ആണവ വഴിയിൽ വീണ്ടും കിം

HIGHLIGHTS
  • ഗദ്ദാഫിയുടെ ഗതി വരാതിരിക്കാൻ ആഗ്രഹം
  • ഉച്ചകോടികൾ ഫലം കണ്ടില്ല
kim-jong-un-restart-nuclear-threat
ഇറാനുമായുള്ള അമേരിക്കയുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയ ആണവായുധ-മിസൈൽ പരിപാടികൾ പുനരാരംഭിച്ചാൽ അധികമാരും അൽഭുതപ്പെടുകയില്ല
SHARE

ഇറാനിലെ ഉന്നത സൈനിക കമാൻഡർ ഖാസിം സുലൈമാനി അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത ലോകമൊട്ടുക്കും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ ഉത്തര കൊറിയയിലെ മാധ്യമങ്ങൾ (എല്ലാം ഒൗദ്യോഗികം) അതറിഞ്ഞ ഭാവം കാട്ടിയില്ല. 

മൂന്നാം ദിവസം ഒരു വാർത്ത വന്നുവെങ്കിലും അതു ആ സംഭവത്തെക്കുറിച്ചല്ല, അതിനെ ചൈനയും റഷ്യയും അപലപിച്ചതിനെക്കുറിച്ചായിരുന്നു. ഇറാനിലെ രണ്ടാമനെന്നു കരുതപ്പെടുന്ന സുലൈമാനിയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ പറഞ്ഞിരുന്നുമില്ല. 

ഇതെന്തുകൊണ്ട് എന്ന ചോദ്യത്തിനു പല നിരീക്ഷകരും നൽകുന്ന ഉത്തരം ഇങ്ങനെയാണ് : അത്തരമൊരു പ്രമുഖനെപ്പോലും ആക്രമിക്കാൻ അമേരിക്കയ്ക്കു മടിയില്ലെന്നും അതിനുവേണ്ടി ഉത്തരവിടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാണെന്നുമുള്ളതാണ് ഇൗ സംഭവം നൽകുന്ന ഒരു സന്ദേശം. ഉത്തര കൊറിയയിലെ ജനങ്ങൾ അതറിയുന്നതു അവിടത്തെ ഭരണകൂടം, വിശേഷിച്ച് ഏകാധിപതി കിം ജോങ് ഉൻ ഇഷ്ടപ്പെടുന്നില്ല.

North Korea US Nuclear Diplomacy

കാരണം, സാഹചര്യങ്ങൾ ഒത്തുവന്നാൽ തങ്ങൾക്കെതിരെയും ട്രംപ് നീങ്ങുമെന്ന് അവർ ഭയപ്പെടുന്നു. ഉത്തര കൊറിയയെ ചുട്ടുചാമ്പലാക്കുമെന്നു മട്ടിൽ രണ്ടു വർഷംമുൻപ് ട്രംപ് സംസാരിച്ചതു മറക്കാറായിട്ടുമില്ല. സുലൈമാനിക്കെതിരെ പ്രയോഗിച്ച മാതൃകയിലുള്ള അത്യാധുനിക ഡ്രോണുകൾ ദക്ഷിണ കൊറിയയിൽ അമേരിക്ക നേരത്തെതന്നെ വിന്യസിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 

ആണവായുധങ്ങൾ, അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കെൽപ്പുള്ള മിസൈലുകൾ എന്നിവയുടെ കാര്യത്തിൽ ഇറാനോടെന്ന പോലെ ഉത്തര കൊറിയയുമായും ഉടക്കിലാണ് അമേരിക്ക. ആണവ ബോംബുകൾ നിർമിക്കാനുള്ള സംരംഭത്തിലാണ് ഇറാനെന്നു കരുതുന്ന ട്രംപ് അതു നിർത്തിക്കാനുള്ള ശ്രമത്തിലുമാണ്. അതിനെ തുടർന്നുണ്ടായ സംഘർഷം അടിക്കടി മൂർഛിച്ചുകൊണ്ടിരിക്കേയാണ് സുലൈമാനിയുടെ വധം.  

