ഭയങ്ങളെ 'അപ്ഡേറ്റ് ' ചെയ്‌ത്‌ ഭയങ്ങളല്ലാതാക്കൽ

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
510791458
Representative image. Photo Credit: MirkoRi/istockphoto.com
SHARE

ഫെബ്രുവരി 26, 2023

ഇരുമ്പും ഇരുമ്പും തമ്മിലുള്ള ആശ്ളേഷം എന്ന ആശയം പെട്ടെന്ന് തോന്നിക്കുക ധൃതരാഷ്ട്രാലിംഗനത്തിലെ ഉഗ്രമായ കരുത്താവാമെങ്കിലും, പോയ ജനുവരി ഇരുപത്തൊന്നിന് ചില രാജ്യങ്ങൾ 'ആലിംഗന ദിനം' (Hugging Day) ആഘോഷിച്ചപ്പോൾ എത്ര ഇണകൾ ഇഫലിന്റെ അകങ്ങളിൽ അന്യോന്യം കെട്ടിപ്പിടിച്ചെന്നോർത്ത് ആശ്ചര്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നിക്കലിന്റെ ഒരു രൂപകം ഈ ഘടനയിലുണ്ട്.

കുത്തനെ കെട്ടിപ്പടുത്തൊരു തീവണ്ടിപ്പാലമാണ് ഇഫൽ ഗോപുരമെന്ന്‌ ആർക്കെങ്കിലും തോന്നിയാൽ അതിൽ ആശ്ചര്യമില്ല, ആകസ്‌മികതയുമില്ല. പല ഭൂപട ഭാഗങ്ങളിലുയർന്ന റെയിൽവേപ്പാലങ്ങളുടെ സ്രഷ്‌ടാവെന്ന നിലയിൽ ആഗോള പ്രശസ്‌തി നേടിയ വ്യക്തിയല്ലേ ഗുസ്‌താവ്‌! എങ്കിലും, കൂടുതൽ കൃത്യമായി പറഞ്ഞാൽ,  ഇണകളുടെ കെട്ടിപ്പുണരൽ പോലെ അല്ലെങ്കിലും, അന്യോന്യം ചായുന്ന രണ്ട് ഇരുമ്പുപാലങ്ങളാണ് അദ്ദേഹത്തിന്റെ കെട്ട്.

ആകട്ടെ, പക്ഷേ 1930കൾ വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടായിരുന്ന ഈ ഗോപുരത്തിന്റെ ഉദ്ദേശ്യം? പ്രത്യേകിച്ചൊന്നുമില്ല, എന്താണ് സാധ്യമെന്ന് കാണിക്കൽ മാത്രം.

ഇഫലിന്റെ അവയവങ്ങൾ പോലും വിചിത്രം, അല്ലേ?

'ശ്രീമാൻ ഇഫലിന്റെ ഗോപുരത്തോടുള്ള പ്രതിഷേധം' എന്ന തലക്കെട്ടോടെ, മോപ്പസാങ് ഉൾപ്പെടെയുള്ള പല എഴുത്തുകാരും ശില്പികളും ചിത്രകാരന്മാരും വാസ്തുശില്പികളും കയ്യൊപ്പിട്ട് ഫ്രഞ്ച് ഭരണകൂടത്തിന് സമർപ്പിച്ച പരാതിയിൽ ചിലന്തികളും അത്യാധുനിക ഘടനകളും ഒരേയൊരു വികാരത്തിന്റെ ഉന്നത്തിൽ അണിനിരക്കുന്ന പ്രതീതിയുണ്ട്. 

അന്യം, വിചിത്രം, വ്യത്യസ്‌തം, അപരിചിതം എന്നിവയുടെ ആന്തരീകരണം മതിയാവും ആർക്കും എന്തിനോടെങ്കിലും/ആരോടെങ്കിലും അറപ്പോ, വെറുപ്പോ, പേടിയോ തോന്നാൻ. പക്ഷപാതങ്ങളുടെയും മുൻവിധികളുടെയും സ്വാധീനം. 

ഹോമറുടെ കാലം തൊട്ടുള്ള ഗ്രീസിലെ ഭാഷകളിൽ "നാം/അവർ" എന്ന വിഭാജകചിന്തയിൽ 'സെനോസ്' (xenos) എന്ന വാക്ക് വിദേശീയമായതിനെ കുറിച്ചിരുന്നെങ്കിലും, നാം 'സെനോഫോബിയ' എന്ന പേരിൽ ഇന്നറിയുന്ന ഭീതി ഓരോരോ സാമൂഹിക-സാംസ്‌കാരിക സന്ദർഭങ്ങളിൽ നമ്മുടെ നിഷേധാത്മക വികാരങ്ങളുടെ അപൂർവ്വമായ കലർപ്പുകളിലൂടെ വൈവിധ്യത്തിൽ എത്തുന്നു; പക്ഷേ ചില പൊതുസ്ഥലികളിൽ സമീകരണം നേടുന്നു. 

മോപ്പസാങിന് ഇഫൽ ഗോപുരത്തോട് തോന്നിയ വെറുപ്പിലും, ചിലർക്ക് രണ്ടിൽക്കൂടുതൽ കാലുകളുള്ള ജീവിവർഗ്ഗങ്ങളോട് തോന്നുന്ന വെറുപ്പിലും, ഭാഗങ്ങളുടെ/അവയവങ്ങളുടെ എണ്ണം മാത്രമല്ല, സ്ഥാനങ്ങളും അനുപാതങ്ങളും പോലും ചില പ്രമേയ ഘട്ടങ്ങളിൽ "അന്യം" ആകുന്നു. പാരിസ് നഗരത്തിന്റെ സമകാലിക സൗന്ദര്യബോധ പരിധികൾക്കുള്ളിൽ ഇഫലിന്റെ ആത്യന്തിക ഘടന സൃഷ്‌ടിച്ച ആഘാതം പ്രവചനീയമായിരുന്നു. ഇതാകട്ടെ, വ്യാവസായിക യുഗത്തിന്റെ തുടക്കത്തിലെ ചില കെട്ടുകൾ കാർഷിക യുഗ മനസ്സുകളിൽ ഉണ്ടാക്കിയ ആഘാതത്തിന് സമാന്തരമാകുന്നു.

ഇഫൽ പുക വമിക്കുന്നില്ല. പുറമേ, ജൈവ രാഷ്ട്രീയത്തിന്റെ അഭാവത്തിൽ, ഗുസ്‌താവിന്റെ കെട്ടിനെ അന്തരീക്ഷ മലിനീകരണവുമായി കൂട്ടിക്കെട്ടാൻ മോപ്പസാങിനും കൂട്ടർക്കും കഴിയുമായിരുന്നില്ല. എന്നിട്ടു പോലും ഞാൻ സൂചിപ്പിച്ച സമാന്തരത്വത്തിന് തെളിവുകൾ ഇവരുടെ ആരോപണങ്ങളിൽ കാണാം — പരിചിത ആദിമരൂപങ്ങൾ, കൃത്യ ബിംബങ്ങൾ.

എല്ലിച്ച ഇഫലിന്റെ "അപഹാസ്യ" ആകൃതിയിൽ ഒരു വ്യവസായശാലയിലെ പുകക്കുഴലാണ് മോപ്പസാങ് കണ്ടത് ("a ridiculous thin shape like a factory chimney"). പാതി പൂർത്തിയായൊരു ഫാക്റ്ററി പൈപ്പാണ് മറ്റൊരു നോവലിസ്‌റ്റ് കണ്ടത്. സദൃശ ബിംബങ്ങൾ ഇഫലിനെക്കുറിച്ചുള്ള പല ആക്ഷേപങ്ങളിലും മാറ്റൊലികളായി ആവർത്തിക്കപ്പെടുന്നു. ബീഭത്സമായ ആകാര വിവരണങ്ങൾ ഏറ്റില്ലെങ്കിൽ അടുത്ത കൃത്യം തൊലിയുരിക്കൽ.

ഫെബ്രുവരി 27,  2023

ചത്തഴുകുന്ന ഉടലുകൾ വെളിപ്പെടുത്തുന്ന അവയവങ്ങൾക്ക് വ്യാവസായിക ബിംബങ്ങളേക്കാൾ ആഴത്തിൽ ജുഗുപ്‌സ ഉളവാക്കാൻ കഴിയും. എതിരാളികൾ ഇഫലിനെ എല്ലിൻകൂടായി പ്രക്ഷേപിക്കാൻ ശ്രമിച്ചു. ഹാ, തൊലിയുരിക്കൽ ഇവിടെ ആവശ്യമില്ല!  ഉടലുകളുടെയും കെട്ടിടങ്ങളുടെയും വശ്യ പ്രതലങ്ങളും സ്ഥലപൂരകമായ  ഉള്ളടക്കങ്ങളും ഇഫലിൽ ഇല്ല. അസ്ഥികൂട നഗ്നതയാണ് ഇതിന്റെ വടിവൊത്ത ('സിക്‌സ് പാക്ക്' ) പേശീദാർഢ്യം.  

ഇപ്പോൾ ഈ നഗ്നമായ അസ്ഥികൂടത്തിന്നകത്തും പുറത്തും ഇന്ത്യയിലെ നർത്തകികളും, പാശ്ചാത്യ ബാലറീനകളും ഉൾപ്പെടെ എത്രയോ സുന്ദരികൾ ഒരേ ഉന്മാദത്തോടെ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ, ഒരൊറ്റ വസ്‌തുതയേ ഇത് തെളിയിക്കുന്നുള്ളൂ: തൊലിയുടെ ആഴമല്ല സൗന്ദര്യത്തിന്റെ ആഴമെന്ന് ചരിത്രത്തിൽ ആദ്യമായി തെളിയിച്ച ഘടനയാണ് ഇഫൽ — ഒരു പക്ഷേ അവസാനത്തെ ഘടനയും.

ഇതിന്നിടയിൽ, ഒരു വിസിറ്റിങ് പ്രഫസറായി ഇടക്കിടെ ഫ്രാൻ‌സിൽ എത്തുന്ന കാഷ് സ്‌റ്റെൻപ്നിയാക് 'ഇഫലിനെ വസ്ത്രമണിയിക്കൽ' എന്ന ആചാരത്തെപ്പറ്റി  സംസാരിച്ചത് അതിന്റെ നഗ്നത മറച്ചു പിടിക്കാനല്ല. പ്രാഥമിക ആവശ്യങ്ങൾ മാറ്റി നിർത്തിയാൽ, ഒരു മൊട്ടിന് ചുറ്റും പിൽക്കാല ഇതളുകൾ പോലെ, നഗ്നതക്ക് ചുറ്റും അനുരൂപമായി തുടരുന്ന സൗന്ദര്യാത്മക വികാസമാണ് വസ്ത്രങ്ങളെന്ന് ഞാൻ വിശ്വസിക്കുന്നു. തുണിത്തരം തൊട്ട് രൂപകല്‌പന വരെ, ഫാഷൻ മേഖലയിൽ ഇഫൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് കാഷ് പറയുന്നത്.

എന്തൊരു സാംസ്‌കാരിക വിപ്ലവമായിരുന്നു ഇഫലെന്ന് തിരിച്ചറിയാൻ, നമുക്കൊരു പുസ്‌തകം മുഴുവൻ വേണ്ടിവരും; ചരിത്രം എന്തെന്ന് വീണ്ടും നിർവ്വചിക്കേണ്ടിവരും. തത്കാലം ഞാൻ ഇത്ര മാത്രം  പറയുന്നു: ആധുനിക പാരിസിലെ നാഗരികതയുടെ തുടയെല്ലാണ് ഇഫൽ. ആലങ്കാരികമല്ല ഈ വീക്ഷണമെന്നറിയാൻ അടുത്ത ലക്കം വായിക്കുക.

ഫെബ്രുവരി 28,  2023

ഡോ: ലില്ലി ചെറിയാൻ (മാധ്യമ ഗവേഷക, എന്റെ വെബ്സൈറ്റിൽ ലേഖിക) എഴുതുന്നു: "ഞാൻ ചിലന്തികളെ പേടിക്കുന്നില്ല. ചിലന്തിവലകളുടെ സൗന്ദര്യം ചിലന്തിയിലേക്ക് ആവാഹിക്കാൻ ഞാൻ ശ്രമിക്കുന്നു. ചില ചിലന്തികൾ സ്വയം എത്രയോ സുന്ദരമല്ലേ? എങ്കിലും, ഒരു ചിലന്തിക്ക് വിരൽ കൊടുക്കുന്ന പെൺകുട്ടിയുടെ ചിത്രം ('കെയ് സെറ സെറ', 26) എന്നെ അസൂയപ്പെടുത്തുന്നു.  എന്തു തന്ത്രമുപയോഗിച്ചാണ് ചിലന്തിയെ ശരീരത്തിലെ ഇക്കിളിയാക്കുന്നത് എന്നതിനെക്കുറിച്ച് മേതിൽ എഴുതുന്നത് കാത്തിരിക്കുകയാണ് ഞാൻ."

ചോദ്യത്തിന് നന്ദി, ലില്ലി. ഇതേ ചോദ്യം  മൈക്കേൽ ഡ്രൂയോട് ചോദിച്ചാൽ അദ്ദേഹം ചുരുക്കിപ്പറയും:  'വിനാശ സ്‌മൃതികൾ' (extinction memories). 

അല്‌പം ആശയക്കുഴപ്പം ഉണ്ടാക്കാവുന്നൊരു പേരാണിതെങ്കിലും, ഒരു തരം വെല്ലുവിളിയാണ് ഡ്രൂയുടെ നിർദ്ദേശത്തിന്റെ കാതലായി നാം കാണേണ്ടത്. മനസ്സിന്റെ റിപ്പബ്ളിക്കിൽ ചില നേരങ്ങളിൽ  നിങ്ങൾക്ക് നിങ്ങളോടു തന്നെ ഒരു വെല്ലുവിളിയുണ്ടാവാം; ഉണ്ടായേ തീരൂ.

'വിനാശ സ്‌മൃതികൾ' സ്വയം തിരോഭവിക്കുന്നില്ല, ഇതരമായ ഓർമ്മകളുടെ തിരോഭാവത്തിന് കാരണമാകുന്നതുമില്ല. ഇവിടെ കൂടുതലും സംഭവിക്കുന്നത് ഇൻറ്റർനെറ്റ് ചര്യകളിലും വിനിമയങ്ങളിലും നമുക്കെല്ലാവർക്കും ഏറെയേറെ പരിചിതമായ 'അപ്ഡേറ്റ്' ക്രിയയാണ്. 

എന്തിനോടെങ്കിലും ഇപ്പോൾ നമുക്കുള്ള നിലപാട് ഏറ്റവുമടുത്ത കാലത്ത് അതുമായുള്ള സമ്പർക്കത്തിന്റെ സൃഷ്‌ടിയാകാനാണ്‌ കൂടുതൽ സാധ്യത. പരിചിത വ്യക്തികളെ ഓർമ്മിക്കുമ്പോൾ ഉടനടി നമ്മുടെ മനസ്സിൽ തെളിയുന്ന സുഖ/അസുഖ അനുഭൂതികളിൽ ഓർമ്മകളുടെ പുതുക്കിപ്പണിയൽ നടക്കുന്നു — സമീപ ഭൂതത്തിലെ കണ്ടുമുട്ടലുകൾ, അഥവാ ഇടപാടുകൾ,  പ്രതികരണത്തിന്റെ മുൻനിരയിലെത്തുന്നു (foregrounding).

ഭയങ്ങളെ 'അപ്ഡേറ്റ്' ചെയ്‌ത്‌ ഭയങ്ങളല്ലാതാക്കാം. സാധാരണയായി നാം ഭയമെന്നു വിളിക്കുന്ന സ്തോഭവും, മനഃശാസ്ത്രത്തിൽ 'ഫോബിയ' എന്ന ചിത്തഭ്രമമായിത്തന്നെ തിരിച്ചറിയപ്പെടുന്ന ഭയവും തമ്മിലുള്ള അന്തരം ഏറെ പ്രധാനമാണ്. 

എന്നോ ഒരു വിഷച്ചിലന്തിയുടെ കടിയേറ്റ അനുഭവം അഗാധ സ്‌മൃതിയിൽ തീവ്ര ഭയമായി തുടരുന്നത് (arachnophobia) യുക്തിരഹിതം. പക്ഷേ ലോകത്തിൽ 15 ശതമാനത്തോളം ആളുകൾ ഈ അവസ്ഥയിലാകാമെന്നൊരു സ്ഥിതിവിവര അനുമാനമുണ്ട്. ചില ഗവേഷകർ നിർദ്ദേശിക്കുന്നു: ഭയങ്ങളെ നാം നേരിട്ടേ തീരൂ എന്ന നിഷ്‌കർഷയിൽ, തൊട്ടുതീണ്ടൽ തീർത്തും ഒഴിവാക്കാവുന്ന രീതിയിൽ, ചിലന്തികളുടെ സാമീപ്യത്തിലേക്ക് നിങ്ങളുടെ മനസ്സ് ധാരാളമായി തുറന്നു കൊടുക്കുക. ചുറ്റുപാടുകളിലെ ദൃശ്യങ്ങളിൽ അവ നിറയട്ടെ. 

ചില്ലുകൂടുകൾക്കുള്ളിൽ ബന്ദികളായ ചിലന്തികളെ മണിക്കൂറുകളോളം അരികിലിരുന്ന് നിരീക്ഷിക്കുക. ചിലന്തികളെയും തേളുകളെയും പോലെ എട്ടു കാലുകളുള്ള ജീവികൾ(arachnids) പ്രത്യക്ഷപ്പെടുന്ന റ്റെലിവിഷൻ ചിത്രങ്ങൾ വിശദമായി കാണുക. ഭൂമിയിൽ ഈ ജീവികളെല്ലാം ഉളവായത് നിങ്ങളെ കടിക്കാനാണെന്ന മതിവിഭ്രമം മാറിക്കിട്ടും. 

പക്ഷേ, മൈക്കേൽ ഡ്രൂ ചോദിക്കും, തൊട്ടുതീണ്ടൽ ഒഴിവാക്കപ്പെടുന്ന ഭാവനാ പരിവർത്തന ശ്രമങ്ങൾ എവിടെ ഏൽക്കാൻ! ഒരു കടി കിട്ടിയതിനു ശേഷമാണ് ചിലന്തിപ്പേടി നിങ്ങളെ ബാധിച്ചതെങ്കിൽ, നിരുപദ്രവിയായൊരു ചിലന്തിയെ നിങ്ങളുടെ തൊലിപ്പുറത്ത് സഞ്ചരിപ്പിക്കുക. ഒരു വെല്ലുവിളി. ഇക്കിളിയാണത്! പിന്നെ 'വിനാശ സ്‌മൃതികൾ' (ബോധപൂർവ്വമായ അപ്ഡേറ്റ്) ചിലന്തിയെ നിങ്ങളുടെ ചിന്തകളിലും സ്‌പർശബോധത്തിലും ഇക്കിളിയാക്കും.       

ഇത് വെറുമൊരു വ്യാമോഹമല്ല, വിഭ്രാമകവുമല്ല, ഡ്രൂയും സഹപ്രവർത്തകരും ഓപ്റ്റോജെനറ്റിക്‌സ് എന്ന സാങ്കേതിക തന്ത്രത്തിലൂടെ സാക്ഷാത്കരിച്ചൊരു മറുമരുന്നാണ്.  

പക്ഷേ, ഒന്നുണ്ട്: നാം പരിചയപ്പെട്ട വിനാശം/തിരോധാനം മൗലികമായൊരു ഭയത്തെ വെട്ടിക്കളയുന്നില്ല. മസ്‌തിഷ്‌കത്തിൽ ചിലന്തിയുടെ സ്‌പർശങ്ങളെ ഇക്കിളിയാക്കുന്നതിൽ ഏറെ സ്വാധീനമുള്ളൊരു ഘടനയാണ് 'ഹിപോകാംപസ്'.  ഇതേ ഘടനയിൽ ഭയത്തിന്റെയും, ഭയവിനാശത്തിന്റെയും സ്‌മൃതിരേഖകൾ അവശേഷിക്കുന്നു. ഇവക്കിടയിൽ തുടരാവുന്ന മത്സരത്തിന്റെ തത്സമയ പ്രക്ഷേപങ്ങളാണ് നമ്മുടെ മനസ്സ്  — ഓരോ സന്ദർഭത്തിലും.

ഏതെല്ലാം ഭയങ്ങളാണ് നമ്മുടെ മസ്‌തിഷ്‌കത്തിന്റെ ഓരോ കോണുകളിൽ വല കെട്ടി പാർക്കുന്നതെന്ന് നാം ഒരിക്കലും അറിയില്ല. 'ഹാലൊവീൻ' എന്ന ചിത്രപരമ്പരയിൽ ആയുധം ധരിച്ച മൈക്കേൽ മയേഴ്‌സിനെപ്പോലെയാണ് ചില ഭീകര സ്‌മൃതികളെന്ന് ഡ്രൂ ഓർമ്മിപ്പിക്കുന്നു. കേവല ഒന്നുമില്ലായ്‌മയിൽ നിന്ന് ഏതു നിമിഷത്തിലും ഇവ ആവിർഭവിക്കാം.   

Content Summary:  Que Sera Sera - 27th Column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS