വരുമോരോന്ന്..., വന്ന പോലെ പോം

business-boom-07042020-p-kishore
SHARE

ഒരാൾ ഏതെങ്കിലും ബിസിനസ് ചെയ്യട്ടേ എന്നു ചോദിച്ചാൽ ചെയ്യാമെന്നോ ചെയ്യരുതെന്നോ മറുപടി പറയാനാവാത്ത കാലമാണിത്. 100%  ക്ളിക്ക് ആവും എന്നു തോന്നുന്ന ബിസിനസും പൊളിഞ്ഞു പോകാം. 100% പൊളിയും എന്നു തോന്നുന്ന ബിസിനസ് വൻ വിജയത്തിലെത്തിയെന്നും വരാം. വെറും സർജിക്കൽ മാസ്ക് ഉണ്ടാക്കുന്ന ചെറുകിട വ്യവസായത്തിന്റെ കാര്യം ഉദാഹരണം. 100% കപ്പാസിറ്റിയിൽ‍ ഓടിച്ചാലും ഓർഡറുകൾ തീർത്തുകൊടുക്കാൻ കഴിയില്ല. നവംബർ മുതൽ ദുബായിലെ വേൾഡ് എക്സ്പോയ്ക്ക് കൊയ്ത്തു നടത്താനിരുന്നവർ, ജപ്പാനിൽ ഒളിംപിക്സിന് കാശുവാരാൻ തയ്യാറായിരുന്നവർ...ഐപിഎൽ പോലുള്ള പണംവാരി കളികൾ മുതലാക്കാനിരുന്നവർ...എല്ലാമേ പോച്ച്.

കോറോണ ലോക്ഡൗൺ കഴിയുമ്പോൾ വരാനിരിക്കുന്നതു കൊയ്ത്തുകാലമല്ലേ എന്നു തോന്നാം. പൂരത്തിനെന്ന പോലെ ജനം പുറത്തിറങ്ങിയേക്കും. സകല റസ്റ്ററന്റിലും കേറാനും കഴിക്കാനും ആർത്തി, തിയറ്ററുകളിൽ ഏതു പൊട്ടപ്പടം കാണാനും ആള്, ഷാപ്പിലും ബാറിലും ലോകാവസാനം പോലെ തിരക്ക്...ഇങ്ങനെ മനഃപായസം കുടിക്കുന്നവരുണ്ടാകും. കണ്ടറിയണം അല്ലെങ്കിൽ കൊണ്ടറിയണം എന്നേ തൽക്കാലം പറയുന്നുള്ളൂ.

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു പറഞ്ഞിരുന്നപോലാണു പ്രവചനങ്ങളുടെ കാര്യവും. മാറ്റാതെ രക്ഷയില്ല. 2000ൽ പുതിയ നൂറ്റാണ്ടും സഹസ്രാബ്ദവും ഒരുമിച്ചു തുടങ്ങിയതിന്റെ ആവേശത്തിൽ വന്ന പ്രവചനങ്ങളൊന്നും സത്യമായില്ല. ശാസ്ത്രജ്ഞരും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാനേഴ്സും പോലുള്ളവരുടെ ബുദ്ധിപരമായ ഊഹങ്ങളാണേ. 2020ൽ സർവ കെട്ടിടങ്ങളും ഫർണിച്ചറും സ്റ്റീൽ കൊണ്ടു നിർമിക്കും, രാത്രിയും സൂര്യപ്രകാശം നൽകുന്ന സ്പേസ് കണ്ണാടികൾ വരും എന്നൊക്കെ പ്രവചിച്ചിരുന്നു.

ബ്രിട്ടനിലെ ഇൻഡിപെൻഡന്റ് പത്രം 2009ൽ വിദഗ്ധരോട് 2020ലെ പ്രവചനങ്ങൾ നടത്താൻ ആവശ്യപ്പെട്ടു. സാംപിളുകൾ–വൃദ്ധരെ പരിചരിക്കുന്നത് റോബട്ടുകൾ, ഹൃദയം ഉൾപ്പടെ സർവ അവയവങ്ങളും ലാബുകളിൽ വളർത്തിയെടുക്കുന്നു, ഓരോ രാജ്യത്തും സകല പൗരൻമാരുടെയും ഡിഎൻഎ ഡേറ്റ ബേസുകൾ...ഒന്നും നടന്നില്ല. അടുത്ത വർഷത്തേക്കു നടത്തുന്ന നിരീക്ഷണം പോലും നടക്കണമെന്നില്ലെങ്കിലും 30 കൊല്ലം കഴിഞ്ഞ് 2050ലേക്ക് ചില പ്രവചനങ്ങൾ ഇറങ്ങിയിട്ടുണ്ട്–ചൈന ലോകത്തെ ഒന്നാംനമ്പർ സാമ്പത്തിക ശക്തിയും സൂപ്പർപവറുമാകും. ബുദ്ധിയുള്ള ജീവികളുള്ള ഗ്രഹം കണ്ടെത്തും...

കേരളമോ 2050ൽ?– അതിഥി തൊഴിലാളികൾക്കു പകരം റോബട്ടുകളാവുമെന്നൊക്കെ തട്ടിവിടാം. പക്ഷേ 30 കൊല്ലം മുമ്പത്തെ (1990ലെ) കേരളവും ഇന്നത്തെ കേരളവും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ടോ? ഒന്നാലോചിച്ചു നോക്കിയേ!  സ്മാർട് ഫോൺ പോലുള്ള പുതിയ ചില കളിപ്പാടങ്ങൾ ഇവിടെയും വന്നു, ഐടി ടൂറിസം ബിസിനസുകൾ കുറച്ചൊക്കെ പുഷ്ക്കലമായി  എന്നല്ലാതെ കാര്യമായ മാറ്റമുണ്ടോ? എൽഡിഎഫും യുഡിഎഫും അതേപോലെ. നോക്കുകൂലി പോലും അന്നും ഇന്നുമുണ്ട്...!!!

ഒടുവിലാൻ∙ സിലോൺ, ബർമ്മ, സിംഗപ്പൂർ,മലേഷ്യ,ഗൾഫ്, യുഎസ്...ഇതുവരെ മലയാളി ജോലി തേടി പോയ സ്ഥലങ്ങളാണ്. ഗൾഫിൽ മലയാളി ലേബർ കോളനിവൽക്കരണം നടപ്പാക്കി. ഇനി എങ്ങോട്ടാ...

English Summary: Business Boom Column : Business in the time of corona virus outbreak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA