കാശു വാരാൻ ചായ ചെയിൻ

Ojas-Thosar-istock
Representative image. Photo Credit: Ojas Thosar/istockphoto.com
SHARE

ടീടൈം, ടീ ടോക്ക്, ടീ ടാഗ്...ഗൾഫ് രാജ്യങ്ങളിലാകെ ഇമ്മാതിരി ടീ വച്ചുള്ള പേരുകളുമായി കുഞ്ഞൻ റസ്റ്ററന്റുകളാണ്. ഭൂരിപക്ഷത്തിന്റേയും നടത്തിപ്പ് മലയാളികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ നാലോ അഞ്ചോ ചെറിയ മേശകൾ, നിൽപ്പൻ അടിക്കാൻ സൈഡിൽ പലകകൾ...ഇത്രയൊക്കേ ഉള്ളു. പുറത്ത് രണ്ടോ മൂന്നോ മേശ കൂടി ഇട്ടിരിക്കും. കാറിൽ വന്ന് പുറത്തിറങ്ങാതെ ഏസിയിട്ടിരിക്കുന്നവരി‍ൽ നിന്ന് ഓർഡറെടുത്ത് കൊണ്ടു കൊടുക്കാനും ഒരു ചെക്കൻ. കച്ചവടമോ...!! അമ്പമ്പോ...!!

പേരിന്റെ തുടക്കം ടീയിലാണെങ്കിലും ഇതു വെറും ചായക്കടയല്ല. ചായ കിട്ടും പക്ഷേ അതു മാത്രം വിറ്റാൽ പോരല്ലോ. ചായയ്ക്ക് ഒരു റിയാൽ അല്ലെങ്കിൽ ഒരു ദിർഹം (ഏകദേശം 23 രൂപ) പക്ഷേ ജ്യൂസിനോ? 12 റിയാൽ! മെനുവിൽ ഐറ്റംസ് ഒരുപാടുണ്ട്. നമ്മുടെ നാട്ടിലെ പോലെ ചായയും കണ്ണാടി പെട്ടിയിൽ പഴംപൊരിയും വടയും ബജിയും കുറേ എണ്ണക്കടികളും മാത്രമല്ല. റാപ്പുകൾ, റോളുകൾ, ബർഗർ, സാലഡുകൾ, ഫലൂദ, ഐസ്ക്രീം...വില 10–15 റിയാൽ. കുറഞ്ഞത് 230 രൂപ പെട്ടിയിൽ വീഴും.

ചില കേന്ദ്രങ്ങൾ 24 മണിക്കൂറുമാണ്. മുതുപാതിരായ്ക്കും വെളുപ്പിനും ആള് വരും. ഇത്തരം കട ഒരെണ്ണം നടത്തി അടങ്ങിയിരിക്കുന്നതിൽ ആരും വിശ്വസിക്കുന്നില്ല. ആദ്യത്തേത് പച്ചപിടിക്കുന്നെന്നു കണ്ടാൽ വേറൊരിടത്ത് രണ്ടാമത്, പിന്നെ മൂന്നാമത്...അങ്ങനെ അൻപതിലേറെ ഔട്‌ലെറ്റുകളുള്ള ചായക്കട ഒരു ഗൾഫ് നഗരത്തിലുണ്ട്. ഉടമ മലയാളി അല്ലേ ആകൂ? കഴിഞ്ഞ വർഷം 40 ലക്ഷം റിയാൽ ലാഭം കിട്ടിയെന്നു നാട്ടിലാകെ പറയുന്നു. എട്ടൊൻപത് കോടി രൂപയാണേ!

ജീവനക്കാരെല്ലാം മലയാളികളല്ല. കിച്ചനിൽ മലയാളിയോ നേപ്പാളിയോ, സർവീസിന് ഭൂരിപക്ഷവും ഫിലിപ്പിനോകളാണ്. സൂപ്പർ മാർക്കറ്റുകളിലെ കാഷ് കൗണ്ടറിലും ഫിലിപ്പിനോ ആണും പെണ്ണും ഇരിക്കുന്നു. മുഷിയാതെ കൃത്യമായി പണിയെടുക്കും. നല്ല സ്പീഡ്! ഇടയ്ക്ക് മാറിയിരുന്ന് ഒ‍രു പറോട്ട ഓംലറ്റ് റാപ്പോ, ചിക്കൻ റോളോ സാപ്പിട്ടാൽ സന്തോഷമായി. മലയാളിയെപ്പോലെ നിത്യേനകുളി, നിത്യ വൃത്തി!

ഇത് ഗൾഫിൽ മാത്രമുള്ള കളിയല്ല. മുംബൈയിലും ബെംഗളൂരുവിലും മറ്റും കഫെറ്റീരിയകൾ വേറൊരു ലൈനാണ്. പാവ് ഭജി, സമൂസ പാവ്, ഷെഷ്‌വാൻ സമൂസ പാവ്, വട പാവ്, വെജ് മാഗി, ചീസ് ചില്ലി മാഗി, പനീർ പാറ്റി... എല്ലാം (40–90 രൂപ). കേരളത്തിൽ കോഴിക്കോട്ടും കൊച്ചിയിലും കാഫെറ്റീരിയകൾ പുഷ്ക്കലമായി വരുന്നു.

ഒടുവിലാൻ∙ ഗൾഫിൽ ബില്ല് കൊടുക്കാൻ കാശോ കാർഡോ ആണ്. നമ്മളെ പോലെ ഫോൺ കാണിച്ചിട്ട് പോകുന്നത്ര ഡിജിറ്റലായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS