ആനിയിൽ നിന്നും പഠിക്കാം വിജയതന്ത്രം, കഥകൾ ബിസിനസ്സിന് കൊഴുപ്പു കൂട്ടട്ടെ

HIGHLIGHTS
  • പീറ്റ്സയിലെ ഉരുകിയ ചീസിനെ ‘ഛെ ചക്കഅരക്ക്’ എന്ന് ആക്ഷേപിക്കുകയും ചെയ്തു ഒരു സിനിമയിൽ
  • ഉണ്ണിയപ്പവും കിണ്ണത്തപ്പവും ഇടിയിറച്ചിയും മറ്റും ഇമ്മാതിരി ചില കഥകളുണ്ടാക്കി ഇറക്കിയാലോ?
business-boom-anne-saxelby-article-image
SHARE

ഇനി എല്ലാരും ഒന്നു ചിരിച്ചാട്ടെ എന്നു ഫൊട്ടോഗ്രഫർ പറയുമ്പോഴാണ് സകലരും ചിരി മറന്നു പോകുന്നത്. അതുവരെ ചിരിച്ചിരുന്നവർക്കും ചിരി വരുന്നില്ല. സേ ചീസ് എന്നു കേട്ടാൽ ചിലപ്പോൾ ചുണ്ടൊന്നു വക്രിപ്പിച്ചേക്കും. മലയാളിക്ക് ചീസുമായുള്ള ബന്ധം അതോടെ തീർന്നു. അടുത്തകാലത്ത് സകല ‘മുക്കേലും മൂലേലും’ പീറ്റ്സ കടകൾ പൊട്ടിമുളച്ചപ്പോഴാണ് പിള്ളേരെങ്കിലും ചീസ് രുചിച്ചു തുടങ്ങിയത്. പീറ്റ്സയിലെ ഉരുകിയ ചീസിനെ ‘ഛെ ചക്കഅരക്ക്’ എന്ന് ആക്ഷേപിക്കുകയും ചെയ്തു ഒരു സിനിമയിൽ.

സായാഹ്ന സദസുകളിൽ ഐസിട്ടിരിക്കുന്നവർക്ക് ചീസ് പൈനാപ്പിളും ചീസ് ഓംലറ്റുമൊക്കെ പരിചയമുണ്ട്. സായിപ്പാകട്ടെ ചീസും വൈനും മാത്രം കഴിച്ചു ഫിറ്റാകും. നമ്മളെക്കൊണ്ടതു കഴിയത്തില്ലേ. യൂറോപ്പാണു വരേണ്യ പാരമ്പര്യ ചീസിന്റെ കേന്ദ്രം. അമേരിക്കയിൽ ഫാക്ടറിയിലെപ്പോലെ ഉണ്ടാക്കി വിടുന്ന ചീസാണ്. 

യൂറോപ്പിൽ എന്തോ ദിവ്യമായ കാര്യം പോലെ പാരമ്പര്യ രീതികളും ചെറിയ കാര്യങ്ങളിൽ പോലുമുള്ള ശ്രദ്ധയും കാണും ചീസ് നിർമാണത്തിൽ. ഉപ്പുപ്പാന്റെ കാലത്തു മുതൽ തുടങ്ങിയ ഏർപ്പാടാണെന്ന കഥകളും കൂടെ കാണും. ആ ചീസൊന്നു രുചിക്കാൻ കിട്ടുന്നതു തന്നെ മുജ്ജന്മ പുണ്യം കൊണ്ടാണെന്ന ജാഡയാണ്. സിംഗിൾ മാൾട്ട് വിസ്കികൾക്കും ഇത്തരം കഥകളും പാരമ്പര്യ വാചകമടികളുമുണ്ടല്ലോ.

യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ അതിനു സബ്സിഡി നൽകുന്നു, കർശനമായി ഉൽപാദനം നിയന്ത്രിക്കുന്നു. ചിക്കാഗോക്കാരി ആൻ സാക്സെൽബി മദാമ്മയ്ക്ക് അതുപോലെ അമേരിക്കയിലും വേണമെന്നു തോന്നി. പശു ഫാമുകളിൽ പോയി കർഷകരെ പ്രേരിപ്പിച്ചു. 50 ഫാമുകളിലെ പാലിൽ നിന്നു കർഷകർ ഗുണനിലവാരമുള്ള ചീസ് ഉത്പാദിപ്പിച്ച് ആനിക്കു കൊടുക്കും. പുത്തൻ ബ്രാൻഡ് പേരുകളിട്ട് ന്യൂയോർക്കിലെ ‘സാക്സിൽബി ചീസ്മോംഗേർസ്’ കടയിൽ വിൽക്കും. ക്രമേണ ആനിയുടെ ചീസുകൾക്കു ഡിമാൻഡായി. കർഷകർക്കും പ്രയോജനമായി.

business-boom-anne-saxelby-article-image-cheese-innovation
Representative Image. Photo Credit : Spalnic / Shutterstock.com

മദാമ്മയിൽ നിന്നു നമുക്കു ചിലതൊക്കെ പഠിക്കാനുണ്ട്. ഭക്ഷ്യ സംസ്ക്കരണത്തിന്റെ കേദാരമാണല്ലോ കേരളം. മുറുക്കും ചിപ്സും കേക്കും കയറ്റുമതി മാത്രമല്ല വീട്ടമ്മമാർ സ്വയം പാചകം ചെയ്യുന്ന വിഭവങ്ങളും ആയിരക്കണക്കിനു ബേക്കറികളിലും ഓൺലൈനായും ഫോൺവിളിയിലൂടെയും വിൽക്കുന്നു. ബോളിയും പാൽപ്പായസവും ഉണ്ണിയപ്പവും കിണ്ണത്തപ്പവും ഇടിയിറച്ചിയും മറ്റും ഇമ്മാതിരി ചില കഥകളുണ്ടാക്കി ഇറക്കിയാലോ? പ്രത്യേകതരം പുല്ലുമാത്രം തിന്നുന്ന പശുവിന്റെ പാലും നെയ്യും മാത്രം ഉപയോഗിക്കുന്നു എന്ന മട്ടിലോ മറ്റോ. 

ഐഡിയ മാത്രം പോര, അടിക്കാനറിയുന്നവർക്കു വടി കിട്ടിയാലേ സംഗതി ഹിറ്റാകൂ.(ആൻ സാക്സെൽബി അടുത്തിടെ ഹൃദ്രോഗത്താൽ മരിച്ചു.)

ഒടുവിലാൻ∙സായിപ്പിന്റെ നാടുകളിൽ കുടിയേറിയവർ പൂർവ വിദ്യാർഥി സംഗമങ്ങളിൽ ചീസും വൈനും കൊണ്ടു വരും. വിലകൂടിയ വൈൻ കുപ്പി അടപ്പു തുറന്നതും, ചീസ് നിരത്തിയതും ആരും തൊടാതെ വേസ്റ്റാകും. നാട്ടുകാർക്ക് വേഗം തലപെരുപ്പിക്കുന്ന സാധനവും ബീഫും മതി.

Content Summary : Anne Saxelby, who championed fine american cheeses, dies at 40

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA