ധാർമികത, സുതാര്യത

vicharam-madhyamaparam-karippur-air-accident-photo-manorama
കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം. ചിത്രം : മനോരമ
SHARE

‘നിങ്ങൾക്കു പത്രധർമം എന്നൊന്നില്ലേ?’ എന്ന ചോദ്യം പല തവണ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് ജോലിജീവിതത്തിനിടെ. വർത്തമാനം പറഞ്ഞ് അപ്പുറത്തുള്ളയാളെ തണുപ്പിച്ചു സംഭാഷണം സൗഹൃദപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ, അദ്ദേഹം പത്രധർമമായി കാണുന്ന പ്രധാന സംഗതി എന്താണ് എന്നു ചുമ്മാ ചികയുമ്പോൾ ‘സത്യം പറയുക എന്നതാണല്ലോ മാധ്യമങ്ങളുടെ ധർമം’ എന്നാണ് മിക്കവാറും മറുപടി കിട്ടുക.

‘സത്യം വദ, ധർമം ചര’ എന്നു പറഞ്ഞിട്ടുള്ളതു മാധ്യമങ്ങൾക്കു വേണ്ടി മാത്രമായൊന്നുമല്ല. ‘ധാർമികത പുലർത്തണം’ എന്നു സമൂഹം ഒന്നായി മാധ്യമങ്ങളോടു പറയുമ്പോൾ അതു സ്വയം തങ്ങളോടുതന്നെയും പറയുന്നതായി ഭവിക്കുന്നുണ്ട്. മനുഷ്യവൃത്തികളാണല്ലോ മാധ്യമങ്ങളിലുള്ളത്. 

എന്താണ് ധർമം, അല്ലെങ്കിൽ എന്താണ് ധാർമികത എന്നു ചോദിച്ചുകഴിഞ്ഞാൽ സംഗതി ഗൗരവമായി. അവ്യക്തതകൾക്കു ചുറ്റുമായി ഏറെ തുഴയേണ്ടിവരും പിന്നെ ധർമ വിചാരയാത്രയിൽ. നമ്മുടെ എല്ലാ മാനുഷിക പാരസ്പര്യത്തിലും ധാർമികത ഒരു വിഷയമായി നിൽക്കുന്നുണ്ട്. അത് അത്രമേൽ സാധാരണ സംഗതിയായി നമ്മുടെ മനസ്സിലുള്ളതിനാൽ നാം അതെന്താണ് എന്നു കാര്യമായി വിശകലനം ചെയ്തു മനസ്സിലാക്കാൻ മെനക്കടാറില്ല. വെള്ളത്തിൽ കഴിയുന്ന മീൻ വെള്ളത്തെക്കുറിച്ച് അത്രയൊന്നും ആലോചിക്കുന്നില്ല എന്നു പറയും പോലത്തെ ഒരവസ്ഥ. അതുകൊണ്ടാണ് ‘എന്താണു മാധ്യമങ്ങളുടെ ധർമം’ എന്നു ചോദിക്കുന്നേടത്ത് ‘സത്യം പറയൽ’ എന്നു മാത്രം മറുപടി വരുന്നത്. മനസ്സിൽ പക്ഷേ, അതു മാത്രമൊന്നുമല്ല.

സത്യം തന്നെ സ്ഥിരമല്ല എന്ന സങ്കല്പനം ഉയർന്നു വന്നിരിക്കുന്ന കാലത്ത് ധർമം സ്ഥിരമാകുമോ? ധാർമികത സ്ഥിരമാകുമോ? അല്ലെങ്കിൽ അവ എന്നെങ്കിലും സ്ഥിരമായി നിലനിന്നിട്ടുണ്ടോ?

കൈക്കൂലിക്കാരൻ എന്നു പേരുകേട്ട ഒരു ഉദ്യോഗസ്ഥന്റെ ആ കയ്യിലിരിപ്പു വെളിച്ചത്താക്കാൻ അയാൾക്കു പണം കൊടുത്ത് അത് ഒളിക്യാമറയിലാക്കി വാർത്ത കൊടുത്താൽ ചോദ്യം വരികയായി. ‘മാധ്യമപ്രവർത്തകൻ ആ ചെയ്തതു ധാർമികമാണോ?’

‘ഏതു ചെയ്തത്?’

‘അങ്ങനെ കൈക്കൂലി കൊടുത്തത്. കൈക്കൂലി കൊടുക്കുന്നതു കുറ്റകൃത്യമല്ലേ? വാർത്തയ്ക്കു വേണ്ടിയായാലും കുറ്റകൃത്യം ചെയ്യാമോ?’

പത്രധർമത്തെക്കുറിച്ചുള്ള ചർച്ചകൾ ഇമ്മട്ടിലൊക്കെ പോകാറുണ്ട്. ധർമമെന്ത്, ധാർമികമെന്ത് എന്നത്ു സംബന്ധിച്ച് മനുഷ്യൻ എന്നു ചർച്ച തുടങ്ങി എന്നു നമുക്കറിയില്ല. എവിടെയും എല്ലായിടത്തും ഇതിഹാസങ്ങളും കാവ്യങ്ങളുമൊക്കെ ധർമ വിചാരങ്ങളാണ് എന്നൊരു കാഴ്ചപ്പാടുണ്ട്. ഓരോകാലത്തെ ധർമങ്ങളും ധാർമികതയുമൊക്കെ വ്യത്യസ്തമായിരുന്നു എന്ന് ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയുമൊക്കെ നടത്തുന്ന യാത്രകൾ വ്യക്തമാക്കിത്തരും. ഒരേ കാലത്തു പലയിടത്തു പല ധാർമികതയാകും. പല കാലത്ത് ഒരേയിടത്തു തന്നെ അതങ്ങനെയാകും.. എല്ലാവർക്കും എപ്പോഴും ഒരുപോലെയാകണമെന്നുമില്ല അത്. ഇങ്ങനെ സമൂഹത്തിൽ വ്യാപരിക്കുന്ന എല്ലാത്തരം ധർമചിന്തകളും മാധ്യമങ്ങളിൽ പ്രാവർത്തികമാകുന്നതു കാണാൻ സമൂഹം മുഴുവൻ മാധ്യമങ്ങളിലേക്കു നോക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് ഒരേ ദിവസംതന്നെ മാധ്യമങ്ങളിലെ പല കാര്യങ്ങളാകും പല ആളുകൾക്ക് ധർമവ്യതിചലനങ്ങളായി അനുഭവപ്പെടുക. 

‘അമ്മയെ തല്ലിയാലും രണ്ടുപക്ഷം’ എന്നു പറയുന്നതിൽ ചേർത്തു വച്ചിരിക്കുന്ന പ്രശ്നം അതാണ്.

തല്ലുന്നതു പോകട്ടെ അമ്മയെ പുലഭ്യം പറയുന്നതു ധാർമികമാണോ? അല്ല എന്നാകും ആരുടെയും ഉത്തരം. ഒരു മക്കളും അതു ചെയ്യാൻ പാടില്ല. പക്ഷേ രാമായണത്തിലെ ഭരതൻ അതികഠിനമായി അമ്മയെ പുലഭ്യം പറഞ്ഞു. ശപിച്ചു. ദുർവൃത്തയെന്നും രാക്ഷസിയെന്നുമൊക്കെ വിളിച്ചു. പോയി തൂങ്ങിച്ചാകാൻ പറഞ്ഞു. 

കടുത്തൊരു ധർമ വ്യതിചലനം കൈകേയി എന്ന അമ്മയുടെ ഭാഗത്തു സംഭവിച്ചതു കൊണ്ടാണ് ഭരതന് അതു പറയേണ്ടി വന്നത് എന്നൊരു ന്യായീകരണമുണ്ട്. ഒരു അധാർമികതയെ മറ്റൊരു അധാർമികത കൊണ്ടു നേരിടാമോ എന്ന ചോദ്യം അപ്പോഴുയരും. 

ധർമചിന്തകൾക്ക് ഒരിക്കലും അവസാനമില്ല. സമൂഹം മൊത്തമായി പാലിക്കേണ്ട ധാർമികതയും സാമൂഹത്തിലെ ഒാരോ വിഭാഗവും നിര്‍വഹിക്കേണ്ട ധർമങ്ങളുമുണ്ട്. മാധ്യമങ്ങൾ പുലർത്തേണ്ട ധാർമികതയും അവ നിർവഹിക്കേണ്ട ധർമങ്ങളും അതിനാൽത്തന്നെ ഉണ്ട്.

ഇംഗ്ലിഷിലെ Ethics എന്ന പദത്തിന് തുല്യമായാണ് ധാർമികത മലയാളത്തിലുള്ളത്. Moral support ധാർമിക പിന്തുണയാകും എന്നതിനാൽ Morality യും ധാർമികതയിലേക്കു വന്നുകൂടുന്നു. Moral police ൽ എത്തുമ്പോൾ Moral നമുക്ക് മനസ്സിലാകുന്നത് സദാചാരം ആയിട്ടാണ്. ധാർമികത എന്ന വാക്കിന്റെ അതിരുകളുടെ അവ്യക്തത സൂചിപ്പിക്കാൻ ഇത്രയും പറഞ്ഞെന്നു മാത്രം. ധർമം ഒന്നാമതായി മാറ്റമില്ലാത്ത കർത്തവ്യങ്ങളാണ്. Duty തന്നെ. അതു മാത്രമല്ല. അരുതാത്തതു ചെയ്യാതിരിക്കലുമാണ്. ഇതെല്ലാം കൂടി ഒത്തുചേർന്നുള്ളതാണു ധാർമികത (Ethics).

ധർമം സ്വന്തം കെട്ടുറപ്പിനും നിലനിൽപിനും വേണ്ടി സമൂഹം രൂപപ്പെടുത്തുന്നതാണ്. ‘ധർ’ ധാതുവിൽ നിന്നാണ് ധർമം എന്ന വാക്കു വരുന്നത് സംസ്കൃതത്തിൽ. ‘ധർ’ എന്നതിനർഥം ആധാരമായിട്ടുള്ളത്, താങ്ങായിട്ടുള്ളത് എന്നൊക്കെയാണ്. സമൂഹത്തിൽ എല്ലാവരും ധർമം പാലിക്കേണ്ടതും ധർമികത പുലർത്തേണ്ടതും സമൂഹത്തിന്റെ നിലനിൽപിനും കെട്ടുറപ്പിനും വേണ്ടിയാണ്. മാധ്യമങ്ങൾ ധർമം നിർവഹിക്കുകയും ധാർമികത പുലർത്തുകയും ചെയ്തില്ലെങ്കിൽ മാധ്യമങ്ങളുടെ നിലനിൽപ്പും കെട്ടുറപ്പും മാത്രമല്ല, സമൂഹത്തിന്റേതും അപകടത്തിലാകും. അതിനാലാണ് മാധ്യമങ്ങൾ ധാര്‍മികത പുലർത്തേണ്ടത്.

എന്തൊക്കെയാണു മാധ്യമങ്ങളുടെ ധർമങ്ങൾ? അറിയിക്കൽ എന്നത് ഒന്നാം ധർമമായി കരുതാം. എളിയ തുടക്കം അതിനു വേണ്ടിയായിരുന്നല്ലോ. എന്തൊക്കെ അറിയിക്കണം എന്നതിൽ വിവേകം കാണിക്കേണ്ടിവരുന്നിടത്ത് ധാർമികത കടന്നു വരുന്നു. വേണ്ടതേത് വേണ്ടാത്തതേത് എന്നതിൽ സമൂഹത്തിൽ അഭിപ്രായഭേദം പലയളവിൽ ഉണ്ടാകും. ഔചിത്യം പുലർത്തുകയാണു കാമ്യം. ഔചിത്യം സന്ദർഭാനുസാരിയാണ്. ജനാധിപത്യത്തിനു കാവലാവുക എന്നത് രണ്ടാമത്തെ ധർമമായി ഇതിനകം നമ്മൾ പറഞ്ഞിട്ടുണ്ട്. ജനാധിപത്യമാണ് നമ്മുടെ ഭരണവ്യവസ്ഥ. എല്ലാ പൗരൻമാർക്കും നീതിയും നന്മയും ഉറപ്പാകുന്ന ഭരണനിർവഹണം. നടക്കുന്നുണ്ട് എന്നതു ശ്രദ്ധിക്കുകയും വീഴ്ച വരുന്നേടങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുക. 

മറ്റോരോരോ ധർമങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞുവരുമ്പോൾ അതെല്ലാം ഈ രണ്ടിൽപ്പെടും. അഭിപ്രായ രൂപീകരണം, ജനങ്ങൾക്കു നാവാകൽ, അന്യായം തുറന്നുകാട്ടൽ, വിവിധ വിചാരങ്ങൾക്കു പ്രാതിനിധ്യം നൽകൽ, പക്ഷപാതരാഹിത്യം, സ്വാതന്ത്ര്യം പുലർത്തൽ, സ്വാധീനങ്ങളെ ചെറുക്കൽ, ബന്ധങ്ങളാൽ സ്വാധീനിക്കപ്പെടാതിരിക്കൽ, ഭരണവീഴ്ചകൾ നിരീക്ഷിക്കൽ ഇതെല്ലാം ചെയ്യേണ്ട ധർമങ്ങളായി വരുന്നു. 

