സ്വാതന്ത്ര്യത്തിനു ലേശം ചിപ്സ്

business-boom-caricature
SHARE

ഇന്ത്യയുടെ സിലിക്കൺ വാലി ദാ വരാൻ പോകുന്നേ എന്നു പറയുന്ന സ്ഥിതിയിലെത്തിയിട്ടേയുള്ളു സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലിക്കാലത്ത്. ഐടിയുടെ പേരിൽ ബെംഗളൂരുവിനെ നേരത്തേ സിലിക്കൺ വാലി എന്നു വിളിച്ചിരുന്നു. പക്ഷേ കലിഫോർണിയയിലെ കടലോരത്തിന് സിലിക്കൺ വാലി എന്ന പേര് വന്നത് ഐടിയുടെ പേരിലല്ല, സെമികണ്ടക്ടർ ചിപ്സ് അവിടെ ഡിസൈൻ ചെയ്യാൻ തുടങ്ങിയതോടെയാണ്. സെമികണ്ടക്ടർ നിർമ്മാണത്തിനുള്ള പ്രധാന മൂലകമാണ് സിലിക്കൺ. 

തായ്‌വാനും കൊറിയയും സിംഗപ്പൂരും മറ്റുമാണ് ചിപ്സ് നിർമ്മാണത്തിലെ വമ്പൻമാർ. ആഗോള വിപണിയുടെ 63% തായ്‌വാന്റെ കയ്യിൽ. തായ്‌വാനെ സ്വായത്തമാക്കാൻ ചൈന ശ്രമിക്കുന്നതിനു പിന്നിൽ ചിപ്പ് ഫാക്ടറികളുടെ മേലുള്ള കണ്ണുണ്ട്.

സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളുടേയും തല ആകുന്നു സെമികണ്ടക്ടർ ചിപ്പ്. അതുണ്ടാക്കാൻ നല്ല ‘തല’ വേണം. കപ്പ ചിപ്സ് ഉണ്ടാക്കും പോലല്ല. നാനോ ടെക്നോളജി ഉപയോഗിച്ച് ചൈന വൻ തോതിൽ നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. 

ഇന്ത്യയിൽ ചിപ്പ് നിർമ്മാണമില്ലേ? ഉണ്ടുണ്ട്. മൈസൂറിലെ സംഖ്യ ലാബ്സ് ഉൾപ്പടെ നിരവധി കമ്പനികൾ. പഴഞ്ചൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറച്ചൊക്കെ. പുത്തൻ ചിപ്സിന്റെ നിലവാരം 5 നാനോമീറ്ററാണ്. മഞ്ഞുതുള്ളിയിൽ പ്രപഞ്ചം പ്രതിഫലിക്കും പോലെ ഇത്തിരി പോന്ന ചിപ്പിലാണ് സർവതും നിയന്ത്രിക്കുന്ന ട്രാൻസിസ്റ്ററുകൾ ദശലക്ഷക്കണക്കിനുള്ളത്. ചിപ്പ് ഇല്ലേൽ കാറുമില്ല, മൊബൈലുമില്ല, ടാബുമില്ല, ലാപ്പുമില്ല,വാഷിംഗ് മെഷീനുമില്ല, എസിയുമില്ല.... ഒന്നുമില്ലൊന്നുമില്ല.

മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചിപ്പ് ഇറക്കുമതിയെ ആശ്രയിക്കുന്നതിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടണം എന്നൊരാഗ്രഹം അടുത്തിടെ വന്നിട്ടുണ്ട്. ഫാക്ടറി സ്ഥാപിച്ചാൽ കേന്ദ്രം സബ്സിഡി തരും. പക്ഷേ സബ്സിഡി ച്ചിരി ഉമ്മിണി പോരാ. ചിപ്പ് ഫാക്ടറി സ്ഥാപിക്കാൻ നിക്ഷേപം 300 കോടി ഡോളറെങ്കിലും വേണം. 24000 കോടി രൂപ! എത്ര കോടി സബ്സിഡി കൊടുക്കും..!!

വേദാന്തം പറഞ്ഞിരുന്നിട്ടു കാര്യമില്ലാത്തതിനാൽ വേദാന്ത ഗ്രൂപ്പ് ചിപ്പ് ഫാക്ടറി സ്ഥാപിക്കുകയാണ്. എവിടെ എന്നു തീരുമാനിച്ചിട്ടില്ല. തായ്‌വാനിലെ വമ്പൻ ചിപ്പ് നിർമ്മാതാക്കളായ ഫോക്സ്കോണുമായി ചേർന്നാണ് 80000 കോടിയുടെ പദ്ധതി. 

ഇന്റർനാഷനൽ സെമികണ്ടക്ടർ കൺസോർഷ്യം മൈസൂറിൽ ഫാക്ടറി സ്ഥാപിക്കുന്നു. ഇസ്രയേലിന്റെ സാങ്കേതികവിദ്യ. യുഎഇ പണം മുടക്കും. ഇന്ത്യ വിപണിയും സാങ്കേതിക വിദഗ്ധരേയും നൽകും. അമേരിക്ക ഇതിന്റെയെല്ലാം നടുനായകൻ. നാലു രാജ്യങ്ങളുടെ സംയുക്ത പരിപാടിയാണ്. 

ഒടുവിലാൻ∙ ചിപ്പുണ്ടാക്കാൻ ശുദ്ധീകരിച്ച ജലം ദിവസം 20 ലക്ഷം ഗാലൺ വേണം. നിർമ്മാണം കഴിഞ്ഞു പുറന്തള്ളുന്ന വെള്ളത്തിൽ ലോഹ വിഷാംശം ഉള്ളതിനാൽ സംസ്ക്കരിച്ചു മാത്രമേ പുറത്തോട്ടൊഴുക്കാവൂ. കേരളത്തിൽ ചിപ്പ് ഫാക്ടറി സ്ഥാപിക്കാൻ ആലോചന വന്നാൽ പോലും ഉണ്ടാകാവുന്ന പുകിൽ ഊഹിക്കാം. ആക്ടിവിസ്റ്റുകളൊക്കെ ആക്ടിവേറ്റ് ആകും സംശല്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}