ദേവദൂതികമാർക്കും പാടാം, ആടാം

kunchacko-boban-dance
‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ രംഗം
SHARE

 – അല്ല, ഇതു നമ്മുടെ ചാക്കോച്ചനല്ലേ? ഡാൻസ് പൊളിച്ചടക്കിയിട്ടുണ്ടല്ലോ. എന്നാ ഒരു വൈബാലേ അമ്മച്ചീ...

–എന്തോന്ന്.. കള്ളുംകുടിച്ചു പിമ്പിരിയാടുന്നതാണോ ഡാൻസ്? ഇതു നമ്മുടെ വടക്കേപ്പുറത്തെ നാണു മൂക്കറ്റം കേറ്റീട്ട് കാട്ടിക്കൂട്ടണതുപോലെയുണ്ട്..

–ദതാണ് അമ്മച്ചീ ഒറിജിനാലിറ്റി... ഇതുപോലൊരു പള്ളിപ്പെരുന്നാള് കൂടാൻ ഞങ്ങൾ പെണ്ണുങ്ങൾക്ക് പറ്റുമോ എന്റീശോയേ?

–പെണ്ണിന്റെ പൂതി കൊള്ളാലോ.. അഴിഞ്ഞാടാൻ പള്ളിപ്പറമ്പു തന്നെ വേണോ? പാട്ടുംകൂത്തും ഓഫ് ചെയ്ത് നല്ലനാലക്ഷരം വായിക്കെടി പെണ്ണേ.. അവൾടെ ഓരോ ദൈവദൂതർ...

മാർത്തവല്യമ്മച്ചിയോടു പറഞ്ഞിട്ടു കാര്യമില്ല. പെണ്ണുങ്ങളുടെ ചിരിയും കളിയും വീടിനുപുറത്തേക്കുപോലും കേൾക്കരുതെന്ന ചിട്ടയിൽ അഞ്ചാറെണ്ണത്തിനെ അടക്കത്തിലും ഒതുക്കത്തിലും ‘നല്ലകുടുംബത്തിൽ പിറന്നവളുമാരാക്കി’ വളർത്തി വലുതാക്കിയതിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റെടുത്ത് മുന്നിലേക്കെറിഞ്ഞിട്ടുതരും പുള്ളിക്കാരി. 

അല്ലേലും പെണ്ണുങ്ങൾക്ക് എന്തോന്ന് ഇത്ര പെരുത്ത് ആഘോഷിക്കാൻ? ആഘോഷവും അർമാദവുമൊക്കെ ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ലേ. ‘പണ്ടൊക്കെ കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ലെല്ലാം പതിരു ചിക്കി ആറ്റിപ്പേറ്റി പുഴുങ്ങിത്തീരണ ദിവസം എന്നാ ഒരു ആഘോഷമായിരുന്നെന്നോ തറവാട്ടിൽ’. മാർത്തവല്യമ്മച്ചി പറഞ്ഞുതുടങ്ങുകയായി. ‘ആൺപിറന്നോന്മാരൊക്കെ അന്തിക്കള്ളും വെടിവട്ടവുമായി മുറ്റത്തു കസേരയിട്ട് നിലാവും കാഞ്ഞ് നേരംവെളുപ്പിക്കും. വായിൽതോന്നണ ഈരടികളൊക്കെ രസംപിടിച്ച് പാടിയും നുരയുന്ന ചില്ലുഗ്ലാസിൽ വിരലുമുട്ടി താളമിട്ടും ഇടയ്ക്ക് ഹരം പോരാഞ്ഞ് ഉടുമുണ്ടഴിച്ച് തലയിൽകെട്ടിയും എന്നിട്ടും ഒരു ഗുമ്മു പോരെങ്കിൽ കസേരയിൽനിന്നെഴുന്നേറ്റ് വഴുവഴുക്കനെ നാലു ചുവടുവച്ചും കെട്ടിപ്പിടിച്ചും ആർപ്പുവിളിച്ചും ബോധംമറയുവോളം അർമാദം തുടരും. പുറത്തെ ആഘോഷക്കമ്മിറ്റിക്കാർക്കു തൊട്ടുകൂട്ടാൻ പോത്തിറച്ചി വറുത്തും കോഴി ചുട്ടും പൊരിച്ചും അകത്ത് അടുക്കളയിൽ പെണ്ണുങ്ങൾ തകൃതിയായി ജോലി തുടരും. ഒടുക്കം ബോധം മറഞ്ഞ് എവിടെയെങ്കിലും ചാരിയും തൂങ്ങിപ്പിടിച്ചുമിരിക്കുന്ന അതിയാന്മാരെ ഉപചാരപൂർവം വീട്ടിനകത്തേക്കോ വരാന്തയിലേക്കോ പിടിച്ചുകിടത്തിയിട്ടുവേണം വീട്ടിലെ പെണ്ണുങ്ങൾക്കൊന്നു നടുചായ്ക്കാൻ... ഇതിനിടയിൽ അവളുമാർക്കെന്തോന്ന് ആഘോഷം.?’

ശരിയാണ്. വീട്ടിലെന്തു വിശേഷം നടന്നാലും ഇതൊക്കെ തന്നെ അവസ്ഥ. ആണുങ്ങൾ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും വർത്തമാനങ്ങളും കുപ്പിയും ടച്ചിങ്സുമൊക്കെയായി പുറത്തേക്കിറങ്ങുമ്പോൾ പെണ്ണുങ്ങൾ പതിവുവീട്ടുപണിക്കു പുറമേ സൽക്കാരത്തിനുള്ള വിഭവങ്ങളുമൊരുക്കി അടുക്കളയിലേക്ക് ഉൾവലിയും. 

പൊതുഇടങ്ങളിൽ പെൺസന്തോഷപ്രകടനങ്ങൾ പാടില്ലെന്നൊരു നിയമം ആരായിരിക്കാം എഴുതിച്ചേർത്തത്?

പണ്ട് സ്കൂളിൽനിന്ന് ഊട്ടി, കൊടൈക്കനാൽ ടൂർ പോയി വന്ന പെൺപിള്ളേരെ പ്രത്യേകം ഒരു ക്ലാസ് മുറിയിലേക്കു വിളിച്ചുവരുത്തി ആൺപിള്ളേർക്കൊപ്പം തുള്ളിക്കളിച്ചെന്ന കുറ്റത്തിനു കൊലക്കേസ് പ്രതികളെയെന്നപോലെ വിചാരണ ചെയ്തൊരു ഹെഡ്മാസ്റ്ററുടെ മുഖം മറന്നിട്ടില്ല. ഫ്ലാഷ് മോബെന്നും പറഞ്ഞ് കണ്ട ബസ്‌സ്റ്റാൻഡിലും ഷോപ്പിങ് മാളിലും ഡപ്പാൻകൂത്ത് പാട്ടും വച്ച് ഡാൻസ് ചെയ്തെന്നും പറഞ്ഞ് ഇന്റേണൽ മാർക്ക് കട്ട് ചെയ്ത ടീച്ചറെയും മറന്നിട്ടില്ല. സ്കൂൾ വാർഷികത്തിന്റെയന്ന് സ്റ്റേജിൽ ഏതോ ഡാൻസ് ഗ്രൂപ്പിന്റെ ചുവടുകണ്ട് ഹരംപിടിച്ച് ഗ്രൗണ്ടിൽ പൊടിപാറിച്ച് തുള്ളിയതിന് ‘ഇനി അപ്പനെ വിളിച്ചിട്ടു ക്ലാസിൽ കയറിയാൽ മതി’യെന്ന മെമ്മോ കിട്ടിയതും മറന്നിട്ടില്ല. സദസ്സിലിരുന്ന് കൂക്കിവിളിച്ചതിനും ഓണപ്പരിപാടിക്ക് ആർപ്പുവിളിച്ചതിനും എത്രയെത്ര കണ്ണടനോട്ടങ്ങളാണ് അവൾക്കു നേരെ നീണ്ടുവന്നത്?

ഇതൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു? പെണ്ണുങ്ങൾക്ക് ആണുങ്ങളെപ്പോലെ കുടിച്ചുകൂത്താടേണ്ട കാര്യമുണ്ടോ എന്നു ചോദിച്ചാൽ അതൊക്കെ ഓരോരുത്തരുടെയും സൗകര്യം. പക്ഷേ സന്തോഷവും ആഘോഷവും അർമാദവുമൊക്കെ പെണ്ണുങ്ങൾക്കുകൂടി പറഞ്ഞിട്ടുള്ളതല്ലേ എന്നൊരു മറുചോദ്യം ന്യായമല്യോ. ആണുങ്ങൾക്ക് ‘ചിൽ’ ആകലും ‘റിലാക്സ്’ ചെയ്യലും ‘ബ്രേക്ക്’ എടുക്കലുമൊക്കെ വളരെ സ്വാഭാവികവും അത്യാവശ്യവുമാണെന്നിരിക്കെ പെണ്ണൊരുത്തിക്ക് ഇമ്മാതിരി ‘ചില്ലും’ ‘ബ്രേക്കു’മൊന്നും പാടില്ലെന്നു മാത്രം. പെരുന്നാളിനോ ഉൽസവത്തിനോ സ്കൂളിലെയോ കോളജിലെയോ ഓഫിസിലെയോ എന്തെങ്കിലും ആഘോഷങ്ങൾക്കോ പരസ്യമായി സന്തോഷത്തിൽ മതിമറന്നു തുള്ളുന്ന പെണ്ണുങ്ങളെ നമ്മൾ അധികം കാണാറുണ്ടോ? 

സത്യത്തിൽ ഈ ആഘോഷമുഹൂർത്തങ്ങളുടെയെല്ലാം ഫ്രെയിമിൽ പെണ്ണങ്ങളുണ്ട്. ആണുങ്ങളുടെ ആറാട്ട് കണ്ട് ചിരിച്ചും കയ്യടിച്ചും കുശുകുശുത്തും ചിലർ അടക്കവും ഒതുക്കവും വല്ലാതെ കൂടിപ്പോയതുകൊണ്ട് ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കാതെയും  അവിടെയുമിവിടെയുമായി ചുറ്റിപ്പറ്റി നിൽക്കും. ആഘോഷം തീരാൻ കാത്തുനിൽക്കാതെ പതിവുബസിന്റെ കൃത്യസമയം നോക്കി വീടുകളിലേക്കു വച്ചുപിടിക്കുകയും ചെയ്യും. ചുറ്റിലും ആരവങ്ങൾ ഉച്ചത്തിലുയരുമ്പോഴും അവർ അവരെത്തന്നെ ബലംപിടിച്ച് അടക്കിപ്പിടിച്ചിരിക്കുകയാണെന്നു തോന്നാറില്ലേ. പെണ്ണുങ്ങൾക്ക് എന്നാണ് ഇനി അത്തരം മസിലുപിടിത്തങ്ങൾ അവസാനിപ്പിക്കാൻ കഴിയുക? അവൾക്ക് എന്നാണ് ആൾക്കൂട്ടത്തിനു നടുവിൽ പരസ്യമായി സന്തോഷിക്കാൻ കഴിയുക? സ്വന്തം സന്തോഷങ്ങളിലേക്കും അതിന്റെ പ്രകടനങ്ങളിലേക്കും സ്വയം തുറന്നിടുന്ന പെണ്ണുങ്ങൾക്കു നേരെ ചാർത്തിക്കെട്ടുന്ന അഴിഞ്ഞാട്ടക്കാരിയുടെ വിരൽചൂണ്ടികൾ എന്നാണിനി മാഞ്ഞുപോകുക? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}