ബൈഡന്റെ യാത്രയില്‍ കിട്ടിയതും കിട്ടാത്തതും
Mail This Article
സെനറ്റര്‍, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ പല നിലകളിലായി ജോ ബൈഡന്‍ സന്ദര്‍ശിച്ച അത്രയും തവണ ഇസ്രയേല്‍ സന്ദര്‍ശിച്ച ഒരു നേതാവും ഇപ്പോള്‍ അമേരിക്കയിലില്ല. പധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി അടുത്തിടെ ഒന്നിടഞ്ഞിരുന്നുവെങ്കിലും തന്‍റെ മിക്ക മുന്‍ഗാമികളെയുംപോലെ ബൈഡനും ഇസ്രയേലുമായി വളരെ അടുത്ത സൗഹൃദത്തിലാണ്. ഏഴു പതിറ്റാണ്ടുമുന്‍പ് ഇസ്രയേല്‍ സ്ഥാപിതമായതു മുതല്‍ ആ രാജ്യത്തിന്‍റെ ഏറ്റവും വലിയ സഹായിയും അഭ്യുദയകാംക്ഷിയുമാണ് അമേരിക്ക എന്ന കാര്യത്തിലും ഒരു മാറ്റവുമില്ല.
അതിനാല്‍ ഇസ്രയേല്‍ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയായപ്പോള്‍ സ്വാന്തനപ്പെടുത്താനും സഹായങ്ങള്‍ വാഗ്ദാനം ചെയ്യാനുമായി ബൈഡന്‍ ഇസ്രയേലിലേക്കു പറന്നതില്‍ ആര്‍ക്കും പ്രത്യേകമായി ഒന്നും തോന്നുകയുണ്ടായില്ല. യുദ്ധഭൂമിയിലേക്ക്, അതും എണ്‍പതാം വയസ്സില്‍ യാത്രചെയ്യുന്നതിലുള്ള അപകടം മാത്രമായിരുന്നു പ്രശ്നം.
പക്ഷേ, ബൈഡനെ സംബന്ധിച്ചിടത്തോളം അത്തരമൊരു യാത്ര പുതിയ കാര്യമല്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷിക വേളയില്‍ യുക്രെയിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനായി അദ്ദേഹം ആ രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലെത്തുകയുണ്ടായി.
അമേരിക്കയില്‍നിന്നു യൂറോപ്പില്‍ പോളണ്ടിലെത്തി ആ രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍നിന്നു കീവിലേക്കുളള പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര അതീവ രഹസ്യമായിട്ടായിരുന്നു. മടങ്ങിയതും ട്രെയിനില്‍തന്നെ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലേക്കു പോകുന്ന കാര്യമേ പരസ്യമാക്കിയിരുന്നുള്ളൂ. എങ്കിലും, അപകടം പറ്റാതിരിക്കാനുളള മുന്‍കരുതലെന്ന നിലയില്‍ അവസാന ഘട്ടത്തില്‍ റഷ്യയെ വിവരമറിയിച്ചു.
ഇസ്രയേലിലേക്കുള്ള ബൈഡന്‍റെ യാത്ര പക്ഷേ, ഒട്ടും രഹസ്യമായിരുന്നില്ല. മാത്രമല്ല, മടക്കയാത്രയില്‍ ജോര്‍ദ്ദാനിലെ അമ്മാനില്‍ ഇറങ്ങി മൂന്ന് അറബ് നേതാക്കളുമായി ഉച്ചകോടിയില്‍ പങ്കെടുക്കാനും പരിപാടിയുണ്ടായിരുന്നു. പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ രണ്ടാഴ്ചയിലേറെയായി നടന്നുവരുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബൈഡനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു ഈ ഉച്ചകോടിയും.
പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, ഈജിപ്തിലെ പ്രസിഡന്‍റെ അബ്ദുല്‍ ഫത്താഹ് അല്‍ സിസി എന്നിവര്‍ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി കാത്തിരിക്കുകയുമായിരുന്നു. പലസ്തീന്‍കാരിലെ മിതവാദികളെ പ്രതിനിധാനം ചെയ്യുകയാണ് അബ്ബാസ്. ആ നിലയില്‍ ഹമാസിനെപ്പോലുള്ള തീവ്രവാദികളുടെ കണ്ണിലെ കരടുമാണ്.
അബ്ബാസിന്‍റെ നേതൃത്വത്തിലുളള പലസ്തീന്‍ അതോറിറ്റി 1993ല്‍ പലസ്തീന്‍ വിമോചന സഘടനയും ഇസ്രയേലും തമ്മിലുണ്ടായ സമാധാന ഉടമ്പടി അനുസരിച്ച് പലസ്തീന്‍ പ്രദേശങ്ങളിലെ ഭരണത്തിനുവേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയതാണ്. ആ നിലയില്‍ ഇസ്രയേലുമായി ഔപചാരികമായ വിധത്തില്‍ സമാധാനത്തിലുമാണ്. പക്ഷേ, 2007ല്‍ ഗാസ ഹമാസിന്‍റെ അധീനത്തിലായ ശേഷം മുതല്‍ വെസ്റ്റ്ബാങ്ക് മാത്രമാണ് അവരുടെ അധികാരത്തിലുള്ളത്.
ഇസ്രയേലുമായി സമാധാനത്തിലായ ആദ്യത്തെ രണ്ടു അറബ് രാജ്യങ്ങളാണ് ജോര്‍ദാനും ഈജിപ്തും. ലക്ഷക്കണക്കിനു പലസ്തീന്‍കാര്‍ ജോര്‍ദാനിലുണ്ട്. വെസ്റ്റ്ബാങ്ക് മുന്‍പ് ജോര്‍ദാന്‍റെ ഭാഗവുമായിരുന്നു.
ഇസ്രയേലുമായി മാത്രമല്ല, ഗാസയുമായും അതിര്‍ത്തിയുള്ള രാജ്യമാണ് ഈജിപ്ത്. ഗാസയിലെ ജനങ്ങളുടെ പുറംലോകവുമായുള്ള ബന്ധം ഗാസ-ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫ ചെക്ക് പോസ്റ്റിലൂടെയാണ്. ഈ കാരണങ്ങളാല്‍ അബ്ബാസ്, അബ്ദുല്ല, സിസി എന്നിവരുമായുള്ള ബൈഡന്‍റെ ഉച്ചകോടി ലോകം പൊതുവില്‍തന്നെ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. ഇസ്രയേലിനും പലസ്തീന്‍കാര്‍ക്കുമിടയില്‍ ആവശ്യമായി വന്നാല്‍ വീണ്ടുമൊരു മാധ്യസ്ഥനാവാനുള്ള അമേരിക്കയുടെ ആഗ്രഹമായി പലരും ഇതിനെ കാണുകയും ചെയ്തു.
പക്ഷേ, ഉച്ചകോടി നടന്നില്ല. കാരണം, യുദ്ധത്തില്‍ പരുക്കേറ്റവര്‍ ഉള്‍പ്പെടെയുള്ള ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്ന ഗാസയില്‍ലെ ആശുപത്രിയുടെ നേരെയുണ്ടായ വ്യോമാക്രമണം. ബൈഡന്‍റെ വിമാനം അമേരിക്കയില്‍നിന്നു പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. ഇസ്രയേലില്‍നിന്നുളള റോക്കറ്റ് ആക്രമണത്തിലാണ് ആശുപത്രി തകര്‍ന്നതെന്ന് ആരോപണം ഉയരുകയും അതിനെതിരെ അറബ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു.
ഗാസയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പലസ്തീന്‍ തീവ്രവാദി സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് എയ്തുവിട്ട റോക്കറ്റ് ഉന്നം തെറ്റി ആശുപത്രിയുടെമേല്‍ പതിച്ചതാണെന്നായിരുന്നു ഇസ്രയേലിന്‍റെ ആരോപണം. ബൈഡന്‍ അതിനോട് യോജിക്കുകയും ചെയ്തു. പക്ഷേ ഇസ്ലാമിക് ജിഹാദ് നിഷേധിച്ചു. സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഏതായാലും, ആശുപത്രിയോടൊപ്പം ഉച്ചകോടിയും തകര്‍ന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് ഒരര്‍ഥവുമില്ലെന്നു പറഞ്ഞ് ആദ്യംതന്നെ അബ്ബാസ് പിന്മാറുകയായിരുന്നു. തൊട്ടുപിന്നാലെ അബ്ദുല്ല രാജാവ് ഉച്ചകോടി റദ്ദാക്കുകയും ചെയ്തു. ലോകോത്തര വന്‍ശക്തിയായ അമേരിക്കയുടെ നായകനു സുഹൃത്തുക്കളുടെ ഭാഗത്തുനിന്നുതന്നെ ഇത്തരമൊരു പെരുമാറ്റത്തെ നേരിടേണ്ടിവരുന്നത് ഇതാദ്യാണ്.
ഇതിനകം ഇരുപക്ഷങ്ങളിലുമായി നാലായിരത്തോളം ആളുകളുടെ (മിക്കവരും നിരപരാധികളായ സാധാരണ ജനങ്ങള്‍) ജീവന്‍ അപഹരിക്കുകയും പത്തു ലക്ഷത്തിലേറെ പേരെ വഴിയാധാരമാക്കുകയും ചെയ്ത ഹമാസ്-ഇസ്രയേല്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന ആശങ്കയ്ക്ക് ഒരിക്കല്‍കൂടി അടിവരയിടുകയാണ് തുടങ്ങുന്നതിനു മുന്‍പേയുള്ള ഉച്ചകോടിയുടെ തകര്‍ച്ചയും അതിനു കാരണമായ ആശുപത്രി സംഭവവും.
ഏതായാലും, മടക്കയാത്രയില്‍ വിമാനത്തില്‍നിന്നുതന്നെ ബൈഡന്‍ ഈജിപ്ത് പ്രസിഡന്‍റുമായി ഒരു മണിക്കൂര്‍ നേരം സംസാരിച്ചു. ഭക്ഷണവും മരുന്നും പോലുള്ള അവശ്യ സാധനങ്ങള്‍ മാത്രമല്ല, വെള്ളംപോലും കിട്ടാതെ നരകിക്കുന്ന ഗാസയിലെ 23 ലക്ഷത്തോളം ജനങ്ങള്‍ക്ക് അത്തരം സാധനങ്ങള്‍ എത്രയും വേഗം എത്തിച്ചുകൊടുക്കാനുള്ള ശ്രമം തുടങ്ങിയത് അതിനെ തുടര്‍ന്നാണ്.
സാധനങ്ങളുമായുളള 20 ട്രക്കുകള്‍ റഫ ചെക്ക് പോസ്റ്റിലൂടെ ഗാസയിലേക്കു കടത്തിവിടാന്‍ ഈജിപ്തും ഇസ്രയേലും സമ്മതിച്ചു. ഗാസയില്‍നിന്നുളള പലസ്തീന്‍ അഭയാര്‍ഥി പ്രവാഹം തടയാനായി ഈ ചെക്ക്പോസ്റ്റ് ഈജിപ്ത് അടച്ചിട്ടിരിക്കുകയായിരുന്നു. ഹമാസും അവരെപ്പോലുള്ള ഇസ്രയേല്‍ വിരുദ്ധരും ഗാസയില്‍നിന്നു രക്ഷപ്പെടുന്നതു തടയാന്‍ ഗാസയിലെ അതിര്‍ത്തിയിലുടനീളം ഇസ്രയേല്‍ സൈന്യത്തിന്‍റെ കാവല്‍ പൂര്‍വാധികം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
ഏഴു മണിക്കൂര്‍ നേരത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിടയില്‍ നെതന്യാഹുവിനോടും അദ്ദേഹത്തിന്‍റെ യുദ്ധ ക്യാബിനറ്റിനോടും വിശദമായി സംസാരിച്ച ബൈഡന്‍ അവരെ സ്വാന്തനപ്പെടുത്തുകയും പിന്തുണ ആവര്‍ത്തിക്കുകയും മാത്രമല്ല ചെയ്തത്. ഉപദേശിക്കുകയും ചെയ്തു. ഹമാസിന്‍റെ പൊടുന്നനവെയുള്ള ആക്രമണത്തില്‍ ഇസ്രയേലികള്‍ക്കുണ്ടായ രോഷം സ്വാഭാവികമാണെങ്കിലും ആ രോഷത്തിന് അവര്‍ സ്വയം ഇരയായിപ്പോകരുതെന്നായിരുന്നു ഉപദേശം.
ഇരുപത്തിരണ്ടു വര്‍ഷം മുന്‍പ് സെപ്റ്റംബര്‍ 11നു അമേരിക്കയിലുണ്ടായ ഭീകരാക്രമണവും അതിനോടുളള യുഎസ് ഭരണകൂടത്തിന്‍റെ പ്രതികരണവും അനുസ്മരിച്ചകൊണ്ടായിരുന്നു ബൈഡന്‍റെ പ്രസംഗം. "ഞങ്ങള്‍ നീതി തേടുകയും ഞങ്ങള്‍ക്കു നീതി ലഭിക്കുകയും ചെയ്തു" എന്നു പറഞ്ഞ അദ്ദേഹം "ഞങ്ങള്‍ക്കു തെറ്റുകള്‍ പറ്റി" എന്നു ഏറ്റുപറഞ്ഞു. "ആ തെറ്റുകള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കരുത്" എന്നു ഗുണദോഷിക്കുകയും ചെയ്തു.
ഹമാസിന്‍റെ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കുമ്പോള്‍ അതു ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന രൂപത്തിലാവരുതെന്നാണ് ഇതിനര്‍ഥമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഹമാസ് ബന്ദികളാക്കിയ ഇരുനൂറോളം പേരെ മോചിപ്പിക്കാനും ഹമാസിനെ എന്നെന്നേക്കുമായി നശിപ്പിക്കാനുമായി ഗാസയിലേക്കു കടക്കാന്‍ ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും ഈ ഉപദേശത്തിന് ഏറെ പ്രാധാന്യമുളളതായി പലരും കരുതുന്നു.
ഇസ്രയേല്‍ സൈന്യം ഗാസയിലേക്കു കടക്കുമ്പോള്‍ ഒരുപക്ഷേ ആദ്യംതന്നെ അപകടത്തിലാകുന്നത് ഹമാസിന്‍റെ തടങ്കലിലുള്ള ബന്ദികളായിരിക്കും. ഇവരില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും വയോധികരും യുഎസ് പൗരന്മാരെപ്പോലുള്ള വിദേശികളുമുണ്ട്. യുദ്ധം മൂര്‍ഛിക്കുകയും ഗാസ ഒരു ചോരക്കളമാവുകയും ചെയ്തേക്കാം. ബാഹ്യശക്തികള്‍ അറിഞ്ഞോ അറിയാതെയോ യുദ്ധത്തിലേക്കു വലിച്ചിഴയക്കപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഇസ്രയേല്‍ അതിന്‍റെ വടക്കു ഭാഗത്ത്, ദക്ഷിണ ലെബനനില്‍നിന്ന് ഇറാന്‍ അനുകൂല തീവ്രവാദികളായ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളെ ഇടയ്ക്കിടെ നേരിട്ടുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ അതിലേക്കു വിരല്‍ചൂണ്ടുന്നു. ഇസ്രയേലുമായുളള യുദ്ധത്തില്‍ ഹമാസിനെ ഇറാനും ഹിസ്ബുല്ലയും സഹായിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇറാനും ഇസ്രയേലും പരസ്പരമുള്ള ശത്രുത ഒരിക്കലും മറച്ചുപിടിക്കാറുമില്ല.
ഈ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പ്രത്യക്ഷത്തിലോ പരോക്ഷമായോ ഇറാന്‍ ഭാഗഭാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത്. ഇറാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ അമേരിക്കയുടെ രണ്ടു പടുകൂറ്റന്‍ വിമാന വാഹിനികളുടെ നേതൃത്വത്തിലുള്ള ഒരു വലിയ കപ്പല്‍വ്യൂഹം മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ മേഖലയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്.