നേപ്പാളില്‍ കമ്യൂണിസ്റ്റ് ഇണക്കവും പിണക്കവും

HIGHLIGHTS
  • ഏറ്റവും വലിയ പാര്‍ട്ടിക്ക് പേരില്ലാതായി
  • പ്രധാനമന്ത്രി ഓലിക്ക് തിരിച്ചടി
NEPAL-POLITICS-PARLIAMENT
Nepal's Prime Minister Khadga Prasad Sharma Oli, also known as K.P. Oli, delivers a speech during a mass gathering in his support, after the dissolution of parliament, in Kathmandu, Nepal February 5, 2021. Navesh Chitrakar/ Reuters
SHARE

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടിരുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു (എന്‍സിപി) കഷ്ടിച്ച് മൂന്നു വര്‍ഷമേ ആയുസ്സുണ്ടായുള്ളൂ. പ്രധാനമന്ത്രി ഖഡ്ഗപ്രസാദ് ശര്‍മ ഓലി എന്ന കെ. പി. ശര്‍മ ഓലിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുകയായിരുന്ന ഈ പാര്‍ട്ടി പെട്ടെന്ന് ഇല്ലാതായി.  അങ്ങനെയൊരു പേരില്‍ നിലനില്‍ക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയില്ലെന്ന സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്നാണിത്. അതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയില്‍നിന്ന്‌ ആ പേരു നീക്കം ചെയ്യപ്പെട്ടു. കാരണം, അതേ പേരില്‍ നേരത്തെതന്നെ വേറൊരു പാര്‍ട്ടിയുണ്ട്. 

ചെറിയ ഇടവേളകളോടെ മാസങ്ങളായി കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുന്ന നേപ്പാള്‍ രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ ഈ സംഭവത്തോടെ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കടുത്ത സാമ്പത്തിക ഞെരുക്കവും കോവിഡ് മഹാമാരി മൂലമുള്ള പ്രയാസങ്ങളും മൂലം രാജ്യം വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കേയാണ് ഈ രാഷ്ട്രീയ നാടകങ്ങള്‍. ഓലിയുടെ യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുന്‍പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡയുടെ മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 2018 മേയില്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടായതാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. അതിനു മുന്‍പ്, 2017 നവംബര്‍-ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിനെ ഇരു പാര്‍ട്ടികളും നേരിട്ടത് ഒന്നിച്ചായിരുന്നു. 

അങ്ങനെ, 275 അംഗ പാര്‍ലമെന്‍റില്‍ അവര്‍ 174 സീറ്റുകള്‍ നേടുകയും ഏഴു പ്രവിശ്യകളില്‍ ആറിലും ഭരണം കരസ്ഥമാക്കുകയും ചെയ്തു. ആ വിജയത്തിന്‍റെ ലഹരിയിലാണ് ആറു മാസത്തിനു ശേഷം രണ്ടു പാര്‍ട്ടികളും തമ്മില്‍ ലയിച്ചതും. തിരഞ്ഞെടുപ്പ് സഖ്യവും പാര്‍ട്ടികള്‍ തമ്മിലുള്ള ലയനവും സാധ്യമാക്കുന്നതില്‍ ചൈന കാര്യമായ പങ്കു വഹിച്ചതും രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ഓലിയുടെയും പ്രഛണ്ഡയുടെയും പാര്‍ട്ടികള്‍ക്കു മുന്നില്‍ രണ്ടു മാര്‍ഗങ്ങളാണ് ഇപ്പോള്‍ തുറന്നുകിടക്കുന്നത്. ഒന്നുകില്‍ ബന്ധം പിരിയാതെ പാര്‍ട്ടിക്കു പുതിയൊരു പേരു കണ്ടെത്തുകയും അതു തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. അങ്ങനെ ഇന്നത്തെപ്പോലെ മുന്നോട്ടു പോവുക. അല്ലെങ്കില്‍ ബന്ധം അവസാനിപ്പിച്ച് മുന്‍പത്തെപ്പോലെ രണ്ടു വ്യത്യസ്ത കക്ഷികളായി തുടരുക. 

വ്യത്യസ്ത കക്ഷികളായി തുടരുന്നപക്ഷം പാര്‍ലമെന്‍റില്‍ രണ്ടു കൂട്ടര്‍ക്കും തനിച്ച് ഭൂരിപക്ഷമുണ്ടാവില്ല. 2017ലെ തിരഞ്ഞെടുപ്പില്‍ യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കിട്ടിയത് 121 സീറ്റും മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു കിട്ടിയത് 53 സീറ്റുമായിരുന്നു. അതിനാല്‍, ഇരു കക്ഷികള്‍ക്കും ഭൂരിപക്ഷം തട്ടിക്കൂട്ടിയുണ്ടാക്കാനായി മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടിവരും. ഇന്നത്തെ സാഹചര്യത്തില്‍ അത് ഒട്ടും എളുപ്പമല്ല. മാത്രമല്ല, അങ്ങനെയുണ്ടാക്കുന്ന മന്ത്രിസഭ ഏതു നിമിഷവും തകരാനുള്ള സാധ്യതയുമുണ്ട്. മുന്‍ അനുഭവങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.  

പല പേരുകളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേപ്പാളിലുണ്ട്. അവയിലൊന്നാണ് റിഷി കട്ടേലിന്‍റെ നേതൃത്വത്തില്‍ 2013 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. ഓലിയുടെയും പ്രചണ്ഡയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചുണ്ടായ പാര്‍ട്ടിയുടെ പേരും അതാണെന്നറിഞ്ഞപ്പോള്‍ അതിനെതിരെ കട്ടേല്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. 

പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയപ്പോള്‍ കട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ച. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് നേരത്തെതന്നെ കട്ടേലിന്‍റെ പാര്‍ട്ടി ഉപയോഗിച്ചുവരുന്നതാണെന്നും അതിനാല്‍ ആ പേര് പുതിയ പാര്‍ട്ടിക്ക് അവകാശപ്പെടാനാവില്ലെന്നും സുപ്രീം കോടതി വിധിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (മാര്‍ച്ച് ഏഴ്). അതനുസരിച്ച് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. 

ഓലിയും പ്രചണ്ഡയും ഒന്നിച്ചൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേതന്നെ അന്യോന്യം യുദ്ധത്തിലുമായിരുന്നു. പാര്‍ട്ടിയുടെ സഹാധ്യക്ഷരായിരുന്നു ഇരുവരും.  പ്രധാനമന്ത്രിപദം പങ്കിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം പല തവണ പാര്‍ട്ടിയെ പിളര്‍പ്പിന്‍റെ വക്കോളം എത്തിക്കുകയുമുണ്ടായി. 

യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഓലിയുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന മുന്‍പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ജലനാഥ് ഖനല്‍ എന്നിവര്‍പോലും ഓലിയെ പിന്തുണയ്ക്കാതെ പ്രചണ്ഡയെ പിന്തുണയ്ക്കുകയാണ്.  പ്രധാനമന്ത്രിയെന്ന നിലയില്‍ ഓലി തങ്ങളെ നിരന്തരമായി അവഗണിക്കുകയും ഏകാധിപതിയെപ്പോലെ പെരുമാറുകയും ചെയ്യുന്നുവെന്നാണ് അവരുടെയെല്ലാം പരാതി. 

പല തവണ അവര്‍ ഓലിയുടെ രാജി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.  ഓലിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമവുമുണ്ടായി.  ഒടുവില്‍ പാര്‍ലമെന്‍റ് തന്നെ (പ്രതിനിധി സഭ)  പിരിച്ചുവിട്ടുകൊണ്ട് ഓലി തിരിച്ചടിച്ചു. അദ്ദേഹത്തിന്‍റെ ഉപേദേശാനുസരണം കഴിഞ്ഞ ഡിസംബറില്‍ സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച പ്രസിഡന്‍റ് ബിദ്യദേവി ഭണ്ഡാരി അദ്ദേഹം നിര്‍ദേശിച്ച ഏപ്രില്‍ 30,  മേയ് 10 തീയതികളില്‍ പുതിയ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. പ്രചണ്ഡയും മറ്റും തന്നെ നേരാംവണ്ണം ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ പുതിയ ജനവിധി തേടേണ്ടത് ആവശ്യമായിത്തീര്‍ന്നുവെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ഓലിയുടെ മറുപടി. 