ഉത്തര കൊറിയ നേരത്തെതന്നെ ആണവായുധങ്ങൾ പല തവണ പരീക്ഷിച്ചു കഴിഞ്ഞതാണ്. ഹൈഡ്രജൻ ബോംബ് പോലും പരീക്ഷിച്ചതായി അവകാശപ്പെടുകയുമുണ്ടായി. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയെ ആക്രമിക്കാൻ ഉപകരിക്കുന്ന ഹ്രസ്വദൂര, മധ്യദൂര മിസൈലുകൾക്കു പുറമെ യുഎസ് വൻകരയിലോളം ചെന്നെത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും തങ്ങളുടെ പക്കലുളളതായി അവർ അവകാശപ്പെടുന്നു.  

ഇതിന്റെയെല്ലാം പേരിൽ അമേരിക്ക മുൻകൈയെടുത്തു നടപ്പാക്കിവരുന്ന കർക്കശമായ സാമ്പത്തിക ഉപരോധത്തെ നേരിടുകയാണ്  ഉത്തര കൊറിയ. എങ്കിലും, പ്രശ്നത്തിനൊരു പരിഹാരം കാണാനുളള ശ്രമത്തിൽ ട്രംപും കിമ്മും തമ്മിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മൂന്നുതവണ തമ്മിൽ കണ്ടു. 

NORTHKOREA-USA

ഒത്തുതീർപ്പുണ്ടാകുമെന്നും അതിന്റെ പേരിൽ തനിക്കു നൊബേൽ സമാധാന സമ്മാനം കിട്ടുമെന്നു പോലും കരുതുകയായിരുന്നു ട്രംപ്. പക്ഷേ, കാര്യങ്ങൾ തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. ഉപരോധങ്ങൾ പിൻവലിക്കാതെ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ കിം തയാറില്ല. അവ കിം ഉപേക്ഷിക്കാതെ ഉപരോധങ്ങൾ പിൻവലിക്കാൻ ട്രംപും ഒരുക്കമില്ല. 

സ്തംഭനാവസ്ഥ ഇങ്ങനെ നീണ്ടുപോകുന്നതിൽ കിം അക്ഷമനാകാൻ തുടങ്ങുകയാണെന്നായിരുന്നു കഴിഞ്ഞ വർഷാവസാനത്തിലെ സൂചനകൾ. 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ആദ്യത്തെ ട്രംപ്-കിം ഉച്ചകോടിക്കു തൊട്ടുമുൻപ്് നിർത്തിവച്ചിരുന്ന ആണവ-മിസൈൽ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ പോലും അദ്ദേഹം ആലോചിക്കുകയാണത്രേ. 

താനൊരു ക്രിസ്മസ് സമ്മാനം നൽകാൻ പോവുകയാണെന്നു ഡിസംബറിൽ അദ്ദേഹംപറഞ്ഞത് ഇതിനുദാഹരണമായിരുന്നു. പുതിയൊരു തന്ത്രപരമായ ആയുധം അടുത്തുതന്നെ  പുറത്തിറക്കുമെന്നും പിന്നീടു പറഞ്ഞു. രാജ്യാന്തര ബാലിസ്റ്റിക് മിസൈൽ എന്നായിരുന്നു അഭ്യൂഹം. 

പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇനി സംഭവിക്കാനുളള സാധ്യത അധികമാരും തള്ളിക്കളയുന്നുമില്ല. ഇത്തരമൊരു മിസൈൽ ഉത്തര കൊറിയ അവസാനമായി പരീക്ഷിച്ചത് 2017 ലായിരുന്നു. ഹ്വാസോങ് 15 എന്നു പേരായ ആ മിസൈലിന് യുഎസ് വൻകരയുടെ ഏതുഭാഗത്തും ചെന്നെത്താനാവുമെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. 

trump-us.jpg.image.784.410

ഉപരോധങ്ങൾ പിൻവലിക്കാൻ ട്രംപ് സമ്മതിക്കുമെന്ന പ്രതീക്ഷയിലാണ് ആണവായുധ-മിസൈൽ പരീക്ഷണങ്ങൾ ഉത്തര കൊറിയ നിർത്തിവച്ചത്. ട്രംപ് അത് അനുഭാവപൂർവം കണക്കിലെടുക്കുന്നില്ലെന്നു അവർ പരാതിപ്പെടുന്നു. അതിനാൽ പഴയ സ്ഥിതിയിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. 

ഇതിനിടയിലാണ് ഇറാഖിലെ ബഗ്ദാദിൽ സുലൈമാനി വധിക്കപ്പെട്ടത്. ഉത്തര കൊറിയയോടെന്നപോലെ ഇറാനോടുമുള്ള അമേരിക്കയുടെ എതിർപ്പിന്റെ ഇരയാണ് സുലൈമാനി. അമേരിക്കയ്ക്കു ഭീഷണിയാണെന്നു കണ്ടാൽ ആർക്കെതിരെയും നടപടിയെടുക്കാൻ ട്രംപ് മടിക്കില്ലെന്ന സന്ദേശവും ആ കൊലപാതകത്തിൽ പലരും കാണുന്നു.  

ഇൗ സാഹചര്യത്തിൽ  പരസ്പരവിരുദ്ധമായ രണ്ടു മാർഗങ്ങൾ ഉത്തര കൊറിയയുടെ മുന്നിൽ തുറന്നുകിടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഒന്നുകിൽ തങ്ങളുടെ നിലപാടിൽ അയവുവരുത്താൻ തയാറാവുക. രാജ്യത്തെ സമ്പൽ സമൃദ്ധിയിലേക്ക് ഉയർത്താൻ സഹായിക്കാമെന്നും ഭരണമാറ്റത്തിനു ശ്രമിക്കില്ലെന്നുമുള്ള ട്രംപിന്റെ വാഗദാനം സ്വീകരിച്ച് ആണവായുധങ്ങൾ തീർത്തും ഉപേക്ഷിക്കുക. 

അല്ലെങ്കിൽ, അമേരിക്കയെ, പ്രത്യേകിച്ച് ട്രംപിനെ വിശ്വസിക്കാൻ പറ്റില്ലെന്നും തങ്ങളുടെ നിലനിൽപ്പിനു നല്ലത് ആണവായുധ ശക്തി നിലനിർത്തുകയാണെന്നുമുളള നിലപാടിൽ  ഉറച്ചുനിൽക്കുക. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതത്വം ശക്തിപ്പെടുത്താനായി ആണവായുധ-മിസൈൽ പരീക്ഷണങ്ങൾ നിർബാധം തുടരുക.  

kim-jong-un-north-korea.jpg.image.784.410

കിം രണ്ടാമത്തെ മാർഗം സ്വീകരിക്കുമെന്ന അഭിപ്രായമാണ് പല നിരീക്ഷകർക്കുമുള്ളത്. മുൻപ് ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ മുഅമ്മർ ഗദ്ദാഫിക്കും നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചുള്ള ഒാർമകളും അദ്ദേഹത്തെ ഇൗ വഴി പിന്തുടരാനാണ് പ്രേരിപ്പിക്കുകയെന്ന് അവർ കരുതുന്നു. 

സദ്ദാമും ഗദ്ദാഫിയും യുഎസ് ഭീഷണിക്കു വഴങ്ങി തങ്ങളുടെ ആണവപരിപാടി ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ അവർ ഇന്നും ജീവിച്ചിരിപ്പുണ്ടാകുമെന്നു കരുതുന്നവരുണ്ട്. ഗദ്ദാഫിയുടെ അനുഭവം ഉത്തര കൊറിയയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഒാർമിക്കപ്പെടുന്നു. 

ഉത്തര കൊറിയയുടെ കാര്യത്തിൽ അമേരിക്ക അവലംബിക്കാൻ ഉദ്ദേശിക്കുന്നതു ലിബിയൻ മോഡലാണെന്നു ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൻ ആവർത്തിച്ചു പറയുകയുണ്ടായി. ആദ്യത്തെ ട്രംപ്-കിം ഉച്ചകോടി സിംഗപ്പൂരിൽ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു അത്.

ഗദ്ദാഫിയുടെ ഭരണത്തിൽ ലിബിയയ്ക്കും ആണവ പരിപാടിയുണ്ടായിരുന്നു. ചെറിയ തോതിലായിരുന്നുവെന്നുമാത്രം. ബോംബുണ്ടാക്കാനുള്ള കഴിവൊന്നും ആർജിക്കാൻ തുടങ്ങിയിരുന്നില്ല. എങ്കിലും യുഎസ് ഭീഷണിക്കു വഴങ്ങി 2003ൽ അതുപേക്ഷിക്കാൻ ഗദ്ദാഫി തയാറായി. ഇല്ലെങ്കിൽ സദ്ദാം ഹുസൈന്റെ പക്കൽ ആണവബോംബുകൾ ഉണ്ടെന്ന പേരിൽ ഇറാഖിനെ ആക്രമിച്ചതുപോലെ ലിബിയയെയും യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് ആക്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.  

ബുഷുമായി ഗദ്ദാഫി ഒത്തുതീർപ്പിലെത്തി. ലിബിയയുടെ പക്കലുണ്ടായിരുന്ന യുറേനിയം സെൻട്രിഫ്യൂജുകളും മറ്റ് ആണവസാമഗ്രികളുമെല്ലാം അമേരിക്കയിലെ ഒരു ഗവേഷണ ശാലയിൽ സൂക്ഷിക്കാനായി കയറ്റിയച്ചു. ആണവബോംബുണ്ടാക്കാൻ മേലിൽ ലിബിയയ്ക്കു കഴിയില്ലെന്നു വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചു ഉറപ്പുവരുത്തി.  

NORTHKOREA-USA-VIETNAM-KIM

പക്ഷേ, ആണവ പരിപാടി കൈവെടിഞ്ഞതിനു പകരമായി അമേരിക്കയിൽനിന്നു കിട്ടുമെന്നു കരുതിയിരുന്ന പരിഗണന ഗദ്ദാഫിക്കു കിട്ടിയില്ല. എട്ടു വർഷത്തിനുശേഷം 2011ൽ ലിബിയയിൽ അദ്ദേഹത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അമേരിക്ക അതിനെ പിന്തുണച്ചു. 

യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ സഹായത്തോടെ ലിബിയൻ വിമതർ ഗദ്ദാഫിയെ അട്ടിമറിച്ചു. അവർ അദ്ദേഹത്തെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി കൊലപ്പെടുത്തുകയും ചെയ്തു. പിതാവ് കിം ജോങ് ഇലിന്റെ മരണത്തെ തുടർന്നു കിം ജോങ് ഉൻ ഉത്തര കൊറിയയുടെ അധിപനായ വർഷത്തിലായിരുന്നു ആ സംഭവം. 

സിംഗപ്പൂർ ഉച്ചകോടിക്കുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കേ ഗദ്ദാഫിയുടെ ദുരനുഭവം ഒാർമപ്പെടുത്തിയത് കിമ്മിനെ ക്ഷുഭിതനാക്കി. ഉച്ചകോടിതന്നെ അപകടത്തിലാവുമെന്നു കണ്ടപ്പോൾ ബോൾട്ടനെ തള്ളിപ്പറയാൻ ട്രംപ് നിർബന്ധിതനായി. ആണവായുധങ്ങൾ പൂർണമായി ഉപേക്ഷിച്ചാൽ കിമ്മിനെ മറിച്ചിടാൻ അമേരിക്ക ശ്രമിക്കില്ലെന്നു വിശദീകരിക്കേണ്ടിയും വന്നു.

ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ സുലൈമാനിയെ വധിക്കാൻ അമേരിക്ക ധൈര്യപ്പെടില്ലായിരുന്നുവെന്നു കരുതുന്നവരുമുണ്ട്. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭീതി അതിനു തടസ്സമാകുമായിരുന്നു. അതിനാൽ, ആണവായുധ-മിസൈൽ പരിപാടികളുമായി എത്രയും വേഗം മുന്നോട്ടുപോകാൻ ഉത്തര കൊറിയ തീരുമാനിക്കുകയാണെങ്കിൽ അധികമാരും അതിൽ അൽഭുതപ്പെടുകയില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