നഗരത്തിന്റെ നടുക്ക് ബഹുരാഷ്ട്ര കമ്പനിയുടെ കോഫിഷോപ്പ്. അങ്ങോട്ടു കയറുമ്പോൾതന്നെ സ്വാഗതവും ആശംസകളുമായി യൂണിഫോമിട്ട പെൺകുട്ടി. കാപ്പിക്കും അവരുടെ മാത്രം സിഗ്നേച്ചർ വിഭവങ്ങൾക്കും ക്യൂനിന്ന് ഓർഡർ കൊടുത്ത് വേറൊരു കൗണ്ടറിൽ കാശു കൊടുത്ത് ഇനിയുമൊരു കൗണ്ടറിൽ ചെന്നു വാങ്ങി പോയിരുന്നു കഴിക്കണം.
സ്മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ പലവലിപ്പത്തിലുള്ള കാപ്പികൾക്കു വില 230 രൂപ മുതൽ മുകളിലോട്ടാണ്. സ്മോൾ വാങ്ങിയാൽ പാപ്പരാണെന്നു വിചാരിച്ചാലോന്നു വച്ചു വേണ്ടെങ്കിലും ലാർജ് തന്നെ വാങ്ങും. മാന്യമായൊരു കാപ്പി മാത്രം കുടിക്കാൻ 300 രൂപ വേണം. എന്നിട്ടും ആളുണ്ട്.
അമേരിക്കയിൽ കോഫിഷോപ്പ് ബിസിനസ് മോഡൽ രൂപപ്പെട്ടത് ‘തേഡ് പ്ളേസ്’ എന്ന നിലയിലാണത്രെ. എന്നു വച്ചാൽ വീട് ഒന്നാം സ്ഥലം, ജോലിസ്ഥലം രണ്ടാം ഇടം. നേരംകൊല്ലാനോ റിലാക്സ് ചെയ്യാനോ ഉള്ള മൂന്നാം ഇടമാകുന്നു കോഫിഷോപ്പ്. അവിടെ എത്ര നേരം വേണമെങ്കിലും കാപ്പിയും കുടിച്ച് ഇരിക്കാം. ചായക്കടയിലെ പോലെ കാപ്പികുടി കഴിഞ്ഞാലുടൻ ബില്ലും കൊടുത്ത് വേഗം വിട്ടോണം എന്ന നിർബന്ധമില്ല. എസ്കേപ്പ് ഇടമാണത്രെ കോഫിഷോപ്പ്.

സ്റ്റാർബക്സിലും മറ്റും ലാപ്ടോപ്പുമായി വന്നു കുത്തിയിരുന്ന് ഗവേഷണ പ്രബന്ധം എഴുതുന്നവരുണ്ട്, ചെസ് കളിക്കുന്ന അപ്പൂപ്പൻമാരുണ്ട്, ഒറ്റയ്ക്കിരുന്നു പുസ്തകം വായിക്കുന്നവരുണ്ട്. യൂണിവേഴ്സിറ്റി ഫീസടയ്ക്കാൻ, വിദ്യാർഥികൾക്കു വെയ്റ്ററായി ജോലി കൊടുക്കുന്ന സ്ഥലം കൂടിയാണ്. വിദേശത്തു പഠിക്കാൻ പോകുന്ന എത്രയോ മലയാളി വിദ്യാർഥികൾ പാർട് ടൈം കോഫിഷോപ്പ് ജോലി ചെയ്യുന്നു.
കേരളത്തിൽ സർവ നഗരങ്ങളിലും പിള്ളാർക്കു ബിസിനസ് ഐഡിയ രണ്ടുമൂന്നെണ്ണമേയുള്ളു. കോഫിഷോപ്പ്, റസ്റ്ററന്റ്. ബൂട്ടീക്. വൻ കാശുമുടക്കി കടയെടുത്ത് ഇന്റീരിയർ ചെയ്ത് തുടങ്ങുന്നു. എപ്പൊ പൊട്ടിയെന്നു ചോദിച്ചാൽ മതി. അങ്ങനെ ഒരെണ്ണം പൊട്ടിയ സ്ഥലത്ത് എസികൾ പോലും എടുക്കാതെ പഴയ ഉടമ സ്ഥലം വിടുമ്പോൾ അതു തന്നെ ഏറ്റെടുക്കാൻ അടുത്തയാൾ അഡ്വാൻസുമായി കാത്തിരിക്കുകയാണ്. കഷ്ടിച്ച് 6 മാസം നടത്തുമ്പോഴേക്കും ക്ഷീണിക്കും. പിന്നെ എന്നു വേണമെങ്കിലും ഷട്ടർ വീഴാം.
കാശ് പൊട്ടുന്നതിൽ ആർക്കും ദണ്ണമില്ലേ? കാശുള്ളവരുടെ കളിയാകുന്നു ഈ മൂന്നു ബിസിനസുകളും. ബ്ളാക്ക് മണി പൊട്ടിക്കാനോ വെളുപ്പിക്കാനോ ഉള്ള ഇടം കൂടിയാവാം. പലരും മുടിയുന്നുമുണ്ടാവാം.
ഒടുവിലാൻ∙ കോഫിഷോപ്പുകളിൽ കാമുകീകാമുകൻമാരാണ് വലിയൊരു വിഭാഗം. കാമുകിയെ ‘ഇംപ്രസ്’ ചെയ്യാൻ മുന്തിയ ഇനം കോഫിഷോപ്പ് തന്നെ വേണം. സാദാ ഹോട്ടലിലെ 15 രൂപയുടെ കാപ്പി വാങ്ങിയാൽ ഛായ് നിലവാരം മോശം. കാശൊരു പ്രശ്നമേയല്ല എന്നു കാണിക്കാനും എത്ര നേരം വേണമെങ്കിലും ഇരിക്കാനും കോഫിഷോപ്പല്ലാതെ വേറെവിടെ.
Content Summary : Business Boom Column - Is a coffee shop a profitable business?