ADVERTISEMENT

വിയറ്റ്നാമിൽ മലയാളി ടൂറിസ്റ്റുകളുടെ വിളയാട്ടമാണെങ്ങും. ബോട്ടിൽ കയറി മേകോങ് നദി കടന്ന് അക്കരെ കോക്കനട്ട് ഐലന്റിൽ ചെന്നാൽ അവിടെയും മലയാളീസ്! സിംഗപ്പൂരിനേയും തായ്‌ലൻഡിനേയും വിട്ട് സകുടുംബം പോകാൻ ചെലവു കുറഞ്ഞ പുതിയൊരു നാട് കണ്ടെത്തിയതിന്റെ ഇളക്കങ്ങളാണ്. പക്ഷേ അവരുടെ ടൂറിസം സൗകര്യങ്ങൾ കണ്ടാൽ നമ്മൾ ദൈവത്തിന്റ സ്വന്തം നാട്ടുകാർ നാണംകെട്ടുപോകും

ഗ്രൂപ്പായി പോകുന്ന മലയാളീസ് ഭൂരിപക്ഷവും മധ്യവയസുകാരാണ്. ടൂറിസ്റ്റ് ബസിൽ പോകുമ്പോൾ പലർക്കും ശങ്ക ഉണ്ടാവും. ശങ്കേണ്ടായാൽ നോ പ്രോബ്ളം. പത്ത് മിനിട്ടിനകം ബസ് വലിയൊരു വളപ്പിലേക്ക് കേറ്റുന്നു. അവിടെ സ്റ്റാർഹോട്ടലുകൾ തോൽക്കുന്ന ശുചിമുറി സൗകര്യങ്ങൾ കാണും. കാപ്പിപലാരം വേണമെങ്കിൽ അതുമുണ്ട്. പിന്നെ ചകിരികൊണ്ടും മുള കൊണ്ടും അവരുണ്ടാക്കുന്ന ലൊട്ടുലൊടുക്ക് സാധനങ്ങളും ഞണ്ട് അച്ചാർ പോലുള്ള ഐറ്റംസും കിട്ടും. മൃഷ്ടാന്നം മൂത്രമൊഴിച്ച് ഇതൊക്കെ വാങ്ങി ഇറങ്ങുമ്പോൾ കാശ് അവരുടെ പോക്കറ്റുകളിലും വീഴുന്നു.

ഇനി കേരളത്തിലോ? ടൂറിസ്റ്റ് ബസ് ഓടുമ്പോൾ പടച്ചോനേ ആർക്കും ശങ്കേണ്ടാവല്ലേ എന്നാണ് ടൂർ ഓപ്പറേറ്റർമാരുടെ പ്രാർഥന! എവിടെ കൊണ്ട് കയറ്റും? പെട്രോൾ പമ്പിലോ? ബെസ്റ്റ്! വോഷ്റൂം ശരിയല്ലെങ്കിൽ പിന്നെ ഒന്നും ഉണ്ടായിട്ടു കാര്യമില്ല. റസ്റ്ററന്റുകൾ കണ്ടാലും ബസ് പാർക്ക് ചെയ്യാൻ സ്ഥലമില്ല. 

മോട്ടൽ ആരാം എന്ന പേരിൽ കെടിഡിസി ചില സ്ഥലങ്ങളുണ്ടാക്കി. കായംകുളത്തെ ആരാം വിജയിച്ചു. പാർക്കിംഗ് സ്ഥലമുണ്ട്, ശുചിമുറിയും ഭക്ഷണവും മോശമില്ല, ബാക്കിയെല്ലാം അവശതയിലായി. ആരാം എന്ന പേര് മാറ്റി വേറെന്തോ ആക്കി.പിന്നെ  വഴിയോരം എന്നൊരു പദ്ധതിയുണ്ടാക്കി. സംരംഭകൻ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഗൾഫിൽ നിന്നുള്ള സമ്പാദ്യവുമായി വന്നവരും മുന്നിട്ടിറങ്ങി. അവിടെ ബീയർ ലൈസൻസ് കൊടുക്കാമെന്ന് അനൗപചാരിക വാഗ്ദാനം ഉണ്ടായിരുന്നത്രെ. ഒന്നും നടന്നില്ല, എല്ലാം പൂട്ടുകയും ചെയ്തു.

സർക്കാർ മാറിയപ്പോൾ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ പഞ്ചായത്തുകളുടെ സംരംഭം വന്നു. ഹൈവേ ഓരങ്ങളിൽ പലതും പണിതിട്ടു തുറന്നതു പോലുമില്ല, അല്ലെങ്കിൽ പൂട്ടുകയും ചെയ്തു. വൃത്തിയുള്ള വോഷ്റൂം ഉള്ള സ്ഥലങ്ങളുടെ ആപ്പ് ഉണ്ടാക്കി നോക്കിയിരുന്നു. പരിഹാരം ഇപ്പോഴുമില്ല.

തെങ്ങും മുളയും കൊണ്ട് വിയറ്റ്നാംകാരുണ്ടാക്കുന്ന ഉത്പന്നങ്ങളും വൃത്തിയും ഭംഗിയും കണ്ടാൽ നമ്മൾ അയ്യടാന്നായിപ്പോകും. ശ്ശെടാ, നമുക്കും ഇതൊക്കെ ഉണ്ടായിട്ടും കഴിയുന്നില്ലല്ലോ!  മുള ഫൈബർ കൊണ്ടുണ്ടാക്കുന്ന ടൗവ്വൽ, ഷർട്ട്, ടീ ഷർട്ട്, അടുക്കള തുണികൾ...ഇതൊക്കെ വാങ്ങിച്ചു കൂട്ടാനാണ് മലയാളീസിനു യോഗം!

ഒ‌ടുവിലാൻ∙ ചവറ് വീപ്പ (ബിൻ) ഇവിടെങ്ങും കാണില്ല. ഫോർട്ട് കൊച്ചിയിൽ 25 കോടി മുടക്കി ഉണ്ടാക്കിയ ക്രൂസ് ടെർമിനലിൽ നിന്ന് ഇറങ്ങിയാൽ ചുറ്റും ചവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com