2017ല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റിന്‍റെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഈ സംഭവവികാസം. ഭരിക്കുന്ന കക്ഷിക്കു ഭൂരിപക്ഷമുള്ളപ്പോള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പ്രധാനമന്ത്രി ഒഴിയുകയാണെങ്കില്‍ ഭൂരിപക്ഷ കക്ഷിയിലെ മറ്റാരെയെങ്കിലും മന്ത്രിസഭയുണ്ടാക്കാന്‍ അനുവദിക്കണമെന്നും ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു സഭ പിരിച്ചുവിടാനുള്ള ഓലിയുടെ തീരുമാനം. സഹപ്രവര്‍ത്തകരില്‍ അധികമാരുമായും അദ്ദേഹം ഇതിനെപ്പറ്റി ചര്‍ച്ചചെയ്തിരുന്നുമില്ല. 

പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കു കാരണമായി. ചിലര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 23നു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഓലിയുടെ നടപടിയെ തീര്‍ത്തും തള്ളിക്കളഞ്ഞുകൊണ്ടാണ്. പിരിച്ചുവിടപ്പെട്ട പാര്‍ലമെന്‍റ് അങ്ങനെ പുനഃസ്ഥാപിതമായി. അതിനുശേഷം രണ്ടാഴ്ച കഴിയുന്നതിനു മുന്‍പാണ് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു നിയമസാധ്യതയില്ലെന്ന വിധിപ്രഖ്യാപനവും സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. 

ഇതിനിടയില്‍തന്നെ ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി അടിയന്തര യോഗം ചേരുകയും ഓലിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്യുകയുമുണ്ടായി. മുന്‍പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളിനെയാണ് അവര്‍ പുതിയ ചെയര്‍മാനായി  തിരഞ്ഞെടുത്തത്. ഓലിക്കെതിരെ അണിനിരന്നിട്ടുളളത് പ്രചണ്ഡയുടെ മുന്‍പാര്‍ട്ടിയിലുളളവര്‍ മാത്രമല്ലെന്നും ഓലിയുടെതന്നെ മുന്‍പത്തെ കക്ഷിയായിരുന്ന യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും അവരോടൊപ്പമുണ്ടെന്നുമുള്ള വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു. 

അവരില്‍ ഒരാളാണ് മറ്റൊരു മുന്‍പ്രധാനമന്ത്രിയായ ജലനാഥ് ഖനലും. അതേസമയം, മുന്‍പ് പ്രഛണ്ഡയോടൊപ്പം  ഉണ്ടായിരുന്ന ആഭ്യന്തരമന്ത്രി റാംബഹാദുര്‍ താപ, ഊര്‍ജമന്ത്രി ടോപ് ബഹാദുര്‍ റയമാജി എന്നിവര്‍ കളംമാറി ഓലിയോടൊപ്പം ചേര്‍ന്നിരിക്കുകയുമാണ്.     

യൂനിഫൈഡ് മാര്‍ക്സിറ്റ്-ലെനിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാവോയിസ്റ്റ് സെന്‍റര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള 2017ലെ തിരഞ്ഞെടുപ്പ് സഖ്യത്തിനും 2018ലെ ലയനത്തിനും കാര്‍മികത്വം വഹിച്ചതു കാഠ്മണ്ടുവിലെ ചൈനീസ് അംബാസ്സഡര്‍ ഹൂ യാന്‍ഖിയായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ചിലരും ഇതേ ആവശ്യത്തിനുവേണ്ടി ഒന്നിലേറെ തവണ നേപ്പാളില്‍ എത്തുകയുണ്ടായി. ഒരു രാജ്യത്തെ രാഷ്ട്രീയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നതിന്‍റെ നഗ്നമായ ഉദാഹരണമായിരുന്നു ഇത്. 

പക്ഷേ, ലയനത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടിയുടെ പേരിന്‍റെ പ്രശ്നം അവരുടെയും ശ്രദ്ധയില്‍പെട്ടില്ല. അല്ലെങ്കില്‍ അതവര്‍ ഗൗരവത്തിലെടുത്തില്ല. അതും പാര്‍ട്ടിക്കകത്തു തുടക്കംമുതല്‍ നടന്നുവന്ന ആഭ്യന്തര യുദ്ധവും എല്ലാംകൂടി ചൈന ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും വലിയ നാണക്കേടാവുകയും ചെയ്തു. 

ഈ പംക്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ kobeidulla1234@gmail.com എന്ന മെയിൽ ഐഡിയിൽ പങ്കുവയ്ക്കാം

English Summary : Videsharangom Column - Court verdict on Nepal Communist Party (NCP) and possible after-effects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.