ചിലർ ഇഫലിനെ പേടിക്കുന്നു; ചിലർ ചിലന്തികളെ

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
que-sera-25
Representative image. Photo Credit: Liudmila Chernetska/istockphoto.com
SHARE

ഫെബ്രുവരി 11, 2023

ജനാലച്ചില്ലിലൂടെ സഞ്ചരിക്കുന്നൊരു ചിലന്തിയുടെ നേർക്ക് വാത്സല്യത്തോടെ നീങ്ങുന്നൊരു വിരൽ എന്റെ മനസ്സിൽ ശുഭാപ്‌തിവിശ്വാസമുണ്ടാക്കുന്നു. അത്രയും മതിയോ? ചിലന്തി തൊലിപ്പുറത്തൊരു ഇക്കിളിയാകണമെങ്കിൽ ചില തന്ത്രങ്ങൾ അനിവാര്യമാകും. എളുപ്പം? അല്ല. പക്ഷേ ഇടക്കിടെ 'ഷഫൽ' ചെയ്യപ്പെടുന്നൊരു ചീട്ടുകെട്ടാണ് നമ്മുടെ ഓർമ്മകളെന്നോർമ്മിച്ചാൽ, ചില ചെപ്പടിവിദ്യകൾ തെളിഞ്ഞു വരും. ആ വഴിക്കൊന്നു ചിന്തിച്ചാലോ?  

ഗബ്രിയൽ എഴുതുന്നു: "നിങ്ങൾ അങ്ങേയറ്റം ആദരിക്കുന്നൊരു ചലച്ചിത്ര സംവിധായകനും ചിന്തകനുമാണ് ലൂയിസ് ബുന്വേൽ, അല്ലേ? അദ്ദേഹത്തിന് ആറും എട്ടും കൂടുതലും കാലുകളുള്ള ജീവിവർഗ്ഗങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നു. നിങ്ങളൊരു തമാശ പറഞ്ഞിരുന്നു: 'എഴുത്തച്ഛൻ ആടിയത് നാലും ആറുമെങ്കിൽ, ബുന്വേൽ ആടിയത് ആറും എട്ടും!' ചിലന്തികളെക്കുറിച്ച്  അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് ഒരു പടത്തിന്റെ ഷൂട്ടിംഗിൽ  മാന്ത്രികശക്തി പോലെ പ്രവർത്തിച്ച കഥ ഒരിടത്ത് നിങ്ങൾ എഴുതിയത് ഞാനോർക്കുന്നു. ഏതായിരുന്നു ആ പടം?" 

"പടത്തിന്റെ പേര്  'സൂസാന', പക്ഷേ അതിപ്പോൾ ഓർക്കുന്നത്...?" 

"ബുന്വേൽ ഒരു പത്രത്തിന് നൽകിയൊരു അഭിമുഖം ഞാൻ  വായിച്ചിരുന്നു. സഹചാരിയായ സാൽവഡോർ ഡാലി ഒരു പോർറ്റ്ററ്റിൽ തന്നെ പിടിച്ചെടുത്തത് ബുന്വേൽ സ്മരിക്കുന്നു. തന്റെ വീട്ടിലെ ചുവരുകളിലാകെ തൂങ്ങുന്നത്  ഈ ചിത്രം  മാത്രമാണെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് വേറെ ചട്ടങ്ങളില്ല? ചുവരിൽ തൂങ്ങുന്ന വസ്‌തുക്കൾക്കു പിന്നിൽ ചിലന്തികൾക്ക് മറഞ്ഞിരിക്കാം!"

ബുന്വേലിന്റെ ചില വരികൾ ഗാബ്രിയൽ വായിച്ചു കേൾപ്പിച്ചു. എനിക്ക് തോന്നി, ഈ വരികളിലെ ചിലന്തി ഞാനാണ്. പുറത്തെ ലോകം എങ്ങനെയായിരുന്നെന്ന് ഓർമ്മിച്ചുകൊണ്ട് ഞാൻ ഒരു വല നെയ്യുന്നു — ഒരു ഓട്ടയിൽ.

"ഗബ്രിയൽ, ഞാൻ പറയുന്നത് വിശ്വസിക്കാൻ പ്രയാസം തോന്നും. ഇന്നലെ രാവിലെ അറപ്പ്, വെറുപ്പ്, എതിർപ്പ് എന്നീ നിഷേധാത്മക വികാരങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കേ, ഓർക്കാപ്പുറത്ത് എനിക്കൊരു ഉള്‍ക്കാഴ്‌ചയുണ്ടായി. മോപ്പസാങിന് ഇഫൽ ഗോപുരത്തോടുണ്ടായിരുന്ന വെറുപ്പും, ബുന്വേലിന്  ചിലന്തികളോടുണ്ടായിരുന്ന പേടിയും ഒരൊറ്റ ഇഴയിലൂടെ ബന്ധപ്പെട്ടു!"

ചിലർ ഇഫലിനെ പേടിക്കുന്നു, വേറെ ചിലർ എട്ടുകാലിയെ പേടിക്കുന്നു. ഒന്നാമത്തേത് ഒരു ഗോപുരം, രണ്ടാമത്തേത് ഒരു ജീവരൂപം. എങ്കിലും, ഇവിടെ ഈ അടുത്തടുത്തു വെക്കലിന്റെ പ്രസക്തി (ഈ കുറിപ്പിലെ വിന്യാസ യുക്തി) ആരും ചോദ്യം ചെയ്യില്ലെന്ന് ഞാൻ വിശ്വസിക്കട്ടെ.

ഇഫൽ ഒരു വാസ്‌തുശില്പ കലാപമാണ്. ചിലന്തിയാകട്ടെ, ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ പോലും എൻജനിറിങ് ജ്ഞാനികൾക്ക് അപ്രാപ്യമായൊരു ഘടനാ കലാപം എത്രയോ ദശലക്ഷം വർഷങ്ങൾക്കു മുൻപേ ദ്രവ്യത്തിലും രചനയിലും സ്വായത്തമാക്കിയൊരു ചെറിയ ജീവിയാണ്. ചിലന്തിയെയാണ്, വലയെ അല്ല, ആളുകൾ ഭയക്കുന്നതെന്ന ന്യായം സ്വീകാര്യം (ഒരു ഗുഹയിലെ ചിലന്തിയിൽ നിന്ന് റോബർട് ബ്രൂസ് ആർജ്ജിച്ച പ്രചോദനത്തിൽ ചിലന്തിയും വലയും അദ്വൈതമാണെങ്കിൽ പോലും). 

ഇഫലിനോടുള്ള ഭയവും, ചിലന്തിയോടുള്ള ഭയവും വ്യത്യസ്‌തമെന്നത് ഒരു നിസ്സംശയ വസ്‌തുതയാണെങ്കിലും ജന്മവാസനകളെ നാം ഉടുപ്പുകൾ (costumes) ഇടുവിക്കുന്ന അണിയറയിൽ ഒരു അന്യവൽക്കരണത്തിന്റെ ഇതിവൃത്തം എല്ലാ പേടികളിലൂടെയും ഇഴയിട്ട് കടന്നു പോകുന്നത് കാണാം. 

ഫെബ്രുവരി 12, 2023

പക്ഷികളെയും, ചിത്രശലഭങ്ങളെയും, തുമ്പികളെയും, ചന്തമുള്ള പല ജീവികളെയും സ്വാഗതം ചെയ്യുന്ന ചില "പ്രകൃതിസ്നേഹികൾ" പോലും ചിലന്തിയെപ്പോലുളള ചില ജീവികളെ ശല്യപ്പെടുത്തിയും അവഗണിച്ചും ദൂരെ നിർത്തുന്ന കാഴ്‌ച അസാധാരണമല്ല. കാരണം ഭയമാകണമെന്നില്ല, പക്ഷേ വളരെ നിശിതമായൊരു വിവേചന മുറ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 

(ദൂരീകരണം എന്നും വായുവിലുണ്ടായിരുന്നു. പകർച്ചവ്യാധിയുടെ ഉച്ചിയിൽ അതൊരു പരിഹാരമായി വെളിപ്പെട്ടതു പോലും അങ്ങനെയൊരു ആശയം മനുഷ്യ മനസ്സിൽ സ്വതവേ ഉള്ളതുകൊണ്ടായിരുന്നു.)

ചിലപ്പോൾ പേടിയും അറപ്പും ഏകീഭവിക്കാം, പക്ഷെ ചിലപ്പോൾ അറപ്പിന് സ്വയം പേടിയുടെ പരിണതഫലം സൃഷ്‌ടിക്കാം. വൈരൂപ്യത്തിനും കഴിയും അറപ്പിനോടുള്ള അതേ പ്രതികരണങ്ങൾ സൃഷ്‌ടിക്കാൻ. മനുഷ്യർക്കിടയിൽ ശിശുക്കളിൽ പോലും ഇത് പ്രകടമാണ്. എത്ര അഗാധമായ ഭൂതത്തിലാണ് നാം ഇതിന്റെ ഉറവിടം തേടേണ്ടത്?

ഭംഗിയുള്ള മുഖങ്ങളാണ് ശിശുക്കളെ (ഏതാനും നാളുകൾ മാത്രം പ്രായമുള്ള ശിശുക്കളെപ്പോലും) കൂടുതൽ ആകർഷിക്കുന്നതെന്ന് സ്ഥാപിക്കുന്ന ഒട്ടേറെ ഗവേഷണരേഖകളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. സൗന്ദര്യബോധത്തിൽ വംശീയ പക്ഷപാതങ്ങളുടെ ഇടപെടൽ ഈ പ്രായത്തിൽ അസംഭവ്യമാണ്. എങ്കിൽപ്പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു? യുക്തിസഹമായൊരു വിശദീകരണമുണ്ട്.

വൈവിധ്യത്തിൽ ഏറെയുള്ള മുഖ മാതൃകകളെക്കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച്, ശരാശരിയായ എടുപ്പിൽ, മനുഷ്യമുഖത്തിന്റെ മൂലരൂപം (prototype) സുന്ദരമാണ്! അരികിൽ എത്തുന്നവരുടെ മുഖാകൃതികൾ എത്രത്തോളം ഈ മൂലരൂപത്തോട് അടുക്കുന്നുവോ, അത്രത്തോളമാണ് ശിശുക്കളിൽ അവയുടെ ആകർഷണം — അബോധപൂർവ്വമായൊരു താരതമ്യം, അല്ലെങ്കിൽ തിരിച്ചറിവ്, നൊടിയിടകളിൽ! ചുറ്റും ഒന്നിൽക്കൂടുതൽ മുഖങ്ങളുള്ളപ്പോൾ, ഈ സൗന്ദര്യ നിർണ്ണയം കൂടുതൽ വേഗത്തിലാകുന്നു!

ഫെബ്രുവരി 13, 2023

ചിലന്തികൾ ചലിക്കുന്നു. ഇഫൽ ഗോപുരം ചലിക്കുന്നതേയില്ല. മനുഷ്യർ ചിലന്തികളിൽ പ്രത്യേകിച്ചും എന്തിനെയാണ് ഭയക്കുന്നതെന്ന് അന്വേഷിച്ച മാർക്കസ് ഗ്രിൽ (ഫിലിപ്പെ സർവ്വകലാശാല, മാർബഗ്) ഏറെ വിചിത്രമായൊരു കണ്ടെത്തൽ വിവരിച്ചിട്ടുണ്ട്. 

ഗ്രില്ലും കൂട്ടരും 120 പ്രേക്ഷകരുള്ളൊരു സദസ്സിനു മുൻപാകെ പ്രതികരണ പരീക്ഷണത്തിന്നായി അവതരിപ്പിച്ചത് യഥാതഥമായ രീതിയിൽ തയ്യാറാക്കിയ ചില അനമേറ്റഡ് ത്രിമാന വീഡിയോകളാണ്. പുറംതോടിൽ ആകർഷകമായ നിറക്കൂട്ടുകളുള്ളതിനാൽ പ്രഭ്വിപക്ഷികൾ (ladybirds) അഥവാ പ്രഭ്വിപ്രാണികൾ എന്നറിയപ്പെടുന്ന ഷഡ്‌പദങ്ങളും, ചിലന്തികളുമാണ് വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത് — വ്യത്യസ്‌തമായ വഴികളിലൂടെ, വ്യത്യസ്‌ത വേഗങ്ങളിൽ ചരിച്ചുകൊണ്ട്.

ആപേക്ഷികതയിൽ, ചിലന്തികളുടെ ചലനരീതികൾ  അനിയന്ത്രിതവും അപ്രവചനീയവുമാണെന്നാണ് ചിലന്തിപ്പേടിയുള്ളവർക്ക് തോന്നിയത്. പോരാ, ചിലന്തികൾ ഇവരിൽ ഭയവും ജുഗുപ്‌സയും അനുഭവപ്പെടുത്തുന്നു — നീക്കങ്ങൾ വക്ര രേഖീയമായാൽ പ്രത്യേകിച്ചും. പ്രതികരണങ്ങളുടെ പ്രവചനീയതയല്ലേ ഈ നിരീക്ഷണത്തിൽ നമ്മെ ഞെട്ടിക്കേണ്ടത്? ഘടികാര സൂചികളുടെ ചലന പരിമിതികളിലെ നിശ്ചിതത്വം ലോകവീക്ഷണത്തിൽ മസ്‌തിഷ്‌കത്തെ ഒരു തരം സുഖാലസതയിൽ വർത്തിക്കാൻ അനുവദിക്കുന്നു.  

ചിലന്തിയുടെ ചലനങ്ങളെ ഭയക്കുന്നവരുടെ മനസ്സിന്റെ സ്ഥായീഭാവത്തെ ഗ്രിൽ ചുരുക്കെഴുത്തിലാക്കി: "അനിശ്ചിതത്വത്തോടുള്ള അസഹിഷ്‌ണുത". 

ചിലന്തിയോടുള്ള പേടിയും, ഇഫൽ ഗോപുരത്തോടുള്ള പേടിയും, ഒരേ മനക്കണക്കിൽ, മാറ്റം അനിശ്ചിതത്വമാകുന്നൊരു സമവാക്യത്തിന്റെ ഇരകൾ. മോപ്പസാങ്ങിന്റെ ഭയം ഒരു തമാശയിൽ എത്തുന്നതും, ബുന്വേലിന്റെ ഭയം ഒരു സറിയലിസ്റ്റിക്ക് ഇന്ദ്രജാലമാകുന്നതും നമുക്ക് കാണാം — വരാനിരിക്കുന്ന ലക്കങ്ങളിൽ.

Content Summary: Que Sera Sera - 25th Column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS