ഇന്ത്യൻ മരുന്നും മന്ത്രവാദവും

Donald Trump
ഡൊണാൾഡ് ട്രംപ്
SHARE

ഇന്ത്യൻ മരുന്ന് ഇല്ലാതെ അമേരിക്കയ്ക്കു രക്ഷയില്ലെന്ന് ഫാർമ ബിസിനസ് കേട്ടിട്ടുള്ളവർക്ക് അറിയാം. പക്ഷേ അമേരിക്ക ചികിൽസയുടെ ഏതോ സ്വർലോകമാണെന്നു വിശ്വസിച്ചിരുന്ന സാധാരണക്കാർക്ക് അവിടെ കൊടുക്കുന്ന മരുന്നുകളൊക്കെ ഇന്ത്യയിൽ നിന്നു പോകുന്നതാണെന്ന വാർത്ത പുതിയതാണ്. പിന്നെന്തിനാ വിദഗ്ധ ചികിൽസയ്ക്കെന്ന പേരിൽ അമേരിക്കയിലേക്കു വച്ചുപിടിക്കുന്നതെന്തിനെന്നു ജനം ചോദിച്ചു തുടങ്ങി.

ഇന്ത്യൻ,ചൈനീസ് മരുന്നുകളില്ലാതെ അമേരിക്കയ്ക്കു നിലനിൽപില്ല. അവിടെ വൻ വിലയുമാണ്. അമേരിക്ക യിൽനിന്നു മടങ്ങിയ ഒരാൾ പറഞ്ഞത് ഇവിടെ കിട്ടുന്ന അതേ മരുന്നിന് അവിടെ വില ഇവിടുത്തേതിന്റെ 30 ഇരട്ടി വരുമെന്നാണ്. മരുന്നിനും കൂടി ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിൽ മുടിഞ്ഞുപോവുകയേ ഉള്ളൂ.

മരുന്ന് അമേരിക്കയിലേക്ക് അയയ്ക്കില്ല എന്നു ചൈന നമ്പർ ഇറക്കി നോക്കി. ട്രംപ് രണ്ടു തവണ ചൈനീസ് വൈറസ് എന്നു പറഞ്ഞതോടെ എത്ര മരുന്നു വേണമെങ്കിലും അയയ്ക്കാമെന്നായി. ട്രംപ് വിരട്ടിയെന്നും അതോടെ ഇന്ത്യ ഹൈ‍‍ഡ്രോക്സി ക്ളോറോക്വിൻ ഉൾപ്പടെ കുറേ മരുന്നുകളുടെ കയറ്റുമതി വിലക്ക് നീക്കിയെന്നും അതിനു പകരം അമേരിക്കൻ എഫ്ഡിഎ ചില ഇന്ത്യൻ മരുന്നു കമ്പനികളുടെ നിരോധനം നീക്കിയെന്നും കഥകളുണ്ടായിരുന്നു. ഇതിൽ വിരട്ടലും കഥയുമല്ല പക്കാ ബിസിനസാണുള്ളത്. 

ഇന്ത്യൻ കമ്പനികൾ മാസം 20 കോടി ഹൈഡ‍്രോക്സി ക്ളോറോക്വിൻ ഗുളികകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അമേരിക്കയാണ് ഇന്ത്യൻ ഫാർമ കയറ്റുമതിയുടെ 30% വാങ്ങുന്നത്. ഇന്ത്യൻ മരുന്ന് കയറ്റുമതി അമേരിക്കയിലേക്ക് മാത്രം 2018–19ൽ 530 കോടി ഡോളർ ( സുമാർ 40000 കോടി രൂപ). ആകെ കയറ്റുമതി 1900 കോടി ഡോളറായിരുന്നു. സുമാർ 1.4 ലക്ഷം കോടി രൂപ. 170 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ മരുന്ന് കയറ്റുമതി. പല രാജ്യങ്ങളിലും നമ്മുടെ മരുന്നുകളാണു ഭൂരിഭാഗവും.

ഇന്ത്യൻ ഫാർമ കമ്പനികൾ ബില്യൺ കണക്കിനു ഡോളർ നേടുന്നതെങ്ങനെ, അവയുടെ ഓഹരി മൂല്യം കുതിക്കുന്നതെങ്ങനെ, ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെങ്ങനെ...? എല്ലാം കയറ്റുമതിയിൽ നിന്നാണ്. ഇപ്റ്റ, സൺഫാർമ, ഡോ.റെഡ്ഡീസ് ലാബ്,ബയോകോൺ... ഇവയെല്ലാം ഫാർമരംഗത്തെ ഭീമൻമാരാണ്. സൺഫാർമയുടെ ദിലിപ് സാങ്‌വി, ബയോകോണിന്റെ കിരൺ മജൂംദാർ പോലുള്ളവർ ഇന്ത്യൻ ശതകോടീശ്വര ലിസ്റ്റിൽ വരുന്നത് അങ്ങനെയാണ്. 

ഏതു ബിസിനസ് ചെയ്യുന്നവ‍ർക്കും അറിയാം–വരുമാനത്തിന്റെ മൂന്നിലൊന്നു തരുന്ന ഇടപാടുകാരനെ പിണക്കാൻ പറ്റുമോ? ഐടിയിൽ മാത്രമല്ല ഫാർമയിലും ഇന്ത്യ സൂപ്പർ പവറാണ്.

ഒടുവിലാൻ∙ ഇന്ത്യൻ മരുന്ന് ഇല്ലാതെ പറ്റില്ലെങ്കിൽ ശകലം മന്ത്രവാദവും എക്സ്പോർട്ട് ചെയ്താലോ? അസുഖം ഭേദമാവണമെങ്കിൽ ഇതു കൂടി വേണമെന്നു വന്നാൽ...! അമേരിക്കൻ വിപണി തുറന്നു കിട്ടിയാൽ...! ചാകരയല്ലേ?

English Summary : Pharma Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.