ബാങ്കിനറിയാം കടത്തിന്റെ ബലാബലം

Business Boom
പ്രതീകാത്മക ചിത്രം
SHARE

കടം വാങ്ങാൻ അപേക്ഷ കൊടുത്തപ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ കടയിൽ വന്നു നോക്കി, പിന്നെ വീട്ടിലൊരു സന്ദർശനം നടത്തി. ഇതെല്ലാം കഴിഞ്ഞ് ഒരു ഈടുമില്ലാതെ കടം അനുവദിക്കുകയും ചെയ്തു...ഇതിന്റെ ഗുട്ടൻസ് എന്താവാം?

മിക്കവാറും സ്വകാര്യബാങ്കുകളോ സർക്കാർ നിയന്ത്രണമുണ്ടെങ്കിലും സ്വകാര്യമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള ബാങ്കുകളോ ആണ് ഇത്യാദി കാര്യങ്ങൾ ചെയ്യുന്നത്. ഇവിടെ നിങ്ങളറിയാതെ ചില കാര്യങ്ങൾ ബാങ്ക് നിങ്ങളെക്കുറിച്ചു കണ്ടു പിടിക്കുന്നുണ്ട്. അതിന്റെ ലൈൻ രസകരമാണ്.

നിങ്ങൾ മുമ്പ് കടമെടുത്തിട്ടുള്ളവരാണെങ്കിൽ എളുപ്പമാണ്. പാൻ നമ്പറോ ആധാർ നമ്പറോ ഉണ്ടെങ്കിൽ അതുവച്ച് നിങ്ങളുടെ വിശ്വസ്തത പരിശോധിക്കാം. സിബിൽ പോലുള്ള ഏജൻസികൾ ക്രെഡിറ്റ് സ്കോർ നൽകും. നേരത്തേയുള്ള കടം മര്യാദയ്ക്ക് അടച്ചു തീർത്തിട്ടുണ്ടോ ഇല്ലേ? അതനുസരിച്ചാണ് ഇനിയും കടം തരണോ വേണ്ടോ എന്നു തീരുമാനിക്കുന്നത്.

നിങ്ങളൊരു കട നടത്തുന്ന ആളാണെങ്കിൽ കടയിൽ വന്ന് എത്ര സ്റ്റോക്ക് ഉണ്ടെന്നു നോക്കും. പൊരിഞ്ഞ കച്ചവടമുണ്ടോ ഈച്ചയടിച്ചിരിക്കുകയാണോ? ചില സാധനങ്ങളെടുത്ത് കാലാവധി നോക്കും. കുറേക്കാലമായി ഇരുന്നു പൂത്തതാണോ? നിങ്ങൾക്കു കടം തന്നാൽ മാസത്തവണ (ഇഎംഐ) അടയ്ക്കാനുള്ള പാങ്ങുണ്ടോ എന്ന് വിലയിരുത്തലാണു പരിപാടി. അണ്ടർ റൈറ്റിങ് വിദഗ്ധരാണ് അതൊക്കെ നോക്കുന്നത്.

മാസത്തവണ അടയ്ക്കാനുള്ള പരുവം ഉണ്ടെങ്കിലും ആള് തിരുമാലി ആണെങ്കിലോ? അതു കണ്ടു പിടിക്കാൻ വഴിയുണ്ട്. വീട്ടിലേക്കൊരു സന്ദർശനം നടത്തും ബാങ്കുദ്യോഗസ്ഥൻ. വീടും പരിസരവും കണ്ടാൽ ഏകദേശം പിടികിട്ടും. പോരാത്തതിന് അയൽക്കാരോട് ചോദിക്കും. കടം കൊടുത്തിട്ടുള്ളവർക്കൊന്നും ഇന്നേ വരെ കാശ് തിരിച്ചുകൊടുത്ത ചരിത്രമില്ല എന്ന് അയൽക്കാരൻ പറഞ്ഞുകൊടുത്താൽ തീർന്നു. നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ ബാങ്ക് തള്ളും. അതാണു തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കണമെന്നു പറയുന്നത്. അയൽക്കാരൻ അസൂയ കൊണ്ടാണങ്ങനെ പറഞ്ഞതെങ്കിൽ കഷ്ടം! വീട് മാറുന്നതാ നല്ലത്.

ഈടില്ലാതെ ഇങ്ങനെയൊക്കെ വീടു വയ്ക്കാൻ കടം കൊടുക്കാമോ എന്നു ചോദിച്ചാൽ അതിലൊരു മനഃശാസ്ത്രമുണ്ടെന്ന് ഇടപാടുകാരുടെ മാനസിക നിലകൾ അരച്ചുകലക്കി കുടിച്ചിട്ടുള്ള ബാങ്ക് മാനേജർ പറയും. വീട് താമസിക്കാനുള്ളതും കാത്തിരുന്നു കിട്ടിയതും വിലപ്പെട്ടതുമാണ്. തോന്ന്യാസം കാണിച്ച് അത് ജപ്തിയാവുന്നത് ആരും സഹിക്കില്ല. അതിനാൽ വീട് വായ്പകളിൽ നിവൃത്തിയുണ്ടെങ്കിൽ തിരിച്ചടയ്ക്കും.

തിരിച്ചടയ്ക്കാത്തത് ഏതിലാ? ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാനെടുക്കുന്ന ഉപഭോക്തൃ വായ്പകളിലാണ് ഏറ്റവും കുറവ്. വിലകൂടിയ മ്യൂസിക് സിസ്റ്റം വാങ്ങാൻ കടമെടുത്തു. രണ്ട് മാസം കഴിഞ്ഞപ്പോൾ അതിനോടുള്ള പൂതി തീർന്നു. വെറുതേയിരിക്കുന്ന സാധനത്തിനു വേണ്ടി മാസം തോറും കാശടയ്ക്കാൻ എല്ലാവർക്കും മടിയാണ്. സാധനം വാങ്ങിയിട്ട് വർഷങ്ങളായി അതിന്റെ വെടി തീരാറായി, ഇനിയെന്തിന് കാശടയ്ക്കുന്നു എന്ന ചിന്തയും വരും.അങ്ങനെ ഉപഭോക്തൃ വായ്പ ചറപറാ കൊടുത്ത് തിരിച്ചടവില്ലാതെ നൂറു കണക്കിനു കോടികൾ കിട്ടാക്കടമായി കുത്തുപാളയെടുത്ത വൻ കമ്പനിക്കാരുണ്ട്.

ഒടുവിലാൻ∙ മൊബൈൽ വാങ്ങാൻ കടമെടുക്കും. കളഞ്ഞു പോയി, താഴെ വീണു കേടായിപ്പോയി...പിന്നെന്തിനു കടം തിരിച്ചടയ്ക്കണം?

English Summary: What Factors Banks Consider Before Approving Your Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
FROM ONMANORAMA