ADVERTISEMENT

"ഇതുപോലൊരു സംഭവം മുന്‍പൊരിക്കലും ഇസ്രയേലിനു നേരിടേണ്ടിവന്നിട്ടില്ല. നമ്മുടെ ശത്രു ഒരിക്കലും മറക്കാനാവാത്ത വിധത്തിലുള്ള വില ഇതിന് നല്‍കേണ്ടിവരും." ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ ഈ വാക്കുകള്‍ പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസും ഇസ്രയേലും തമ്മില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള പുതിയ യുദ്ധത്തിന്‍റെ ഭീകരമായ ആഴത്തിലേക്കു വിരല്‍ചൂണ്ടുന്നു. 

യുദ്ധം അവസാനിക്കുന്നതിനുമുന്‍പ് എത്ര പേരുടെ ജീവന്‍ അപഹരിക്കപ്പെടുമെന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. മധ്യപൂര്‍വദേശത്തെ ഇത് എങ്ങനെ, അല്ലെങ്കില്‍ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഇടയിൽ പരിശോധന നടത്തുന്ന പലസ്തീൻകാർ (Photo by MAHMUD HAMS / AFP)
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഇടയിൽ പരിശോധന നടത്തുന്ന പലസ്തീൻകാർ (Photo by MAHMUD HAMS / AFP)

വാസ്തവത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ഇസ്രയേല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചുള്ള അഭൂതപൂര്‍മായ ആത്മവിശ്വാസത്തിലായിരുന്നു അവര്‍. പല തവണ ഇസ്രയേലുമായി യുദ്ധം ചെയ്തിരുന്ന അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ അവര്‍ക്കു ഭീഷണിയല്ല. അടുത്തകാലത്തു പുതുതായി ചില പ്രമുഖ അറബ് രാജ്യങ്ങളുമായും ഇസ്രയേലിനു നല്ല ബന്ധം സ്ഥാപിക്കാനായി. മറ്റൊരു പ്രധാന അറബ് രാജ്യവുമായി രമ്യതയിലാകാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു. 

ആരെങ്കിലും ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതു മുന്‍കൂട്ടി കണ്ടറിയാനും ഉടന്‍ നിഷ്ഫലമാക്കാനുമുള്ള അത്യാധുനിക സരക്ഷാ സംവിധാനങ്ങള്‍ ഇസ്രയേലിന്‍റെ പക്കലുണ്ട്. ശത്രുക്കളുടെ ഏതു നീക്കവും മണത്തറിയാന്‍ കെല്‍പ്പുണ്ടെന്ന കരുതപ്പെടുന്ന ഇന്‍റലിജന്‍സ് വിഭാഗങ്ങളുണ്ട്. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന ഖ്യാതി നേരത്തെതന്നെയുണ്ട്. സഹായം വേണ്ടപ്പോഴെല്ലാം അമേരിക്കയില്‍നിന്ന് അതു പ്രതീക്ഷിക്കുകയും ചെയ്യാം. 

പ്രശ്നമായി ബാക്കിയുളളത് പലസ്തീന്‍കാരുടെ അസംതൃപ്തിയും എതിര്‍പ്പുമാണ്. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍കാര്‍ മിക്കവാറും നഷ്ക്രിയരായിട്ട് വര്‍ഷങ്ങളായി. ഗാസയിലെ പലസ്തീന്‍ തീവ്രവാദികള്‍ ഇടയ്ക്കിടെ പ്രശ്നമാകാറുണ്ടെങ്കിലും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചടിച്ചുകൊണ്ട് അവരെ ഒതുക്കാനാവുന്നു. ഇനിയും അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. ഭയപ്പെടാന്‍ പിന്നെ എന്തിരിക്കുന്നു? ഇങ്ങനെയായിരിക്കണം ഒരുപക്ഷേ ഇസ്രയേല്‍ ചിന്തിച്ചിരുന്നത്.

അതേസമയം, നിതാന്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏതു നിമിഷവും അപകടം സംഭവിക്കാനിടയുണ്ടെന്ന യാഥാര്‍ഥ്യവും സദാ ഇസ്രയേലിന്‍റെ മുന്നിലുണ്ടായിരുന്നു. അത്തരമൊരു സംഭവത്തിന്‍റെ ഓര്‍മ്മ ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബര്‍ ആറ്) പോലും പുതുക്കപ്പെടുകയുമുണ്ടായി. 

ഈജിപ്തും സിറിയയും കൂടി ഓര്‍ക്കാപ്പുറത്ത് ഇസ്രയേലിനെ ആക്രമിക്കുകയും ദിവസങ്ങള്‍ക്കകം ഏറെ മുന്നേറികയും ചെയ്തതായിരുന്നു 1973 ഒക്ടോബര്‍ ആറിലെ ആ സംഭവം. മുന്‍പൊരിക്കലും ഇസ്രയേലിന് അത്തരമൊരു വീഴ്ച പറ്റിയിരുന്നില്ല. ('മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച യോം കിപ്പൂര്‍ യുദ്ധം' എന്ന ഒക്ടോബര്‍ ഏഴിലെ ലേഖനം കാണുക)

ആ യുദ്ധം തുടങ്ങിയതിന്‍റെ അന്‍പതാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞവെള്ളിയാഴ്ച. പലസ്തീന്‍ തീവ്രവാദികളായ ഹമാസ് മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഇസ്രയേലിലേക്കു തള്ളിക്കയറി ആക്രമണം തുടങ്ങിയത് അതിന്‍റെ പിറ്റേന്നാണ്. ഇത്തരം ആക്രമണങ്ങള്‍ ഫലപ്രദമായി തടയാനുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം മറകടന്നും തകര്‍ത്തും മുന്നോട്ടു കുതിക്കാന്‍ അവര്‍ക്കായി. 

കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഇസ്രയേലിന്‍റെ അതിര്‍ത്തി കടന്ന ഹമാസ് പ്രവര്‍ത്തകര്‍ ആദ്യദിവസംതന്നെ ദക്ഷിണ ഇസ്രയേലിലെ ഒട്ടേറെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും അധീനപ്പെടുത്തി. കരയിലൂടെ പലരും ഇസ്രയേലിന് അകത്തുകയറിയത് മോട്ടോര്‍ ബൈക്കുകളിലും പിക്കപ്പ് ട്രക്കുകകളിലുമാണെങ്കില്‍ ആകാശത്തിലൂടെ കടന്നതു പാരാഗ്ളൈഡറുകള്‍ വഴിയായിരുന്നു. 

ഒക്ടോബർ എട്ടിന് രാത്രി ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണം (Photo by MAHMUD HAMS / AFP)
ഒക്ടോബർ എട്ടിന് രാത്രി ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണം (Photo by MAHMUD HAMS / AFP)

അതിനിടയില്‍ അവര്‍ക്കു രക്ഷാകവചം നല്‍കുന്ന വിധത്തില്‍ ആയിരക്കിനു റോക്കറ്റുകള്‍ ഗാസയില്‍നിന്ന് ഇസ്രയേലിലേക്കു ചീറിപ്പറന്നു. ഒരേ ദിവസം ഇത്രയം റോക്കറ്റുകള്‍ മുന്‍പൊരിക്കലും വിക്ഷേപിക്കപ്പെട്ടിരുന്നില്ല. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഇസ്രയേലി വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവില്‍വരെ റോക്കറ്റുകള്‍ ചെന്നുപതിച്ചു.

സൈനികരും സിവിലിയന്മാരുമായ ഒട്ടേറെ ഇസ്രയേലികള്‍ ആദ്യ ദിവസംതന്നെ കൊല്ലപ്പെടുകയും ചിലര്‍ ഹമാസിന്‍റെ തടവിലാവുകയും ചെയ്തു. ഇസ്രയേലിലേക്കു ഹമാസ് റോക്കറ്റുകള്‍ എയ്തുവിടുന്നതും അതിനു പകരം വീട്ടാനായി ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നതും ഒരു പുതിയ കാര്യമല്ല. ഇസ്രയേലി ഭടന്മാരെ ഹമാസ് പ്രവര്‍ത്തകര്‍ ബന്ദികളാക്കുന്ന സംഭവങ്ങളും മുന്‍പ് നടന്നിട്ടുണ്ട്.

പക്ഷേ, ആ സംഭവങ്ങളിലൊന്നും ഇത്രയധികം ആളുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഹമാസും ഇസ്രയേല്‍ സേനയും തമ്മിലുള്ള പോരാട്ടം ദിവസങ്ങള്‍ക്കുശേഷവും തുടരുന്നു. വ്യവസ്ഥാപിതമായ രൂപത്തിലുള്ള രാജ്യമില്ലാത്ത ഒരു തീവ്രവാദി സംഘത്തിനു തങ്ങളുടെ രാജ്യത്തിന്‍റെമേല്‍ ഇതയും വലിയ ഒരാക്രമണം അഴിച്ചുവിടാന്‍ കഴിഞ്ഞുവെന്നത് ഇസ്രയേലിലെ ജനങ്ങളെ വര്‍ഷങ്ങളോളം ആഴത്തില്‍ അസ്വസ്ഥരാക്കാനിടയുണ്ട്. 

രണ്ടു ചോദ്യങ്ങളാണ് ഈ സംഭവത്തില്‍നിന്ന് ഉയര്‍ന്നുവരുന്നത്. ഒന്ന്: എന്തുകൊണ്ട് ഇതു തടയാന്‍ ഇസ്രയേലിനു സാധ്യമായില്ല? രണ്ട്: ഈ ആക്രമണത്തിലൂടെ ഹമാസ് നേടാന്‍ ഉദ്ദേശിച്ചതെന്ത്? 

ഇന്‍റലിജന്‍സ് പരാജയം എന്നാണ്  ആദ്യ ചോദ്യത്തിനു പെട്ടെന്നു കിട്ടുന്ന ഉത്തരം. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തും വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചാരവിഭാഗമായ മൊസ്സാദും അറിയാതെ ഇസ്രയേലിലും ചുറ്റുവട്ടത്തും ഈച്ചപോലും പറക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. ഹമാസിനകത്തുപോലും 

അവര്‍ക്കു ചാരന്മാരുണ്ടെന്നും കേട്ടിരുന്നു. ഈ സംഭവം അവരുടെ പ്രശസ്തിയെയും പ്രതിഛായയെയും നിലംപരിശാക്കുന്നു. സ്വാഭാവികമായും രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാകാനിടയുണ്ട്. 1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന്‍റെ തുടക്കത്തില്‍ ഇസ്രയേല്‍ സൈന്യത്തിനുണ്ടായ പരാജയത്തിന്‍റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ക്കും പ്രതിരോധ മന്ത്രിയായ മുന്‍യുദ്ധ നായകന്‍ ജനറല്‍ മോഷെ ദയാനും രൂക്ഷമായ വിമര്‍ശനങ്ങളെ നേരിടേണ്ടിവന്നിരുന്നു. യുദ്ധത്തിനുശേഷം ഇരുവര്‍ക്കും സ്ഥാനമൊഴിയേണ്ടി വന്നതിന്‍റെ പശ്ചാത്തലവും അതായിരുന്നു.  

ഹമാസിന്‍റെ ഇപ്പോഴത്തെ ആക്രമണം മുന്‍കൂട്ടി അറിയാനോ അതു തടയാനുള്ള ഫലപ്രദമായ നടപടികള്‍ എടുക്കാനോ കഴിയാതിരുന്നതിനു പ്രധാനമന്ത്രി നെതന്യാഹുകൂടി ഉത്തരവാദിയാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി നെതന്യാഹുവിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന എതിരാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനെതിരെ ആഞ്ഞടിക്കാന്‍ ഇത് അവസരം നല്‍കുകയും ചെയ്യുന്നു. 

നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ വിചാരണ നടന്നുവരികയാണ്. അതിനിടയില്‍തന്നെ അദ്ദേഹം നീതിന്യായ വ്യവസ്ഥ ഉടച്ചുവാര്‍ക്കാനുള്ള നിയമനിര്‍മാണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേസുകളില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്ന പേരില്‍ കഴിഞ്ഞ ചില മാസങ്ങളില്‍ ഇസ്രയേലില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുകയുമുണ്ടായി. 

പക്ഷേ, നെതന്യാഹുവിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്കു സാധ്യമായില്ല. അതിനിടയിലാണ് ഹമാസിന്‍റെ ആക്രമണം അദ്ദേഹത്തിന്‍റെ മുന്നില്‍ ചോദ്യമുയര്‍ത്തിയിരിക്കുന്നത്. ഈ സംഭവത്തിന്‍റെ പേരില്‍ ഇസ്രയേലിലെ പ്രതിപക്ഷ കക്ഷികളൊന്നും അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. 

എല്ലാവരും പൊതൂശത്രുവിനെതിരെ ഒന്നിച്ചുപോരാടാനുളള ദൃഢനിശ്ചയത്തിലാണ്. ദേശീയ ഐക്യ ഗവണ്‍മെന്‍റ് രൂപീകരിക്കാനുള്ള ആലോചനകളും നടന്നുവരുന്നു. കാരണം, എല്ലാവരുടെയും ജീവന്‍മരണ പ്രശ്നമണിത്. എങ്കിലും സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ രാഷ്ടീയരംഗം വീണ്ടും ഇളകിമറിയുകയും പ്രധാനമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയരുകയും ചെയ്യാനിടയുണ്ട്.  

അഭൂതപൂര്‍വമായ ഈ ആക്രമണത്തിലൂടെ ഹമാസ് നേടാന്‍ ഉദ്ദേശിച്ചതെന്താണ്? പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് ആവര്‍ത്തിക്കാറുണ്ട്. ഹമാസ് മാത്രം വിചാരിച്ചാല്‍ പക്ഷേ അതു നടപ്പില്ലെന്നതും വ്യക്തമായിക്കഴിഞ്ഞതാണ്. 

ഗാസയേക്കാള്‍ വളരെയധികം വിശാലമായ വെസ്റ്റ്ബാങ്കിലെ പലസ്തീന്‍കാരുടെ അസംതൃപ്തിയും ഇടയ്ക്കിടെ പൊട്ടിത്തെറിക്കാറുണ്ടെങ്കിലും അവിടത്തെ സ്ഥിതിഗതികള്‍ പൊതുവില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. ഗാസയിലാണെങ്കില്‍ യുദ്ധം തുടങ്ങിവയ്ക്കാന്‍മാത്രമേ ഹമാസിനു കഴിയൂ, അതിനെതിരായ ഇസ്രയേലിന്‍റെ പതിന്മടങ്ങു രൂക്ഷമായ തിരിച്ചടിയെ തടുക്കാന്‍ കഴിയാറില്ലെന്ന വസ്തതയും അവശേഷിക്കുന്നു. 

ഈ പശ്ചാത്തലത്തില്‍, ഹമാസിന്‍റെ പുതിയ ആക്രമണം കുറേക്കൂടി വിപുലമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാവാമെന്ന അഭിപ്രായമാണ് പല നിരീക്ഷകര്‍ക്കുമുള്ളത്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി രമ്യതിയിലാകുന്നതു പലസ്തീന്‍ തീവ്രവാദികളെ അസ്വസ്ഥരാക്കുന്നു. അധിനിവേശ പലസ്തീന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇതു തടസ്സമാകുമെന്ന് അവര്‍ ഭയപ്പെടുന്നു. 

അതേസമയം, മധ്യപൂര്‍വദേശത്തു സമാധാനം കൈവരുത്താനുള്ള നീക്കങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ ഇസ്രയേലിനും പങ്കാളിത്തമുണ്ടാവണം എന്നു കരുതുകയാണ് പല അറബ് രാജ്യങ്ങളും. പലസ്തീന്‍ പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരത്തിന് അതു വഴിയൊരുക്കുമെന്ന ധാരണയും അവര്‍ക്കുണ്ട്. 

അതിന്‍റെ അടിസ്ഥാനത്തിലാണ് അടുത്തകാലത്തായി യുഎഇ, ബഹ്റൈന്‍, മൊറോക്കോ, സൂഡാന്‍ എന്നീ നാല് അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കാനും അവരുമായി രമ്യതയിലാകാനും തയാറായത്. അതിനു മുന്‍പുള്ള നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ അങ്ങനെ ചെയ്തത് ഈജിപ്തും ജോര്‍ദാനും മാത്രമാണ്‌.  

അറബ് രാജ്യങ്ങള്‍ക്കിടയിലും ഇസ്ലാമിക ലോകത്തും ഏറെ സ്വാധീനമുള്ള സൗദി അറേബ്യയെയും ഇസ്രയേലുമായി കൂട്ടിയിണക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്നുവരികയായിരുന്നു. അതിനിടയിലാണ് ഹമാസിന്‍റെ ആക്രമണവും അതിനെതിരായ ഇസ്രയേലിന്‍റെ തിരിച്ചടിയും തുടര്‍ന്നുണ്ടായ ഘോരയുദ്ധവും കാരണം അന്തരീക്ഷം പൂര്‍വാധികം കലുഷമായിരിക്കുന്നത്. 

അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി അടുക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്തത് അതേ മേഖലയില്‍തന്നെ സ്ഥിതിചെയ്യുന്ന ഇറാനാണ്. തങ്ങള്‍ക്കെതിരായ ഒരു നീക്കമായിട്ടാണ് അവര്‍ അതിനെ കാണുന്നതും. ഹമാസാണെങ്കില്‍ ഇറാനുമായി ഏറ്റവും സൗഹൃദത്തിലുമാണ്. മുഖ്യമായി ഇറാനില്‍നിന്നാണ് അവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്നതെന്ന ആരോപണവുമുണ്ട്. 

ഈ സാഹചര്യത്തില്‍ ഇസ്രേയേലിനെതിരായ പുതിയ ഹമാസ് ആക്രമണത്തിന്‍റെ പിന്നില്‍ ഇറാന്‍റെ കൈകള്‍ ഉണ്ടാവാം എന്നു സംശയവും ഉയര്‍ന്നിരിക്കുകയാണ്. മധ്യപൂര്‍വദേശത്തിന്‍റെ ഭാവിയെപ്പറ്റി ഇതൊന്നും നല്ല സൂചനകളല്ല നല്‍കുന്നത്.                      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com