സഹായിച്ച അമേരിക്കയുമായുള്ള ഷായുടെ കൂട്ടുകെട്ട് അടിക്കടി ശക്തിപ്പെട്ടുകൊണ്ടിരിക്കേ ഇറാനിലെ ജനങ്ങൾക്കിടയിൽ അമേരിക്കയോടുള്ള വെറുപ്പിന്റെ ആഴവും കൂടുകയായിരുന്നു. 

അതാണ് 1979ൽ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ളവത്തിൽ കലാശിച്ചത്. പുറത്താക്കപ്പെട്ട ഷായെ അമേരിക്ക വീണ്ടും സഹായിക്കാൻ ശ്രമിച്ചുവെന്ന മുറവിളി യുഎസ് വിരുദ്ധ വികാരം കൂടുതൽ ആളിക്കത്താൻ ഇടയാക്കുകയും ചെയ്തു. 

അതിനടുത്ത വർഷമായിരുന്നു ഇറാനും സദ്ദാം ഹുസൈന്റെ ഇറാഖും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കം. എട്ടുവർഷം (1980-1988) നീണ്ടുനിന്ന ആ യുദ്ധത്തിൽ അമേരിക്ക ഇറാഖിനെ സഹായിച്ചു. 

iran-conflict-us

അതിനിടയിൽ ഗൾഫ് മേഖലയിൽ യുഎസ് യുദ്ധക്കപ്പലിൽനിന്നുള്ള വെടിയേറ്റ് ഇറാന്റെ ഒരു യാത്രാവിമാനം തകരുകയും അതിലെ 290 പേരും കൊല്ലപ്പെടുകയും ചെയ്തു. യുദ്ധവിമാനമാണെന്നു തെറ്റിദ്ധരിച്ചു വെടിവച്ചുപോയെന്നായിരുന്നു വിശദീകരണം.

പിൽക്കാലത്ത് ഇറാൻ ആണവ പ്രവർത്തനം തുടങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനു കുറേക്കൂടി ചൂടുപിടിച്ചു. ലോകത്തിനുതന്നെ ഭീഷണിയായിക്കൊണ്ടിരുന്ന ഇൗ പ്രശ്നത്തിന്റെ കുരുക്കുകൾ അഴിക്കാൻ അമേരിക്കയിൽനിന്ന് ആദ്യമായി മുന്നോട്ടുവന്നത് പ്രസിഡന്റ് ബറാക് ഒബാമയാണ്. മിതവാദിയായ ഹസ്സൻ റൂഹാനി ഇറാനിലെ പ്രസിഡന്റായത് അതിനു സഹായകവുകയും ചെയ്തു. 

അങ്ങനെ രൂപംകൊണ്ടതാണ് അമേരിക്കയ്ക്കും ഇറാനും പുറമെ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും കൂടിയുണ്ടാക്കിയ 2015ലെ ആണവ കരാർ. കാലക്രമത്തിൽ യുഎസ്-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടാൻ പോലും അതു വഴിയൊരുക്കുമെന്നു പലരും സ്വപ്നം കണ്ടു.

പക്ഷേ, അത് ഇറാനുമാത്രം ഗുണകരമായ കരാറാണെന്നാണ് മൂന്നു വർഷമായി അമേരിക്കയെ നയിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിപ്രായം. 2018 മേയിൽ അദ്ദേഹം ഏകപക്ഷീയമായി അതിൽനിന്നു പിൻവാങ്ങി. ഇരു രാജ്യങ്ങൾക്കും ഇടയിൽ അതോടെ പുനരാരംഭിച്ച സംഘർഷമാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കോളമെത്തി നിൽക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