സ്റ്റാലിനെ മറികടക്കാന്‍ പുടിന്‍

HIGHLIGHTS
  • അഞ്ചാമതും റഷ്യയുടെ പ്രസിഡന്‍റ്
  • യുക്രെയിനിലെ അധിനിവേശ പ്രദേശങ്ങളിലും പോളിങ്
vladimir-putin
Image Credit: Mikhail Metzel/Getty Images
SHARE

രാജഭരണം അവസാനിച്ചതിനു ശേഷമുള്ള മോസ്കോയില്‍ ഏറ്റവും നീണ്ടകാലം (29 വര്‍ഷം) അധികാരത്തിലിരുന്നത് സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനാണ്. ഏതാനും വര്‍ഷങ്ങളായി രണ്ടാം സ്ഥാനത്തു നില്‍ക്കുകയാണ് നിലവിലുള്ള റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ വ്ളാഡിമിറോവിച്ച് പുടിന്‍. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ (മാര്‍ച്ച് 15-17) നടന്ന തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്‍റായി. ഇതോടെ സ്റ്റാലിന്‍റെ റെക്കോഡിനെ അദ്ദേഹം മറികടക്കാനുളള സാധ്യത വീണ്ടും ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങി.  

പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയി ഇതിനകം 24 വര്‍ഷം അധികാരത്തിലിരുന്ന പുടിന്‍ ഇനിയും ആറു വര്‍ഷത്തേക്കു കൂടിയാണ് സ്ഥാനമേല്‍ക്കുന്നത്. മേയിലാണ് സ്ഥാനാരോഹണം. പുതിയ കാലാവധി 2030ല്‍ തീരാറാവുമ്പോഴേക്കും ഭരണത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാവുകയും സ്റ്റാലിന്‍റെ റെക്കോഡ് അങ്ങനെ  ഭേദിക്കപ്പെടുകയും ചെയ്യും. അതിനുശേഷം അടുത്ത തവണ കൂടി പ്രസിഡന്‍റാകാനും അങ്ങനെ 2036 വരെ അധികാരത്തില്‍ തുടരാനും അദ്ദേഹം  ഉദ്ദേശിക്കുന്നതായും അഭ്യൂഹമുണ്ട്. 

ഇന്നത്തെ നിലയില്‍ അതിനു നിയമപരമായ തടസ്സമില്ല. ഉണ്ടായിരുന്ന തടസ്സം പുടിന്‍ തന്ത്രപൂര്‍വം മറികടക്കുകയും ചെയ്തു. പ്രായമായിരിക്കും ഒരുപക്ഷേ പ്രശ്നം. എങ്കിലും അമേരിക്കയില്‍ രണ്ടാം തവണയും പ്രസിഡന്‍റാകാന്‍ മല്‍സരിക്കുന്ന ജോ ബൈഡന്‍റെയും (81 വയസ്സ്) ഡോണള്‍ഡ് ട്രംപിന്‍റെയും (77) പ്രായവുമായി താരതമ്യം ചെയ്യുമ്പോള്‍ പുടിന്‍റെ 71 ഒരു വലിയ പ്രശ്നമായി അധികമാരും കരുതാനിടയില്ല. പ്രത്യക്ഷത്തില്‍ അദ്ദേഹം ആരോഗ്യവാനുമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളതായി ഇടയ്ക്കിടെ കിംവദന്ത്രികളും അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ടെങ്കിലും അവയക്ക് അധികമൊന്നും ആയുസ്സുണ്ടാകാറുമില്ല. 

തിരഞ്ഞെടുപ്പുകളിലെല്ലാം പുടിന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുകയാണ് പതിവ്. 000ല്‍ ആദ്യമായി ജയിച്ചത് 53.1 ശതമാനത്തോടെയാണെങ്കില്‍ 2004ല്‍ 71.3 ശതമാനമായിരുന്നു. 2008 മുതല്‍ നാലു വര്‍ഷം പ്രധാനമന്ത്രിയായ ശേഷം 2012ല്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ചപ്പോള്‍ വിജയ ശതമാനം അല്‍പ്പം കുറഞ്ഞ് 63.6 ആയെങ്കിലും 2018ല്‍ വീണ്ടും ഉയരുകയും 76.7 ശതമാനമാവുകയും ചെയ്തു. 

ഇത്തവണ 87 ശതമാനത്തില്‍ കൂടുതലാണെന്നാണ് അവകാശപ്പെടുന്നത്. മുക്കാല്‍ നൂറ്റാണ്ടുകാലം സോവിയറ്റ് യൂണിയനിലെ ഭരണകക്ഷിയായിരുന്നതിന്‍റെ ഓര്‍മകള്‍ അയവിറക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിക്കൊളായ് ഖാരിട്ടോണോവിനു (75) കിട്ടിയത് കഷ്ടിച്ച് അഞ്ചു ശതമാനം. തീവ്രദേശീയവാദികളുടെ കക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ലിയോനിഡ് സ്ലറ്റ്സ്ക്കി (56), യാഥാസ്ഥിതിക കക്ഷിയായ ന്യൂപീപ്പിള്‍സ് പാര്‍ട്ടിയിലെ വ്ളാഡിസ്ലാവ് ഡവോന്‍കോവ് (40) എന്നിവര്‍ക്കു കിട്ടിയത് അതിലും കുറവ്. 

അത്രമാത്രമേ അവരും പ്രതീക്ഷിച്ചിരിക്കാനിടയുള്ളൂ. കാരണം അവര്‍ മല്‍സരിച്ചത് ജയിക്കാനായിരുന്നില്ല, തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുാണെന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമത്തില്‍ പുടിനുമായി സഹകരിക്കുകയായിരുന്നു. തങ്ങളുടെ പ്രസംഗങ്ങളില്‍ അവര്‍ പുടിനെ അതിരുവിട്ടു വിമര്‍ശിച്ചിരുന്നില്ല. യഥാര്‍ഥ വിമര്‍ശകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടതായും പരാതിയുണ്ട്. ചുരുക്കത്തില്‍, വന്‍ഭൂരിപക്ഷത്തോടെയുളള പുടിന്‍റെ വിജയം ഉറപ്പാക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്തതെന്നു പറയപ്പെടുന്നു. പ്രഹസനം എന്നു പറഞ്ഞ് പാശ്ചാത്യലോകം പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. 

അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്ഫലം അറിയാനുള്ള ഔല്‍സുക്യം രാജ്യാന്തര തലത്തില്‍ മുന്‍പത്തെ അത്രപോലും പ്രകടമായിരുന്നില്ല. അതേസമയം, യുക്രെയിനിലെ റഷ്യന്‍ യുദ്ധം തുടങ്ങിയതിനുശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അതു ശ്രദ്ധയാകര്‍ഷിക്കുകയുമുണ്ടായി. റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, യുക്രെയിനില്‍ റഷ്യ കൈവശപ്പെടുത്തിയ ക്രൈമിയ, ഡോണട്സ്ക്, ലുഹാന്‍സ്ക് തുടങ്ങിയ പ്രദേശങ്ങളിലും പോളിങ് നടന്നു. 

യുക്രെയിനില്‍ രണ്ടു വര്‍ഷമായി നടന്നുവരുന്ന റഷ്യന്‍ സൈനിക നടപടികളെ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പുടിന്‍ അവകാശപ്പെടുന്നു. അതേസമയം, അധിനിവേശ പ്രദേശങ്ങളില്‍ സ്വന്തം തിരഞ്ഞെടുപ്പ് നടത്തുക വഴി റഷ്യ വീണ്ടും രാജ്യാന്തര നിയമ ലംഘനം നടത്തിയതായി അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

പുടിന്‍റെ ഏറ്റവും കടുത്ത എതിരാളിയായി അറിയപ്പെട്ടിരുന്ന ജനാധിപത്യ പ്രസ്ഥാന നായകന്‍ അലക്സി നവല്‍നി തടങ്കലില്‍ കഴിയുന്നതിനിടയില്‍ മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് ഈ തിരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കപ്പെടുകയുണ്ടായി. മുന്‍പ് പല തവണ പീഢനങ്ങള്‍ ഏറ്റിരുന്ന നവല്‍നി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് ഉത്തരവാദി പുടിനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും അനുയായികളുടെയും ആരോപണം. അതില്‍ പ്രതിഷേധിക്കാനായി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുകയുണ്ടായി. പോളിങ്ങില്‍ പങ്കെടുത്തുകൊണ്ട് ബാലറ്റ് അസാധുവാക്കാനുള്ള ആഹ്വാനവുമുണ്ടായിരുന്നു. അതിനൊന്നും കാര്യമായ പ്രതികരണമുണ്ടായില്ലെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചുരുക്കത്തില്‍, പുടിനെ സഹിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന സ്ഥിതിയില്‍ എത്തിനില്‍ക്കുകയാണ് രാജ്യത്തിനകത്തുതന്നെയുള്ള അദ്ദേഹത്തിന്‍റെ എതിരാളികളും പാശ്ചാത്യലോകവും. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ പിന്തിരിപ്പിക്കുകയോ ചെറുക്കുകയോ ചെയ്യാനുള്ള അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ശ്രമങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നതുപോലെ ഫലിക്കുന്നില്ല. യുക്രെയിന്‍ യുദ്ധം പോലുള്ള സംഭവം ഇനിയുമുണ്ടായാല്‍ അതിനെ എങ്ങനെ നേരിടുമെന്ന ഉല്‍ക്കണ്ഠയിലുമാണത്രേ അവര്‍. 

കാല്‍ നൂറ്റാണ്ടു മുന്‍പ് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷമുള്ള സന്നിഗ്ദ്ധ ഘട്ടത്തില്‍ നാല്‍പ്പത്തിയാറാം വയസ്സില്‍ പുടിന്‍ റഷ്യയുടെ പ്രധാനമന്ത്രിയായി നിയമിക്കപ്പെടുമ്പോള്‍ ഇത്തരമൊരു സ്ഥിതിവിശേഷം ആരും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ ഭരണത്തില്‍ റഷ്യ കലങ്ങിമറിയുകയായിരുന്നു. സോവിയറ്റ് ഭരണത്തില്‍ കെജിബി എന്ന ചാരവിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്ന പുടിന്‍ അതിനുശേഷം എഫ്എസ്ബി എന്ന റഷ്യന്‍ ചാരവിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സമര്‍ഥനായ ഭരണാധികാരിയും രാഷ്‌ട്രീയ തന്ത്രശാലിയുമാണെന്നുകൂടി തെളിയാന്‍ അധികനാള്‍ കഴിയേണ്ടിവന്നില്ല. 

യെല്‍സിന്‍ വിരമിച്ചതോടെ 2000ല്‍ പുടിന്‍ പ്രസിഡന്‍റായി. രണ്ടു തവണയായി എട്ടു വര്‍ഷം ആ സ്ഥാനത്തിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്‍റാകുന്നതിനു ഭരണഘടന തടസ്സമായപ്പോള്‍ 2008ല്‍ ഒരു കൗശലം പ്രയോഗിച്ചു. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയാവുകയും തന്‍റെ കീഴില്‍ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന ദിമിത്രി മെദ്വദേവിനെ പ്രസിഡന്‍റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്‍റെ കടിഞ്ഞാണ്‍ അപ്പോഴും പുടിന്‍റെ കൈകളില്‍ തന്നെയായിരുന്നു. 

ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ല്‍ പുടിന്‍ മൂന്നാം തവണയും പ്രസിഡന്‍റാവുകയും മെദ്വദേവിനെ  പ്രധാനമന്ത്രി പദത്തിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്തു. ജനങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പുടിന്‍ ഗൗനിച്ചില്ല. പ്രസിഡന്‍റിന്‍റെ സേവന കാലാവധി നാലു വര്‍ഷത്തില്‍നിന്ന് ആറു വര്‍ഷമാക്കി വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത് അതിനുശേഷമാണ്. 2016ല്‍ നടക്കേണ്ടിയിരുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അന്നു തുടങ്ങിയ ആറു വര്‍ഷക്കാലാവധിയാണ് ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുന്നത്. അതിനിടയില്‍ ഭരണഘടനയില്‍ വീണ്ടും മാറ്റം വരുത്തുകയും തുടര്‍ച്ചയായി രണ്ടു തവണയിലധികം മല്‍സരിക്കാനാവില്ലെന്ന നിബന്ധന എടുത്തുകളയുകയും ചെയ്തു. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കില്‍ 2030നു ശേഷം 77 വയസ്സുകഴിഞ്ഞു നില്‍ക്കുമ്പോഴും പുടിന്‍ തന്നെയായിരിക്കും അധികപക്ഷവും റഷ്യയുടെ നായകന്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS