ADVERTISEMENT

തീര്‍ത്തും ഗത്യന്തരമില്ലാതെ വന്നാലല്ലാതെ ആരും സ്വന്തം വീട്ടില്‍നിന്നോടി അയല്‍വീട്ടില്‍ അഭയം പ്രാപിക്കുകയില്ല. അവിടെയും രക്ഷയില്ലാതെ  പുറത്താക്കപ്പെടുകയോ തിരിച്ചയക്കപ്പെടുകയോ ചെയ്യുന്നവരുടെ ദൈന്യതയും നിസ്സഹായതയും ഭാവിയെക്കുറിച്ചുള്ള ഭയാശങ്കളും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍  പോലുമാവുകയുമില്ല. 

അത്തരമൊരു ഗതികേടിനുമുന്നില്‍ സ്തംഭിച്ചു നില്‍ക്കുകയാണ് പാക്കിസ്ഥാനിലെ നാല്‍പതു ലക്ഷത്തോളം അഭയാര്‍ഥികളും കുടിയേറ്റക്കാരും. ബഹുഭൂരിഭാഗവും തൊട്ടടുത്തുളള രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍.

ഇവരില്‍ 13 ലക്ഷം പേര്‍ അഭയാര്‍ഥികളായി നിയമാനുസൃതം റജിസ്റ്റര്‍ ചെയ്തിട്ടുളളവരാണ്. ഒന്‍പതു ലക്ഷത്തോളം പേരുടെ പക്കല്‍ താല്‍ക്കാലിക താമസത്തിന് അനുമതി നല്‍കുന്ന രേഖകളുണ്ട്. ബാക്കിയുള്ള 17 ലക്ഷം പേര്‍ അത്തരം രേഖകളൊന്നുമില്ലാതെ നിയമവിരുദ്ധമായി പാക്കിസ്ഥാനില്‍ കഴിയുന്നവരാണെന്നാണ് ഇസ്ലാമാബാദിലെ ഇടക്കാല ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷാ സംബന്ധമായ കാരണത്താല്‍ അവരെ മുഴുവന്‍ പുറത്താക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. 

പൊതുതിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി പാര്‍ലമെന്‍റ് പിരിച്ചുവിടുകയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ ഗവണ്‍മെന്‍റ് രാജിവയ്ക്കുകയും ചെയ്ത ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നിയമിതമായതാണ് പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കക്കറുടെ നേതൃത്വത്തിലുള്ള 19 അംഗ താല്‍ക്കാലിക മന്ത്രിസഭ. തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുകയാണ് അവരുടെ മുഖ്യചുമതല. 

In this photo taken on September 21, 2023, Afghan women walk through an Afghan refugee camp in Karachi. Afghans have poured into Pakistan in their millions during decades of successive wars, many living in aid camps with restricted access to education, healthcare and employment. Around 1.3 million are registered refugees and 880,000 more have legal status to remain in Pakistan, according to the latest United Nations figures. (Photo by Rizwan TABASSUM / AFP)
In this photo taken on September 21, 2023, Afghan women walk through an Afghan refugee camp in Karachi. Afghans have poured into Pakistan in their millions during decades of successive wars, many living in aid camps with restricted access to education, healthcare and employment. Around 1.3 million are registered refugees and 880,000 more have legal status to remain in Pakistan, according to the latest United Nations figures. (Photo by Rizwan TABASSUM / AFP)

അതിനിടയിലാണ് അതുമായി ബന്ധമില്ലാത്ത ഗുരുതരമായ ഒരു വിഷയം കൂടി അവര്‍ കൈയാളാന്‍ തുടങ്ങിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അടിയന്തര പരിഹാരം ആവശ്യപ്പെടുന്നതാണ് അഫ്ഗാനിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും  പ്രശ്നമെന്നു കരുതുന്നവരും ഏറെയുണ്ട്.  

മതിയായ രേഖകളില്ലാതെ കഴിയുന്ന എല്ലാ കുടിയേറ്റക്കാരും നാലാഴ്ചകള്‍ക്കകം സ്വന്തം നാടുകളിലേക്കു മടങ്ങിപ്പോകണമെന്ന് ഇടക്കാല ഗവണ്‍മെന്‍റിലെ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി ഉത്തരവിട്ടത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ്. ഇല്ലെങ്കില്‍ ബലംപ്രയോഗിച്ചു പറത്താക്കുകയോ തടങ്കലിലാക്കുകയോ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. ആ കാലാവധി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബര്‍ 31) അവസാനിച്ചതോടെ പുറത്താക്കല്‍ നടപടി തുടങ്ങുകയും ചെയ്തു.

വാസ്തവത്തില്‍ അതിനു മുന്‍പ്തന്നെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഉദ്യോഗസ്ഥര്‍ കുടിയേയേറ്റക്കാരുടെ വീടുകളില്‍ കയറിച്ചെന്നു രേഖകളുടെ പരിശോധന ആരംഭിച്ചിരുന്നു. രേഖകളില്ലാത്ത ആയിരക്കണക്കിനാളുകള്‍ അറസ്റ്റും അതിനെ തുടര്‍ന്നുണ്ടാകുന്ന നൂലാമാലകളും ഭയന്ന് ഉടന്‍ നാടുവിടാന്‍ തുടങ്ങുകയും ചെയ്തു.

പലരുടെയും പക്കലുള്ളത് കാലഹരണപ്പെട്ട രേഖകളാണ്. നിശ്ചിത കാലാവധിക്കുശേഷം പുതുക്കണമെന്ന നിബന്ധന പാലിക്കാതിരുന്നതിനാല്‍ അവയ്ക്ക് ഇപ്പോള്‍ നിയമ സാധുതയില്ല. പുതിയ രേഖകള്‍ക്കുവേണ്ടിയും പഴയ രേഖകള്‍ പുതുക്കാനുമായി അപേക്ഷ നല്‍കിയവരില്‍ പലരുടെയും കടലാസുകള്‍ സര്‍ക്കാറിന്‍റെ ഫയലുകളില്‍ ഉറങ്ങിക്കിടക്കുന്നു. അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. ഇതൊന്നും വിശദീകരിക്കാന്‍ ആര്‍ക്കും അവസരം നല്‍കുന്നില്ലെന്നും പരക്കെ പരാതിയുണ്ട്.  

ഏറ്റവും ഭീതിജനകമായ കാര്യം ഓരോ ദിവസവും കൂട്ടത്തോടെ അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തുകയോ അവിടേക്കു നാടു കടത്തപ്പെടുകയോ ചെയ്യുന്നവര്‍ക്ക് അവിടെ ലഭിക്കുന്ന സ്വീകരണം എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച അവ്യക്തതയാണ്. തിരിച്ചെത്തുന്ന എല്ലാവരെയും പരിശോധനകളൊന്നും കൂടാതെ അകത്തേക്കു കയറ്റിവിടാന്‍ അഫ്ഗാന്‍ അധികൃതര്‍ തയാറാകുമോ? അവരെ എവിടെ പാര്‍പ്പിക്കും? താലിബാന്‍ ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായി പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടവര്‍ പ്രത്യേകിച്ചും തങ്ങളുടെ ഭാവിയെ സംബന്ധിച്ച് ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിയമ വിരുദ്ധ കുടിയേറ്റക്കാരെന്ന പേരില്‍ അഫ്ഗാനിസ്ഥാന്‍കാരെ പാക്കിസ്ഥാന്‍ കൂട്ടത്തോടെ തിരിച്ചയക്കുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഗവണ്‍മെന്‍റിന് ഒട്ടും ഇഷ്ടമായിട്ടില്ലെന്നു മാത്രമല്ല, അതിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്. നടപടി നിര്‍ത്തിവയ്ക്കാന്‍ അവര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതേ ആവശ്യം യുഎന്‍ മനുഷ്യാവകാശ ഏജന്‍സിയും (യുഎന്‍എച്ച്സിആര്‍) ചില പാശ്ചാത്യ രാജ്യങ്ങളും ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്സ്വാച്ച് എന്നിവപോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും പാക്ക് ഗവണ്‍മെന്‍റിന്‍റെ മുന്നില്‍ വച്ചിരുന്നു. മലമ്പ്രദേശത്തു കൊടുംതണുപ്പുള്ള നാളുകള്‍ അടുത്തുവന്നുകൊണ്ടിരിക്കേ കുട്ടികളും വയോധികരും രോഗികളും ഉള്‍പ്പെടെയുള്ളവരെ ഇങ്ങനെ തെരുവാധാരമാക്കുന്നത് ക്രൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷേ, ഫലമുണ്ടായില്ല. 

