ചായയും കടിയും അത്ര ചെറിയ പുള്ളികളല്ല

tea-article
Representative image. Photo Credit:Veliavik/Shutterstock.com
SHARE

നാടുമുഴുക്കെ കുളവാഴ പോലെ പടർന്നുപിടിച്ച കച്ചവടം ആകുന്നു ചായയും കടിയും. ഇതിനു മുമ്പ് ആരും ചായക്കട നടത്തിയിട്ടില്ലെന്നു തോന്നും ചായത്തട്ടുകളിലെയും ബങ്ക് കടകളിലെയും തിരക്ക് കണ്ടാൽ. റോഡിന്റെ രണ്ട് സൈഡിലും മുളച്ചു വളർന്നു പന്തലിച്ചു പുഷ്പ്പിച്ച ചായ–കടി കടകൾ പക്ഷേ ഹൈവേ വികസനം വന്നപ്പോൾ താത്ക്കാലിക ഹൈബർനേഷനിലായി.

സ്കൂൾ ക്ളാസിൽ താനൊരു പഠിപ്പിസ്റ്റായിരുന്നെന്ന് വീമ്പിളക്കുന്ന വിദ്വാൻ ഇപ്പോൾ ചെന്നൈയിൽ ചായക്കച്ചവടവുമായി ‘ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു’ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ചിരി വരും. അത്രയ്ക്കങ്ങ്ട് ചിരിക്കണ്ട. അയാൾക്ക് ദിവസം പതിനായിരം വരുമാനം കണ്ടേക്കും. ചിരിച്ചവർക്ക് അത്രയൊന്നും കാണില്ല. 

ഒരു ബങ്ക് കടയിൽ ‘സിഐഡി നിരീക്ഷണം’ നടത്തി നോക്കി. ചായത്തത്തരം കഴിഞ്ഞിട്ടുള്ള നേരത്താണ് നോക്കിയതെങ്കിലും ചായ, കാപ്പി, കട്ടൻ, കടി ഇത്യാദി വകകളിൽ ഓരോ 10 മിനിട്ട് കൂടുമ്പോഴും 100 രൂപയെങ്കിലും പെട്ടിയിൽ വീഴുന്നുണ്ട്. രാവിലെയും വൈകിട്ടും വൻ തിരക്കുമാണ്. 

രാവിലെ അഞ്ചരയ്ക്ക് ചായയടി തുടങ്ങും. രാത്രി ഏഴര വരെ തുറന്നിരിക്കും. ലോട്ടറി ടിക്കറ്റും പത്രമാസികകളും മറ്റ് ലൊട്ട് ലൊടുക്കുകളുമുണ്ട്. ആകെ 14 മണിക്കൂറിൽ 12 മണിക്കൂർ മാത്രം എടുത്താലും 10 മിനിട്ടിൽ 100 രൂപ വച്ച് 7200 രൂപയുണ്ട്. മാർജിൻ 50% കണക്കാക്കിയാൽ ദിവസം 3500–4000 രൂപ മിനിമം ലാഭം. ഞായർ അവധിയാണെങ്കിലും മാസം ഒരു ലക്ഷത്തിലേറെ മാറ്റാം. പഞ്ചപാവമായി നിൽക്കുന്ന കടക്കാരനെ ‘ഭയങ്കരാ’ എന്നു വിളിക്കാൻ തോന്നും ആർക്കും.

അങ്ങ് ഉത്തരേന്ത്യയിലെ ബിഗ് സിറ്റിയിലെങ്ങാണ്ട് (നമ്മളൊക്കെ സ്മാൾടൗൺ കക്ഷികളാണല്ലോ, യേത്? കേരളത്തിലവിടാ ബിഗ് സിറ്റി!) വില 70 ലക്ഷം വരുന്ന ആഡംബരകാറ് കൊണ്ടു നിർത്തി ഒരാൾ ചായവിൽക്കുകയാണത്രെ. കാറിന്റെ ഡിക്കി തുറന്ന് അതിൽ സാധനങ്ങൾ വച്ചിട്ടാണ് ചായയടി. 

ഇതെങ്ങനെ മുതലാകുമെന്നു ചോദിച്ചാൽ കണക്ക് നിരത്തുന്നു– ചായയ്ക്ക് 20 രൂപ. ദിവസം 600 ചായ വിൽക്കും. 12000 രൂപ. മാസം 30 ദിവസം 3,60000 രൂപ. വർഷം 68 ലക്ഷം രൂപയിലേറെ. അങ്ങനെ 70 ലക്ഷം രൂപയുടെ കാർ വാങ്ങാനുള്ള കാശ് പത്തിരുപതു മാസം കൊണ്ട് ഒപ്പിക്കാമെന്നാണു പോൽ. വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ വരുന്നതൊന്നും വിശ്വസിക്കരുത്. 

ദിവസം 600 ചായ എങ്ങനെ വിൽക്കുമെന്നോ, അഥവാ വിറ്റാലും കിട്ടുന്ന കാശിൽ മുതൽമുടക്ക് കഴിഞ്ഞുള്ളതല്ലേ ലാഭമാവൂ എന്നോ മിണ്ടണ്ട. കൈ പൊള്ളുമ്പോൾ കാറ് വിറ്റ് സ്ഥലം കാലിയാക്കിക്കോളും.

ഒടുവിലാൻ∙പഴയ നസീർ–ഷീല സിനിമകളിലെ ‘കൊച്ചുമുതലാളി’യെപ്പോലിരിക്കുന്ന പയ്യൻമാരാണ് ചായക്കച്ചവടം മാത്രമല്ല മിക്ക ബിസിനസുകളിലേയും ന്യൂജൻ താരങ്ങൾ.

Content Summary: Business Boom Column by P Kishore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA