മലയാളിയുടെ വീടായാൽ ഫാൻ വേണം, ഫ്രിജ് വേണം എന്നൊക്കെ വന്നുവന്ന് ഒടുവിൽ എസി വേണമെന്നായിട്ടു കാലം കുറച്ചായി. പാലുകാച്ചുന്ന പുതിയ വീടുകളിലെല്ലാം ഒരു മുറിയെങ്കിലും എസിയാകുന്നു. എസി കമ്പനിക്കാർക്ക് അതോടെ കേരളം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന നാടായി. വേനൽക്കാലം ആദ്യം എത്തുന്ന സംസ്ഥാനവും കേരളം ആകയാൽ ഇവിടെ എസിയുടെ കച്ചവടം കണ്ടാലറിയാം അക്കൊല്ലം ഉത്തരേന്ത്യൻ വിപണിയിൽ നടക്കാൻ പോകുന്ന കച്ചവടത്തിന്റെ ബലാബലം.
ആ നിരയിലേക്കു ദേ നടന്നടുക്കുകയാണ് പുതിയ ഒരു ഐറ്റം. ബാർ ക്യാബിനറ്റ്! ങ്ഹേ..! അതെ, തടികൊണ്ടുണ്ടാക്കിയ ചെസ്റ്റ് ഓഫ് ഡ്രോ ആകുന്നു സംഗതി. കരിവീട്ടി മുതൽ പലതരം തടികൾ കൊണ്ടുള്ള ബാർ ക്യാബിനറ്റുകൾ ഈ കോവിഡ് കാലത്തു വിറ്റു പോകുന്നുണ്ട്. വേറേ ഫർണിച്ചറൊന്നും വിൽക്കാത്ത കടകളിലും ഈ സാധനം വിൽക്കും. ഒരെണ്ണത്തിനു വില 20000 രൂപ മുതലാണേ...
ലോക്ഡൗണിൽ ബാറുകളും ഷാപ്പുകളുമെല്ലാം അടച്ചിട്ടതുകാരണം ക്ഷാമം അനുഭവിച്ചതിന്റെ കേടു തീർക്കാനെന്നോണം സകലരും കുറേ കുപ്പി വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പ്രവണത വളർന്നു. അന്നന്നത്തെ ആവശ്യത്തേക്കല്ല, പെട്ടെന്നൊരു ലോക്ഡൗൺ വന്നാൽ...?! സൂക്ഷിക്കാൻ സ്ഥലം വേണം. അപ്പോഴാണ് പുറമേ കണ്ടാൽ കാൽപ്പെട്ടിയോ തടിഅലമാരയോ പോലിരിക്കുന്ന ബാർ കാബിനറ്റുകൾക്കു ഡിമാൻഡ് വന്നത്. പുറമേ നോക്കിയാൽ വസ്ത്രങ്ങളോ മറ്റോ വച്ചിരിക്കുന്ന ചിന്ന അലമാരയാണെന്നേ തോന്നൂ. വീട്ടുകാരൻ ‘ഇത്തരക്കാരൻ’ ആണെന്ന് അതിഥികൾക്കു തോന്നില്ല. രണ്ടു പാളികളും തുറന്നാലോ, അതിവിശാലമായ ഷോറൂം. ഹോട്ടൽ ബാർ തോറ്റുപോകും.
പലതരം ഗ്ലാസുകൾ, പെഗ് മെഷറുകൾ, തലകീഴായി തൂക്കിയ വൈൻ ഗ്ളാസുകൾ, പലതരം കുപ്പികൾ, കിടത്തിയിരിക്കുന്ന കുപ്പി വൈനുകൾ...എല്ലാറ്റിനും സൗകര്യമുണ്ട്. അതു പോരെങ്കിൽ ട്രോളി ബാർ എന്ന വേറൊരു ഇനമുണ്ട്. ശകലം ചെറുതാണ്. ഉരുട്ടിക്കൊണ്ടു പോകാം. എവിടെ ഇരുന്നാണോ സേവ അവിടേക്ക്. ഗ്ലാസുകളും ഐസ് ബോക്സും മറ്റ് ഏരുശീരുകളും വയ്ക്കാൻ പ്രത്യേകം ഇടങ്ങളുണ്ട്.
അങ്ങനെ പുതിയൊരു ഫർണിച്ചർ ബിസിനസ് ലൈൻ തന്നെ രൂപപ്പെടുകയാണ്. ബാർ തുറന്നു നോക്കി സ്വയം കണ്ടാനന്ദിക്കാം. തുറന്നു കാട്ടി അതിഥികളെ കണ്ണഞ്ചിക്കാം. പുതിയൊരു പൊങ്ങച്ചവുമായി.
ഒടുവിലാൻ∙ അത്രയ്ക്കൊന്നും പാങ്ങില്ല എങ്കിൽ ബാരൽ എന്ന വേറൊരു ഇനമുണ്ട്. ചെറിയൊരു വൈൻ ബാരൽ പോലെ. സ്റ്റൂൾ പോലെ ഇരിക്കാൻ ഉപയോഗിക്കാം. മൂടി തുറന്നാൽ അതിനകത്ത് എന്തും കൊള്ളിക്കാം. കണ്ടാൽ പഞ്ചപാവം!
English Summary : Business Boom Column : New furniture business trend - Bar Cabinet