ADVERTISEMENT

കഥ തീര്‍ന്നുവെന്നു കരുതി, അഞ്ചു വര്‍ഷംമുന്‍പ് പലരും എഴുതിത്തള്ളിയതായിരുന്നു മിയാന്‍ മുഹമ്മദ് നവാസ് ഷരീഫിനെ. പാക്കിസ്ഥാനില്‍ മൂന്നു തവണ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ച ആളാണ്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അധികാരം നഷ്ടപ്പെടുക മാത്രമല്ല, രാഷ്ട്രീയത്തില്‍നിന്ന് ആജീവനാന്തം ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയും ചെയ്തു. 

രണ്ട് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയേണ്ടിവന്നു. മൂന്നാമതൊരു കേസ് നടന്നുവരികയായിരുന്നു. അതിനിടയില്‍ ചികില്‍സയ്ക്കുവേണ്ടി ലണ്ടനിലേക്കു പോയി. കോടതി അനുവദിച്ച കാലാവധിക്കുശേഷവും തിരിച്ചെത്തിയില്ല. നാലു വര്‍ഷമായി അവിടെ കഴിയുകയായിരുന്നു. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.

നവാസ് ഷരീഫിന്‍റെ കഥ കഴിഞ്ഞുവെന്നു പലരും വിശ്വസിക്കാന്‍ തുടങ്ങിയത് അതിനെ തുടര്‍ന്നാണ്. പക്ഷേ, തിരിച്ചെത്തിയിരിക്കുകയാണ് - എഴുപത്തിമൂന്നാം വയസ്സില്‍ നാലാം തവണയും രാജ്യഭരണം ഏറ്റെടുക്കാനുളള കരളുറപ്പോടെ. 

ഇതോടെ പാക്ക് രാഷ്ട്രീയം പൂര്‍വാധികം ഉദ്വേജനകമായ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ജനുവരിയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ അന്തരീക്ഷത്തിനു ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. 

സ്ഥിതിഗതികള്‍ ഒരു വിധത്തില്‍ ഷരീഫിന് അനുകൂലമാണെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രതികൂലമാണെന്നും വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) ഏറ്റവും കടുത്ത എതിരാളിയായി കാണുന്നത് പാക്കിസ്ഥാന്‍ തെഹ്രീഖെ ഇന്‍സാഫിന്‍റെ (പിടിഐ) തലവനും മുന്‍ക്രിക്കറ്റ് താരവും മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെയാണ്. ഇമ്രാന്‍ ഏതാണ്ട് മൂന്നു മാസമായി ജയിലിലാണെന്നതാണ് ഷരീഫിന് ഏറ്റവും അനുകൂലമായ ഘടകം. 

ഇമ്രാന്‍റെ പാര്‍ട്ടിയുടെ വൈസ്പ്രസിഡന്‍റും മുന്‍വിദേശമന്ത്രിയുമായ ഷാ മഹ്മൂദ് ഖുറൈഷി ഉള്‍പ്പെടെ മറ്റ് ഒട്ടേറെ മുതിര്‍ന്ന നേതാക്കളും ജയലിലാണ്. ഇക്കഴിഞ്ഞ മേയില്‍ ഇമ്രാന്‍ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങള്‍ കൊടിയ അക്രമങ്ങളിലാണ് കലാശിച്ചിരുന്നത്. അതിനെതിരെ ഗവണ്‍മെന്‍റ് ആഞ്ഞടിച്ചതോടെ അവരുടെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും മറ്റ് ഒട്ടേറെ പേര്‍ അറസ്റ്റ് ഭയന്നു പാര്‍ട്ടി വിട്ടുപോവുകയും ചെയ്തു. അതും ഷരീഫിന് അനുകൂലമായ ഘടകമായി പലരും കാണുന്നു.  

ഷരീഫ് മുന്‍പ് മൂന്നു തവണ പ്രധാനമന്ത്രിയായപ്പോഴും എസ്റ്റാബ്ളിഷ്മെന്‍റുമായി രസത്തിലായിരുന്നില്ല. പല തവണ അവരുമായി ഇടയുകയും ചെയ്തു. പട്ടാളത്തെയും അതുമായി കുട്ടുകെട്ടിലുള്ള തല്‍പര കക്ഷികളെയുമാണ് എസ്റ്റാബ്ളിഷ്മെന്‍റ് എന്നും ചിലപ്പോള്‍ മിലിട്ടെസ്റ്റാബ്ളിഷ്മെന്‍റ് എന്നും വിളിക്കുന്നത്. 

ഏറ്റവുമൊടുവില്‍ 2017ല്‍ ഷരീഫിന് അധികാരം നഷ്ടപ്പെട്ട ശേഷം 2018ല്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ ഇമ്രാന്‍ പ്രധാനമന്ത്രിയായതും അവരുടെ ഒത്താശയോടെയായിരുന്നുവത്രേ. മൂന്നര വര്‍ഷത്തിനുശേഷം അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാനു പുറത്തു പോകേണ്ടിവന്നത് അവരുമായി അദ്ദേഹം ഇടഞ്ഞതിനെ തുടര്‍ന്നാണെന്നതും പാക്കിസ്ഥാനിലെ പാട്ടാണ്. ഇപ്പോള്‍ ഇമ്രാനും മറ്റു പിടിഐ നേതാക്കളും ജയിലിലായതിന്‍റെ പിന്നിലും അവരുടെ കരങ്ങള്‍ പലരും കാണുന്നു.

അതേസമയം, മിലിട്ടെസ്റ്റാബ്ളിഷ്മെന്‍റുമായി ഷരീഫ് ഇപ്പോള്‍ ശത്രുതയിലല്ലെന്നും കരുതപ്പെടുന്നു. ഇതാണ് നിലവില്‍ അദ്ദേഹത്തിന് അനുകൂലമായ മറ്റൊരു ഘടകമായി പലരും ചൂണ്ടിക്കാണിക്കുന്നത്. പട്ടാളവും സുപ്രീംകോടതിയും ഷരീഫിനെതിരെ ഗൂഢാലോചന നടത്തുന്നതായി അദ്ദേഹവും പിഎംഎല്‍-എന്‍ സീനിയര്‍ വൈസ്പ്രസിഡന്‍റായ മകള്‍ മറിയമും പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ അവരുടെ സമീപകാല പ്രസ്താവനകളിലൊന്നും അത്തരം കുറ്റപ്പെടുത്തലുകളോ വിമര്‍ശനങ്ങളോ കാണാനില്ല.

സാമ്പത്തിക ഞെരുക്കം ഉള്‍പ്പെടെയുളള ഗുരുതരമായ പല പ്രശ്നങ്ങളും പാക്കിസ്ഥാനെ അലട്ടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഇപ്പോള്‍. അനുഭവസമ്പന്നനായ ശക്തനായ ഒരു നേതാവിന്‍റെ നേതൃത്വത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. സമൂലമായ മാറ്റം വാഗ്ദാനം ചെയ്തുകൊണ്ട് അധികാരമേറിയ ഇമ്രാന് അതു സാധ്യമാകുമെന്ന് ജനങ്ങള്‍ കരുതിയെങ്കിലും പിന്നീട് നിരാശരാവുകയായിരുന്നു. 

രാഷ്ട്രീയ പ്രതിയോഗികളെ അഴിമതിക്കേസുകളിലൂടെ നിഷ്ക്കാസനം ചെയ്യാനുള്ള തിരക്കിലായിരുന്നു ഇമ്രാന്‍. നവാസ് ഷരീഫിനു പുറമെ അദ്ദേഹത്തിന്‍റെ അനുജനും മുന്‍പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ്, മറ്റൊരു പ്രമുഖ കക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) നേതാവായ മുന്‍പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി തുടങ്ങി പലരെയും അറസ്റ്റ് ചെയ്തു തടവില്‍ പാര്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 

ഇമ്രാനുശേഷം പ്രധാനമന്ത്രിയായ ഷഹബാസ് ഷരിഫിന്‍റെ നേതൃത്വത്തില്‍ 15 മാസം രാജ്യം ഭരിച്ച ഗവണ്‍മെന്‍റും ജനങ്ങളെ നിരാശരാക്കുകയാണ് ചെയ്തത്. പിഎംഎല്‍-എന്‍, പിപിപി എന്നിവ ഉള്‍പ്പെടെ ഒരു ഡസനോളം കക്ഷികള്‍ അടങ്ങിയതായിരുന്നു ആ ഗവണ്‍മെന്‍റ്. ഇമ്രാനോടുള്ള വിരോധം മാത്രമാണ് അവരെ തമ്മില്‍ കൂട്ടിയിണക്കിയിരുന്നത്. 

ഏതായാലും ഇമ്രാനെ ജയിലിലാക്കുന്നതില്‍ അവര്‍ വിജയിച്ചു. അതില്‍ക്കൂടുതല്‍ ഒന്നും അവര്‍ക്ക് എടുത്തുപറയാനില്ല. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍റെ രക്ഷകനായി സ്വയം അവതരിപ്പിച്ചുകൊണ്ട് ഷരീഫ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. അതേസമയം, ഷരീഫ് തിരിച്ചെത്തിയതുകൊണ്ടു മാത്രം അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു പുതുജീവന്‍ ലഭിക്കുമോ, അവര്‍ക്കു ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കഴിയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

വന്‍വ്യവസായങ്ങളുടെ ഉടമകളായ ഒരു സമ്പന്നകുടുംബത്തിലെ അംഗമായ ഷരീഫ് നാലു ദശകങ്ങള്‍ക്കുമുന്‍പ് രാഷ്ട്രീയത്തിലിറങ്ങുകയും പഞ്ചാബ് സംസ്ഥാനത്തെ ധനമന്ത്രിയാവുകയും ചെയ്തത് പട്ടാളത്തിന്‍റെയും അവരുമായി ബന്ധപ്പെട്ട തല്‍പരകക്ഷികളുടെയും അനുഗ്രഹാശിസ്സുകളോടെയായിരുന്നു. സൈനിക സ്വേഛാധിപതിയായ ജനറല്‍ സിയാവുല്‍ ഹഖിന്‍റെ ഭരണമായിരുന്നു അപ്പോള്‍.

പിന്നീട് പഞ്ചാബ് മുഖ്യമന്ത്രിയും 1990ല്‍ ആദ്യമായി പ്രധാനമന്ത്രിയുമായി. മൂന്നു തവണയും പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടത് എസ്റ്റാബ്ളിഷ്മെന്‍റിന്‍റെ അപ്രീതി സമ്പാദിച്ചതിനെ തുടര്‍ന്നും അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കാതെയുമാണ്. 1999ല്‍ തന്നെ പുറത്താക്കിയ പട്ടാളത്തലവന്‍ പര്‍വേസ് മുഷറഫിന്‍റെ ഭരണത്തില്‍ ഷരീഫ് ജയിലിലാവുകയും പിന്നീടു നാടു കടത്തപ്പെടുകയും ചെയ്തു. 

മുഷറഫിന്‍റെ എട്ടു വര്‍ഷത്തെ ഭരണം കഴിഞ്ഞാണ് തിരിച്ചെത്തിയത്. രണ്ടു വര്‍ഷത്തിനുശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയായപ്പോള്‍ അഴിമതിക്കേസുകളില്‍ കുടുങ്ങി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധിപര്‍ സത്യസന്ധരും വിശ്വസ്തരും (സാദിഖും അമീനും) ആയിരിക്കണമെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. നവാസ് ഷരീഫ് സാദിഖും അമീനും അല്ലെന്നു സുപ്രീംകോടതി വിധിക്കുകയും രാഷ്ട്രീയത്തില്‍ ആജീവനാന്ത ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. 

അതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു പോലും രാജിവയ്ക്കേണ്ടിവന്നു. രണ്ട് അഴിമതിക്കേസുകളിലായി ഏഴുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. മൂന്നാമതൊരു കേസിന്‍റെ വിചാരണ തുടങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ചികില്‍സയ്ക്കെന്നു പറഞ്ഞു ലണ്ടനിലേക്കു പോവുകയും നാലു വര്‍ഷം അവിടെ തങ്ങുകയും ചെയ്തത്.

തിരിച്ചെത്തിയ സ്ഥിതിക്ക് ഈ കേസുകളിലെ തുടര്‍ന്നടപടികളെ ഷരീഫ് നേരിടേണ്ടിവരും. ആജീവനാന്ത അയോഗ്യത കാരണം അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്ന പ്രശ്നത്തിനു നേരത്തെതന്നെ പരിഹാരമുണ്ടായിക്കഴിഞ്ഞിരുന്നു. അയോഗ്യത അഞ്ചു വര്‍ഷമാക്കി ചുരുക്കുന്ന നിയമം സഹോദരന്‍ ഷഹബാസിന്‍റെ നേതൃത്വത്തിലുളള ഗവണ്‍മെന്‍റ് പാര്‍ലമെന്‍റില്‍ പാസ്സാക്കിയെടുക്കുകയുണ്ടായി. 

അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന പാര്‍ലമെന്‍റ് (നാഷനല്‍ അസംബ്ളി) ഇക്കഴിഞ്ഞ ഓഗസ്റ്റ് ആദ്യത്തില്‍ പിരിച്ചുവിടപ്പെട്ടു. ഒരു കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയാണ് അന്നുമുതല്‍ അധികാരത്തില്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ളമന്ത്രിസഭയാണ് തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുക. ദശകങ്ങളായി അതാണ് പാക്കിസ്ഥാനിലെ പതിവ്. പുതിയ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കക്കര്‍ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി എന്ന ഒരു ചെറിയ കക്ഷിയുടെ ആളാണെങ്കിലും പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റില്‍ എട്ടു വര്‍ഷം അംഗമായിരുന്നു. എസ്റ്റാബ്ളിഷ്മെന്‍റിനു സ്വീകാര്യനുമാണത്രേ. 

സഭ പിരിച്ചുവിട്ടുകഴിഞ്ഞാല്‍ 90 ദിവസങ്ങള്‍ക്കകം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നു നിയമമുണ്ടെങ്കിലും അതു പാലിക്കാനായില്ല. പുതിയ സെന്‍സസ് പൂര്‍ത്തിയായ സ്ഥിതിക്ക് അതനുസരിച്ച് നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ച ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താനാവൂ. സാധാരണ ഗതിയില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് അതിനാല്‍ ജനുവരിയിലേക്കു നീട്ടേണ്ടിവന്നു. കൃത്യമായ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല. 

ഇതെല്ലാം ഒരാളുടെ സൗകര്യം നോക്കി ചെയ്യുകയാണെന്നാണ് നവാസ് ഷരീഫിന്‍റെ പേരെടുത്തു പറയാതെ പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തിയിരിക്കുന്നത്. എസ്റ്റാബ്ളിഷ്മെന്‍റുമായി ഷരീഫ് രഞ്ജിപ്പിലാണെന്നാണ് ഈ വിമര്‍ശനവും ചൂണ്ടിക്കാട്ടുന്നതെന്നു കരുതുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com