വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

business-boom-column-about-michelin-restaurants
SHARE

ഇറ്റാലിയൻ ഷെഫ് മാസിമോ ബോട്ടുറ ഡൽഹിയിൽ വന്നു പാചകം ചെയ്യാൻ!. അവിടെയൊക്കെ മാധ്യമങ്ങളിൽ വാർത്താ കോലാഹലമായിരുന്നു. ഇറ്റലിയിലെ മോഡേണയിൽ ഇദ്ദേഹം ഒരു റസ്റ്ററന്റ് നടത്തുന്നുണ്ട്–പേര് ഓസ്റ്റേറിയ ഫ്രാൻസെസ്കാന. 2 വർഷമായി ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റുകളുടെ ലിസ്റ്റിൽ നമ്പർ വൺ ആണത്രെ. ത്രീ സ്റ്റാർ മിഷ്‌ലിൻ റസ്റ്ററന്റാണ്.

മിഷ്‌ലിൻ ത്രീസ്റ്റാർ എന്നൊന്നും പറഞ്ഞാൽ ഇവിടാർക്കും മനസിലാവില്ല. മിഷ്‌ലിൻ റസ്റ്ററന്റ് ഗൈഡ് തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെ, സ്റ്റാറുകൾ കൊടുക്കാൻ തുടങ്ങിയത് 1926ൽ ഫ്രാൻസിൽ. ഇപ്പോൾ ലോകമാകെ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് റേറ്റിംഗ് കൊടുക്കുന്ന ഏർപ്പാടാണ്. കേട്ടയുടൻ ഇതിന്റെ ആൾക്കാരെ സ്വാധീനിക്കാനുള്ള വഴി ആലോചിച്ചു മിനക്കെടേണ്ട. അവർ എപ്പോഴാണു വരുന്നതെന്നറിയില്ല, രഹസ്യമാണ്. 

ഒരു സ്റ്റാർ എങ്കിൽ കൊള്ളാവുന്ന ഫൈൻ ഡൈനിംഗ് റസ്റ്ററന്റ്. 2 സ്റ്റാർ സൂപ്പർ പാചകം, 3 സ്റ്റാർ കിട്ടിയാൽ സ്വർഗീയമെന്നാണ്. എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്ത് കാശുള്ള തീറ്റക്കൊതിയൻമാരും കൊതിച്ചികളും വരും. ഫ്രാൻസെസ്കയിലൊരു ടേബിൾ കിട്ടാൻ 6 മാസം കാത്തിരിക്കണം. ഡൽഹിയിൽ ഫൈവ് സ്റ്റാർ ഹോട്ടലി‍ൽ 60 പേർക്കാണ് 6 കോഴ്സുള്ള ഡിന്നർ മാസിമോ ഒരുക്കിയത്. ‘ഡാമേജ്’ എത്രയെന്നു പറഞ്ഞാൽ ബോധംകെട്ടു വീഴരുത്. ആളൊന്നിന് 55555 രൂഭാ!! നമുക്കാണെങ്കിൽ കുറേ മാസത്തെ തീറ്റയ്ക്കു തികയും. 

പക്ഷേ ഇതു ടൂറിസത്തിന് വൻ ബൂസ്റ്റാണ് ചേട്ടാ. ഇത്തരമൊരു പ്രസ്ഥാനം നമ്മുടെ നാട്ടിലെവിടെയെങ്കിലുമുണ്ടെങ്കിൽ രക്ഷപ്പെട്ടു. തൽക്കാലം കേരളത്തിലെങ്ങും മിഷ്‌ലിൻ റസ്റ്ററന്റ് ഇല്ല. ലണ്ടനിലെ വെസ്റ്റ് എൻഡിൽ താജ് ഗ്രൂപ്പ് നടത്തുന്ന ‘ക്വയിലോൺ’ അത്തരത്തിലൊന്നാണ്. വെസ്റ്റ് കോസ്റ്റ് ക്യുസീൻ എന്നു വച്ചാൽ കേരളം, കർണാടക,ഗോവ വിഭവങ്ങളാണു വിളമ്പുന്നത്. ബ്രിട്ടിഷ് കോടാനുകോടീശ്വരൻമാർ വരും. അവിടത്തെ മിഷ്‌ലിൻ ഷെഫാണ് മലയാളി ശ്രീറാം അയിലൂർ. 

മിഷ്‌ലിൻ റേറ്റിംഗ് ലഭിച്ചാലാരും ഇവിടെങ്ങും നിൽക്കത്തില്ല. പറന്നു പോകും. ഇവിടെ നിന്നാൽ പഴംപൊരിയും പോത്ത് റോസ്റ്റും അലുവയും മീൻകറിയും പോലുള്ള കോംബോ ഐറ്റംസ് ഉണ്ടാക്കേണ്ടി വന്നാലോ എന്ന പേടി മാത്രമല്ല പുറത്തു കിട്ടുന്ന കോടികളുടെ അംശം പോലും ഇവിടെ കിട്ടുകയുമില്ല. 

ഒടുവിലാൻ∙ സോഷ്യലൈറ്റ് ശോഭാ ഡേ കഴിഞ്ഞ വർഷം മുംബൈയിൽ മാസിമോ ബോട്ടുറയുടെ ഡിന്നറിനു പോയ കഥ ഇൻസേഷ്യബിൾ (മതിവരാതെ) എന്ന പുതിയ പുസ്തകത്തിൽ പറയുന്നുണ്ട്. 40000 രൂപ കൊടുത്ത 7 കോഴ്സ് ഡിന്നറിൽ സകല ഐറ്റംസും ശകലം വീതം മാത്രം. തിരികെ വീട്ടിലെത്തിയപ്പോൾ വിശക്കുന്നു. കഞ്ഞി ബാക്കിയുണ്ടോ എന്നു ചോദിക്കേണ്ട സ്ഥിതി!

Content Summary : Business Boom Column about Michelin Restaurants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA