നമുക്കെന്തിന് ഒരു വായ?… പിറക്കുമ്പോൾ കരയാൻ!
Mail This Article
ജനുവരി 26, 2023
ഗാബ്രിയൽ പറയുകയായിരുന്നു: "ഇന്നു രാവിലെ കുളിത്തൊട്ടിയിൽ അല്‌പ നേരം ആർക്കമീഡീസായി ഞെളിഞ്ഞു കിടക്കുമ്പോൾ ഏറെ വിചിത്രമായൊരു തോന്നലുണ്ടായി. വെള്ളത്തിൽ ആകെ കുതിർന്നൊരു സ്‌പഞ്ച് പോലെയല്ലേ ഗർഭപാത്രത്തിലെ ശിശുവിന്റെ അവസ്ഥ! ഇതൊരു കണ്ടെത്തലാവില്ലെന്ന് എനിക്കറിയാം. എങ്കിലും, ഈ തോന്നലിൽ വാസ്‌തവികമായെന്തെങ്കിലും…?"
"കണ്ടെത്തൽ ഇല്ല. എന്നു വെച്ചാൽ, കണ്ടെത്തൽ എന്നോ സംഭവിച്ചു കഴിഞ്ഞു. അതിലാകട്ടെ വാസ്‌തവികതയുണ്ട്. ഏറെ!"
പിറന്നു വീഴുന്ന ശിശുക്കൾ കരയുന്നതെന്തിനെന്ന ചോദ്യത്തിന് ഞാൻ ഉത്തരം തിരക്കിയത് വിശേഷിച്ചും ഡോക്റ്റർ അന മകാഡോയുടെ അനുഭവങ്ങളിലും അറിവിലുമായിരുന്നു. എന്തുകൊണ്ട്? ഈറ്റില്ലങ്ങളുടെ വെളിപാടുകൾ പിടിച്ചെടുക്കുന്ന ഈ ഗവേഷകയുടെ കണ്ടെത്തലുകൾ എല്ലാ മാതാക്കളുടെയും പൊതു വിശ്വാസ സമാഹാരത്തിൽ എത്തിയിട്ടില്ല.
വർഷങ്ങൾക്കു മുൻപ് കുറിച്ചിട്ടൊരു കവിതയിൽ, ഞങ്ങളുടെ വീട്ടിലെ ഒരു പശുവിന്റെ പ്രസവമായിരുന്നു എന്റെ ഇതിവൃത്തം. പെറ്റ സാധനത്തെ ഈ പശു നക്കി നക്കിത്തുടച്ച് ഒരു കന്നുകുട്ടിയായി ഉരുവപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഞാൻ എഴുതിയത്. സാന്ദർഭികമായി ആ ദൃശ്യം ഇവിടെ അനുയോജ്യം.
ശിശുവിന്റെ ആദ്യത്തെ കരച്ചിൽ നഴ്‌സുകൾക്ക് സംതൃപ്‌തി, അമ്മക്ക് ഹർഷം, പക്ഷേ പ്രസവത്തളർച്ചയെ തുടർന്ന്, പ്രത്യേകമായൊരു ശാരീരിക/മാനസിക വിരാമത്തിനു ശേഷം ഉണർച്ചയിലേക്ക് തിരിച്ചെത്തിയ അമ്മക്കരികിൽ നഴ്‌സുകൾ എത്തിക്കുന്ന കുഞ്ഞും തുല്യനിലയിൽ (ആ പശുക്കിടാവിനെ പോലെ) ചില സംസ്‌കരണ ക്രിയകളിലൂടെ കടന്നു വന്നതാണെന്ന് ആരും പ്രത്യേകിച്ച് ഓർമ്മയിൽ കുറിച്ചിടാറില്ല.
ആദ്യത്തെ കരച്ചിൽ തനി ഇന്ദ്രജാലമാണെന്നാണ് അന മകാഡോ ആദ്യമേ അറിയിച്ചത്. ജീവിതത്തിലേക്കുള്ള താക്കോലാണത്. പിറന്നു വീഴുന്ന ശിശു ഊതനിറമുള്ളൊരു നിർജ്ജീവത്തൂക്കമാണ്. ആദ്യത്തെ കരച്ചിലാണ് അതിനെ ശരിക്കും ഒരു ശിശുവാക്കി മാറ്റിയെടുക്കുന്നത്. ക്രമേണ കരച്ചിൽ ഒരു സന്ദേശമായി മാറുന്നു: "എനിക്ക് വിശക്കുന്നു!" (നമുക്കെന്തിനാണൊരു വായ? ആഹാരം കഴിക്കാൻ!)
ഇപ്പോൾ ശിശുവിന്റെ ത്വക്കിൽ ജീവത്തായൊരു ചുവപ്പുരാശി പടർന്നിട്ടുണ്ടെന്ന് കാണാം. പക്ഷേ, കുളിത്തൊട്ടിയിലെ ഗാബ്രിയലിന്റെ 'യൂറീക' എവിടെ?
ജനുവരി 27, 2023
നാടൻ ഭാഷയിൽ 'മറുപിള്ള' എന്നറിയപ്പെടുന്ന ഗര്‍ഭവേഷ്‌ടനം അഥവാ 'പ്ലസെൻറ്റ' വഴിയാണ് ഗർഭത്തിലെ ശിശു ശ്വസിക്കുന്നത് (ഇവിടെ "ശ്വസിക്കൽ" എന്ന പ്രയോഗം ഉചിതമല്ല, പക്ഷേ അതൊരു ആശയചിത്രം നൽകുന്നു). ഈ അവസ്ഥയിൽ, ശിശുവിന്റെ ശ്വാസകോശങ്ങളിലെ സഞ്ചികളിൽ ഒരു തരം ദ്രാവകം (amniotic fluid) നിറഞ്ഞു നിൽക്കുന്നു. യോനീനാളത്തിലൂടെ പുറത്തേക്ക് കടക്കുമ്പോൾ നെഞ്ചിലുണ്ടാവുന്ന മർദ്ദത്തിൽ ഈ ദ്രാവകം അക്ഷരം പ്രതി ഞെക്കിപ്പിഴിയപ്പെടുന്നു.
അതെ, അന പറഞ്ഞു, "ജലഭരിതമായൊരു സ്‌പഞ്ചാണ് ഒരു ശിശുവിന്റെ ശ്വസനേന്ദ്രിയമെന്ന് കരുതുക. ശിശു പിറക്കുന്നതോടെ ഈ മുഴുവൻ ജലത്തിനും പകരം വായു നിറയ്‌ക്കേണ്ടിവരും."
ശിശുവിന്റെ ആദ്യത്തെ ക്രിയ കരച്ചിലല്ല. കരച്ചിൽ ഒരു കരണമല്ല, പ്രതികരണമാണ്. അല്ല, ഗർഭാശയത്തിലെ സുഖോഷ്‌മള ശയനത്തിൽ നിന്നും ഒരു ക്രൂര ലോകത്തിലേക്ക് തള്ളപ്പെട്ടതിനോടുള്ള പ്രതിഷേധമല്ല.
അന്തരീക്ഷത്തിൽ നിന്നും ഇത്തിരി വായു ഉള്ളിലേക്ക് വലിച്ചെടുക്കലാണ് ശിശുവിന്റെ ആദ്യത്തെ ക്രിയ. ആദ്യത്തെ ശ്വാസം. വ്യാപ്‌തി കഷ്‌ടിയാവാം, ഉപയോഗിക്കുന്ന സമയം ഹ്രസ്വമാകാം, പക്ഷേ പ്രതികരണം ബൃഹത്താണ്, ദീർഘമാണ് — ആദ്യത്തെ ഉച്ഛ്വാസം! അതാണ് ആദ്യത്തെ കരച്ചിൽ.
എനിക്കു വേണ്ടി മാത്രമായെങ്കിലും ശിശുപ്പിറവിയെക്കുറിച്ചുള്ള ചില മിത്തുകൾ തിരുത്തിയെഴുതാൻ ഞാൻ സാഹസപ്പെടുന്നു.
അന്തരീക്ഷത്തെ കുറിക്കാനുള്ള 'ആറ്റ്മസ്ഫീർ' എന്ന വാക്ക് എന്റെ നാവിൽ, അവബോധത്തിൽ, എപ്പോളും ഉച്ചരിക്കപ്പെടുന്നത് "ആത്മ"സ്ഫീർ എന്നായാണ്. അന്തരീക്ഷം ഇത്തിരി ആകാശവും, ചില ഭൂദൃശ്യങ്ങളും, ഇവക്കെല്ലാം ഇടയിലെ അചേതനങ്ങളും സചേതനങ്ങളും മാത്രമല്ല; അന്തരീക്ഷം ഒരു ആത്മാവാണ്, ഒരൊറ്റ ശ്വാസമാണ്. മാതൃശരീരത്തിൽ നിന്ന് വേർപെട്ട ഓരോ ശിശുവും ആദ്യ ശ്വാസം കൊളുത്തിയെടുക്കുന്നതും, ഓരോ മനുഷ്യനും ഒടുക്കത്തെ ഉച്ഛ്വാസം നിക്ഷേപിക്കുന്നതും ഈ ഒറ്റ ശ്വാസത്തിലാണ്.
നാം ശ്വസിക്കുന്ന മറുപിള്ളയാണ് അന്തരീക്ഷം.
ഇനി ചോദിക്കുക: നമുക്കെന്തിനാണ് ഒരു വായ?
പിറന്നു വീഴുമ്പോൾ കരയാൻ!
വിശപ്പ്, കരച്ചിൽ, സ്‌തനപാനം, തൊട്ടിൽ, താരാട്ട്, ഉറക്കം, ഉണർച്ച, വിശപ്പ്, കരച്ചിൽ… ശിശുക്കളിൽ അനുക്രമമായ ഈ ചര്യകൾ ശിശുക്കളെക്കുറിച്ച് മാത്രമല്ല, മനുഷ്യവർഗ്ഗത്തെക്കുറിച്ചു പൊതുവേത്തന്നെ ചിലതെല്ലാം പറയുന്നു.
ജനുവരി 30, 2023
സംസാരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്? സങ്കീർണമായ ഒരു കൂട്ടം പേശികൾ നമ്മുടെ വായിലും നാവിലും തൊണ്ടയുടെ പിൻഭാഗത്തും ഒരു ഏകോപിത പ്രവർത്തനത്തിൽ ഏർപ്പെടുന്നു. തൊണ്ടയുടെ ലംബ ഭാഗത്തിനും വായയുടെ മുന്നോട്ടുള്ള തിരശ്ചീന ഭാഗത്തിനും ഇടയിൽ ഏതാണ്ട് കുതിരലാടത്തിന്റെ ആകൃതിയുള്ളൊരു എല്ല് കാണാം — 'ഹായോയിഡ്' അസ്ഥി.
പല വഴിത്താരകൾ കുതിരലാടത്തിന്നടിയിലൂടെന്നതു പോലെ, വായിലും തൊണ്ടയിലും ശബ്‌ദ ഉത്പാദനവുമായി ബന്ധപ്പെട്ട പേശികൾ മുഴുവൻ ഈ 'ഹായോയിഡ്' അസ്ഥിയുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്‌മഭേദങ്ങൾ വകതിരിവോടെ വെളിപ്പെടുത്തുന്ന ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് ഈ ഉപകരണം ആവശ്യമാണ്; പോരാ, അത്യന്താപേക്ഷിതമാണ്. പക്ഷേ ഇതെങ്ങനെ സംഭവിച്ചു!
ഭൂമിയിൽ ഒരൊറ്റ ജീവിയുടെയും വായ ഉണ്ടായത് ഭാഷണത്തിനു വേണ്ടിയല്ല;. സംഗീതത്തിനു വേണ്ടിയുമല്ല. വായയുടെ പരിണാമം ഒരിക്കലും ഇത്തരം മാനുഷിക വിശേഷങ്ങൾക്ക് ഉന്മുഖമായിരുന്നില്ല. മാത്രമല്ല, പൊതുവേ, ഇതര സ്‌തന്യപങ്ങളുമായുള്ള താരതമ്യത്തിൽ, ഈ സംസാര വേദിയിൽ ഏറ്റവും വൈകിയെത്തിയ വേഷക്കാരാണ് മനുഷ്യർ. എങ്കിലും, വിശക്കുമ്പോൾ, ഇന്നലെ പിറന്നൊരു പെൺകുഞ്ഞ് പുറപ്പെടുവിക്കുന്ന കരച്ചിലിന്റെ ഭൗതിക ശബ്‌ദ വിശേഷങ്ങളിൽ നിന്ന് ഭാവിയിലെ ഒരമ്മയുടെ ഹൃദ്യമായ താരാട്ടുപാട്ട് ഉണരാവുന്നൊരു സ്ഥിതിവിശേഷം എങ്ങനെയാണുണ്ടായത്!
ഡാർവിൻ പറയും, "തിരഞ്ഞെടുപ്പിനുള്ള സമ്മർദ്ദം" (Selection Pressure). സകാരാത്മക (positive) ഭാഷ്യത്തിൽ ഈ സങ്കല്‌പത്തിന്റെ പൊരുൾ ഇങ്ങനെ വായിക്കാം: ഒരു ജീവിവർഗ്ഗത്തിന്റെ എന്തെങ്കിലും സവിശേഷത (ഒരു ലീന ഗുണം, അല്ലെങ്കിൽ സൂക്ഷ്‌മ വിശദാംശം) അതിജീവനപരമായി തികച്ചും നിർണ്ണായകമാകുന്നൊരു ഘട്ടത്തിൽ അതിനു മേൽ ഒരു ഊന്നൽ വീഴുന്നു.
ഉറപ്പുള്ള എല്ലുകളും, ഊക്കും വലിവുമുള്ളൊരു തൊണ്ടയും, മുല കുടിക്കാൻ പാകത്തിൽ നവവും സുനിയന്ത്രിതവുമായ പേശികളും മനുഷ്യർക്കുണ്ട്. നാം ശിശുക്കളായിരിക്കുമ്പോൾ, ഭൂമിയിലെ ഏറ്റവും നിസ്‌തുലമായ സമ്മാനം (അമ്മയുടെ മുലപ്പാൽ) പാനം ചെയ്യാൻ ഈ ഘടനകളുള്ളൊരു വായ നമ്മുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു. ആകയാൽ, ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ചില ആദി സ്‌തന്യപ (പ്രോട്ടോമമ്മേലിയൻ) മാതാക്കൾ മുലയൂട്ടലിലൂടെ ചെലുത്തിയ "സമ്മർദ്ദം" വായയുടെ രൂപീകരണത്തിലാണ് കലാശിച്ചത്.
സ്‌തനപാനത്തിലും തൊട്ടില്‍പ്പാട്ടിലും ഒരേ വ്യൂഹനം ഉപകരണമാകുന്നതിലെ ദ്വിബന്ധ (dyad) തിരക്കഥക്ക് നൽകാൻ എനിക്ക് വ്യാഖ്യാനങ്ങൾ ഇല്ല. ഒരിക്കലും നിലക്കില്ലെന്ന് ശഠിക്കുന്ന അന്ധാളിപ്പാണ് ചില സന്ദർഭങ്ങളിൽ എനിക്കേറ്റവും ഇഷ്‌ടപ്പെട്ട വിശദീകരണം. ആകയാൽ, ഡേവിഡ് ഹാസ്‌കലിനോടൊപ്പം ഒരു കടപ്പാടിൽ ഞാൻ ഒന്നിക്കുന്നു.
പൂവുകളുടെ വരവിനെ തുടർന്നാണ് നാമിന്നറിയുന്ന ഭൂമിയിലെ ശബ്‌ദ അന്തരീക്ഷങ്ങളത്രയും ഉണ്ടായതെന്ന് ഹാസ്‌കൽ പ്രഖ്യാപിച്ചത് സത്യമെങ്കിൽ, അതേ വ്യാപനത്തിന്റെ തുടർച്ചയിൽ ഈ ഗ്രഹത്തിലെ അമ്മമാരും അവരുടെ സന്തതികളും തമ്മിലുള്ള പോഷക ബന്ധത്തിന്റെ പ്രക്രിയ ആരംഭിച്ച മുതു-മുതു-മുതു-മുതു-മുത്തശ്ശിമാരോട് നന്ദി പറയുക!
(അത്താഴങ്ങൾ പലപ്പോളും ഗാനാലാപനങ്ങളിലേക്ക് കടക്കുന്നതിന്റെ രഹസ്യം ഇവിടെ എവിടെയോ ഉണ്ട്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ കൂടുതൽ കൂടുതൽ കൂടുതൽ ശാരീരികമാണ് സംഗീതം.)
Content Summary: Que Sera Sera - 24th Column by Maythil Radhakrishnan