ഒരു വിഷയത്തിൽ ഒരു പക്ഷത്തിനു പറയാനുള്ളതു പറയാൻ ഇടം കൊടുക്കുന്നില്ലെങ്കിൽ അത് അധാർമികതയായി. ഉവ്വ്, മേൽച്ചൊന്ന ധർമങ്ങൾ ഏതെങ്കിലും ചെയ്യാതിരുന്നാൽ അതു ധർമ വിലോപമായി.! അധാർമികതയായി..

ചെയ്യാതിരിക്കൽ മാത്രമല്ല അധാർമികത. ചെയ്തുകൂടാത്തതായി ഒരു സമൂഹം നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ മാധ്യമങ്ങളും ചെയ്യാൻ പാടില്ല. ചെയ്താൽ അധാർമികതയാകും. ആളുകളുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ പാടില്ല, ആളുകളെ വിഷമിപ്പിക്കും വിധം അവരുടെ സ്വകാര്യത വെളിവാക്കാൻ പാടില്ല, സത്യം അല്ലാത്തത് പറയരുത്, വൈര നിര്യാതനം നടത്താൻ മാധ്യമത്തെ ഉപയോഗപ്പെടുത്തരുത്, മനുഷ്യർക്ക് അറപ്പു തോന്നുന്ന തരം കാര്യങ്ങൾ വിളമ്പരുത് എന്നു തുടങ്ങി ഒരുപാടു കാര്യങ്ങൾ.

ക്ഷത്രിയന്റെ ധർമം യുദ്ധം ചെയ്യലാണ് എന്നു പറയുമ്പോഴും ആ ധർമത്തിൽത്തന്നെ പുലർത്തേണ്ട ധാർമികതകളുണ്ട്. അതു ക്ഷത്രിയനു മാത്രമായുള്ള ധാർമികതയാവില്ല മിക്കപ്പോഴും. സമൂഹത്തിനു മൊത്തമായുള്ളതാണ്. മാധ്യമങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മാധ്യമങ്ങൾ അവരുടെ ധർമം നിർവഹിക്കുകയും സമൂഹത്തിന്റെ മൊത്തം ധാർമികത അനുവർത്തിക്കുകയും വേണം. എല്ലാ തൊഴിലിലും പ്രവൃത്തിയിലും ഏർപ്പെട്ടിരിക്കുന്നവർക്കും അതങ്ങനെയാണ്. പക്ഷേ മാധ്യമങ്ങളുടെ കാര്യത്തിൽ സമൂഹം കൂടുതൽ നിർബന്ധം പുലർത്തും. അതിലെ ഒരു പ്രശ്നം സമൂഹത്തിലെ, ജനാധിപത്യത്തിലെ അഭിപ്രായ വൈവിധ്യങ്ങൾക്കും കാഴ്പ്പാടു വ്യത്യാസങ്ങൾക്കും ഒക്കെ അനുസൃതമായ നോട്ടമാകും പല കോണുകളിൽ നിന്നു മാധ്യമങ്ങൾക്കുമേൽ വീഴുക എന്നതാണ്. 

ഓരോ വാർത്തയിലും നിക്ഷിപ്ത താൽപര്യം എവിടെ നിന്നെങ്കിലുമൊക്കെ ആരോപിക്കപ്പെടും. വരികൾക്കിടയിൽ അർഥങ്ങളും അനർഥങ്ങളും കണ്ടെത്തി സംശയങ്ങൾ ഉയർത്തും. അബദ്ധങ്ങളും കൈത്തെറ്റുകളും നീണ്ട ഗൂഢാലോചനയ്ക്കൊടുവിലെ മനഃപൂർവ നിർമിതികളായി ചിത്രീകരിക്കും. 

ഇത് എന്തുകൊണ്ടാണ് എന്ന പ്രശ്നത്തെ മാധ്യമങ്ങളും മാധ്യമവിദഗ്ധരും തുറന്നു സമീപിച്ചയിടത്തു നിന്നാണ് സുതാര്യത (Transparency) എന്ന ഘടകം പ്രധാനപ്പെട്ട ഒന്നായി മാധ്യമ വിചാരത്തിൽ ഉയർന്നു വന്നത്. 

vicharam-madhyamapam-illustration-media-relationships
വര: ബേബി ഗോപാൽ

ജേണലിസം ജനത്തിന്റേതാണെന്നു പറയുകയും അതിലെന്തു നടക്കുന്നു എന്നു ജനം അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനശിലയായ ട്രസ്റ്റ് (പരസ്പരവിശ്വാസം ) എന്ന ഘടകത്തെ ബലഹീനമാക്കും. പോരായ്മകളും ബലഹീനതകളുമടക്കം മാധ്യമങ്ങളെ സംബന്ധിച്ചുള്ളതെല്ലാം ജനങ്ങൾ അറിയുന്നുവെങ്കിൽ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അംശങ്ങൾ ഒഴിവാകും. എല്ലാം പരസ്പരം അറിയുന്നിടത്താണ് ബന്ധങ്ങൾ ശക്തമാകുക. ബന്ധങ്ങൾ ശക്തം എന്നാൽ ട്രസ്റ്റും ശക്തം. സുതാര്യത ഇല്ലാതായാൽ ഫലം അവിശ്വാസം ആകും എന്ന് ദലൈലാമ പറഞ്ഞത് ഇവിടെ വളരെ പ്രസക്തം. എല്ലാം ജനങ്ങൾ അറിയുന്നതു സാധ്യമാക്കുന്ന വിധത്തിൽ സുതാര്യത (Transparency ) മാധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനവും പരസ്പരവിശ്വാസം പുലരണം എന്ന തീർപ്പാണ്. ട്രസ്റ്റ് എന്നു വിവക്ഷിക്കപ്പെടുന്ന വിശ്വാസം സംശയങ്ങൾ ഏതുമില്ലാതെയുള്ള ഒരു പരസ്പരം വിട്ടുകൊടുക്കലാണ്. ബാങ്കിൽ പണം ഏൽപിക്കുന്നത് ഒരു വലിയ ട്രസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ബാങ്കിൽനിന്നു കിട്ടുന്ന രസീതുകൾ പോലും സാധാരണ ജനങ്ങൾ നോക്കാത്തത്, അല്ലെങ്കിൽ ശ്രദ്ധിക്കാത്തത്. എല്ലാം ബാങ്ക് ചെയ്തുകൊള്ളും എന്ന ഉറച്ച വിശ്വാസം.. സത്യവും ധർമവും പുലർത്തും എന്നതാണ് ജനത്തിന് മാധ്യമങ്ങളെ സംബന്ധിച്ച ട്രസ്റ്റ്.

scott-maier
Scott R. Maier. Photo Credit: Reuters Institute for the Study of Journalism

എങ്ങനെയാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്, എന്തൊക്കയാണ് ദൈനംദിന പ്രവർത്തനങ്ങളിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നേരിടുന്ന ബുദ്ധിമുട്ടുകളും സംഘർഷങ്ങളും വൈതരണികളും എന്ന് ജനങ്ങൾ കൃത്യമായി മനസ്സിലാക്കിയിരുന്നാൽ മാധ്യമങ്ങൾക്കു വന്നു പോകുന്ന വീഴ്ചകളും തെറ്റുകളുമൊക്കെ ജനങ്ങൾക്ക് ഉൾക്കൊള്ളാനാകും. അവ പരിഹരിക്കാനും അതിന്റെ ക്ഷതങ്ങളിൽനിന്നു കരകയറാനുമുള്ള ശ്രമങ്ങളിൽ ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും കൂടി മാധ്യമങ്ങൾക്കു ലഭിക്കും. തെറ്റുപറ്റാത്തവരോ പോരായ്മകൾ ഇല്ലാത്തവരോ ലോകത്താരുമില്ല. അതു മറച്ചുവയ്ക്കുന്നതും സമ്മതിക്കാതിരിക്കുന്നതുമാണ് അംഗീകരിക്കാൻ പറ്റാത്തത്. മറച്ചുവയ്ക്കലും സമ്മതിക്കാതിരിക്കലും എന്തുകൊണ്ടാണുണ്ടാകുന്നത്? അപകർഷതാബോധം കൊണ്ടാകാം. ധാർഷ്ട്യം കൊണ്ടുമാകാം. മാധ്യമങ്ങളുടെ കാര്യത്തിൽ ധാർഷ്ട്യമാണ് ഘടകം എന്നാണു പൊതുവേ ജനം വിശ്വസിക്കുന്നത്. “തെറ്റുകൾ തിരുത്താൻ നിങ്ങൾക്ക് മടിയാണ്” എന്നു ജനം പറയുമ്പോൾ മാധ്യമങ്ങളുടെ ധാർഷ്ട്യത്തിനു നേരേയാണവർ വിരൽ ചൂണ്ടുന്നത്. വസ്തുതാപരമായ തെറ്റുകളെ തിരുത്തുമ്പോൾ പോലും മാധ്യമങ്ങൾ എന്തായിരുന്നു തെറ്റ് എന്നതു പൊതിഞ്ഞുവച്ചും ശരിയെന്താണെന്നു പൂർണമായി വെളിപ്പെടുത്താതെയും ഒക്കെയാണ് ചെയ്യുക എന്ന പരാതി ലോകത്തെങ്ങുമുണ്ട്. 2007–ൽ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഒറിഗോൺസിലെ സ്കൂൾ ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷൻസ് അസോഷ്യേറ്റ് പ്രഫസർ സ്കോട്ട് മേയർ (Scott Maier) നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ ഇങ്ങനെയാണ്: അമേരിക്കൻ പത്രങ്ങൾ അവയിൽ വരുന്ന വസ്തുതാപരമായ തെറ്റുകൾ പോലും രണ്ടു ശതമാനത്തിൽ താഴെ മാത്രമേ തിരുത്തുന്നുള്ളൂ. അതിനോടു ചേർന്നുള്ള കണ്ടെത്തലും ശ്രദ്ധിക്കണം. പത്രങ്ങളിലെ 40 മുതൽ 60 വരെ ശതമാനം ഉള്ളടക്ക ഘടകങ്ങളിലും (Contents - വാർത്തകളും ലേഖനങ്ങളും തന്നെ) വസ്തുതാ പിശകുകൾ കടന്നു കൂടാറുണ്ട്. (Setting the Record Straight: When the press Errs, Do correction Follow? - Journalism practice1, No1 - Scott R. Maier). 

ബൗദ്ധികമായ സത്യസന്ധതയുടെ പ്രശ്നമുണ്ടിതിൽ. ചില തെറ്റുകൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽത്തന്നെ വരുന്നുണ്ടാകില്ല. അവ തിരുത്തപ്പെടാതെ പോകുന്നു. ജനങ്ങൾ ചൂണ്ടിക്കാട്ടുന്ന തെറ്റുകൾതന്നെ തിരുത്തപ്പെടാതെയും തിരുത്തിയെന്നു വരുത്താൻ വേണ്ടിയുള്ള തിരുത്തലുകളായി മാറിയും പോകുന്നതിനെ മറ്റെങ്ങനെ കാണാനാകും? ഇതു നൂറ്റാണ്ടുകളായി പത്രങ്ങളും വായനക്കാരുമായി അലിഖിതമായി നിലനിൽക്കുന്ന തിരുത്തിന്റെ ഉടമ്പടിക്ക് (Contract of Correction) വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടുന്നു, റിഗ്രറ്റ് ദി എറർ ബ്ലോഗ് സ്ഥാപകൻ ക്രെയ്ഗ് സിൽവർമാൻ (Craig Silverman - The New Ethics of Journalism ! Principles for the 21st century). സുതാര്യതയുടെ മറ്റേവശം ആശാസ്യമല്ലാത്ത വഴികളിലൂടെയല്ല വാർത്തകളിൽ എത്തുന്നതും വാർത്തകൾ എത്തിക്കുന്നതും എന്നു വായനക്കാരോടു മൗനമായി പറയാൻകൂടി അതു വഴിയാണ് എന്നതാണ്. വാർത്തകൾ ഉണ്ടാകുന്ന വഴികൾ, അവ വരുന്ന വഴികൾ അന്യായങ്ങളുടേതാകാൻ പാടില്ല. അത് അങ്ങനെ തന്നെ വായനക്കാർ അറിയുകയും വേണം. 

Untitled-1
Photo Credit: Press Council of India

അടിസ്ഥാനപരമായി സ്വയം പുലർത്തുന്നതും വായനക്കാരോടു പുലർത്തുന്നതുമായ സത്യസന്ധതയാണ് ധാർമികതയുടെ അടിസ്ഥാന ശില. ഇങ്ങനെയൊന്നു മാധ്യമങ്ങളിലേക്കു വരുന്നത് സമൂഹത്തിൽനിന്നു തന്നെയാണ്. ധാർമികതയുടെ പ്രമാണങ്ങൾ ഉണ്ടായ ശേഷമല്ല പത്രങ്ങൾ ഉണ്ടായത്. പത്രങ്ങൾ ഉണ്ടായശേഷം സമൂഹത്തിലെ ധാർമികതയുടെ പാഠങ്ങൾ അവ ഒന്നൊന്നായി ഉൾക്കൊള്ളുകയായിരുന്നു. ധാർമികതയുടെ പാഠങ്ങൾ മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. പെരുമാറ്റച്ചട്ടങ്ങൾ ഒരിക്കലും പൂർണമാകില്ല എന്നർഥം. എന്നാലും പലയിടത്തും ജേണലിസ്റ്റുകൾക്ക് അവർ തൊഴിലിൽ പുലർത്തേണ്ട ധാർമിക പ്രമാണങ്ങളാകുന്ന പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയുടേതായി എല്ലാ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പാലിക്കാവുന്നതായ സുദീർഘമായ മാർഗ നിർദേശങ്ങൾ ഉണ്ട്. ജേണലിസത്തിന്റെ അടിസ്ഥാന ലക്ഷ്യം (Fundamental objective journalism) പറഞ്ഞ് അതു തുടങ്ങുന്നു. അതിങ്ങനെ: പൊതു താൽപര്യമുള്ള കാര്യങ്ങളിലെ വാർത്തകൾ, വീക്ഷണങ്ങൾ, അഭിപ്രായങ്ങൾ, വിവരങ്ങൾ എന്നിവ നീതിപൂർവമായും കൃത്യമായും പക്ഷപാതരഹിതമായും അന്തസ്സാർന്ന വിധത്തിലും ഭാഷയിലും നൽകി ജനങ്ങളെ സേവിക്കുക. ഈ പെരുമാറ്റ സംഹിതയുടെ ആദ്യ ഭാഗം (Part A) പ്രമാണങ്ങളും ധർമാവലികളുമായി (Principles and Ethics) 42 കാര്യങ്ങൾ പറയുന്നു. രണ്ടാം ഭാഗത്ത് (Part B) സവിശേഷമായ സാഹചര്യങ്ങളിലേക്കുള്ള 10 കാര്യങ്ങളും പറയുന്നുണ്ട് (Press council of India Code of Conduct for Journalists എന്ന് നെറ്റിൽ തിരഞ്ഞാൽ എല്ലാം കിട്ടും). എഴുതപ്പെടാത്ത പ്രമാണങ്ങളില്ലാത്തതു കൊണ്ടല്ല ധാർമികതയും ധർമങ്ങളും സംബന്ധിച്ച സാമൂഹിക സന്ദേഹങ്ങൾ എന്നർഥം. 

vicharam-madhyamapam-illustration-media-ethics
വര: ബേബി ഗോപാൽ

എഴുതപ്പെടാത്ത പ്രമാണങ്ങളും അവ പാലിക്കപ്പെടുന്നോ എന്നു ശ്രദ്ധിക്കാൻ സംവിധാനങ്ങളുമുള്ളതു നല്ലതാണ്. ‘ശാസിക്കാൻ ആളില്ലെങ്കിൽ ആരും ധർമം അനുഷ്ഠിക്കുകയില്ല’ (വിരാടപർവം) എന്നു മഹാഭാരതത്തിൽ ഒരു നിരീക്ഷണമുണ്ട്. അതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യം പാവനമാണെന്നു പറയുന്നതിനൊപ്പംതന്നെ അതിനു ലക്ഷ്മണരേഖ വേണമെന്ന അഭിപ്രായങ്ങളുമുയരുന്നത്. ലക്ഷ്മണരേഖയുടെ ഒരു പ്രശ്നം അതു പുറത്തു നിന്നൊരാൾ വരയ്ക്കുന്ന വരയാണ് എന്നതാണ്. പക്ഷേ മാധ്യമങ്ങൾ സ്വയം പരിധികൾ നിശ്ചയിക്കണം, സ്വയം നിയന്ത്രണങ്ങൾ കൽപിക്കണം എന്നുദ്ദേശിച്ചുകൊണ്ടാണ് ലക്ഷ്മണരേഖ പരാമർശിക്കപ്പെടുന്നതു കാണുന്നത്. പുറത്തു നിന്നാരെങ്കിലും വരയ്ക്കുന്നതിനെക്കാൾ നല്ലത് മാധ്യമങ്ങൾ സ്വയം നിശ്ചയിക്കുന്ന വരയ്ക്കപ്പെടാത്തൊരു വരയെ മാനിക്കുന്നതാകും. ഒരിടത്തു സ്ഥിരമായി നിൽക്കുന്ന വരയല്ല അത്. സാമൂഹികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, അംഗീകരിക്കപ്പെടുന്ന ധർമബോധവും ധാർമികബോധവും തന്നെയാണത്. പക്ഷേ ഒറ്റയൊറ്റയായ യൂട്യൂബ് ചാനലുകളിലൂടെ വരുന്ന ചിലചില ‘മാധ്യമ പ്രവർത്തനങ്ങളിൽ’ ആരു നിശ്ചയിക്കും ആ പരിധി. അതിന്റെ ഉടമയുടെ ധാർമികതയും സദാചാരവുമൊക്കെയാകും അതിൽ പ്രതിഫലിക്കുക. ധാർമിക ചർച്ചയുടെ വേറൊരു ധാര അതിനോടു ചേർന്നു വേണ്ടിവന്നേക്കും. ശ്വാസനയ്ക്ക് ആരെങ്കിലും ഉണ്ടാകേണ്ട സാഹചര്യവും വന്നേക്കാം. ആർക്കും ദ്രോഹം വരുത്താത്ത ഒരു ധാർമികതയിലേക്ക് എല്ലാവരും എത്തുന്ന സൽസ്ഥിതിയൊന്നാണ് ആഗ്രഹിക്കാനാവുക.. പ്രസ് കൗൺസിൽ എന്തിനെന്ന ലക്ഷ്യത്തിൽ പറയുന്ന മാധ്യമങ്ങളുടെ നിലവാരം ഉയർത്തിക്കൊണ്ടുവരിക എന്നതിൽ ( ......... പത്രസ്വാതന്ത്ര്യം കാത്തുരക്ഷിക്കുന്നതും ഇന്ത്യയിലെ വർത്തമാനപത്രങ്ങളുടെയും വാർത്താ ഏജന്സികളുടെയും നിലവാരം നിലനിർത്തുന്നതും മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പ്രസ് കൗൺസിൽ രൂപീകരിച്ചത്) ഉദ്ദേശിക്കുന്നത് അതാണെന്നാണു മനസ്സിലാക്കാനാകുക. നിലവാരം ഉയർന്നുയർന്ന് വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും ഉയർന്ന പക്വത പ്രാപിക്കുമ്പോഴാണ് സ്വയം ലക്ഷ്മണരേഖ വരയ്ക്കാനാവുക. മലയാളത്തിൽ ഒരു ചൊല്ലുണ്ട്– അപ്പൂപ്പന് അടുപ്പിലും തുപ്പാം (ശരിക്കുള്ള വാക്ക് തുപ്പാം എന്നല്ല). അപ്പൂപ്പനിൽനിന്ന് അങ്ങനെയൊരു വേണ്ടാതനം ഒരിക്കലും സംഭവിക്കില്ല എന്നുള്ള ഉറപ്പിലാണ് ആ സ്വാതന്ത്ര്യം അദ്ദേഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അപ്പൂപ്പൻ അതിനങ്ങു തുനിഞ്ഞാൽ അവിടം മുതൽ അദ്ദേഹം അപ്പൂപ്പനല്ലാതാകും! സമൂഹം മാധ്യമങ്ങൾക്ക് ഇവ്വിധം ഒരു അപ്പൂപ്പൻ സ്ഥാനമാണ് കൽപിച്ചുനൽകിയിട്ടുള്ളത്. അതു കളഞ്ഞുകുളിക്കാതിരിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.

ഇവിടെ ആലോചനകൾ പൊതു മാധ്യമങ്ങൾ എന്നതിലേക്കു വീണ്ടും തിരിക്കാം. ഡിജിറ്റൽ യുഗമാണിത്. ടെക്നോളജിയുടെ സാധ്യതകളും അപസാധ്യതകളും നമ്മെ പൊതിഞ്ഞു നിൽക്കുന്നു. അതിനിടെ തന്നിലെത്തുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെന്ന് എങ്ങനെ വായനക്കാരന്, കേൾവിക്കാരന്, കാഴ്ചക്കാരന് നിശ്ചയിക്കാനാകും. അവർക്ക് ആ ബോധ്യം നൽകുന്ന പ്രവർത്തന രീതികളിലൂടെ എന്നാണ് ഒന്നാമതായി പറയാൻ കഴിയുക. സത്യം നിഷ്ഠയും സുതാര്യത ശീലവുമാക്കുന്നതിലൂടെയാകും പൊതുജനത്തിന്റെ വിശ്വാസം ഒരു മാധ്യമത്തിനു നിലനിർത്താനാകുക. ഒരു പ്രളയം വരുമ്പോൾ, കൊടിയൊരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പക്ഷേ വാർത്തകൾ ഓരോ നിമിഷവും മാറിമാറിയും. അപ്പപ്പോൾ കിട്ടുന്നവയും അതുവരെ കിട്ടിയവയും സത്യമെന്ന ഉത്തമ ബോധ്യത്തോടെ പറയുമ്പോൾ അടുത്ത ക്ഷണം അതിനൊരു തിരുത്തൽ വരാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതുവരെ പറഞ്ഞതല്ല സത്യം, ദാ ഇതാണ് സത്യം എന്നു പറയുകയേ വഴിയുള്ളൂ. അതു പിന്നെയും മാറാം. അവിടെയാണ് കാലങ്ങളായി ആർജിച്ചെടുക്കുന്ന വിശ്വാസ്യതയുടെ (Credibility) പ്രസക്തി. ആ വിശ്വാസ്യതയിൽ എത്താൻ ചവിട്ടുപടിയാകുന്ന സുതാര്യതയുടെ (Transparency ) സാംഗത്യം. വാർത്തകൾ കൃത്യമാകാൻ എല്ലാ ശ്രദ്ധയും മാധ്യമങ്ങൾ കൈക്കൊള്ളണം. അതു ജനത്തിന് ബോധ്യമാകണം. അങ്ങനെയെങ്കിൽ, വന്നുപോകുന്ന പിഴവുകൾ അവർ ഉൾക്കൊള്ളുകയും പൊറുക്കുകയും ചെയ്യും. അങ്ങനെ ഉൾകൊള്ളുകയും പൊറുക്കുകയും ചെയ്യേണ്ട ഒരംശം മാധ്യമപ്രവർത്തനത്തിലുണ്ട്.. ‘വന്നു പോം പിഴയുമർഥശങ്കയാൽ ’ എന്നു കുമാരനാശാനും ഖേദിക്കുന്ന തരത്തിലുള്ള ഒരംശം. സുതാര്യതകൊണ്ടാണതു ബോധ്യപ്പെടുത്താനാകുക.

മാധ്യമങ്ങൾ അടുത്ത കാലത്തു പഴികേട്ട ഒരു സംഭവം ഇവിടെ ഓർക്കുകയാണ്! കരിപ്പൂർ വിമാനത്താവളത്തിൽ 2020 ഓഗസ്റ്റ് ഏഴിനുണ്ടായ എയർ ഇന്ത്യ എക്സപ്രസ് അപകടത്തിൽ ഒരു കുഞ്ഞ് മരിച്ചെന്നു തെറ്റായി റിപ്പോർട്ടു ചെയ്തത്. അയന എന്ന ആ കുഞ്ഞിനോടു മാപ്പപേക്ഷിച്ചുകൊണ്ട് ആ സംഭവം വിശദീകരിക്കാം. മിക്കവാറും ചാനലുകളിൽ ഏതാനും നിമിഷവും ചില പത്രങ്ങളുടെ ചില എഡിഷനുകളിലെ കുറച്ചു കോപ്പികളിലുമാണ് ‘അയന’ മരിച്ചതായി പറയാനിടയായത്.. മരിക്കാത്ത കുഞ്ഞ് മരിച്ചതായി കള്ളക്കഥ മെനഞ്ഞ് കോപ്പി കൂട്ടാനും പ്രേക്ഷകരെ കൂട്ടാനും നടത്തിയ അധാർമികശ്രമമായി പിറ്റേന്ന് അത് സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കപ്പെട്ടു. യാഥാർഥ്യം അങ്ങനെയായിരുന്നില്ല.

vicharam-madhyamaparam-karippur-air-accident-photograph-manorama
കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം. ചിത്രം : മനോരമ

രാത്രി 7.41ന് ഉണ്ടായ അപകടത്തിൽ പെട്ടവരിൽ ഏറെപ്പേരെയും കോഴിക്കോട്ടെ ആശുപത്രികളിലാണ് എത്തിച്ചത്. മിംസ് ആശുപത്രിയിൽ എത്തിച്ച 19 പേരിൽ 3 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 50 വയസ്സുകാരനും കോ പൈലറ്റ് അഖിലേഷും നാലുവയസ്സുള്ള ‘ഐമ’ എന്ന കുട്ടിയും ആണ് ആ മൂന്നു പേർ എന്നും അറിയിച്ചു. തിരിച്ചറിയാത്ത ആൾ മരിച്ചെന്ന് രാത്രി 10 നും (അത് പൈലറ്റ് എന്നു വേഗം സ്ഥിരീകരിക്കപ്പെട്ടു) കോ പൈലറ്റും ഐമയും മരിച്ചതായി 11.06 നും അറിയിപ്പു വന്നു. പക്ഷേ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പരിശോധിച്ചപ്പോൾ ഐമ (Aima) എന്ന പേരിൽ ഒരു കുട്ടി അതിലില്ല. പക്ഷേ മിംസിലെ പേഷ്യന്റ് ഐഡിയിൽ (50376427) ഉള്ള പേര് ഐമ തന്നെ. ചാനലുകൾ അതങ്ങനെ റിപ്പോർട്ടു ചെയ്തു– ഐമ എന്നു പേരുള്ള നാലുവയസ്സുകാരി മരിച്ചു.

പാസഞ്ചർ ലിസ്റ്റിൽ ‘ഐമ’ ഇല്ലാത്തത് റിപ്പോർട്ടർമാർ ആശുപത്രി അധികൃതരെ അറിയിച്ചതോടെ അവരും സംശയത്തിലായി. ആംബുലൻസ് ഡ്രൈവർ നൽകിയ പേരാണെന്നും പറഞ്ഞു. ഇതിനകം പാസഞ്ചർ ലിസ്റ്റിൽ ‘അയന’ എന്ന പേര് കണ്ടെത്തിയിരുന്നു. അയനയുടെ മാതാപിതാക്കൾ മഞ്ചേരി ആശുപത്രിയിലും പിതൃസഹോദരൻ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും ഉണ്ടെന്ന് അന്വേഷണത്തിൽ വിവരം കിട്ടി. അയന എവിടെയെന്നറിയില്ല. അന്വേഷണത്തിൽ ബേബി മെമ്മോറിയലിൽ ഒരു കുട്ടി ഉണ്ടെന്നറിഞ്ഞു. പേരറിയില്ല അപ്പോൾ. അയനയുടെ കുടുംബത്തിന്റെ പാസഞ്ചർ ലിസ്റ്റിലുള്ള കോൺടാക്ട് നമ്പറിൽ വിളിച്ചപ്പോൾ ബേബി മെമ്മോറിയലിൽ അയന ഉണ്ടെന്നാണറിയുന്നത് എന്നു പറഞ്ഞു. അപ്പോൾ രാത്രി 12.30. അപ്പോഴൊന്നും അയന മരിച്ചതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. ബേബിയിൽനിന്ന് പക്ഷേ അപ്പോഴും പേര് ഉറപ്പിക്കാനായില്ല..

vicharam-madhyamaparam-whatsapp-dio-screen-shot

രാത്രി ഒരു മണിയോടടുത്ത് കോഴിക്കോട് ഡിഎംഒയ്ക്ക് അയനയാണ് മരിച്ചെതെന്ന് ആശുപത്രിയിൽനിന്ന് അറിയിപ്പു കിട്ടിയതായി കലക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥയിൽനിന്നു വിവരം കിട്ടി. ഞാനപ്പോൾ വീട്ടിലേക്ക് കാർ ഓടിക്കുകയാണ്. മിംസിലുണ്ടായിരുന്ന റിപ്പോർട്ടർ വിളിച്ചുപറഞ്ഞു: മരിച്ചത് അയന തന്നെയാണ്. “കൃത്യമായി ഉറപ്പിക്കണം. ഒഫീഷ്യൽ കൺഫർമേഷൻ തന്നെ വേണേ’’ എന്ന് ഞാൻ മറുപടി നൽകി.. ഇതിനിടെ, മേൽപറഞ്ഞ ഉറപ്പിക്കലിന്റെ അടിസ്ഥാനത്തിൽ ചാനലുകളിൽ വാർത്ത വന്നു. മലയാള മനോരമയിലും പത്രത്തിന്റെ പുതിയ എഡിഷനായുള്ള പേജിൽ ആ വിവരം കൂട്ടിച്ചേർത്ത് പ്രിന്റിങ്ങിനായി റെഡിയാക്കി. പ്രിന്റ് ചെയ്യണോ വേണ്ടയോ എന്ന ശങ്ക അപ്പോഴുമുണ്ട്. രാത്രി 1.48 ന് സർക്കാരിന്റെ മലപ്പുറം പബ്ലിക് റിലേഷൻ വകുപ്പിൽനിന്ന് മരിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ടു. അതിൽ അയന രവിശങ്കർ ഉണ്ട്. പത്രം അച്ചടിയും തുടങ്ങി. 22 മിനിറ്റിനു ശേഷം അതേ പിആർഡി ഉദ്യോഗസ്ഥന്റെ സന്ദേശം വാട്സാപ്പിൽ എത്തി– “അയന രവിശങ്കർ മരിച്ചിട്ടില്ലെന്നു പറയുന്നു. കൺഫേം ചെയ്തു പറയാം” അപ്പോൾ 2.10. പത്രം അച്ചടി നിര്‍ത്തി.! ചാനലുകൾ ആ വാർത്ത പറയാതെ നിർത്തി. രാത്രി 2.19ന് വീണ്ടും അതേ ഉദ്യോഗസ്ഥന്റെ സന്ദേശം എത്തി– ‘അയന രവിശങ്കർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. മരിച്ചവരുടെ പേരിൽനിന്ന് ഒഴിവാക്കണം..’

craig-silverman
Craig Silverman. Photo Credit: Twitter.com

ഇതിനകം തന്നെ ആ പേര് ഒഴിവാക്കിയിരുന്നു. മനോരമയുടെ എല്ലാ യൂണിറ്റിലും പുതിയ പേജ് തയാറാക്കി പുതിയ അച്ചടിയും തുടങ്ങി. പക്ഷേ ഇതിനകം കുറെ കോപ്പികൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി അയന മരിച്ചുവെന്ന് അച്ചടിച്ച് പുറത്തേക്കു പോയിരുന്നു. ഇത്രയുമാണ് സംഭവിച്ചത്. (മിംസിൽ മരിച്ച കുഞ്ഞ് മലപ്പുറത്തു നിന്നുള്ള ഷെസ ഫാത്തിമ ആയിരുന്നു. ആ കുരുന്നിന്റെ വിളിപ്പേരായിരുന്നു ഐമ). പക്ഷേ ഇക്കാര്യമൊന്നും ഒരു വിശദീകരണമായി പിറ്റേ ദിവസമോ പിന്നെ ഒരിക്കലുമോ പത്രത്തിൽ കൊടുത്തില്ല. അയന ബേബി മെമ്മോറിയൽ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു എന്ന അടുത്ത ദിവസവാർത്തയിലെ പരാമർശത്തിൽ എല്ലാം ഒതുങ്ങി. പക്ഷേ, ഇക്കാര്യങ്ങൾ വിശദമാക്കേണ്ടതായിരുന്നില്ലേ? ഒരു പക്ഷേ ഓൺലൈനിലെങ്കിലും കൊടുക്കാമായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൊടുക്കാമായിരുന്നു. ഈയൊരു സാഹചര്യം വായനക്കാർ, പൊതുസമൂഹം അറിയേണ്ടതല്ലേ.?

പിറ്റേന്നു വിളിച്ച ഒരു വായനക്കാരനോടു ഞാൻ എല്ലാം വിശദീകരിച്ചു. തിരുത്തോ മാപ്പോ ഇല്ലാത്തതെന്തേ എന്നു ചേദിച്ചായിരുന്നു വിളി. മരിച്ചിട്ടില്ല എന്നു പറയാനാണെങ്കിൽപോലും മരണ പരാമർശം ഒഴിവാക്കാനാണങ്ങനെ എന്നു വിശദീകരിച്ചു. ‘അതു ശരിയാ’ എന്നദ്ദേഹം പറഞ്ഞു. ആ ന്യായം ഉണ്ടെങ്കിലും എനിക്കിപ്പോൾ തോന്നുന്നു. ആ ‘മരണം’ റിപ്പോർട്ടു ചെയ്യാനിടയായ സഹാചര്യം വിശദീകരിച്ച് ഖേദം പറയേണ്ടതായിരുന്നു എന്ന്. സുതാര്യത പാലിക്കുന്നതിലൂടെ സമൂഹത്തോടു ട്രസ്റ്റ് പുലർത്തുന്നതിന്റെ പ്രത്യക്ഷത ആകുമായിരുന്നു അത്. ഒന്നും ഒളിച്ചുവയ്ക്കാൻ ഇല്ലാത്ത ഒരു സംഭവം മാത്രമായിരുന്നു അത്. 

kelley-mcbride
Kelley McBride. Photo Credit: Twitter.com

ജേണലിസത്തിന്റെ ലക്ഷ്യമെന്ത് എന്ന തുടരാലോചന സമൂഹത്തിന്റെ രൂപപ്പെടലാണ് ജേണലിസത്തിലൂടെ സംഭവിക്കേണ്ടത് എന്ന കാഴ്ചപ്പാടിൽ എത്തി നിൽക്കുകയാണ്. സമൂഹത്തിന്റെ കെട്ടുറപ്പിൽ പരസ്പരവിശ്വാസം വലിയ പങ്കു വഹിക്കുന്നു. മാധ്യമങ്ങളും ജനങ്ങളും തമ്മിലുള്ള കളങ്കമില്ലാത്ത പരസ്പരവിശ്വാസം (trust) വാർത്ത എന്നതിനപ്പുറമുള്ള തലങ്ങളിലേക്കു കൂടി വ്യാപിക്കേണ്ടതാണ്. ധർമചിന്തയിൽ അതും വരണം. 

tom-rosenstiel
Tom Rosenstiel. Photo Credit: Twitter.com

‘‘വാർത്തകൾ ഒരിക്കലും മാധ്യമപ്രവർത്തകരുടേതായിരുന്നില്ല. അതെപ്പോഴും ജനങ്ങളുടേതായിരുന്നു. സമൂഹ നിർമിതി സാധിക്കാനുള്ള സാമൂഹികതയുടെ ഒഴുക്കും വിവരങ്ങളുടെ ധാരയും കണ്ടെത്തലിന്റെ തീപ്പൊരിയും പ്രശ്നങ്ങളുടെ ഉയർത്തിക്കാട്ടലും പരിഹാരങ്ങൾക്കായുള്ള പരിശ്രമവും ആഘോഷത്തിനുള്ള കൂട്ടായ്മയും അറിവുൽപാദനത്തിന്റെ വൈവിധ്യ പൂർത്തിയുമാണത്.’’ (Kelley McBride and Tom Rosensteil- The New Ethics of Journalism: The news has never belonged to journalists. It has always belonged to the public. News is the social flow, the stream of information, the spark of discovery, the spotlighting of problems, the working through of solutions, the gathering to celebrate, The full range of generating knowledge that creates community ) 

വൈചാരികവും വൈകാരികവുമായ തലങ്ങൾ ഇപ്പറഞ്ഞതിലുണ്ട്. അവയെല്ലാം അറിഞ്ഞ് ഉൾക്കൊണ്ട് സമൂഹത്തിന്റെ ഭാഗമായും സമൂഹമായും തീരുകയാണ് മാധ്യമങ്ങൾ. ഇതു ചെറിയ ഉത്തരവാദിത്വമല്ല. ഇതു നിർവഹിക്കുന്നതിലാണ് മാധ്യമങ്ങളുടെ, മാധ്യമപ്രവർത്തകരുടെ സത്യസന്ധത പുലരേണ്ടത്. അതു മുഴുവൻ സമൂഹത്തോടും പുലർത്തേണ്ട സത്യസന്ധതയാണ്. പൊതുനന്മയ്ക്കായി, സമൂഹത്തിലെ മുഴുവൻ ആളുകളുടെയും ഒന്നിച്ചുള്ളതും ഒറ്റയ്ക്കൊറ്റയ്ക്കുള്ളതുമായ നന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള സത്യസന്ധതയാണത്. കാരണം മാധ്യമപ്രവർത്തനം മുഴുവൻ സമൂഹത്തിന്റേതുമാണ്. 

സമൂഹത്തിന്റെ നടത്തിപ്പിനായി നിയോഗിക്കപ്പെടുന്ന ഓരോ ചുമതലാകേന്ദ്രവും സത്യസന്ധതയിൽനിന്ന്, ധാർമികതയിൽനിന്ന് വ്യതിചലിക്കുമ്പോഴും സമൂഹത്തിലെ ഒരാളുടെയെങ്കിലും കണ്ണുനീർ അവിടെ വീഴും. ഒരു തേങ്ങൽ അപ്പോൾ ഉയരും. ആ എളിയ ഒരാൾക്കായി ചെയ്യുന്നതെന്തും സമൂഹത്തിനായി ചെയ്യുന്നതാണ്. ആ കണ്ണുനീർ പ്രതിഫലിപ്പിക്കുകയും ആ തേങ്ങൽ പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നിടത്ത് മാധ്യമ ധാർമികത മായാതെ നിൽക്കും.

English Summary : Vicharam Madhyamaparam : The Ethics of Journalism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.