തിരിച്ചുപോവുകയല്ലാതെ ഗത്യന്തരമില്ലെന്നു മനസ്സിലാക്കി, ഉള്ളതെല്ലാം ലോറികളില്‍ കുത്തിക്കയറ്റി ആയിരക്കണക്കിനാളുകള്‍ കിലോമീറ്റര്‍ നീളുന്ന വരികളിലായി പാക്ക് അതിര്‍ത്തിയിലെ റോഡുകളില്‍ കാത്തുനില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കാത്തിരിപ്പ് പ്രയാസ രഹിതമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ പാക്ക് അധികൃതര്‍ ആദ്യദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അതോടെ വ്യക്തമായി.  

PAKISTAN-AFGHAN-REFUGEES
അഫ്ഗാൻ അഭയാർഥികളായ കുട്ടികൾ (ഫയൽ ചിത്രം)

കുടിയേറ്റക്കാരില്‍ പലരെയും സംബന്ധിച്ചിടത്തോളം 43 വര്‍ഷങ്ങള്‍ക്കുമുന്‍പ് തുടങ്ങിയതാണ് ഈ ദുരിതയാത്ര. അത്രയും കാലത്തിനിടയില്‍ പാക്കിസ്ഥാനില്‍ ജനിച്ചതിനാല്‍ അഫ്ഗാനിസ്ഥാന്‍ ഇതുവരെ കണ്ടിട്ടില്ലാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. 1979 ഡിസംബറില്‍ അഫ്ഗാനിസ്ഥാനെ സോവിയറ്റ് സൈന്യം ആക്രമിച്ചതുമുതല്‍ അവിടെനിന്നു പലായനം ചെയ്തവരില്‍ പലരും ഇത്രയും കാലം തങ്ങള്‍ക്ക് മറുനാടുകളില്‍ കഴിയേണ്ടിവരുമെന്നു സങ്കല്‍പ്പിക്കുകപോലും  ചെയ്തിട്ടുണ്ടാവില്ല.

പത്തു വര്‍ഷം കഴിഞ്ഞ് സോവിയറ്റ് സൈന്യം തിരിച്ചുപോയതിനുശേഷവും അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ ശാന്തമായില്ല. 1996ല്‍ കാബൂളില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതുവരെയുള്ള കാലത്തെ ആഭ്യന്തരയുദ്ധം, അഞ്ചു വര്‍ഷത്തിനുശേഷം അവരെ പുറത്താക്കിക്കൊണ്ടുള്ള  അമേരിക്കയുടെ 20 വര്‍ഷത്തെ അഫ്ഗാന്‍ യുദ്ധം എന്നിവയും പാക്കിസ്ഥാനിലേക്കുള്ള അഫ്ഗാന്‍ പലായനം തുടരാന്‍ കാരണമായി. ഏറ്റവുമൊടുവില്‍ 2021ല്‍ താലിബാന്‍ കാബുളില്‍ തിരിച്ചെത്തിയതോടെ പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടത് ആറു ലക്ഷം മുതല്‍ എട്ടു ലക്ഷംവരെ പേരാണത്രേ. 

ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള 2600 കിലോമീറ്റര്‍ അതിര്‍ത്തിയിലെ പാക്ക് പ്രവിശ്യകളായ ഖൈബര്‍ പഖ്തൂന്‍ഖ്വയിലും ബലൂചിസ്ഥാനിലുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ ഏറെയുമുള്ളത്. രണ്ടു പ്രദേശങ്ങളിലും ഇടയ്ക്കിടെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ പാക്ക് ഗവണ്‍മെന്‍റിനു വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. 

ആ പ്രവിശ്യകളിലെ വന്‍തോതിലുള്ള അഫ്ഗാന്‍ സാന്നിധ്യമാണ് അതിനു സാഹചര്യമുണ്ടാക്കുന്നതെന്ന് ഗവണ്‍മെന്‍റ് വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനില്‍ താവളങ്ങളുളള സായുധ തീവ്രവാദികള്‍ക്ക് യഥേഷ്ടം പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്താന്‍ അതു സഹായകമാകുന്നു. പാക്ക് ഇടക്കാല ഗവണ്‍മെന്‍റിലെ ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ പാക്കിസ്ഥാനില്‍ നടന്ന 24 ചാവേര്‍ ബോംബാക്രമണങ്ങളില്‍ പതിനാലും നടത്തിയത് അത്തരം തീവ്രവാദികളാണ്. 

നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടു കടത്താനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പോലും ബലൂചിസ്ഥാനില്‍ ഭീകരാക്രമണം നടക്കുകയുണ്ടായി. ഒരു മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ബലൂചിസ്ഥാനില്‍തന്നെ ജൂലൈയില്‍ ഒരേ ദിവസം നടന്ന രണ്ട് ആക്രമണങ്ങളില്‍ 12 സൈനികര്‍ മരിച്ചു. സമീപകാലത്തൊന്നും ഒറ്റ ദിവസത്തില്‍ ഇത്രയേറെ പാക്ക് സൈനികര്‍ ഭീകരതയ്ക്കിരയായിരുന്നില്ല.

ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറില്‍ ജനുവരിയില്‍ പൊലീസ് കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മസ്ജിദില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മൃതിയടഞ്ഞത് നൂറിലേറെ പേരായിരുന്നു. മിക്കവരും പൊലീസുകാര്‍. മുഖ്യമായും പൊലീസുകാര്‍ പ്രാര്‍ഥനയ്ക്ക് എത്തുന്ന ഈ പ്രാര്‍ഥനാലയം ആക്രമിക്കപ്പെട്ടത് അവരെ ലക്ഷ്യംവച്ചുതന്നെയായിരുന്നു. 

അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നു പാക്ക് കരസൈന്യാധിപന്‍ ജനറല്‍ ആസിഫ് മുനീര്‍ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനു താക്കീതു നല്‍കുകയുമുണ്ടായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാനുളള ഇടക്കാല ഗവണ്‍മെന്‍റിന്‍റെ തീരുമാനം.

ഒരു താല്‍ക്കാലിക ഭരണകൂടം ഇത്തരമൊരു സുപ്രധാന തീരുമാനമെടുക്കുകയും തിരക്കിട്ട് അതു നടപ്പാക്കുകയും ചെയ്യുന്നത് ഉചിതമാണോയെന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങളാലുള്ള പീഢനം ഭയന്ന് അഭയംതേടിയെത്തിയവരെ പീഢിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്തേക്കു തിരിച്ചയക്കുന്നതു രാജ്യാന്തര നിയമത്തിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ നാടുകടത്തല്‍ നടപടി ഉടന്‍ നിര്‍ത്തിവയക്കണെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പാക്ക് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുക്കുകയുമാണ്. 

English Summary:

Pakistan starts mass deportation of undocumented Afghans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com