ADVERTISEMENT

യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്, പക്ഷേ അവസാനിപ്പിക്കാന്‍ പ്രയാസം എന്ന മഹദ്വചനത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് യുക്രെയിനിലെ യുദ്ധം. ഏതാനും ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കിടയില്‍ അവസാനിക്കുമെന്നു മിക്കവരും കരുതിയിരുന്ന യുദ്ധം ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 24) മൂന്നാം വര്‍ഷത്തിലേക്കു കടന്നു. ഏറെക്കുറെ മന്ദഗതിയിലായിരിക്കുകയാണെങ്കിലും യുദ്ധം ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. 

യുദ്ധം തുടങ്ങിയതിന്‍റെ രണ്ടാം വാര്‍ഷിത്തോടനുബന്ധിച്ച് പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്ക്കി ചെയ്ത പ്രസംഗത്തില്‍ പറഞ്ഞത് യുക്രെയിന്‍ ജയിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ്. കൂടുതല്‍ ശക്തമായ റഷ്യന്‍ സൈന്യം ഇതിനകം വെട്ടിപ്പിടിച്ച പ്രദേശങ്ങളില്‍നിന്നെല്ലാം പിന്‍വാങ്ങുന്നതുവരെ യുക്രെയിന്‍ അതിന്‍റെ ചെറുത്തുനില്‍പ്പും പ്രത്യാക്രമണവും അവസാനിപ്പിക്കുകയില്ലെന്നര്‍ഥം. 

യുക്രെയിന്‍റെ മേലുള്ള അവകാശവാദം റഷ്യ ഉപേക്ഷിക്കുക, യുദ്ധം കാരണമുണ്ടായ കെടുതികള്‍ക്കു നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും നേരത്തെതന്നെ സെലന്‍സ്ക്കി ഉന്നയിച്ചുവരികയായിരുന്നു.  

യുദ്ധാരംഭത്തിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ യുക്രെയിനോടുളള ഐക്യദാര്‍ഡ്യം വീണ്ടും പ്രകടിപ്പിക്കാനായി പാശ്ചാത്യലോകെത്തെ നാലു നേതാക്കള്‍ യുക്രെയിന്‍റെ തലസ്ഥാനമായ കീവില്‍ എത്തുകയുണ്ടായി. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ലയന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബെല്‍ജിയം പ്രധാനമന്ത്രി അലക്സാന്‍ഡര്‍ ഡിക്രൂ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരാണിവര്‍. 

കഴിഞ്ഞ തവണ (2023 ഫെബ്രുവരിയില്‍) ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാലു ദിവസംമുന്‍പ് കീവിലെത്തിയത് പാശ്ചാത്യ ലോകത്തിന്‍റെ സമുന്നത നേതാവായ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനായിരുന്നു. അമേരിക്കയുടെ തലവന്‍ സ്വന്തം രാജ്യത്തിന്‍റെ സൈനികര്‍ക്കു പങ്കാളിത്തമില്ലാത്ത യുദ്ധത്തിന്‍റെ വേദി സന്ദര്‍ശിക്കുന്നത് അതാദ്യമായിരുന്നു. 

അമേരിക്കയെ സംബന്ധിച്ചിടത്തോളം യുക്രെയിന്‍റെ ചെറുത്തുനില്‍പ്പ് അത്രയും പ്രധാനമാണെന്നു വ്യക്തമാക്കുകയായിരുന്നു ബൈഡന്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ അവിടെ തോല്‍ക്കുകയും അങ്ങനെ നാണംകെടുകയും ചെയ്യുന്നത് ഒരുപക്ഷേ അദ്ദേഹം സങ്കല്‍പ്പിക്കുകയും ചെയ്തിരിക്കാം. യുക്രെയിനുളള യുഎസ് പിന്തുണ അചഞ്ചലവും സംശയാതീതവുമാണെന്നു ലോകത്തെ അറിയിക്കുകകൂടി ചെയ്യുകയായിരുന്നു ബൈഡന്‍ ആ മിന്നല്‍ സന്ദര്‍ശനത്തിലൂടെ. 

ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുതന്നെ അയല്‍രാജ്യമായ പോളണ്ടിന്‍റെ പ്രധാനമന്ത്രി മാറ്റിയൂസ് മൊറവിയക്കി നടത്തിയ നാടകീയ സന്ദര്‍ശനവും ഓര്‍മിക്കപ്പെടുന്നു. യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്ക്കി ഇപ്പോള്‍ പതിവായി ധരിച്ചുവരുന്ന വിധത്തിലുള്ള ബ്രൗണും പച്ചയും കലര്‍ന്ന നിറത്തിലുള്ള ടീഷര്‍ട്ട് അണിഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ രംഗപ്രവേശം. 

പോളണ്ടിന്‍റെ വകയായി യുക്രെയിനു ടാങ്കുകള്‍ നല്‍കുന്നതിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. യുദ്ധംമൂലം വഴിയാധാരമായ യുക്രെയിന്‍കാരില്‍ പത്തു ലക്ഷം പേര്‍ക്ക് പോളണ്ടില്‍ അഭയം നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. 

ബൈഡന്‍റെ 2023ലെ സന്ദര്‍ശനവുമായി താരതമ്യം ചെയ്യാന്‍ ഇടയാക്കുന്ന വിധത്തിലായിരുന്നു ഇത്തവണത്തെ വാര്‍ഷികത്തില്‍ കീവിലെ യുഎസ് സാന്നിധ്യം. അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള ചില കോണ്‍ഗ്രസ് (പാര്‍ലമെന്‍റ്) അംഗങ്ങളാണ് വന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് എടുത്തു പറയാവുന്ന പദവിയിലുള്ള ആരും എത്തിയുമില്ല. 

യുക്രെയിനുള്ള പിന്തുണയും സഹതാപവും അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ക്കിടയിലും ഔദ്യോഗിക തലങ്ങളിലും ക്രമേണ കുറഞ്ഞുവരികയാണെന്നു ചൂണ്ടിക്കാട്ടുന്ന ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ ഇതിനിടയില്‍ പുറത്തുവന്നിട്ടുളളത് ഇതുമായി ചേര്‍ത്തുവായിക്കപ്പെടുന്നു.  

യുക്രെയിന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്കു നല്‍കാനുള്ള 95 ശതകോടി ഡോളറിന്‍റെ സഹായ പാക്കേജ് നാലു മാസമായി യുഎസ് കോണ്‍ഗ്രസ്സില്‍ കുടുങ്ങിക്കിടക്കുന്നു. ഈ തുകയില്‍ 60 ശതകോടി ഡോളര്‍ യുക്രെയിനുള്ളതാണ്. അടിയന്തരമായി ആവശ്യമുള്ള ദീര്‍ഘദൂര മിസൈലുകള്‍ പോലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനായി ഈ തുക എത്രയും വേഗം കിട്ടാന്‍ കാത്തിരിക്കുകയാണ് യുക്രെയിന്‍. 

വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലാതെയാണത്രേ യുക്രെയിന്‍ സൈനികര്‍ റഷ്യന്‍ സൈന്യവുമായി ഇപ്പോള്‍ പോരാടുന്നത്. തന്ത്രപ്രധാനമായ ഒരു നഗരം കൈവിട്ടുപോയ സംഭവം ഉള്‍പ്പെടെ യുക്രെയിന്‍ സൈന്യത്തിനു കഴിഞ്ഞ ചില ആഴ്ചകളിലുണ്ടായ തിരിച്ചടികള്‍ക്കു കാരണം ഇതാണെന്നും പറയപ്പെടുന്നു. 

ബൈഡന്‍ അവതരിപ്പിച്ച സഹായ പാക്കേജ് ഡമോക്രാറ്റിക് പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് പാസ്സാക്കിയിട്ടുണ്ട്. പക്ഷേ, മുന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രതിനിധിസഭ അതു പാസ്സാക്കാന്‍ വിസമ്മതിക്കുന്നു. 

യൂറോപ്പിലെ യുദ്ധത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ലെന്നു വിശ്വസിക്കുന്ന ആളാണ് ട്രംപ്. റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള തന്‍റെ സൗഹൃദം അദ്ദേഹം കൊട്ടിഘോഷിക്കാറുമുണ്ട്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ താന്‍ വീണ്ടും അമേരിക്കയുടെ പ്രസിഡന്‍റാവുകയാണെങ്കില്‍ യുക്രെയിന്‍ യുദ്ധം ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചുതരാമെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു.

അതെങ്ങനെയായിരിക്കുമെന്ന് ഇതുവരെ അദ്ദേഹം വിശദീകരിച്ചിട്ടില്ല. എങ്കിലും ഫലം തങ്ങള്‍ക്ക് എതിരായിരിക്കുമെന്നും അതിനാല്‍ ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതു തങ്ങള്‍ക്കു ദോഷകരമാകുമെന്നുമുള്ള കടുത്ത ഭീതിയിലാണത്രേ യുക്രെയിന്‍. ഈ പശ്ചാത്തലത്തിലാണ് യുക്രെയിന്‍ യുദ്ധം മൂന്നാം വര്‍ഷത്തേിലേക്കു കടന്നിരിക്കുന്നത്. 

യുക്രെയിന്‍ വെട്ടിപ്പിടിക്കുക, അതിന്‍റെ തെക്കും കിഴക്കുമുള്ള ഭാഗങ്ങളിന്‍ റഷ്യന്‍ വംശജര്‍ക്കും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ റഷ്യയില്‍ ലയിപ്പിക്കുക (റഷ്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാപരമായ പ്രാധാന്യമുളളവയുമാണ് ആ പ്രദേശങ്ങള്‍), യുക്രെയിന്‍റെ തലസ്ഥാനമായ കീവില്‍ ഒരു റഷ്യന്‍ അനുകൂല ഭരണകൂടത്തെ അവരോധിക്കുക, ഭാവിയില്‍ യുക്രെയിന്‍ റഷ്യക്ക് ഭീഷണിയാവുന്നത് അങ്ങനെ മുന്‍കൂട്ടി തടയുക-ഇതായിരുന്നു റഷ്യയുടെ ആക്രമണോദ്ദേശ്യം.

റഷ്യയെ അതിനു പ്രേരിപ്പിച്ചത്  പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്‍റെ നീക്കങ്ങളാണെന്നും പറയപ്പെടുന്നു. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്ത് അതിനെതിരേ യുഎസ് നേതൃത്വത്തില്‍ രൂപംകൊണ്ടതാണ് നാറ്റോ. സോവിയറ്റ് യൂണിയന്‍ തകരുകയും അതിലെ ഘടക രാജ്യങ്ങളൂം കിഴക്കന്‍ യൂറോപ്പിലെ ആശ്രിത രാജ്യങ്ങളും സ്വതന്ത്രമാവുകയും ചെയ്തു.

അവ ഓരോന്നും നാറ്റോയിലും യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലും (ഇയു) ചേരാന്‍ തുടങ്ങിയതോടെ റഷ്യക്കു ഭയമായി. റഷ്യയെ വരിഞ്ഞു മുറുക്കാനുള്ള പാശ്ചാത്യ ഗൂഡാലോചന അതില്‍ പുടിന്‍ കാണുകയും ചെയ്തു. 2014ല്‍ യുക്രെയിന്‍ ഇയുവില്‍ അംഗത്വത്തിനു ശ്രമിച്ചപ്പോള്‍ തന്നെ റഷ്യ എതിര്‍ക്കുകയുണ്ടായി. നാറ്റോയില്‍ ചേരാന്‍ യുക്രെയിനെ അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പക്ഷേ, യുക്രെയിന്‍ ഗൗനിച്ചില്ല. 

ടാങ്കുകളും പീരങ്കികളുമായി റഷ്യന്‍ കരസൈന്യം വ്യോമസേനയുടെ പിന്‍ബലത്തോടെ ഇരച്ചുകയറി. യുക്രെയിനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവ്വരെ എത്തിയപ്പോള്‍ വാസ്തവത്തില്‍ യുക്രെയിന്‍ ഞെട്ടിപ്പോയിരുന്നു. പക്ഷേ, വീറോടെ അവര്‍ തിരിച്ചടിക്കുകയും നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പലതും തിരിച്ചുപിടിക്കുകയും ചെയ്തു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങളുടെയും മറ്റും രൂപത്തില്‍ നല്‍കിയ ഉദാരമായ സഹായം അതിന് ഏറെ ഉപകരിക്കുകയുമുണ്ടായി. 

രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ യുക്രെയിനു 31,000 സൈനികരെ നഷ്ടപ്പെട്ടുവെന്നാണ് പ്രസിഡന്‍റ് സെലന്‍സ്കി ഈയിടെ അറിയിച്ചത്. അതിന്‍റെ ഇരട്ടിയിലേറെ പേര്‍ മരിച്ചിരിക്കാമെന്നു യുഎസ് മാധ്യമങ്ങള്‍ പറയുന്നു. അവരുടെ കണക്കുകള്‍ അനുസരിച്ച്  റഷ്യക്ക് 120,000 സൈനികരെയും നഷ്ടപ്പെട്ടു. 

യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷന്‍റെ കണക്കുകള്‍ പ്രകാരം സിവിലിയന്മാരുടെ മരണം 10,500 ആണ്. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമാനിയ, മോള്‍ഡോവ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ അഭയം തേടിയിട്ടുള്ള 65 ലക്ഷം യുക്രെയിനിയന്മാര്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ കഥ പറയുന്നു. വ്യോമാക്രമണത്തില്‍ പാര്‍പ്പിടങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്നു വഴിയാധാരമായ ആയിരങ്ങള്‍ നാട്ടിനകത്തുതന്നെയമുണ്ട്. 

യുദ്ധം നീണ്ടുപോകുംതോറും യുക്രെയിനും റഷ്യക്കും കൂടുതല്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഈ കണക്കുകകള്‍ വിളിച്ചുപറയുന്നു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങളൊന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്നുമില്ല. 

English Summary:

Videsharangam about Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com