ഏത് മലയാളിക്കും ഏറ്റവും വേണ്ട 2 കാര്യങ്ങൾ!

business-boom-column-about-german-crisis
SHARE

രണ്ടാം ലോകമഹായുദ്ധം കഴി‍ഞ്ഞപ്പോൾ ഇനി ജർമ്മനി മുഷ്ക്ക് കാണിക്കാതിരിക്കാൻ അവരുടെ വ്യവസായ മേഖല ഇല്ലാതാക്കി കാർഷിക സമ്പദ് വ്യവസ്ഥയിലേക്ക് വിടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. നടന്നില്ലെന്നു മാത്രം. ഇന്ന് അവരുടെ വ്യവസായ മുഷ്ക്ക് അറിയാൻ ഏതാനും ജർമ്മൻ കമ്പനി പേരുകൾ നോക്കിയാൽ മതി– ആഡിഡാസ്,പ്യൂമ, ബോഷ്,സീമെൻസ്,തൈസൻക്രൂപ്, സാപ്, ബിഎംഡബ്ളിയു, മെഴ്സിഡിസ്, ഫോക്സ്‌വാഗൻ, പോർഷെ....

ജർമ്മനിക്ക് കയറ്റുമതിയിൽ ലോകത്ത് മൂന്നാമത്തെ സ്ഥാനമാണ്. പക്ഷേ ജർമ്മൻ വ്യവസായരംഗമാകെ കുഴച്ചിലിലാണ്. ഇന്ധനവില താങ്ങാവുന്നതിനപ്പുറം. റഷ്യയിൽ നിന്നു പൈപ്പിൽ സുഖമായി പെട്രോളിയവും ഗ്യാസും എത്തിയിരുന്നതാണ്. യുക്രെയ്ൻ യുദ്ധംമൂലം റഷ്യയെ പടിയടച്ചു പിണ്ഡംവച്ചിട്ട് ജർമ്മൻ ചാൻസലർ ഓടിനടന്ന് സൗദിയും ഖത്തറും ഉൾപ്പടെ സർവ രാജ്യങ്ങളുമായും പുതിയ ഇടപാടുകളുണ്ടാക്കി. വില കുതിച്ചു കയറി. യുദ്ധത്തിനു മുമ്പുണ്ടായിരുന്നതിന്റെ പത്തും പതിനഞ്ചും ഇരട്ടിയാണ് വ്യവസായങ്ങൾക്ക് കറന്റ് ചാർജും ഗ്യാസ് ചാർജും.

ശൈത്യകാലം യൂറോപ്പിൽ  കഷ്ടകാലമാണ്. ജർമ്മനിയിലെ സകല വീടുകളിലും ഹീറ്റിംഗ് ഓയിൽ ഉപയോഗിച്ചാണു ചൂടാക്കുന്നത്.ക്രൂഡ് ഓയിലിന്റെ വകഭേദം. മറ്റു മാസങ്ങളിൽ 100 യൂറോ കൊണ്ടു നടന്നിരുന്ന വൈദ്യുതി ചെലവ്  (8100 രൂപ)തണുപ്പു കൂടുമ്പോൾ 500 യൂറോയിലേറെയാകും. 40000 രൂപയിലേറെ. 

വീട്ടിൽ ഭക്ഷണം ഉണ്ടാക്കാതെ കടയപ്പം തിന്നു നടക്കുന്ന ദു:ശീലം (കടയപ്പം– ഹോട്ടൽ ഭക്ഷണത്തിന് പണ്ടു പറഞ്ഞിരുന്ന വാക്ക്) കാരണം ജർമ്മനിയിൽ കാലത്തെ വല്ലതും വയറ്റിലോട്ടു ചെല്ലണമെങ്കിൽ ബേക്കറിയിലോ കോഫിഷോപ്പിലോ പോകണം. പക്ഷേ റൊട്ടി ഉണ്ടാക്കാനുള്ള മാവിനും വെണ്ണയ്ക്കുമെല്ലാം വില കയറി. വിലക്കയറ്റം 11%. 

പണി ചെയ്യാൻ ആളെ കിട്ടാനില്ല. മിക്ക കോഫി ഷോപ്പുകളും ബേക്കറികളും വൈകി തുറക്കും നേരത്തേ അടയ്ക്കും. മേലാഞ്ഞിട്ടാ ചേട്ടാ എന്നു ജർമ്മൻ ഭാഷയിൽ പറയും. റോഡ് പണി മുതൽ ഫാക്ടറി വരെ ആളില്ല. പിന്നെന്തു ചെയ്യും?

അപ്പോഴാണ് നമ്മൾ ബ്ളഡി ഇന്ത്യൻസ് ഷൈൻ ചെയ്യേണ്ടത്. ഈ പണിയെല്ലാം ഇന്ത്യാക്കാർക്കു ചെയ്യാവുന്നതേയുള്ളു. ഫിലപ്പീൻസിൽ നിന്നും ലാറ്റിൻ അമേരിക്കയിൽ നിന്നും വന്നു പലരും ചെയ്യുന്നുണ്ട്. ഏത് പണിക്കും ഭാഷ അറിയണം. ഈ പ്രശ്നം യൂറോപ്പിലാകെയുള്ളതിനാൽ ജർമ്മനോ ഏതെങ്കിലും യൂറോപ്യൻ ഭാഷയോ പഠിച്ചാൽ സ്വയം കയറ്റുമതി ചരക്കാവാം. കപ്പൽ കേറേണ്ട, പറന്നു പോകാം. ഏത് മലയാളിക്കും ഏറ്റവും വേണ്ട 2 കാര്യങ്ങൾ–വീസയും ജോലിയും! റെഡിയല്ലേ!

ഒടുവിലാൻ∙ തണുപ്പും ചെലവും സഹിക്കാൻ വയ്യാത്തവരൊക്കെ ടൂറിസ്റ്റുകളായ് ഇങ്ങു പോന്നാട്ടേയ്. ഇവിടെ ഒരുമാസം സുഖമായി കഴിയാൻ ജർമ്മനിയിലെ ഒരു മാസത്തെ കറന്റ് ചാർജ് മാത്രം മതി!

English Summary : Business Boom Column about German Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA