റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളം ടാങ്കുകളും കവചിത വാഹനങ്ങളുമായി തലസ്ഥാന നഗരമായ മോസ്ക്കോയിലേക്കു മാര്‍ച്ച് ചെയ്യുകയാണെന്നു കേട്ടപ്പോള്‍ ഞെട്ടിയില്ലാത്തവര്‍ ഒരുപക്ഷേ ആരുമുണ്ടാവില്ല. യുക്രെയിനില്‍ അവിടത്തെ സൈന്യത്തിനെതിരെ റഷ്യന്‍ സൈന്യവുമായി ചേര്‍ന്നു യുദ്ധം ചെയ്യുകയായിരുന്നു വാഗ്നര്‍ പട്ടാളം.
പെട്ടെന്നു മോസ്ക്കോയുടെ നേര്‍ക്കുള്ള അവരുടെ നീക്കം പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെതിരായ പട്ടാള വിപ്ളവത്തിന്‍റെ തുടക്കമെന്ന തോന്നലാണ് ഉണ്ടാക്കിയത്. ലോകമൊട്ടുക്കും ഞെട്ടല്‍ അല്‍ഭുതപ്പെട്ടതിനു കാരണവും അതായിരുന്നു. ആണവ ബോംബുകള്‍ കൈവശമുളള രാജ്യത്തെ ഇത്തരമൊരു അസാധാരണ സംഭവം ആര്‍ക്കും നിര്‍വികാരമായി നോക്കിക്കാണാനാവുമായിരുന്നില്ല. അധികാരം പിടിച്ചടക്കുകയാണോ അവരുടെ ലക്ഷ്യം, പുടിനെ അവര്‍ വധിക്കുകയോ തടവുകാരനാക്കുകയോ ചെയ്യുമോ എന്നുപോലും സംശയിക്കപ്പെട്ടു.
ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ (ജൂണ്‍ 24, 25) നടന്ന ഈ സംഭവം സ്വാഭാവികമായും 32 വര്‍ഷംമുന്‍പ്, 1991 ഓഗസ്റ്റില്‍ മോസ്ക്കോയില്‍ നടന്ന അട്ടിമറി ശ്രമത്തിന്‍റെ ഓര്‍മകള്‍ ഉയര്‍ത്തുകയുണ്ടായി. സോവിയറ്റ് യൂണിയന്‍റെ അവസാന കാലമായിരുന്നു അത്. പ്രസിഡന്‍റ് മിഖെയില്‍ ഗോര്‍ബച്ചോവില്‍നിന്ന് അധികാരം പിടിച്ചെടുക്കാനായിരുന്നു കമ്യൂണിസ്റ്റ് തീവ്രവാദികളുടെയും അവരെ അനുകൂലിക്കുന്ന സൈനിക വിഭാഗത്തിന്‍റെയും ശ്രമം. ഗോര്‍ബച്ചോവ്തടങ്കലിലായി.

സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യയുടെ പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ നേതൃത്വത്തില്‍ ജനങ്ങളും പട്ടാളവും അട്ടിമറിശ്രമത്തെ വീറോടെ എതിര്‍ത്തു. രണ്ടു ദിവസത്തിനകം കലാപം കെട്ടടങ്ങുകയും ചെയ്തു. ഗോര്‍ബച്ചോവ് മോചിതനായി. മാസങ്ങള്‍ക്കകം സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുക്രെയിനും. രണ്ടു വര്‍ഷത്തിനു ശേഷം യെല്‍സിനെതിരെ നടന്ന കലാപവും പരാജയപ്പെട്ടു.
യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നു മോസ്ക്കോയുടെ നേരെ പുറപ്പെട്ട വാഗ്നര്‍ പട്ടാളത്തിനു കാര്യമായ ചെറുത്തുനില്‍പ്പിനെയൊന്നും നേരിടേണ്ടിവന്നില്ല. റഷ്യയുടെ തെക്കന്‍ മേഖലയിലെ സൈനികാസ്ഥാനം സ്ഥിതിചെയ്യുന്നതും പത്തു ലക്ഷം പേര്‍ നിവസിക്കുന്നതുമായ റോസ്തോവ് നഗരം എളുപ്പത്തില്‍ അവര്‍ പിടിച്ചടക്കി. മാര്‍ഗമധ്യേ അവര്‍ റഷ്യന്‍ സൈന്യത്തിന്‍റെ രണ്ടു ഹെലികോപ്റ്ററുകള്‍ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. പിന്നെയും മുന്നേറി മോസ്ക്കോയുടെ 200 കിലോമീറ്റര്‍ അടുത്തുവരെയെത്തി.
റഷ്യയെ പിന്നില്‍നിന്നു കുത്തി എന്നാണ് രോഷാകുലനായ പുടിന്‍ ഇതിനെപ്പറ്റി ടെലിവിഷനില്‍ വിലപിച്ചത്. ഇതിന് ഉത്തരവാദികളായവരെ താന്‍ വെറുതെവിടില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. പക്ഷേ, പുടിന്‍ എന്തെങ്കിലും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് തന്നെ, 24 മണിക്കൂറിനകം കൂലിപ്പട്ടാളത്തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ തന്‍റെ സൈനത്തോട് മടങ്ങാന്‍ ഉത്തരവ് നല്‍കി. റഷ്യക്കാരുടെ ചോര ചിന്താന്‍ തനിക്കു താല്‍പര്യമില്ലെന്നായിരുന്നു പ്രിഗോഷിന്‍റെ വിശദീകരണം.
അയല്‍രാജ്യമായ ബെലാറുസിലെ പ്രസിഡന്‍റും പുടിന്‍റെ ഉറ്റസുഹൃത്തുമായ അലക്സാന്‍ഡര്‍ ലുകാഷെന്‍കോ ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു ഈ ചുവടുമാറ്റം. പ്രിഗോഷിന് അഭയം നല്‍കാന്‍ ബെലാറുസ് സമ്മതിക്കുകയും ചെയ്തു. പ്രിഗോഷിനെതിരെ ക്രിമിനല്‍ കുറ്റമൊന്നും ചുമത്തുകയില്ലത്രേ. ഈ സംഭവത്തില്‍ പങ്കെടുക്കാത്ത വാഗ്നര്‍ കൂലിപ്പട്ടാളക്കാരെ റഷ്യന്‍ സൈന്യത്തില്‍ ലയിപ്പിക്കാനും തീരുമാനമായി. പക്ഷേ, പ്രിഗോഷിന്‍ ഇതുവരെ ബെലാറുസില്‍ എത്തിയിട്ടില്ല. എവിടെപ്പോയി ?

പ്രസിഡന്‍റ്, പ്രധാനമന്ത്രി എന്നീ പദവികളിലായി ഇടവേളകളില്ലാതെ 23 വര്‍ഷമായി അധികാരത്തിലിരിക്കുകയാണ് എഴുപതുകാരനായ പുടിന്‍. യെല്‍സിന്‍റെ കീഴില്‍ 1999ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് എഫ്എസ്ബി എന്ന റഷ്യന്‍ ചാരവിഭാഗത്തിന്‍റെ തലവനായിരുന്നു. സോവിയറ്റ് ചാരവിഭാഗമായിരുന്ന കെജിബിയിലും പ്രവര്‍ത്തിക്കുകയുണ്ടായി. സോവിയറ്റ് സൈന്യത്തില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവിയുമുണ്ടായിരുന്നു.
ഇത്രയും പ്രാമാണികതയുള്ള തന്‍റെ അധികാരത്തെ ചോദ്യം ചെയ്യുകയും അങ്ങനെ പരസ്യമായി അവമാനിക്കുകയും ചെയ്ത ആള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പുടിനു താല്‍പര്യമില്ലേ ? ചെറിയ തോതിലുള്ള വിമര്‍ശനങ്ങളുടെ നേരെപോലു അസഹിഷ്ണുത പുലത്തുകയും വിമര്‍ശകരെ ജയിലിലിയടക്കുകയും ചെയ്യുന്ന അദ്ദേഹത്തിനു തന്നെ പിന്നില്‍നിന്നു കുത്തിയ ആളുമായി എങ്ങനെ ഒത്തുതീര്‍പ്പിലെത്താനായി ? ബെലാറുസ് പ്രസിഡന്‍റ് മധ്യസ്ഥനായത് സ്വന്തം തീരുമാനം അനുസരിച്ചോ അതല്ല, പുടിന്‍റെ ആഗ്രഹമനുസരിച്ചോ ? ഇങ്ങനെയുള്ള പല ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്.
പുടിന്‍ തന്നെ എഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാണ് യഥാര്‍ഥത്തില്‍ അരങ്ങേറിയതെന്നു സംശയിക്കുന്നവരുമുണ്ട്. അതിനു കാരണം പുടിനും പ്രിഗോഷിനും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധമാണ്. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ (മുന്‍പത്തെ പേര് ലെനിന്‍ഗ്രാഡ്) ജനിച്ചുവെന്നതാണ് ഇരുവരും തമ്മിലുള്ള ഒരേയൊരു പൊതുഘടകം. എന്നിട്ടും അവര്‍ ഉറ്റമിത്രങ്ങളായി.

കൂലിപ്പട്ടാളം ഉണ്ടാക്കുന്നതിനു മുന്‍പ് ഒരു വന്‍ബിസിനസ് പ്രമാണിയായിരുന്നു ഇപ്പോള്‍ അറുപത്തിരണ്ടു വയസ്സുളള പ്രിഗോഷിന്‍. യുവാവായിരുന്നപ്പോള്‍ ക്രിമിനല്‍ കേസ് പ്രതിയായി പത്തു വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. പില്‍ക്കാലത്തു കാറ്ററിങ് ബിസിനസിലുടെ കോടികള്‍ സമ്പാദിക്കുകയും ആ ബിസിനസിലൂടെതന്നെ പുടിന്‍ ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.
റഷ്യന്‍ ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തിലുള്ള മിക്ക പരിപാടികളിലും കാറ്ററിങ് കരാര്‍ പ്രിഗോഷിനായിരുന്നു. അങ്ങനെ പുടിന്‍റെ ഷെഫ് എന്നും അറിയപ്പെടാന്‍ തുടങ്ങി. ഫ്രഞ്ച് പ്രസിഡന്‍റ് ഷാക്ക് ഷിറാഖ് മോസ്ക്കോ സന്ദര്‍ശിച്ചപ്പോള്‍ പുടിന്‍ അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ കൂട്ടിക്കൊണ്ടുപോയത് പ്രിഗോഷിന്‍റെ റസ്റ്ററന്‍റിലായിരുന്നുവത്രേ.
വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളവും സ്ഥാപിച്ചത് ഒരു ബിസിനസ് സംരംഭമായിട്ടാണ്. സ്വാഭാവികമായും അതിനു പുടിന്‍റെ പൂര്‍ണ പിന്തുണ കിട്ടിയിരിക്കുമെന്നും കരുതപ്പെടുന്നു. ജയില്‍പുള്ളികളെപ്പോലും തന്‍റെ പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞു. പശ്ചിമേഷ്യയിലെ സിറിയ, യെമന്‍, ആഫ്രിക്കയിലെ ലിബിയ, സുഡാന്‍, മാലി, ഛാഡ്, നൈജര്‍, മൊസാംബിക്ക്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിലെ സായുധ സംഘട്ടനങ്ങളിലും റഷ്യക്കുവേണ്ടി പങ്കെടുത്തുവരികയായിരുന്നു വാഗ്നര്‍ പട്ടാളം. പലപ്പോഴും പ്രിഗോഷിന്‍ പ്രത്യക്ഷപ്പെടുന്നതു സൈനിക വേഷത്തിലാണ്. പക്ഷേ, സൈനിക പരിശീലനം ലഭിച്ചിരുന്നതായി വാര്‍ത്തകളിലൊന്നും കാണാനില്ല.
യുക്രെയിനില്‍ റഷ്യക്കുവേണ്ടി യുദ്ധം ചെയ്തുകൊണ്ടിരിക്കേതന്നെ യുദ്ധത്തിന്‍റെ ആസൂത്രകരായ പ്രതിരോധമന്ത്രി സെര്‍ഗയ് ഷൊയ്ഗുവിനെയും കരസൈന്യാധിപന്‍ വാലെറി ഗെറാസിമോവിനെയും പ്രിഗോഷിന്‍ പരസ്യമായി വിമര്‍ശിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളായി ആ പദവികള്‍ വഹിച്ചുവരുന്ന അവരെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഫലപ്രദമായി യുദ്ധം ചെയ്യാന്‍ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും അവര്‍ തങ്ങള്‍ക്കു വിട്ടുതരുന്നില്ലെന്നും അതുകാരണം തങ്ങളുടെ ഒട്ടേറെ സൈനികര്‍ക്കു ജീവഹാനി സംഭവിച്ചുവെന്നും പ്രിഗോഷിന്‍ പരസ്യമായും അസഭ്യവാക്കുകള്‍ ഉപയോഗിച്ചും കുറ്റപ്പെടുത്തുകയുണ്ടായി. തന്‍റെ ഭടന്മാര്‍ കൂട്ടത്തോടെ മരിച്ചുകിടക്കുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂയെ പ്രചരിപ്പിക്കുകയും ചെയ്തു.

പുടിന്‍റെ പൂര്‍ണ പിന്തുണയില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോയെന്നു പലരും അത്ഭുതപ്പെടുന്നു. പ്രിഗോഷിന്‍റെ അസാധാരണ നീക്കം പുടിന്‍റെ അനുമതിയോടെയാണെങ്കില്‍ അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ത്, എന്താണ് അദ്ദേഹത്തിന്‍റെ ഗെയിം പ്ളാന്‍ എന്ന ചോദ്യവും അവശേഷിക്കുന്നു.
അതിനുള്ള ഉത്തരം ഒരുപക്ഷേ, അടുത്ത ചില ദിവസങ്ങള്‍ക്കകം കിട്ടിയേക്കാം. എങ്കിലും, ശക്തനും പ്രതാപിയുമായ ഭരണാധിപന്‍ എന്ന നിലയില്‍ ഇത്രയും കാലത്തിനിടയില്‍ പുടിന്‍ വളര്‍ത്തിയെടുത്ത പ്രതിഛായയ്ക്കു ഈ സംഭവം കനത്ത മങ്ങലേല്‍പ്പിക്കുന്നുവെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമുണ്ടാവില്ല.
ഒന്നേകാല്‍ വര്‍ഷം മുന്‍പ് ആരംഭിച്ച യുക്രെയിന്‍ യുദ്ധത്തില്‍ ഇതുവരെ റഷ്യക്കു ലക്ഷ്യം കാണാനായിട്ടില്ലെന്ന വസ്തുത യുദ്ധതന്ത്രത്തിലുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ നേരത്തെതന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ റഷ്യയുടെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ മറ്റൊരു രാജ്യത്തിന്‍റെ സഹായം സ്വീകരിക്കേണ്ടിവന്നതും നാണക്കേടായി.
അതീവ ഗുരുതരമായ കുറ്റംചെയ്ത പ്രിഗോഷിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയും വന്നു. കലാപകാരികളെ വെറുതെ വിടില്ലെന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പുടിന്‍ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ടെന്നു മാത്രം. ഇതെല്ലാം യുക്രെയിനിലെ റഷ്യന്‍ യുദ്ധതന്ത്രങ്ങളെ ബാധിക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പ്രശ്നത്തില്‍ ബെലാറുസ് പ്രസിഡന്‍റ് ലുകാഷെന്‍കോ വഹിച്ച മാധ്യസ്ഥതയുടെ വെളിച്ചത്തില്‍ ബെലാറുസ്-റഷ്യ ബന്ധവും ലുകാഷെന്‍കോ-പുടിന്‍ സൃഹദവും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. യുക്രെയിന്‍, റഷ്യ എന്നിവയെപ്പോലെ സോവിയറ്റ് യൂണിയന്‍റെ ഘടകമായിരുന്നു മുന്‍പ് ബൈലോറഷ്യ എന്നറിയപ്പെട്ടിരുന്ന ബെലാറസ്. യുക്രെയിനിനെപ്പോലെ റഷ്യയുമായും അതിര്‍ത്തി പങ്കിടുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയിനിലേക്കു കടന്നതും ബെലാറുസിലൂടെയായിരുന്നു. യുക്രെയിന്‍ യുദ്ധത്തില്‍ ബെലാറുസ് റഷ്യയെ സഹായിക്കുന്നുണ്ടെന്നര്‍ഥം. അതിന്‍റെ പേരില്‍ അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധത്തെ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.
Content Summary : Videsharangam about Russia mutiny